ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി. ഹൈദരാബാദ്‌ ഹൗസിൽ നടന്ന കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ, ഉന്നത ഉദ്യോഗസ്ഥർ, വ്യവസായരംഗത്തെ പ്രമുഖർ എന്നിവർ സംബന്ധിച്ചു.

 

രാജ്യത്ത് എംപോക്സ് സ്ഥിരീകരിച്ചു. ദില്ലിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവിന്റെ പരിശോധനാഫലം പോസിറ്റീവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതനിർദ്ദേശം നൽകി.

ഹെല്‍ത്ത്- ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കുന്ന കാര്യത്തില്‍ നവംബറില്‍ ചേരുന്ന ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമുണ്ടാവുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഇത് പരിശോധിക്കാനായി മന്ത്രിതല സമിതിയെ നിയോഗിച്ചുവെന്നും തിങ്കളാഴ്ചത്തെ ജി.എസ്.ടി. കൗണ്‍സില്‍ യോഗത്തിനുശേഷം മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഓണം ഉത്സവബത്തയായി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്ക്‌ 1000 രൂപ വീതം ലഭിക്കും. ഇതിനായി സംസ്ഥാന സർക്കാർ 56.91 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു.കഴിഞ്ഞ സാമ്പത്തിക വർഷം100 പ്രവൃത്തിദിനം പൂർത്തിയാക്കിയ 5.69 ലക്ഷം തൊഴിലാളികൾക്കാണ്‌ ഉത്സവബത്ത അനുവദിച്ചത്‌. അയ്യൻകാളി നഗര തൊഴിലുറപ്പ്‌ പദ്ധതി തൊഴിലാളികൾക്കും ഓണത്തോടനുബന്ധിച്ച്‌ 1000 രൂപവീതം ഉത്സവബത്ത അനുവദിച്ചു.

മുഖ്യമന്ത്രി പിണറായി വിജയൻ ഡിജിപി ദർവേശ് സാഹേബും ഇന്റലിജൻസ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി. എഡിജിപി എംആർ അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോ​ഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോ​ഗം ചേർന്നതെന്നാണ് വിവരം.

 

യൂത്ത് കോൺഗ്രസ് സെക്രട്ടേറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജിന് നേതൃത്വം നൽകിയ കന്റോൺമെന്റ് എസ്ഐ ജിജു കുമാറിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കി ആഭ്യന്തര സെക്രട്ടറിക്കും സംസ്ഥാന പൊലീസ് മേധാവിക്കും പരാതി നൽകി.

ലൈം​ഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകുമെന്ന് സൂചന. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള പ്രതികൾക്ക് എത്രയും വേ​ഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതികളായ നടന്മാർ പലരും നേരത്തെ തന്നെ കോടതികളിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിട്ടുണ്ടെങ്കിലും ചോദ്യം ചെയ്യൽ അടക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് ഇത് ബാധിക്കില്ലെന്നാണ് അന്വേഷണ സംഘത്തിൻ്റെ നിഗമനം.

 

എം എൽ എ പിവി അന്‍വർ നടത്തിയ ആരോപണങ്ങളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്ന കടുത്ത വിമര്‍ശനങ്ങളെ തള്ളി ഇടത് മുന്‍ എംഎല്‍എ കാരാട്ട് റസാഖ്.നവകേരളത്തെ മുന്നോട്ട് നയിക്കുന്ന പിണറായി വിജയൻ ഇതിലും വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയിൽ എത്തിയതെന്നും, ഇതെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമാണെന്നും റസാഖ് സമൂഹ മാധ്യമത്തിൽ കുറിച്ചു.

 

എഡിജിപി എംആർ അജിത് കുമാറും ആർഎസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിയെ ന്യായീകരിച്ച് സ്പീക്കർ എ. എൻ ഷംസീർ. എംആർ അജിത് കുമാർ ആർഎസ്എസ് നേതാക്കളെ കണ്ടതിൽ തെറ്റില്ലെന്നും, ആർഎസ്എസ് രാജ്യത്തെ പ്രധാന സംഘടനയാണന്നും ചൂണ്ടിക്കാട്ടി.

എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെ ചുമതലയില്‍നിന്ന് മാറ്റിനിര്‍ത്തണമെന്ന് എം എൽ എ പി.വി. അന്‍വര്‍ ആവശ്യപ്പെട്ടു. അജിത് കുമാര്‍ ചുമതലയില്‍നിന്ന് മാറുന്നതോടെ ഇനിയും ഒരുപാട് ഉദ്യോഗസ്ഥരും ജനങ്ങളും തെളിവുകളുമായി രംഗത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം ലഭിച്ചു.കോഴിക്കോട് സ്വദേശിയായ യുവാവ് നല്‍കിയ പീഡന പരാതിയിൽ 30 ദിവസത്തേക്ക് രഞ്ജിത്തിന്‍റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്.

 

മലയാള സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം ആവശ്യപ്പെട്ട് ഡബ്ലുസിസി. സിനിമയിലെ എല്ലാ തൊഴിലുകള്‍ക്കും കൃത്യമായ കരാര്‍ കൊണ്ടു വരണമെന്ന് വനിതാ കൂട്ടായ്മ ആവശ്യപ്പെട്ടു. ലൈംഗികാതിക്രമങ്ങള്‍ തടയാനുളള വ്യവസ്ഥകളും കരാറിന്‍റെ ഭാഗമാക്കണമെന്നും സംഘടന ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.

ഇതര സംസ്ഥാനങ്ങളിൽ നിന്നും ആനകളുടെ കൊടുവരുന്നത് താൽക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഡിവിഷൻ ബഞ്ചിന്റേതാണ് നടപടി. പിടികൂടിയ ആനകളുടെ കൈമാറ്റം സംബന്ധിച്ച ചട്ടങ്ങൾ പ്രകാരമാണ് ഇടക്കാല ഉത്തരവ്.

ലോക ബാങ്ക് വിദഗ്ദ്ധ സമിതി അംഗങ്ങൾ  മുഖ്യമന്ത്രി പിണറായി വിജയനുമായി തിരുവനന്തപുരത്ത്  കൂടിക്കാഴ്ച നടത്തി. കേരളത്തിലേക്ക് വിദേശ വിദ്യാർത്ഥികളെ ആകർഷിക്കുന്നതുമായി ബന്ധപ്പെട്ട പദ്ധതിയിൽ  ഉന്നതവിദ്യാഭ്യാസ കൗൺസിലുമായി സഹകരിക്കാൻ ലോകബാങ്കിന് താത്പര്യം ഉള്ളതായി അവർ  അറിയിച്ചുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങൾ അറിയിച്ചു.

മെഡിസെപ്പ്‌ പദ്ധതിയിൽ രണ്ടര വർഷത്തിനുള്ളിൽ നൽകിയത്‌ 1485 കോടി രൂപയുടെ ചികിത്സാ ആനുകൂല്യങ്ങൾ.ഇതിൽ 1341.12 കോടി രൂപയും സ്വകാര്യ ആശുപത്രികളിലെ ചികിത്സകൾക്കായാണ്‌ നൽകിയതെന്നും ധനകാര്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ പറ‍ഞ്ഞു.

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സംസ്ഥാനത്തെ എല്ലാ കുട്ടികൾക്കും ഓണത്തിന് അഞ്ച് കിലോ അരി വീതം വിതരണം ചെയ്യുന്നത് കുട്ടികളുടെ ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണെന്ന് മന്ത്രി വി ശിവൻകുട്ടി. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം ചെയ്യുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം കമലേശ്വരം ജി എച്ച് എസ് എസിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

കേന്ദ്രസർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ കോൺ​ഗ്രസ് നേതാവും പുതുപ്പള്ളി എം.എൽ.എയുമായ ചാണ്ടി ഉമ്മൻ.ഇതാദ്യമായാണ് ചാണ്ടി ഉമ്മൻ നാഷണൽ ഹൈവേ അതോറിറ്റിയുടെ അഭിഭാഷക പാനലിൽ ഉൾപ്പെടുന്നത്.

 

കേരളത്തിൽ സിപിഎം – ബിജെപി അന്തർധാര സജീവമാണെന്ന് കോൺ​ഗ്രസ് നേതാവ് കെ മുരളീധരൻ. ഇതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് സ്പീക്കർ എ.എൻ ഷംസീറിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.

രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് എൻ ഐ എ നാല് പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ചു. മുസ്സവിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷരീഫ് എന്നിവർക്കെതിരെയാണ് കുറ്റപത്രം നൽകിയിരിക്കുന്നത്.

എ.ഡി.ജി.പി എം.ആർ അജിത് കുമാറിനെതിരായ അന്വേഷണം അട്ടിമറിക്കാനുള്ള കഴിവൊന്നും കേരളത്തിൽ ഒറ്റയാൾക്കുമില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ.എ.ഡി.ജി.പിക്കെതിരായ സർക്കാരിന്റെ അന്വേഷണം പൂർത്തിയായാൽ അതിനനുസരിച്ചുള്ള നിലപാട് സ്വീകരിക്കുമെന്നും ​എം.വി ​ഗോവിന്ദൻ പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നടന്മാർക്കെതിരായ ലൈം​ഗിക പീഡന പരാതികളിൽ ചോദ്യം ചെയ്യൽ ഉടൻ ഉണ്ടാകാൻ സാധ്യത. എം.എൽ.എയും നടനുമായ മുകേഷ് അടക്കമുള്ള അടക്കമുള്ള പ്രതികൾക്ക് എത്രയും വേ​ഗത്തിൽ നോട്ടീസ് നൽകാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തീരുമാനം.

ചങ്ങനാശ്ശേരി വാഴപ്പള്ളി കൽക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിന് സമീപം മഴയിൽ തകർന്ന മതിൽ ആറ് ആഴ്ചയ്ക്കുള്ളിൽ പുനർനിർമിക്കാൻ കോട്ടയം ജില്ലാ കളക്ടർക്ക് സുപ്രീം കോടതി നിർദേശം നൽകി. നിർമാണ ചെലവ് ചങ്ങനാശേരി മുനിസിപ്പാലിറ്റിയുടെ ഗ്രാന്റിൽനിന്ന് ഈടാക്കാനും നിർദേശിച്ചു.

 

സംസ്ഥാന കമ്മിറ്റി യോഗത്തിൽ ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ്. പൊലീസിന്‍റെ പ്രവർത്തനം ശരിയല്ലെന്നും, തൃശൂർ പൂരം അലങ്കോലമാക്കിയതില്‍ അടക്കം എ‍ഡിജിപി എം ആർ അജിത് കുമാറിനെ മാറ്റി നിർത്തി അന്വേഷിക്കണമെന്നാണ് യുവജന സംഘടനയുടെ ആവശ്യം.

 

കോഴിക്കോട് റിയല്‍ എസ്റ്റേറ്റ് ഇടനിലക്കാരന്‍ മാമി തിരോധനക്കേസ് അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് സംഘം വെളളിമാടുകുന്നിലെ മാമിയുടെ വീട്ടിലെത്തി. കേസ്  അന്വേഷിച്ച പൊലീസിന് വീഴ്ച പറ്റിയെന്ന് ആരോപിച്ച കുടുംബം ക്രൈംബ്രാഞ്ച് സംഘത്തിന് മുന്നില്‍ ഇത് പരാതിയായി നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

 

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടു. 20 പേരുടെ പട്ടികയാണ് എ.എ.പി. പുറത്തുവിട്ടത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് കരുതപ്പെടുന്ന ഭൂപീന്ദര്‍ സിങ് ഹൂഡ മത്സരിക്കുന്ന ഗഢി സംപ്ല- കിലോയിലും ഗുസ്തി താരം വിനേഷ് ഫോഗട്ട് മത്സരിക്കുന്ന ജുലാനയിലും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

ഭരണഘടനയ്ക്കും മതവിശ്വാസത്തിനും സംസ്ഥാനങ്ങൾക്കും എതിരായ ആക്രമം അനുവദിക്കാനാവില്ല എന്ന കാര്യം രാജ്യത്തെ ജനം തിരിച്ചറിഞ്ഞുവെന്ന് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാവായ ശേഷം ആദ്യമായി അമേരിക്കയിൽ എത്തിയ രാഹുൽ ഗാന്ധി ഡാള്ളസിൽ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കുകയായിരുന്നു.

ചൊവ്വയിലേക്കുള്ള ആദ്യ സ്റ്റാര്‍ഷിപ്പ് ദൗത്യം രണ്ട് വര്‍ഷത്തിനുള്ളില്‍ നടക്കുമെന്ന് സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌ക് ഞായറാഴ്ച പറഞ്ഞു. അടുത്ത എര്‍ത്ത്-മാര്‍സ് ട്രാന്‍സ്ഫര്‍ വിന്‍ഡോ തുറക്കുമ്പോള്‍ ആളില്ലാ സ്റ്റാര്‍ഷിപ്പ് വിക്ഷേപിക്കുമെന്നാണ് മസ്‌കിന്റെ പ്രഖ്യാപനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *