കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു.വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് എറണാകുളം ലിസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു മാസത്തിലേറെയായി ചികിത്സയിൽ തുടരുകയായിരുന്നു .ആറ് പതിറ്റാണ്ടുകളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ചിട്ടുള്ള ആർട്ടിസ്റ്റുകളിൽ ഒരാൾ കൂടിയാണ് കവിയൂർ പൊന്നമ്മ.
കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് അനുശോചിച്ചു.സിനിമയില്‍ മാത്രമല്ല, മലയാളത്തിന്റെ തന്നെ അമ്മ മുഖമായിരുന്നു കവിയൂര്‍ പൊന്നമ്മ എന്ന് വിഡി സതീശൻ അനുസ്മരിച്ചു.കവിയൂര്‍ പൊന്നമ്മയുടെ വിയോഗ വാര്‍ത്ത കുടുംബത്തിലെ ഒരാളെ നഷ്ടപ്പെട്ട വേദനയാണ് എല്ലാവരിലും ഉണ്ടാക്കുന്നത്. ദുഃഖത്തില്‍ പങ്കുചേരുകയാണെന്നും വിഡി സതീശൻ അനുശോചിച്ചു.
കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ വേദന പങ്കുവെച്ച് നടി ഷീല. കവിയൂർ പൊന്നമ്മയെ തനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു എന്നും സ്വന്തം അമ്മയോ സഹോദരിയോ ഒക്കെ വിട്ടുപോയതുപോലെയുള്ള വിഷമമാണ് തനിക്ക് എന്നും ഷീല പറഞ്ഞു.
ഓര്‍മയേക്കാള്‍ കൂടുതല്‍ തനിക്ക് മനസിന് വലിയ വിഷമമാണ് എന്ന് നടീനവ്യാനായർ. ആരോഗ്യത്തോടെ ഇരിക്കുമ്പോള്‍ അല്ലെങ്കില്‍ ഓര്‍മ്മയുള്ളപ്പോള്‍ പോയി പൊന്നു എന്ന കവിയൂര്‍ പൊന്നമ്മയെ കാണാന്‍ പറ്റിയില്ലെയെന്ന് നടി നവ്യനായര്‍ പറഞ്ഞു.
നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടിയായിരുന്നു കവിയൂർ പൊന്നമ്മയെന്ന് മന്ത്രി അനുസ്മരിച്ചു.
വയനാട് ദുരന്തത്തിൽ കേരളത്തിനുള്ള സഹായം പ്രഖ്യാപിക്കുന്നത് വൈകിച്ച് കേന്ദ്രം. കേരളം നല്കിയ നിവേദനം ചട്ടപ്രകാരമല്ല എന്ന കാരണം പറഞ്ഞാണ് കേന്ദ്ര സഹായം വൈകിക്കുന്നത്. ആന്ധ്രാപ്രദേശിന് വെള്ളപ്പൊക്കം നേരിടാന മൂവായിരം കോടിയിലധികം രണ്ടു ദിവസം മുമ്പ് കൃഷി മന്ത്രി സംസ്ഥാനത്ത് നേരിട്ടെത്തി പ്രഖ്യാപിച്ചപ്പോഴാണ് കേരളത്തിനുള്ള സഹായം നീട്ടിക്കൊണ്ടു പോകുന്നത്.
പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ ചോദ്യം ചെയ്ത് നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാര്‍ആണ് ഹർജി നൽകിയത്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചത്.
ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാറിനെതിരേ വിജിലന്‍സ് നടത്തുക പ്രാഥമിക അന്വേഷണം മാത്രമെന്ന് റിപ്പോർട്ട്. ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷിക്കില്ല. ആറ് മാസത്തിന് ശേഷം റിപ്പോർട്ട് സമർപ്പിക്കാനാണ് നിർദേശം.
എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ കഴമ്പുണ്ടെന്ന് എസ്‌ഐടിക്ക് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് എഡിജിപിക്കെതിരേ വിജിലന്‍സ് അന്വേഷണത്തിന് ഡിജിപി ശുപാര്‍ശ ചെയ്തത്.എഡിജിപിയെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തുകയല്ല, സസ്‌പെന്‍ഡ് ചെയ്യുകയാണ് വേണ്ടതെന്നും അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
സിപിഎം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വെള്ളനാട് ശശിക്കെതിരെ പരാതി.കടയിൽ കയറി സ്ത്രീകളേയും കുട്ടിയേയും മര്‍ദ്ദിച്ചെന്നാണ് ആക്ഷേപം. ജില്ലാ പഞ്ചായത്ത് അംഗം ഉൾപ്പെട്ട കയ്യേറ്റത്തിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നു. വെള്ളനാട് വില്ലേജ് ഓഫീസ് പരിസരത്തെ തട്ട്കടക്ക് മുന്നിലാണ് സംഭവം നടന്നത്.
മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലുമായി നടത്തിയ തെളിവെടുപ്പിനിടെ വൻ പ്രതിഷേധം. അപകടം നടന്ന ആനൂർക്കാവിൽ ജനങ്ങൾ പ്രതിക്കെതിരെ പ്രതിഷേധമുയർത്തി. നാട്ടുകാർ അക്രമാസക്തമായേക്കുമെന്ന് ഭയന്ന് പൊലീസ് പ്രതിയെ ജീപ്പിൽ നിന്നും ഇറക്കിയില്ല.പ്രതികൾ താമസിച്ച കരുനാഗപ്പള്ളിയിലെ ഹോട്ടലിലും അജ്മലിന്റെ സുഹൃത്തിന്റെ വീട്ടിലും തെളിവെടുത്തു.
എംഎൽഎയും നടനുമായ മുകേഷിനെതിരെ പരാതി നൽകിയ പരാതിക്കാരിയായ യുവതിയുടെ മൊഴിയെടുത്ത ശേഷം മൂവാറ്റുപുഴ പൊലീസ് പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. സംസ്ഥാന പൊലീസ് മേധാവിക്ക് അയച്ച പരാതി മൂവാറ്റുപുഴ പൊലീസിന് കൈമാറുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയുടെ ജയത്തിന് അനുകൂലമായ പൊതുവികാരമുണ്ടാക്കിയതിന് പിന്നിൽ തൃശ്ശൂർ പൂരം അലങ്കോലമാക്കിയ സംഭവത്തിനും പങ്കുണ്ടെന്ന ആരോപണത്തിനിടെ ഇതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോർട്ടിനായി മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ വിവരാവകാശ അപേക്ഷ സമർപ്പിച്ചു. സംസ്ഥാന ആഭ്യന്തര വകുപ്പിന് ഓൺലൈനായാണ് അപേക്ഷ നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പറയുന്ന അന്വേഷണങ്ങള്‍ക്ക് ഇനിയെന്ത് പ്രസക്തിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. വിവരാവകാശരേഖ പുറത്തുവിട്ടതോടെ വഴിവിട്ട നീക്കങ്ങള്‍ പുറത്താകുന്നുവെന്നും , പൂരം കലക്കിയത് അന്വേഷിച്ചാല്‍ മുഖ്യമന്ത്രിയുടെ അടക്കം പങ്ക് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു.
നടിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനിക്ക് കേസിൽ ജാമ്യം അനുവദിച്ചതോടെ ഏഴരവര്‍ഷത്തിനുശേഷം ഇന്ന് വൈകിട്ടോടെ ജയിലിൽ നിന്ന് പുറത്തിറങ്ങി. ഓള്‍ കേരള മെന്‍സ് അസോസിയേഷൻ പ്രതിനിധികള്‍ പള്‍സര്‍ സുനിയെ ജയിലിന് പുറത്ത് മാലയിട്ട് സ്വീകരിച്ചു.കര്‍ശന ഉപാധികളോടെയാണ് പള്‍സര്‍ സുനിക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.
ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്റേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷാ സൂചികയിൽ ദേശീയ തലത്തില്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കേരളത്തിന് ഒന്നാം സ്ഥാനം.ട്രോഫിയും പ്രശസ്തി ഫലകവുമടങ്ങിയ പുരസ്‌കാരം ന്യൂ ഡല്‍ഹി ഭാരത് മണ്ഡപില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ജെ.പി നഡ്ഡയില്‍ നിന്ന് സംസ്ഥാന ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ അഫ്‌സാന പര്‍വീണ്‍ ഏറ്റുവാങ്ങി.
എല്‍ഡിഎഫിലെ ഘടകകക്ഷിയായ എന്‍സിപിയിൽ മന്ത്രിമാറ്റം. വനം മന്ത്രി എകെ ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയുമെന്നാണ് വിവരം. കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് പകരം മന്ത്രിയാകും. പ്രഖ്യാപനം ഒരാഴ്ചക്കകം ഉണ്ടായേക്കും.
ലെബനനിൽ ചൊവ്വാഴ്ചയുണ്ടായ പേജർ സ്‌ഫോടനത്തിൽ ബന്ധമുണ്ടെന്ന് ആരോപണമുയർന്ന മലയാളിയും നോര്‍വീജിയന്‍ പൗരനുമായ റിൻസൻ ജോസിന്റെ ഉടമസ്ഥതയിലുള്ള നോർട്ട ഗ്ലോബൽ ലിമിറ്റഡിന് ക്ലീൻ ചിറ്റ് നൽകി ബൾഗേറിയ. കമ്പനി നിയമവിരുദ്ധ പ്രവർത്തനം നടത്തിയിട്ടില്ലെന്ന് ദേശീയ സുരക്ഷയ്ക്കുള്ള ബൾഗേറിയൻ സ്റ്റേറ്റ് ഏജൻസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
തൃശ്ശൂർപൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ല അതിനാൽ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തെയും അപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതി ആശുപത്രി വിട്ടു. ശ്രുതിയുടെ ഡിസ്‌ചാർജുമായി ബന്ധപ്പെട്ട് ടി സിദ്ധിഖ് എംഎൽഎ സ്ഥലത്തെത്തി. രാഹുൽ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം മല്ലു രവി എന്ന വ്യക്തി ശ്രുതിയുടെ ചികിത്സാ ചെലവ് വഹിച്ചെന്നും, ശ്രുതിക്ക് നാളെ തന്നെ വർക്ക് ഫ്രം ഹോം ചെയ്യാൻ ലാപ്ടോപ് വീട്ടിൽ എത്തിച്ച് നൽകുമെന്നും അദ്ദേഹം പറഞ്ഞു.
കടുവ ഇറങ്ങിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തിൽ മൂന്നു പേര്‍ പിടിയിൽ. സംഭവം പത്തനംതിട്ട കലഞ്ഞൂരിലാണ് സംഭവം. കടുവയുടെ ചിത്രം സഹിതമാണ് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചത്. സംഭവത്തിൽ ആത്മജ്, അരുൺ മോഹനൻ, ആദർശ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
പൂരം കലക്കതിതിൽ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വന്നില്ലെങ്കിൽ ഇനി പലതും തുറന്ന് പറയേണ്ടിവരുമെന്നാണ് സിപിഐ മുന്നറിയിപ്പ്.എഡിജിപിക്ക് മുഖ്യമന്ത്രിയൊരുക്കുന്ന സംരക്ഷണത്തിൽ ഇന്നും പരസ്യപ്രതികരണവുമായി സിപിഐ ദേശീയ നിര്‍വ്വാഹക സമിതി അംഗം പ്രകാശ് ബാബു രംഗത്തെത്തി.
പുണെയില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റിയന്റെ മരണത്തിന് പിന്നാലെ ജോലി ചെയ്തിരുന്ന കമ്പനിക്കെതിരേ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി അന്നയുടെ സുഹൃത്ത് ആന്‍ മേരി. രണ്ടര മാസമായി ഒരവധി പോലും അന്നയ്ക്ക് കിട്ടിയിരുന്നില്ല. ഞായറാഴ്ച പോലും 16 മണിക്കൂര്‍ ജോലി ചെയ്യണ്ട സാഹചര്യമായിരുന്നു. ജോലി സമ്മര്‍ദ്ദം മൂലം കൃത്യമായി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ പോലും അന്നയ്ക്ക് സാധിച്ചിരുന്നില്ലെന്നും ആന്‍ മേരി പറഞ്ഞു.
ഹുൻസൂരിൽ സ്വകാര്യ ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശി അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.
സാമൂഹിക മാധ്യമ പ്ലാറ്റ്ഫോമുകളിലെ വ്യാജ വാർത്തകൾ കണ്ടെത്തി നടപടി എടുക്കുന്നതിന് കേന്ദ്ര സർക്കാർ രൂപീകരിച്ച ഫാക്ട് ചെക്ക് യൂണിറ്റ് ഭരണഘടനാവിരുദ്ധമാണെന്ന് ബോംബെ ഹൈക്കോടതി. ഫാക്ട് ചെക്ക് യൂണിറ്റ് രൂപീകരിക്കാൻ ഐ.ടി. ചട്ടങ്ങളിൽ കൊണ്ടുവന്ന ഭേദഗതി കോടതി റദ്ദാക്കി.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ബന്ധപ്പെട്ട ഭീഷണികളും എഐയുമായി ബന്ധപ്പെട്ട ഭരണ നിര്‍വഹണത്തിലെ പ്രശ്‌നങ്ങളും പരിഹരിക്കുന്നതിനായി ഏഴ് ശുപാര്‍ശകള്‍ അടങ്ങുന്ന അന്തിമ റിപ്പോര്‍ട്ട് പുറത്തിറക്കി ഐക്യരാഷ്ട്ര സഭയിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപദേശക സമിതി. എഐയെ നിയന്ത്രിക്കുന്നതിന് ആഗോള ചട്ടക്കൂട് സ്ഥാപിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണ് ഈ നീക്കം.
പേജർ, വാക്കിടോക്കി സ്ഫോടനപരമ്പരകൾക്കുപിന്നാലെയുണ്ടായ ആക്രമണ പ്രത്യാക്രമണങ്ങളിൽ പശ്ചിമേഷ്യ സമ്പൂർണയുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതി പടരുന്നു. വിഷയത്തിൽ നയതന്ത്ര പരിഹാരം ഉണ്ടാകേണ്ടത് അനിവാര്യമാണെന്ന് യു.എസ് പ്രതികരിച്ചു. യുദ്ധം രൂക്ഷമാകുന്നതിനെതിരെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ മുന്നറിയിപ്പ് നൽകി. ഇസ്രയേലും ഹിസ്ബുള്ളയും വെടിനിർത്തലിന് തയ്യാറാകണമെന്ന് ബ്രിട്ടനും വ്യക്തമാക്കി.