Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

എഡിജിപി ഉണ്ടാക്കിയ പ്ലാൻ പ്രകാരമാണ് പൂരം കലക്കിയതെന്ന് വിഡി സതീശൻ.എംആർ അജിത് കുമാർ പൂരം കലക്കാൻ ബ്ലു പ്രിന്റ് ഉണ്ടാക്കിയ ആളാണ്. ഇക്കാര്യം അന്വേഷിക്കുന്നതാകട്ടെ അജിത് കുമാർ തന്നെ. ഇതിലും വലിയ തമാശ ഉണ്ടോയെന്നും വിഡി സതീശൻ ചോദിച്ചു. കൊച്ചിയിൽ കോൺഗ്രസ്‌ ബ്ലോക്ക്‌ തല പ്രതിഷേധം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

 

എല്ലാ കള്ളക്കടത്തുകാരുടെയും താവളമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് രമേശ് ചെന്നിത്തല. സി.പി.ഐക്ക് മുഖ്യമന്ത്രിയെ കാണുമ്പോൾ അഭിപ്രായം ഇല്ലാതാകുന്നു. എല്ലാത്തിന്റെയും ഒന്നാംപ്രതി മുഖ്യമന്ത്രി തന്നെയാണ്. തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തിലെ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് എന്തുകൊണ്ടാണ് ‍ഡിജിപി മടക്കാത്തതെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

നടൻ സിദ്ദിഖിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സംഭവത്തിൽ പ്രതികരിച്ച് അതിജീവിത. ജീവിതം ഒരു ബൂമറാംഗ് ആണ്, നിങ്ങൾ എന്താണോ നൽകുന്നത് അത് നിങ്ങൾക്ക്തിരിച്ചു കിട്ടുമെന്നുo ഫേസ്ബുക്കിൽ അതിജീവിത കുറിച്ചു. കേസ് നടക്കുന്നതുകൊണ്ട് കൂടുതൽ സംസാരിക്കാനില്ല എന്നുംഅതിജീവിത പ്രതികരിച്ചു.

 

നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം. വിദേശത്തേക്ക് കടക്കാതിരിക്കാൻ സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്.

സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഫയല്‍ ചെയ്യുന്നതിന് മുന്നോടിയായി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകനുമായി കൂടിയാലോചന നടത്തി.പീഡനം നടന്ന് എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് സിദ്ദിഖിന് അവകാശമുണ്ടെന്നാണ് സീനിയര്‍ അഭിഭാഷകന്‍ നല്‍കിയ നിയമോപദേശം എന്നാണ് സൂചന.

ലൈം​ഗിക അതിക്രമ കേസിൽ നടനും എം.എൽ.എയുമായ എം. മുകേഷിനെ മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. ചൊവ്വാഴ്ച രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. വടക്കാഞ്ചേരി പോലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലാണ് ചോദ്യം ചെയ്യൽ നടന്നത്.

 

മുകേഷ് എം എൽ എ സ്ഥാനമൊഴിയേണ്ടെന്ന നിലപാട് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് എം.പി. ശശി തരൂര്‍. ആരോപണത്തിന്റെ പേരില്‍ മാറിനിന്നാല്‍, മൂന്നുമാസം കഴിഞ്ഞ് കേസില്ലെന്ന് പോലീസ് പറഞ്ഞാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന് എന്തുസംഭവിക്കുമെന്ന് തരൂര്‍ ചോദിച്ചു..ഇത് പാര്‍ട്ടിയുടെ നയമല്ല, തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും അദ്ദേഹം പറഞ്ഞു.

 

എം.എല്‍.എ പി.വി അൻവറിനെതിരെ പ്രതിഷേധവുമായി വനം വകുപ്പ് ജീവനക്കാര്‍. പി വി അൻവർ വാഹന പാര്‍ക്കിങിൻ്റെ പേരില്‍ ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കേരള ഫോറസ്റ്റ് പ്രോട്ടക്റ്റിവ് സ്റ്റാഫ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ വിമർശിച്ചു. ജീവനക്കാരുടെ ആത്മാഭിമാനം സംരക്ഷിക്കുന്നതിന് ഏതറ്റം വരെ പോകുന്നതിനും ഒരുക്കമാണെന്ന് ഓരോ അംഗങ്ങൾക്കും ഉറപ്പും നൽകുന്നുവെന്നും സംഘടന വ്യക്തമാക്കി.

 

ഏകീകൃത ആംബുലൻസ് നിരക്കുകൾ നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുകയാണെന്ന് മന്ത്രി കെ ബി ഗണേഷ്കുമാർ. തിരുവനന്തപുരത്ത് ആംബുലൻസ് ഉടമകളുമായും തൊഴിലാളി പ്രതിനിധികളുമായുള്ള ചർച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. 10 കിലോമീറ്ററിനാണ് മിനിമം നിരക്ക് . ആദ്യ ഒരു മണിക്കൂറിന് വെയിറ്റിംഗ് ചാർജ്ജ് ഉണ്ടായിരിക്കുന്നതല്ല എന്നും മന്ത്രി അറിയിച്ചു.

 

എംപോക്സ് ക്ലേയ്ഡ് 1ബിയിൽ ആശങ്ക വേണ്ടന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. അനാവശ്യ പ്രചരണം ഒഴിവാക്കണമെന്നും പ്രഹരശേഷി കൂടുതലുള്ള വകഭേദമാണ് ഇതെന്നും മന്ത്രി പറഞ്ഞു. സർക്കാർ എല്ലാവിവിധ മുൻകരുതലുകളും സ്വീകരിച്ചു കഴിഞ്ഞുവെന്നും മന്ത്രി പ്രതികരിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ലിഫ്റ്റ് വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

തൊഴിൽ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പൂനെയിലെ ഇ വൈ ഓഫീസിൽ നേരിട്ടെത്തി അന്നാ സെബ്യാസ്റ്റൻ്റെ മരണത്തെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു . അടുത്ത ആഴ്ച്ച മഹാരാഷ്ട്ര സർക്കാർ റിപ്പോർട്ട് കേന്ദ്രത്തിന് കൈമാറും. അതേസമയം, സംഭവത്തില്‍ തൻ്റെ പ്രസ്താവന വളച്ചൊടിച്ച് പ്രതിപക്ഷമാണ് അന്നയെ അപമാനിക്കുന്നതെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ ആരോപിച്ചു

പാലക്കാട് ആലത്തൂരിലെ തോണിപ്പാടത്ത് നടത്തിയ കാളപൂട്ട് മത്സരത്തിനെതിരെ കേസെടുത്ത് പൊലിസ്. മാധ്യമ വാ൪ത്തകളെ തുട൪ന്ന് പീപ്പിൾ ഫോർ ദ എത്തിക്കൽ ട്രീറ്റ്‌മെൻ്റ് ഓഫ് ആനിമൽസ് ഇന്ത്യ എന്ന സംഘടനയുടെ പരാതിയിലാണ് നടപടി.നിയമവിരുദ്ധമായി കാളയോട്ടത്തിനായി മൃഗങ്ങളെ ഉപദ്രവിച്ചു, കാണികളെ അപകടത്തിലാക്കുന്ന രീതിയിൽ പരിപാടി സംഘടിപ്പിച്ചു എന്നാണ് കേസ്.

വയനാട് ജില്ലയിലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് കെ.കെ വിശ്വനാഥൻ യു‍ഡിഎഫ് കൺവീനർ സ്ഥാനം രാജിവെച്ചു. ജില്ലയിലെ ഡിസിസി പ്രസിഡന്‍റ് എൻ.ഡി അപ്പച്ചനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചാണ് രാജി. ഡിസിസി പ്രസിഡന്‍റിന് ഗ്രൂപ്പ് കളിക്കാനാണ് താല്‍പ്പര്യമെന്നും ജില്ലയില്‍ കോണ്‍ഗ്രസ് ഇല്ലാതായി കൊണ്ടിരിക്കുയാണെന്നും കെ കെ വിശ്വനാഥൻ പറഞ്ഞു.

 

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലെ വിചാരണ ഡിസംബർ 2 മുതൽ 18 വരെ . രണ്ടു ഘട്ടങ്ങളിലായിട്ടായിരിക്കും വിചാരണ. വിചാരണയുടെ രണ്ടാം ഘട്ടം ജനുവരിയിൽ നടക്കും. തിരുവനന്തപുരം ഒന്നാം സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കോടതിയിൽ നേരിട്ട് ഹാജരായ ശ്രീറാം വെങ്കിട്ടരാമൻ കുറ്റം നിഷേധിച്ച സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ കോടതി തീരുമാനിച്ചത്.

 

മുതലപ്പൊഴി അഴിമുഖത്ത് ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളികൾ മരിക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി, തുറമുഖ വകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് തുറമുഖ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്. ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദ്ദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുലിമുട്ട് നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്.

 

ഇപി ജയരാജൻ കണ്ണൂരിൽ സിപിഎം പരിപാടിയിൽ പങ്കെടുത്തു. സർക്കാരിനും പാർട്ടിക്കുമെതിരായ കള്ളപ്രചാരണങ്ങളിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചിലാണ് ജയരാജൻ പങ്കെടുത്തത്. എംവി ജയരാജൻ, ടിവി സുമേഷ് എംഎൽഎ തുടങ്ങിയ നേതാക്കളും മാ‍ർച്ചിൽ പങ്കെടുത്തു.

 

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി തള്ളി സുപ്രീംകോടതി . എന്നാൽ, കേസിന്റെ വിചാരണ വേളയില്‍ മറ്റ് ആരുടെയെങ്കിലും പങ്ക് തെളിഞ്ഞാല്‍ നിയമപരമായ മാര്‍ഗം തേടാന്‍ മാതാപിതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് കോടതി പറഞ്ഞു. 2018 ഫെബ്രുവരി 12ന് എടയന്നൂരിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായിരുന്ന ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.

 

ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും സെപ്റ്റംബർ 28 ന് പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ. വെട്ടിക്കോട്ട് നാഗരാജ ക്ഷേത്ര ആയില്യം മഹോത്സവ ദിനമായതിനാലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

 

പുതിയ വാഹനങ്ങൾ വാങ്ങാൻ ഗതാഗത വകുപ്പിന് രണ്ട് കോടി രൂപ അനുവദിച്ച് സർക്കാര്‍. എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന് വാഹനങ്ങൾ വാങ്ങാനാണ് തുക അനുവദിച്ചത്. 20 വാഹനങ്ങൾ വാങ്ങാനാണ് ഇപ്പോൾ തുക അനുവദിച്ചത്.

 

പുതുപ്പള്ളിയില്‍ പണികഴിപ്പിക്കുന്ന മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കുമെന്ന് മന്ത്രി എം.ബി രാജേഷ്. ഇ.എം.എസ്സിനെ മാത്രമേ ആദരിക്കാവൂ എന്ന നിലപാട് ഇടതുപക്ഷത്തിനില്ല. കേരളത്തിലെ രാഷ്ട്രീയമായ സഹിഷ്ണുതയുടെയും ഉന്നതമായ ജനാധിപത്യബോധ്യത്തിന്റെയും പ്രതീകങ്ങളായി അവ ഉയർന്നുനിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

കേരളത്തെ മാലിന്യമുക്തമാക്കാൻ ഒറ്റക്കെട്ടായ ഒരു പൊതുജന മുന്നേറ്റം ഉണ്ടാവണമെന്ന് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഒരുമിച്ചുള്ള യോഗത്തിൽ തീരുമാനിച്ചതായിമന്ത്രി എം.ബി. രാജേഷ്.ആരെങ്കിലും മാലിന്യം നിക്ഷേപിക്കുന്നത് ഫോട്ടോയെടുത്ത് 9446700800 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്തു കൊടുത്താൽ മാലിന്യം നിക്ഷേപിച്ച ആളിൽ നിന്ന് 10,000 രൂപ പിഴ ഈടാക്കും. പടം അയച്ചുകൊടുത്ത ആൾക്ക് 2500 രൂപ പാരിതോഷികമായി നൽകുകയും ചെയ്യും എന്ന് മന്ത്രി പറഞ്ഞു.

 

ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ സ്വദേശിയായ അർജുൻ അടക്കമുള്ളവർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ച് മടങ്ങിപ്പോകുകയാണെന്ന് നാവിക സേന. നിലവിൽ നാവികസേനയുടെ കോർഡിനേറ്റുകൾ എല്ലാം ഡ്രഡ്ജിങ് കമ്പനിക്ക് നൽകി. ഇനി നാവികസേനയെ ആവശ്യം വരുന്നതിന് അനുസരിച്ച് മാത്രം വിളിക്കാനും തീരുമാനമായി.

മലപ്പുറം തിരുവാലി പഞ്ചായത്തില്‍ നിപ മൂലമുള്ള മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 മമ്പാട് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എന്നിവിടങ്ങളിൽ ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്‍മെന്റ് സോണ്‍ നിയന്ത്രണവും, മാസ്‌ക് നിര്‍ബന്ധമാക്കിയതടക്കം ജില്ലയില്‍ പൊതുവായി ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും പിന്‍വലിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.

 

സിനിമ പ്രൊമോഷൻ പരിപാടികളും അഭിമുഖങ്ങളും കവർ ചെയ്യുന്നതിന് ഓൺലൈൻ മാധ്യമങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. ജി എസ് ടി രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് അടക്കം ആറ് മാനദണ്ഡങ്ങൾ പൂർത്തിയാക്കുന്നവർക്ക് മാത്രമേ ഇനി അനുമതിയുണ്ടാകു.

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യ പഠനത്തിന് വിട്ടു നൽകുന്ന വിഷയത്തിൽ കളമശ്ശേരി മെഡിക്കൽ കോളേജിലെ കമ്മിറ്റിക്കു മുമ്പാകെ ഹാജരാകാൻ എംഎം ലോറൻസിന്റെ മൂന്നു മക്കൾക്കും അറിയിപ്പ്.മെഡിക്കൽ കോളേജിന് മൃതദേഹം വിട്ടുനൽകരുതെന്നാണ് മകൾ ആശ ആവശ്യപ്പെടുന്നത്. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിജിലൻസ് മിന്നൽ പരിശോധന നടത്തി. വെടിമരുന്ന് കൈകാര്യം ചെയ്യുന്നതിനുള്ള ലൈസൻസ് അനുവദിക്കുന്നതിൽ ക്രമക്കേട് നടക്കുന്നുണ്ടെന്ന സംശയത്തെ തുടർന്ന് ആണ് വിജിലൻസ് പരിശോധന നടത്തിയത്. ഇത് സംബന്ധിച്ച് തങ്ങൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷൻ വിസ്ഫോടൻ’ എന്ന് പേരിട്ട പരിശോധന സംഘടിപ്പിച്ചതെന്ന് വിജിലൻസ് അധികൃതർ അറിയിച്ചു.

 

അടുത്ത 7 ദിവസങ്ങളിൽ കേരളത്തിൽ വ്യാപകമായി നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്.കേരള തീരത്ത് നാളെ രാത്രി 11.30 വരെ 0.5 മുതൽ 1.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

 

ഇന്ത്യയിൽ ആദ്യമായി ‘മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയ്ക്ക് കീഴിൽ ഒരുങ്ങുന്ന ഡ്രൈവറില്ലാ മെട്രോ ട്രെയിനുകൾ ദില്ലിയിൽ സർവീസ് നടത്തും. ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയിൽ നിന്നാണ് ആദ്യ സെറ്റ് ട്രെയിനുകൾ എത്തുക. ഡൽഹി മെട്രോ കുടുംബത്തിന് ഇന്ന് ചരിത്രപരമായ ദിനമാണെന്ന് ദില്ലി മെട്രോ റെയിൽ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ വികാസ് കുമാർ പറഞ്ഞു.

മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് കാണിക്കുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതി. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു. ദോഷകരമായ പ്രത്യാഘാതമാണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

 

ലെബനനില്‍ ഇസ്രയേല്‍ നടത്തിവരുന്ന വ്യാപക വ്യോമാക്രമണത്തില്‍ മരണം 558 ആയി. ബയ്‌റുത്തിലുണ്ടായ വ്യോമാക്രമണത്തില്‍ നിരവധിപേര്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിസ്ബുള്ളയുടെ ആയുധപ്പുരകളും ഒരു കമാൻഡറെയും ലക്ഷ്യംവെച്ചാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വിശദീകരണം.

 

തമിഴ് ചലച്ചിത്ര സംവിധായകൻ മോഹൻ ജി.യെ തിരുച്ചിറപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിൽനിന്ന് ഭക്തർക്ക് വിതരണംചെയ്യുന്ന പഞ്ചാമൃതത്തിൽ പുരുഷ ലൈം​ഗികശേഷി ഇല്ലാതാക്കുന്ന മരുന്ന് ചേർക്കുന്നുണ്ടെന്ന പരാമർശത്തെത്തുടർന്നാണ് അറസ്റ്റ്.

മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും അത് ഇന്ത്യയില്‍ ആവശ്യമില്ലെന്നുമുള്ള തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയുടെ പ്രസ്താവനയ്‌ക്കെതിരേ കോണ്‍ഗ്രസ്. ഗവര്‍ണറുടെ പ്രസ്താവന അന്യായമാണെന്നും അംഗീകരിക്കാനാവില്ലെന്നും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് പറഞ്ഞു. രവിയെ ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് നീക്കണമെന്നും അദ്ദേഹം അപമാനമാണെന്നും ജയ്‌റാം രമേശ് കൂട്ടിച്ചേര്‍ത്തു.

 

മൈസൂരു നഗരവികസന അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസിൽ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെ ബി.ജെ.പി. ക്കെതിരേ വിമർശനവുമായി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബി.ജെ.പിയുടേത് പ്രതികാര രാഷ്ട്രീയമാണെന്നും സാമൂഹ്യനീതിക്കായി പോരാടുന്നതിനാലാണ് ബി.ജെ.പിയും ജെ.ഡി.എസ്സും പ്രതികാര നടപടി സ്വീകരിക്കുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *