Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ ശ്രമമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. റിപ്പോർട്ട് കാണാതെയാണ് മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടിൽ എന്താണെന്ന് മൂന്നാല് ദിവസം കാത്തിരുന്നാൽ മനസിലാകും. അപ്പോഴേക്കും ജനത്തിൻ്റെ മനസിൽ സംഭവിക്കാൻ പാടില്ലാത്ത കാര്യം അന്വേഷണത്തിലും സംഭവിച്ചുവെന്ന വികാരം ജനിപ്പിക്കാനാണ് പ്രചാരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

സർക്കാരിനെതിരേ കലാപക്കൊടി ഉയർത്തിയ പി.വി.അൻവർ എം.എൽ.എയെ പരോക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചിലരെ മാധ്യമങ്ങൾ വല്ലാതെ പൊക്കികാണിക്കുന്നഅവസ്ഥ ഈയടുത്തകാലത്ത് ഉണ്ടായല്ലോ എന്നും അതെല്ലാം എത്രനാൾ നിൽക്കുമെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം.

സംസ്ഥാനത്ത് എംപോക്‌സ് സംബന്ധമായ പ്രതിരോധത്തിനും ഫലപ്രദമായ ചികിത്സയ്ക്കായി പുതുക്കിയ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കേസുകള്‍ കൂടുകയാണെങ്കില്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.മലിന ജലത്തിലിറങ്ങിയവര്‍ നിര്‍ബന്ധമായും എലിപ്പനി പ്രിരോധ ഗുളിക കഴിക്കണം ഇന്നും ആരോഗ്യവകുപ്പ് നിർദേശം ഉണ്ട് .

2025 വർഷത്തേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തിയ്യതി സെപ്തംബർ 30 വരെ നീട്ടി. കേന്ദ്ര ഹജ്ജ് കമ്മിറ്റി സർക്കുലർ നമ്പർ 6-ലാണ് ഇക്കാര്യം അറിയിച്ചത്.

മലപ്പുറത്തെ എംപോക്സ് കേസ് പുതിയ വകഭേദമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇന്ത്യയിലെ ആദ്യ ക്ലേഡ് 1 ബി കേസാണിതെന്നും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുന്ന വകഭേദമാണിതെന്നുമാണ് വിവരം. പുതിയ വകഭേദം കണ്ടെത്തിയതിനെ തുടർന്നായിരുന്നു ലോകാരോഗ്യ സംഘടന ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. യുഎഇയിൽ നിന്നും എത്തിയ ആളിലാണ് മലപ്പുറത്ത് കഴിഞ്ഞ ആഴ്ച രോഗം സ്ഥിരീകരിച്ചത്.

എസ്എൻഡിപി കുന്നത്തുനാട് യൂണിയന്‍ രൂപവത്കരിച്ച ട്രസ്റ്റിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് കെ. കെ.കര്‍ണനെ നീക്കിയ ഹൈക്കോടതി ഉത്തരവിന് സ്റ്റേ. സുപ്രീംകോടതിയാണ് നടപടി സ്റ്റേ ചെയ്തത്.

തീരദേശ പരിപാലന നിയമത്തിൽ കേരളത്തിന് ഇളവ് നൽകി കേന്ദ്രം. സംസ്ഥാനം ഉന്നയിച്ച ആവശ്യങ്ങളിലാണ് അനുകൂല നിലപാട്. 66 പഞ്ചായത്തുകളെ സിആർഇസെഡ് 2 പട്ടികയിലേക്ക് മാറ്റി. ജനസംഖ്യ കൂടിയ മറ്റ് പഞ്ചായത്തുകളിൽ സിആർഇസെഡ് 3 എക്ക് കീഴിൽ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ദൂരപരിധി 200 ൽ നിന്ന് 50 മീറ്ററായി കുറയ്ക്കുമെന്നും കേന്ദ്രം വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

 

ഗുണ്ടാബന്ധം ആരോപിച്ച് സസ്പെൻഡ് ചെയ്ത ഡിവൈഎസ്പിമാരായ പ്രസാദ്, ജോൺസൺ എന്നിവരെ തിരിച്ചെടുത്തു. പാറ്റൂർ ഗുണ്ടാ ആക്രമണത്തിന് പിന്നാലെയായിരുന്നു പൊലീസിന് ഗുണ്ടാബന്ധം ഉണ്ടെന്ന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ ഇവരെ സസ്പെൻഡ് ചെയ്തത്. വകുപ്പുതല നടപടി പൂർത്തിയാക്കിയാണ് തിരിച്ചെടുത്തത്.

തൃശൂരിലെ യൂഡിഎഫിൻ്റെ പരാജയം അന്വേഷിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് എന്ന പേരിൽ പ്രചരിക്കുന്ന വിവരങ്ങൾ അടിസ്ഥാന രഹിതമെന്ന് കമ്മീഷൻ അംഗം കെ സി ജോസഫ്.തൃശ്ശൂരിൽ കെ മുരളീധരൻ്റെ തോൽവിക്ക് കാരണം സിപിഎം-ബിജെപി ബാന്ധമാണെന്നും പൂരം കലങ്ങിയപ്പോൾ സുരേഷ് ഗോപിയുടെ രംഗപ്രവേശം ബിജെപിയെ തുണച്ചെന്നും കെസി ജോസഫ് പറഞ്ഞു.

 

അന്തരിച്ച സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറാനുള്ള തീരുമാനത്തിനെതിരെ മകൾ ആശ നല്‍കിയ ഹര്‍ജിയില്‍ അന്തിമ വിധി വരുന്നത് വരെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. തീരുമാനം വരും വരെ ലോറന്‍സിന്‍റെ മൃതദേഹം പഠന ആവശ്യങ്ങൾക്ക് കൈമാറരുതെന്നും തത്ക്കാലം ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കാനുമാണ് നിര്‍ദേശം.

 

എംഎം ലോറൻസിന്റെ സംസ്കാര ചടങ്ങിലെ തർക്കം ദുഃഖമുണ്ടാക്കിയെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മോഹനൻ. ലോറൻസിന്റെ മരണം വിവാദമാക്കാൻ പാർട്ടി ഉദ്ദേശിക്കുന്നില്ല. രാഷ്ട്രീയ ലക്ഷ്യത്തോടെയാണോ പ്രശ്നം ഉണ്ടായതെന്ന് അറിയില്ലെന്നും കുടുംബം പറഞ്ഞത് പ്രകാരമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. കുടുംബമാണ് മൃതദേഹം കൈമാറിയതെന്നും സിഎൻ മോഹനൻ പറഞ്ഞു.

തിരുവമ്പാടി കൃഷ്ണനും പാറമേക്കാവ് ഭഗവതിയും പൂരം കലക്കിയെന്ന് പറയാത്തത് ഭാഗ്യമെന്ന് പോലീസ് റിപ്പോര്‍ട്ടിനെ പരിഹസിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. സ്വന്തം മുന്നണിക്ക് കിട്ടേണ്ട സംവിധാനം പോലും അട്ടിമറിച്ച് പിണറായി വിജയന്‍ ജയം താലത്തിലാക്കി ബി.ജെ.പി.ക്ക് നല്‍കിയെന്നും മുരളീധരന്‍ വിമര്‍ശിച്ചു. പിണറായിയുടെ കവചകുണ്ഡലങ്ങളാണ് ശശിയും അജിത് കുമാറും. അത് പിണറായി ഊരി നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.

കർണാടകയിലെ ഷിരൂരിൽ ഗംഗാവലി പുഴയിൽ നിന്ന് ഇന്നലെ കണ്ടെത്തിയ അസ്ഥി മനുഷ്യൻ്റേതല്ല, പശുവിൻ്റേതെന്നാണ് മംഗളുരുവിലെ എഫ്എസ്എൽ ലാബ് സ്ഥിരീകരിച്ചെന്ന് ജില്ലാ കളക്ടർ ലക്ഷ്മി പ്രിയ അറിയിച്ചു. അസ്ഥി മനുഷ്യൻ്റേതെന്ന നിലയിൽ നടക്കുന്ന പ്രചാരണം തെറ്റെന്നും കളക്ടർ വ്യക്തമാക്കി.

അർജുന് വേണ്ടിയുള്ള ​ഗം​ഗാവലി പുഴയിലെ തെരച്ചിൽ നിർത്തില്ലെന്ന് കാർവാർ എംഎൽഎ സതീഷ് സെയിൽ. നാളെ റെഡ് അലർട്ട് ആയതിനാൽ സാഹചര്യം നോക്കി മാത്രമായിരിക്കും തെരച്ചിൽ തുടരുകയെന്നും എംഎൽഎ അറിയിച്ചു.

 

തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെപിസിസി ഉപസമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എം.പി. തൃശ്ശൂരില്‍ ബിജെപിയുടെ വിജയത്തിലേക്ക് നയിച്ചതില്‍ പൂരം കലക്കിയതിന് നിര്‍ണ്ണായകമായ പങ്കാണുള്ളതെന്നും കെ സുധാകരന്‍ പറഞ്ഞു.

കേരളത്തിൽ ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള കർണാടക തീരങ്ങളിൽ ഇന്നും നാളെയും മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും ലക്ഷദ്വീപ് തീരത്ത് ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകി പിവി അൻവർ എംഎൽഎ. രാജേഷ് എന്ന ഉദ്യോഗസ്ഥനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. വനം മന്ത്രി എകെ ശശീന്ദ്രൻ, സ്പീക്കർ എഎൻ ഷംസീർ, ചീഫ് സെക്രട്ടറി എന്നിവർക്കാണ് പരാതി നൽകിയത്.

വനം വന്യജീവി സംരക്ഷണ മന്ത്രിക്കൊപ്പം മനുഷ്യ സംരക്ഷണ മന്ത്രി കൂടി വേണ്ട അവസ്ഥയാണ് സംസ്ഥാനത്ത് ഇപ്പോഴെന്നും വനംവകുപ്പ് ജീവനക്കാരുടെ തോന്നിവാസത്തിന് അതിരില്ലെന്നും ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരമാണെന്നും പിവി അൻവര്‍ എംഎൽഎ.വനത്തിൽ എന്തും നടക്കുമെന്നതാണ് സ്ഥിതി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൊല്ലം മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതി അജ്മലിൻ്റെ ജാമ്യാപേക്ഷ ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതി തള്ളി. കേസിൽ മനപൂർവമുള്ള നരഹത്യാ കുറ്റമാണ് അജ്മലിനെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി ഡോക്ടർ ശ്രീക്കുട്ടിയുടെ ജാമ്യാപേക്ഷ ശാസ്താംകോട്ട കോടതി നേരത്തെ തള്ളിയിരുന്നു.

സ‍ർവീസിൽ നിന്ന് വിരമിച്ച മുൻ സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. വി വേണു കൊച്ചി ബിനാലെ ഫൗണ്ടേഷൻ ചെയർപേഴ്‌സണാകും. ഹോണററി അടിസ്ഥാനത്തിൽ പ്രവർത്തിക്കാമെന്ന് ഡോ. വി വേണു ട്രസ്റ്റിനെ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

ആലുവ സ്വദേശിയായ നടിയുടെ പീഡനാരോപണത്തില്‍ നടന്‍ ജയസൂര്യയുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ ചുമത്തിയിരിക്കുന്നതെന്ന് കണക്കിലെടുത്താണ് കേസ് തീര്‍പ്പാക്കിയത്.

 

ഇന്ത്യന്‍ നാവികസേനയുടെ അഭിമാന ദൗത്യമായ നാവിക സാഗര്‍ പരിക്രമയുടെ രണ്ടാം ദൗത്യത്തിന് ഒക്ടോബര്‍ രണ്ടിന് തുടക്കമാകും.ഗോവയിലെ ഐ.എന്‍.എസ്. മണ്‍ഡോവിയില്‍നിന്ന് യാത്ര ഫ്‌ലാഗ് ഓഫ് ചെയ്യുമെന്ന് നാവിക സേന ഉപമേധാവി വൈസ് അഡ്മിറല്‍ കൃഷ്ണ സ്വാമിനാഥന്‍ അറിയിച്ചു.

 

മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദ്ദേശപ്രകാരം വരാനിരിക്കുന്ന നവരാത്രി ആഘോഷങ്ങൾ വിപുലമായി സംഘടിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളുമായി ഉത്തര്‍പ്രദേശ് സംസ്കൃതി വകുപ്പ്.സുരക്ഷ ലക്ഷ്യമിട്ട് സംസ്ഥാനത്ത് “മിഷൻ ശക്തി” എന്ന പ്രത്യേക പദ്ധതി നടപ്പിലാക്കി വരികയാണ്. ഇതിന്റെ ഭാഗമായി സ്ത്രീകളുടെയും പെൺകുട്ടികളുടെയും പങ്കാളിത്തത്തോടെ നിരവധി സാംസ്കാരിക പരിപാടികൾ സംസ്കൃതി വകുപ്പ് നടത്തുന്നുണ്ട്.

 

കൊക്കെയ്ൻ നിറച്ച ക്യാപ്‌സ്യൂളുകൾ കടത്താൻ ശ്രമിച്ച ബ്രസീലിയൻ യുവതി മുംബൈ വിമാനത്താവളത്തില്‍ അറസ്റ്റില്‍. മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങുന്നതിന് മുമ്പ് 124 കൊക്കെയ്ൻ നിറച്ച ക്യാപ്‌സ്യൂളുകൾ യുവതി വിഴുങ്ങിയിരുന്നുവെന്ന് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസ് അധികൃതര്‍ അറിയിച്ചു. 9.73 കോടി രൂപയോളം വില വരുന്ന കൊക്കെയ്ൻ ആണ് യുവതി കടത്താൻ ശ്രമിച്ചത്.

 

ഭൂമി തർക്കം പരിഹരിക്കാനെത്തിയ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണം. അമ്പുകൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരിക്കേറ്റ വനിതാ എസ്ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ബീഹാറിലെ അരാരിയയിൽ ജോക്കിഹാട്ട് എന്ന ഗ്രാമത്തിലാണ് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ആക്രമണമുണ്ടായത്.

 

തിരുവനന്തപുരത്തേക്ക് സൈനികരുമായി പുറപ്പെട്ട പ്രത്യേക തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മധ്യപ്രദേശില്‍, തീവണ്ടി സഞ്ചരിച്ചിരുന്ന പാതയില്‍ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. റെയില്‍വേ ജീവനക്കാരനാണ് അറസ്റ്റിലായതെന്നാണ് വിവരം.

 

കുട്ടികളില്‍ പോളിയോബാധയ്ക്ക് സമാനമായ ലക്ഷണങ്ങളുള്ള ശ്വാസകോശ അണുബാധ യു.എസില്‍ പടര്‍ന്നുപിടിക്കുന്നു. മലിനജന സാമ്പിളില്‍ നടത്തിയ പരിശോധനയില്‍ ശ്വാസകോശ അസുഖങ്ങള്‍ക്ക് കാരണമാക്കുന്ന എന്ററോവൈറസ് വകഭേദമായ ഡി68(d68) വലിയതോതില്‍ കണ്ടെത്തിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 182-ഓളം പേര്‍ കൊല്ലപ്പെട്ടതായി ലെബനന്‍. 700-ലേറെപ്പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ തെക്കന്‍ ലെബനനിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ശത്രുക്കള്‍ ആക്രമണം നടത്തുന്നതായി മന്ത്രാലയം വ്യക്തമാക്കി.

രാജ്യത്ത് ഒരുവര്‍ഷത്തിനിടെ പ്രവര്‍ത്തനം ആരംഭിച്ചത് 60 പുതിയ മെഡിക്കല്‍ കോളേജുകള്‍. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നഡ്ഡയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. 8.07 ശതമാനം വര്‍ധനവാണ് പുതിയ മെഡിക്കല്‍ കോളേജുകളുടെ പ്രവര്‍ത്തനാരംഭവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്.

 

മതേതരത്വം യൂറോപ്യന്‍ ആശയമാണെന്നും ഇന്ത്യയില്‍ അത് ആവശ്യമില്ലെന്നും തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവി..മതേതരത്വം ഒരു യൂറോപ്യന്‍ ആശയമാണ്. അത് ഇന്ത്യന്‍ ആശയമല്ല, ഗവര്‍ണര്‍ പറഞ്ഞു. ഞായറാഴ്ച കന്യാകുമാരിയില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *