Screenshot 2024 02 27 20 21 14 990 com.android.chrome edit 2

 

ബംഗാളി നടിയിൽ നിന്ന് ആരോപണം ഉയർന്നത് വലിയ വാര്‍ത്തയായതിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിൽ നിന്നും രാജിവെക്കാൻ രഞ്ജിത്തിന് മേൽ സമ്മർദ്ദം ശക്തമായി. അതോടൊപ്പം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന ബോര്‍ഡ് നീക്കം ചെയ്ത ഔദ്യോഗിക വാഹനം രഞ്ജിത്തിന്‍റെ വയനാട്ടിലെ റിസോര്‍ട്ടില്‍ നിന്നും കൊണ്ടു പോവുകയും ചെയ്തു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രഞ്ജിത്ത് രാജി വെക്കുന്നതാണ് നല്ലതെന്നാണ് എൽ‌ഡിഎഫിൽ നിന്നുള്ള ഒരു വിഭാഗത്തിന്റെ ആവശ്യം.

 

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരായ പരാതി അന്വേഷിക്കട്ടെയെന്ന് നടൻ മുകേഷ്. ആരോപണങ്ങൾ ഉയരുമ്പോൾ രാജിവച്ചാൽ രാഷ്ട്രീയത്തിൽ ആരെങ്കിലും സ്ഥാനത്തിരിക്കുമോയെന്നും മുകേഷ് ചോദിച്ചു. രാജി വെക്കണോ എന്നത് അവരുടെ ആത്മവിശ്വാസവും അവരുടെ മനസാക്ഷിയുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതോടൊപ്പം സിനിമയിൽ പവർ ​ഗ്രൂപ്പ് നിലനിൽക്കില്ലെന്നും ആരെയും ഇല്ലാതാക്കാൻ കഴിയില്ലെന്നും മുകേഷ് പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തിരുന്ന് ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ആരോപണത്തെ നേരിടുന്നത് ശരിയല്ലെന്നും രഞ്ജിത്ത് രാജി വെച്ച് ആരോപണത്തെ നേരിടണമെന്നും സംവിധായകൻ ഭദ്രൻ അഭിപ്രായപ്പെട്ടു. മന്ത്രി സജി ചെറിയാന്‍ അനാവശ്യമായി രഞ്ജിത്തിനെ സംരക്ഷിക്കുമെന്ന തോന്നലുണ്ടാകുമെന്നും ഭദ്രന്‍ ചൂണ്ടിക്കാട്ടി

 

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേല്‍ അമ്മ ശക്തമായ നിലപാടെടുക്കണമെന്ന് നടി ഉര്‍വശി. എക്സിക്യുട്ടീവ് കമ്മിറ്റി ഉടന്‍ വിളിക്കണം. നിലപാട് വച്ച് നീട്ടാന്‍ പറ്റില്ലെന്നും പഠിച്ചത് മതിയെന്നും ഉര്‍വശി വ്യക്തമാക്കി. താന്‍ സ്ത്രീകള്‍ക്കൊപ്പമുണ്ടാകുമെന്നും അവർ പറഞ്ഞു.ഒരു സ്ത്രീ തന്‍റെ മാനവും ലജ്ജയുമെല്ലാം മാറ്റിവച്ച് കമ്മിഷന് മുമ്പാകെ വന്ന് തുറന്ന് പറഞ്ഞ കാര്യങ്ങളാണ് അതില്‍ നടപടി വേണമെന്നും ഉര്‍വശി ആവശ്യപ്പെട്ടു.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തിയ ആരോപണങ്ങളില്‍ അന്വേഷണം നടത്തില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി. തൊഴില്‍പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തിയാല്‍ പരിശോധിക്കുമെന്നും എന്നാല്‍ തൊഴില്‍ ലംഘനമുണ്ടായെന്ന് വെറുതേ പറഞ്ഞാല്‍ പോരെന്നും മന്ത്രി പറഞ്ഞു.

സംവിധായകന്‍ രഞ്ജിത്തിനെതിരായ ആരോപണം സത്യമോ അല്ലയോ എന്നറിയില്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് നടി ശ്വേത മേനോൻ. സിനിമയിലെ പവര്‍ഗ്രൂപ്പില്‍ സ്ത്രീകളുമുണ്ടാകാമെന്നും, കരാര്‍ ഒപ്പിട്ട 9 സിനിമകള്‍ തനിക്ക് നഷ്ടമായിട്ടുണ്ടന്നും ശ്വേത പറഞ്ഞു.

ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണമുയർന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്ത് താമസിക്കുന്ന വയനാട്ടിലെ റിസോട്ടിലേക്ക് പ്രതിഷേധ മാർച്ചുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.

 

ബംഗാളി നടി ശ്രീലേഖ മിത്രയുടെ ഗുരുതരമായ ആരോപണത്തില്‍ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പദവി രാജിവെച്ച് നിഷ്പക്ഷമായ അന്വേഷണം നേരിടണമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ . സ്ത്രീത്വത്തെ അപമാനിക്കും വിധം പെരുമാറിയെന്ന ആരോപണത്തില്‍ അഗ്നിശുദ്ധി വരുത്തേണ്ട ബാധ്യത സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന് മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

സംവിധായകൻ രഞ്ജിത്തിനെ സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും പുറത്താക്കണമെന്ന് ദേശീയ വനിത കമ്മീഷന്‍ മുന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു. പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ശ്രീലേഖ തയ്യാറാകണമെന്നും അവർ ആവശ്യപ്പെട്ടു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് വൈകിയതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്നും റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ നടപ്പാക്കുമെന്ന് പ്രതീക്ഷയില്ലെന്നും രേഖാ ശര്‍മ്മ പറഞ്ഞു.

ബംഗാളി നടിയുടെ ആരോപണം കേരളത്തിനാകെ അവമതിപ്പുണ്ടാക്കുന്നതാണെന്ന്ആനി രാജ. സംസ്ഥാനത്തിന്‍റെ അഭിമാനം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടു. രഞ്ജിത്തിനെ അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കണമെന്ന് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്ന് എഐവൈഎഫ് ചൂണ്ടിക്കാട്ടി.

 

രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും അതുവരെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ബംഗാളി നടി ദുരനുഭവം തുറന്ന് പറഞ്ഞിട്ടും രഞ്ജിത്ത് ഇപ്പോഴും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് തുടരുകയാണെന്ന് യൂത്ത് ലീഗ് സംസഥാന ജനറൽ സെക്രട്ടറി പികെ ഫിറോസ്. രഞ്ജിത്ത് ഉടനെ രാജി വെക്കണമെന്ന് പികെ ഫിറോസ് പറഞ്ഞു. രഞ്ജിത്തിനെതിരെ   എഫ്ഐആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്യണം എന്നും ആവശ്യപ്പെട്ടു .

നടന്‍ സിദ്ദിഖിനെതിരെ ഗുരുതര ആരോപണവുമായി യുവനടി രേവതി സമ്പത്ത്. നടന്‍ സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയെന്നും ചെറിയ പ്രായത്തിലാണ് ദുരനുഭവം ഉണ്ടായതെന്നും നടി പറഞ്ഞു.ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്നപ്പോള്‍ അദ്ദേഹം കാര്യമായി സംസാരിക്കുന്നത് കേട്ടു. സ്വയം കണ്ണാടിയില്‍ നോക്കിയാല്‍ അദ്ദേഹത്തിന് ക്രിമിനലിനെ കാണാം എന്നും രേവതി പറഞ്ഞു.

വളാഞ്ചേരിയിലെ കെഎസ്എഫ്ഇയിലെ മുക്കുപണ്ട പണയം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിലായി. പാലക്കാട് സ്വദേശി മുഹമ്മദ് ശരീഫ്, തിരുവേഗപ്പുറ സ്വദേശി കൊരക്കോട്ടിൽ മുഹമ്മദ് അഷ്റഫ് എന്നിവരാണ് പിടിയിലായത്. കരാർ ജീവനക്കാരനായ അപ്രൈസര്‍ രാജനാണ് നേരത്തെ പിടിയിലായത്. പ്രതികളെ വളാഞ്ചേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു ചോദ്യം ചെയ്യുകയാണ്.

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വേണ്ടെന്നു വച്ച പുലിക്കളി വീണ്ടും നടത്താൻ തൃശൂർ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണിച്ചാണ് പുലിക്കളി നടത്താനുള്ള തീരുമാനം എടുത്തത്. വരുംദിവസങ്ങളിൽ കൂടുതൽ സംഘങ്ങൾ രജിസ്റ്റർ ചെയ്തേക്കും. സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ് പുലിക്കളി നടക്കുക.

 

വയനാടിന്റെ പുനർ നിർമ്മാണത്തിനായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സാലറി ചലഞ്ചിൽ സമ്മതപത്രം നൽകാത്തവരിൽ നിന്ന് ശമ്പളം പിടിക്കില്ലെന്ന് വ്യക്തമാക്കി സർക്കാർ. പിഎഫ് വായ്പയ്ക്ക് അപേക്ഷിക്കാനും തടസമില്ല. എല്ലാ ജീവനക്കാരിൽ നിന്നും ശമ്പളം പിടിക്കുമെന്ന് അറിയിച്ച് ഐഎംജിയും കെഎസ്ഇബിയും സർക്കുലർ ഇറക്കിയിരുന്നു. ഇത് വിവാദമായതോടെയാണ് വിശദീകരണവുമായി സർക്കാർ രം​ഗത്തെത്തിയത്.

ആമയിഴഞ്ചാൻ തോട് റെയിൽവേ ടണൽ ശുചീകരണത്തിന് സർക്കാർ പണം മുടക്കും. ശുചീകരണത്തിനായി 63 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചിരിക്കുന്നത്. റെയിൽവേയോട് പണം ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല.തോട്ടില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ നടപടി തുടങ്ങിയെന്നും നഗരസഭ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

കണ്ണൂരിൽ നിപ ആശങ്ക ഒഴിഞ്ഞു. രോഗ ലക്ഷണങ്ങളോടെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് പേരുടെയും പരിശോധന ഫലം നെഗറ്റീവാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നിപയില്ലെന്ന് സ്ഥിരീകരിച്ചത്.

 

കേരളത്തിൽ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന ആവശ്യവുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ച് സംസ്ഥാന ബി.ജെ.പി. അതേസമയം, തിരഞ്ഞെടുപ്പിന് മുന്നേതന്നെ ബിജെപി ഭയപ്പാടിലായെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തി.ഒക്ടോബര്‍ ഒന്നാം തീയതിക്ക് മുന്‍പും പിന്‍പും അവധിദിനങ്ങള്‍ വരുന്നുണ്ടെന്നും ഇത് പോളിങ് ശതമാനത്തെ ബാധിച്ചേക്കുമെന്നും ചൂണ്ടിക്കാണിച്ചാണ് ബി.ജെ.പിയുടെ ഹരിയാണ ഘടകം അധ്യക്ഷന്‍, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചത്.

കേന്ദ്ര സർക്കാർ ജീവനക്കാർക്കായി പുതിയ പെൻഷൻ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. യുപിഎസ് എന്ന പേരിൽ എല്ലാ ജീവനക്കാർക്കും മിനിമം പെൻഷൻ ഉറപ്പു നൽകുന്നതാണ് പുതിയ പദ്ധതി. ജീവനക്കാർ 10 ശതമാനം വിഹിതം നൽകണമെന്ന വ്യവസ്ഥ തുടരും. സർക്കാർ അടയ്ക്കുന്ന വിഹിതം 14 നിന്ന് 18.5 ആയി ഉയർത്താനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

അര്‍.ജി. കര്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗംചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ താൻ നിരപരാധിയാണെന്ന് അറസ്റ്റിലായ പ്രതി സഞ്ജയ് റോയി. കുറ്റമൊന്നും ചെയ്യാത്ത തന്റെമേൽ കുറ്റകൃത്യം അടിച്ചേൽപ്പിക്കുകയാണ്. നുണപരിശോധനയിലൂടെ ഇക്കാര്യം തെളിയുമെന്നും നുണപരിശോധനയ്ക്ക് എന്തുകൊണ്ടാണ് സമ്മതം നൽകുന്നതെന്ന കോടതിയുടെ ചോദ്യത്തിന് മറുപടി പറയവെ ഇയാൾ പറഞ്ഞു.

 

കൊല്‍ക്കത്തയിലെ ആര്‍.ജി. കര്‍ മെഡിക്കല്‍ കോളേജിലെ സാമ്പത്തിക ക്രമക്കേടുകളെ കുറിച്ചുള്ള അന്വേഷണം സി.ബി.ഐ. ഏറ്റെടുത്തു. ഡോക്ടര്‍ കൊല്ലപ്പെടുമ്പോള്‍ പ്രിന്‍സിപ്പലായിരുന്ന സന്ദീപ് ഘോഷിന്റെ കാലത്ത് നടന്ന ക്രമക്കേടുകളാണ് സി.ബി.ഐ. അന്വേഷിക്കുക. കല്‍ക്കട്ട ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം പ്രത്യേക അന്വേഷണ സംഘത്തില്‍ (എസ്.ഐ.ടി) നിന്ന് സി.ബി.ഐ. ഏറ്റെടുത്തത്.

 

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *