ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഹൈക്കോടതിയുടെ നിരീക്ഷണങ്ങളെ സർക്കാർ ബഹുമാനിക്കുമെന്ന് കരുതുന്നെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകളെ വിനോദോപാധി മാത്രമായി കാണുന്ന പ്രശ്നം അതീവ ഗുരുതരമാണെന്നും കടുത്ത നിയമനടപടികൾ സ്വീകരിക്കണമെന്നും ഗവർണർ പറഞ്ഞു. റിപ്പോർട്ടിൽ പേരുകൾ ഉണ്ടെങ്കിൽ അന്വേഷണ ഏജൻസിക്ക് നടപടി സ്വീകരിക്കാമെന്നും മുഴുവൻ റിപ്പോർട്ട് ഹൈക്കോടതി ചോദിച്ച സ്ഥിതിക്ക് സ്വാഭാവികമായും നടപടികൾ ഉണ്ടാകുമെന്നും ഗവർണർ വ്യക്തമാക്കി.
തങ്ങളുടെ ഒരു സ്ഥാപകാംഗത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളെ അപലപിച്ച് ഡബ്ല്യുസിസി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തെത്തിയതിന് പിന്നാലെ സ്ഥാപക അംഗത്തിനെതിരെ നടക്കുന്ന ഈ സൈബർ അറ്റാക്കുകൾക്കെതിരെ ഞങ്ങൾ ശക്തമായി അപലപിക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഓരോ അംഗത്തിനും അവരുടെ സ്വന്തം അനുഭവങ്ങളെക്കുറിച്ച് ഭയം കൂടാതെ സംസാരിക്കാൻ അവകാശമുണ്ടെന്നാണ് തങ്ങള്‍ കരുതുന്നതെന്നും സ്ത്രീകൾക്കെതിരെ സ്ത്രീകളെ പ്രതിഷ്ഠിക്കുന്ന തരത്തിലുള്ള പ്രചരണമാണ് നടക്കുന്നതെന്നും ഡബ്ല്യുസിസി പ്രസ്ഥാവനയിലൂടെ അറിയിച്ചു.
സിനിമ മേഖലയുമായി ബന്ധപ്പെട്ടുള്ള നിയമ നിർമാണത്തിന് സർക്കാർ സമീപിച്ചാൽ നിയമസഭ മുന്നോട്ടുപോകുമെന്ന് സ്പീക്കർ എ എൻ ഷംസീർ. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസെടുക്കുന്നത് നിയമവിദഗ്ധരുമായി ആലോചിച്ച് ചെയ്യേണ്ടതാണ്. അതുണ്ടാകുമെന്ന് സർക്കാർ വ്യക്തമാക്കി കഴിഞ്ഞു. കേസെടുക്കാമെന്നത് മന്ത്രി കെ എൻ ബാലഗോപാലിന്റെ അഭിപ്രായമാണെന്നും ഓരോരുത്തർക്കും ഓരോ അഭിപ്രായമുണ്ടാകുമെന്നും സ്പീക്കർ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ ഉടൻ നടപടിയെടുക്കണമെന്ന് വി മുരളീധരൻ. സിനിമാ ലോകത്തെ നിയന്ത്രിക്കുന്ന പവർ ഗ്രൂപ്പിൽ ആരൊക്കെയാണ് ഉള്ളത് എന്ന് വെളിപ്പെടുത്തണം. റിപ്പോർട്ട് പൂഴ്ത്തി വെച്ച സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ സത്യപ്രതിജ്ഞ ലംഘനം നടത്തി. ക്രിമിനൽ കുറ്റം കണ്ടെത്തിയാൽ ഉടൻ കേസെടുക്കാൻ പരാതിയുടെ ആവശ്യമില്ലെന്നും. സർക്കാർ ഇരകൾക്കൊപ്പം നിൽക്കുകയാണ് വേണ്ടത്. വേട്ടക്കാരൻ സംരക്ഷിക്കുന്ന രീതി ശരിയല്ലെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നതിൽ സർക്കാരിന് ഒരു താൽപര്യക്കുറവും ഉണ്ടായിരുന്നില്ലെന്ന് മന്ത്രി എം ബി രാജേഷ്. പലരും മൊഴി നൽകിയത് രഹസ്യാത്മകത കാത്ത് സൂക്ഷിക്കും എന്നു ഉറപ്പ് നൽകിയത് കൊണ്ടാണ്. ഇപ്പോൾ പ്രചരിപ്പിക്കുന്നത് സങ്കുചിത രാഷ്ട്രീയ താൽപര്യമാണെന്നും മന്ത്രി പറഞ്ഞു. നിയമപരമായ നടപടികൾ സർക്കാർ സ്വീകരിക്കും. സർക്കാരിന് ആരെയെങ്കിലും സംരക്ഷിക്കാനുണ്ടെങ്കിൽ ഹേമ കമ്മിറ്റിയെ നിയോഗിക്കില്ലായിരുന്നു എന്നും എം ബി രാജേഷ് പറഞ്ഞു.
മലയാള സിനിമയിൽ പവർ ഗ്രൂപ്പുണ്ടെന്നും സിനിമ മേഖലയിലെ കുറച്ച് ആളുകൾ മോശമായി പെരുമാറുന്നവരാണെന്നുമുള്ള വെളിപ്പെടുത്തലുമായി സിനിമ സീരിയൽ നടി ഉഷ ഹസീന. ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ള കാര്യങ്ങൾ യാഥാർത്ഥ്യമാണെന്നും പെൺകുട്ടികൾ പരാതി നൽകാൻ തയ്യാറാകണമെന്നും ഉഷ പറഞ്ഞു. തനിക്കും ദുരനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഒരു സംവിധായകന്‍ മോശമായി പെരുമാറിയിട്ടുണ്ടെന്നും ഉഷ പറഞ്ഞു.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടത്ത് നിന്നും കാണാതായി 37 മണിക്കൂറിന് ശേഷം കണ്ടെത്തിയ ആസാമീസ് പെൺകുട്ടി തുടർന്ന് പഠിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചു. ഇന്നലെ ട്രെയിനിലെ ബർത്തിൽ കിടന്നുറങ്ങുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തിയത് വിശാഖ പട്ടണത്തെ മലയാളി അസോസിയേഷൻ പ്രതിനിധികളാണ്. വീട്ടിൽ ഉപദ്രവം തുടർന്നതിനാലാണ് വീട് വിട്ട് ഇറങ്ങിയതെന്നും കുട്ടി വെളിപ്പെടുത്തി. നാളെ ഉച്ചയോടെ സിഡബ്ല്യുസി കേരള പോലീസിന് കൈമാറും.
കഴക്കൂട്ടത്തു നിന്ന് കാണാതാകുകയും പിന്നീട് വിശാഖപട്ടണത്ത് നിന്നും കണ്ടെത്തിയ അസം സ്വദേശിനിയായ 13 കാരിയുടെ തുടർപഠനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ പ്രസിഡണ്ട് വ്യക്തമാക്കി. ഇക്കാര്യം കുഞ്ഞിന്റെ രക്ഷിതാക്കളുമായി സംസാരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കുഞ്ഞിനെ മറ്റന്നാൾ കേരളത്തിലേക്ക് തിരികെയെത്തിക്കും.
മുല്ലപ്പെരിയാര്‍ അണക്കെട്ട് വിഷയത്തില്‍ ആവശ്യമായ ഇടപെടല്‍ ദേശീയ ഡാം സുരക്ഷ അതോറിറ്റി നടത്തുമെന്ന് ഇടുക്കി എംപി ഡീൻ കുര്യാക്കോസ് ദില്ലിയില്‍ പറഞ്ഞു. എന്‍ഡിഎസ്എ ചെയര്‍മാന് മുല്ലപ്പെരിയാല്‍ അണക്കെട്ട് സംബന്ധിച്ച വിശദമായ അപേക്ഷ നല്‍കിയിട്ടുണ്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് കേരളത്തിന്‍റെ വലിയൊരു ആശങ്കയാണ്. ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചാണ് അപേക്ഷ നല്‍കിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വടകരയിലെ കാഫിർ വ്യാജ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സംസ്ഥാന സെക്രട്ടറി പറഞ്ഞതിനപ്പുറം ഒന്നും പറയാനില്ലെന്ന് സിപിഎം നേതാവ് കെ കെ ലതിക. തനിക്ക് തെറ്റ് പറ്റിയിട്ടില്ലെന്ന് നിയമപരമായി തെളിയിക്കുമെന്നും ലതിക പറഞ്ഞു. ലോക്സഭ തെരഞ്ഞെടുപ്പിൽ യുഡിഎഫ് വീടുകൾ കയറി വർഗീയ പ്രചരണം നടത്തി. ഇടത് പക്ഷത്തെ ഒരാൾക്കും സ്ക്രീൻ ഷോട്ട് വിഷയത്തിൽ പങ്കുണ്ടാകില്ല. വർഗീയമായ പ്രചരണം നടത്തരുതെന്ന് കൃത്യമായ നിർദേശം ഉണ്ടായിരുന്നുവെന്നും കെ കെ ലതിക വ്യക്തമാക്കി.
ഇന്ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – ലക്ഷദ്വീപ് – കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു
ഓണക്കാലത്ത് ഒരു ലിറ്റര്‍ പാലിന് ഒൻപത് രൂപ വീതം അധിക വില നല്‍കാൻ തിരുവനന്തപുരം മേഖല യൂണിയന്‍ ഭരണസമിതി തീരുമാനിച്ചതായി ചെയര്‍മാന്‍ അറിയിച്ചു. ഇതില്‍ ഏഴ് രൂപ ക്ഷീരസംഘങ്ങള്‍ക്ക് അധിക പാല്‍വിലയായി നല്‍കും. രണ്ട് രൂപ മേഖലാ യൂണിയനില്‍ സംഘത്തിന്‍റെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുകയും ചെയ്യുമെന്നാണ് വിവരം.
കെ.ടി.ഡി.സി ചെയർമാനും സി.പി.എം പാലക്കാട് ജില്ലാ കമ്മിറ്റി അംഗവുമായ പി കെ ശശിയെ പുകഴ്ത്തി മന്ത്രി കെബി ഗണേഷ് കുമാര്‍. പികെ ശശിയെ പോലെ ഇത്ര നല്ല മനുഷ്യനെ ജീവിതത്തിൽ കണ്ടിട്ടില്ലെന്നും നല്ലതു ചെയ്യുന്നവരെ കുറ്റക്കാരാക്കുന്ന നിലപാടാണ് ഇപ്പോഴെന്നും താനും അത്തരത്തിൽ വേട്ടയാടപ്പെട്ടവനാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. എംഎല്‍എ ആയിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും രാഷ്ട്രീയം നോക്കാതെ എല്ലാവരെയും സഹായിച്ച വ്യക്തിയാണ് പികെ ശശി. പികെ ശശിയുടെ പ്രവര്‍ത്തനത്തെ കരിവാരി തേക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ആരോപണങ്ങളെന്നും അതൊന്നും സത്യമില്ലെന്നും സത്യമേ ജയിക്കുകയുള്ളുവെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മിറ്റി മുൻപാകെ വന്നിട്ടുള്ള മൊഴികളും പരാതികളും അർഹിക്കുന്ന ഗൗരവത്തോടെ സമീപിക്കേണ്ടതാണെന്ന് അടിയുറച്ച് വിശ്വസിക്കുന്നുവെന്നും നിശബ്ദത ഇതിന് പരിഹാരമാകില്ലെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി.
സംസ്ഥാനത്ത് വൈദ്യുതി നിരക്കുകൾ പരിഷ്‌കരിക്കുന്നതിനുള്ള പൊതുതെളിവെടുപ്പുകൾ സെപ്റ്റംബർ മാസത്തിൽ നടത്തുമെന്ന് വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ അറിയിച്ചു. 2027 മാർച്ച് 31 വരെയുള്ള കാലയളവിലേക്ക് വൈദ്യുതി നിരക്കുകൾ പരിഷ്‌ക്കരിക്കുന്നതിനുള്ള അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പാകെ കെഎസ്ഇബി സമർപ്പിച്ചിട്ടുണ്ട്. ഇതിന്മേൽ തീരുമാനം എടുക്കുന്നതിനുള്ള പൊതു തെളിവെടുപ്പാണ് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷൻ നടത്താൻ പോകുന്നത്.
കോളേജിൽ വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച ഫീസ് തുക സർക്കാറിലേക്ക് അടയ്ക്കാതെ ക്രമക്കേട് നടത്തിയ സംഭവത്തിൽ ക്ലർക്കിന് 30 വർഷം കഠിന തടവ്. ഇതിന് പുറമെ 3.30 ലക്ഷം രൂപ പിഴയും ചുമത്തിയിട്ടുണ്ട്. തിരുവനന്തപുരം ശ്രീകാര്യം എഞ്ചിനീയറിംഗ് കോളേജിൽ ക്ലർക്കായിരുന്ന ഗോപകുമാറിനെയാണ് തിരുവനന്തപുരം വിജിലൻസ് കോടതി ശിക്ഷിച്ചത്.
എംഎൽഎയുടെ അവകാശത്തിൻമേലുള്ള കടന്നുകയറ്റമാണ് വൈക്കം എസ്എച്ച്ഒ നടത്തിയതെന്നും ഗവർണർക്കടക്കം വിഷയം ചൂണ്ടിക്കാട്ടി പരാതി നൽകുമെന്നും വൈക്കം എം എൽ എ സി കെ ആശ പറഞ്ഞു. വഴിയോര കച്ചവടക്കാർക്കൊപ്പം നിന്നതിന് പൊലീസ് തന്നെ അപമാനിച്ചുവെന്നും സി കെ ആശ ആരോപിച്ചു. വൈക്കത്ത് വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തടയാൻ എത്തിയ സിപിഐ നേതാക്കളോടും എംഎൽഎ സി കെ ആശയോടും പൊലീസ് അപമര്യാദയായി പെരുമാറി എന്നാരോപിച്ച് എംഎൽഎയുടെ നേതൃത്വത്തിൽ വൈക്കം പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
നിലമ്പൂര്‍ എംഎല്‍എ പി വി അൻവർ പ്രതിയായിരുന്ന വധക്കേസിൽ പ്രധാന സാക്ഷികളെ വിസ്തരിക്കേണ്ട സാഹചര്യത്തിൽ പി വി അൻവറിനെ കൊണ്ട് പൊലീസ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യിപ്പിച്ചത് തെറ്റായ നടപടിയാണെന്ന് ഒതായി മനാഫിൻ്റെ കുടുംബം വിമര്‍ശിച്ചു. പൊലീസ് നടപടി നിയമത്തിനെതിരെയുള്ള വെല്ലുവിളിയാണെന്ന് ഒതായി മനാഫിൻ്റെ കുടുംബം കുറ്റപ്പെടുത്തി.
വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നിലവില്‍ നാലു ക്യാമ്പുകളിലായി 35 കുടുംബങ്ങള്‍ മാത്രാണ് കഴിയുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. 19 കുടുംബങ്ങള്‍ കൂടി നാളെ ക്യാമ്പുകളില്‍ നിന്ന് മാറും. രണ്ട് കുടുംബങ്ങള്‍ കൂടി പഞ്ചായത്ത് ക്വാര്‍ട്ടേഴ്സ് ശരിയായാൽ മാറും. 14 കുടുംബങ്ങള്‍ക്ക് കൂടി മാറാനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം 27,28ഓടെ എല്ലാവരുടെയും പുനരധിവാസം പൂര്‍ത്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാലക്കാട് പട്ടാമ്പിയിൽ 16 കാരനെ പൊലീസ് വീട്ടിൽ കയറി ആളു മാറി മർദ്ദിച്ചതായി പരാതി. കാരക്കാട് പാറപ്പുറം സ്വദേശി ത്വാഹാ മുഹമ്മദാണ് പട്ടാമ്പി പൊലീസിനെതിരെ പരാതിയുമായി എത്തിയത്. സംഭവത്തിൽ പാലക്കാട് എസ് പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍, മര്‍ദിച്ചെന്ന ആരോപണം പട്ടാമ്പി പൊലീസ് നിഷേധിച്ചു. രാവിലെ വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങി വരികയായിരുന്നു ത്വാഹാ മുഹമ്മദ് .
സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് എബിസി മലയാളം ന്യൂസ് എന്ന യുട്യൂബ് ചാനലിനെതിരെ നിയമ നടപടിയുമായി കെ എസ് ഇ ബി. വ്യാജവാർത്ത പ്രചരിപ്പിച്ച അതേ മാധ്യമങ്ങളിലൂടെ മാപ്പുപറയുകയും യഥാർത്ഥ വസ്തുതകൾ അറിയിക്കുകയും ചെയ്യാത്ത പക്ഷം ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണം എന്ന് കാണിച്ചാണ് ചാനൽ നടത്തിപ്പുകകാർക്കെതിരെ കെ എസ് ഇ ബി വക്കീൽ നോട്ടീസ് അയച്ചത്.
താമരശ്ശേരി കൈതപ്പൊയില്‍ നോളജ് സിറ്റിക്ക് സമീപം അടച്ചിട്ട വീട്ടില്‍ വന്‍ മോഷണം. വേഞ്ചേരി ടികെ അബ്ദുള്ളയുടെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെ നടന്ന മോഷണത്തില്‍ സ്വര്‍ണവും വിദേശ കറന്‍സികളും ഉള്‍പ്പെടെ നാലര ലക്ഷത്തോളം രൂപ വില വരുന്ന വസ്തുക്കള്‍ നഷ്ടപ്പെട്ടതായി വീട്ടുടമസ്ഥന്‍ അറിയിച്ചു.
70 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി തിരുവനന്തപുരം ആനയറ സ്വദേശി അജിത് എക്സൈസിന്റെ പിടിയിലായി. തിരുവനന്തപുരം എക്‌സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ദിലീപ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അജിത്തിനെ കസ്റ്റഡിയിലെടുത്തത്.
കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിനെ ഏതു ദുരന്ത മുഖങ്ങളിലും യശസ്സോടെ നമുക്ക് കാണാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പെരിങ്ങോം ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷൻ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ആരുടെയും പിന്നിൽ അല്ലാതെ ചിലപ്പോഴെങ്കിലും മുന്നിലായി പ്രവർത്തനം കാഴ്ച വെക്കാൻ കേരള ഫയർ ആൻഡ് റെസ്ക്യൂ ഫോഴ്സിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്ന ഒരു കുട്ടി കൂടി രോഗമുക്തി നേടി. ജൂലൈ 18 ന് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച കണ്ണൂർ സ്വദേശിയായ മൂന്നരവയസുകാരനാണ് പൂര്‍ണ്ണ ആരോഗ്യവാനായി ആശുപത്രി വിട്ടത്.
തൃശ്ശൂർ പാലപ്പിള്ളിയിൽ മാനിനെ കെട്ടിയിട്ട് റീൽസ് ചിത്രീകരിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ.
തിരുവനന്തപുരം വിതുര സ്വദേശി ഷിബുവാണ് പിടിയിലായത്. ഇതോടെ കേസിൽ രണ്ട് പേർ പിടിയിലായി. സംഭവത്തിൽ വനം വകുപ്പ് നാല് പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തൊഴിലാളികളായ വിനോദ്, ഷിബു, സന്തോഷ് കുമാർ, ഹരി എന്നിവർക്കെതിരെയാണ് കേസ്.
മലപ്പുറം ചോക്കാട് പുഴയിലെ പാറയിടുക്കില്‍ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. ചോക്കാട് പരുത്തിപ്പറ്റ ഇല്ലിക്കൽ ഹൗസില്‍ സര്‍ത്താരജാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30ഓടെ പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രമായ മലപ്പുറം ചോക്കാട് കെട്ടുങ്ങലിലാണ് സംഭവം. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് സര്‍ത്താജ് അവധിക്ക് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്.
കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തില്‍ ആർജി കർ ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിനെ നുണപരിശോധന നടത്താൻ അനുമതി തേടി കോടതിയെ സമീപിച്ച് സിബിഐ. ആശുപത്രിയിലെ 4 ഡോക്ടർമാരുടെയും കൂടി നുണ പരിശോധന നടത്താനുള്ള അനുമതിയും സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊൽക്കത്തയിലെ വനിതാ ഡോക്ടറെ ക്രൂരമായി ബലാത്സഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന എല്ലാ ഡോക്ടർമാരും അടിയന്തരമായി ജോലിക്ക് കയറണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്. ദേശീയ കർമ്മസമിതി റിപ്പോർട്ട് വരും വരെ ഡോക്ടർമാർ പ്രതിഷേധത്തിൽ നിന്ന് പിന്മാറണമെന്നും, പ്രതിഷേധിച്ചവർക്കെതിരെ നിർബന്ധിത നടപടിയെടുക്കരുതെന്നും കോടതി നിര്‍ദേശിച്ചു.
സ്ത്രീകള്‍ക്കുനേരെ നടക്കുന്ന അതിക്രമങ്ങളിലും പീഡനങ്ങളിലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേഗത്തിലെടുക്കാൻ പ്രത്യേക നിയമ നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രധാനമന്ത്രിയ്ക്ക് കത്തയച്ചു. രാജ്യത്ത് ഓരോ ദിവസവും 90 പീഡനങ്ങള്‍ നടക്കുന്നുണ്ടെന്നും സ്ഥിതി അശങ്കാജനകമാണെന്നുമാണ് കത്തില്‍ മമത ബാനര്‍ജി പറയുന്നത്.
ലഡാക്കില്‍ സ്വകാര്യ ബസ് മലയിടുക്കിലേക്ക് വീണ് ആറു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. അപകടം നടക്കുമ്പോള്‍ 25 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് പോയ ബസാണ് അപകടത്തില്‍ പെട്ടത്. 200 മീറ്ററിലധികം താഴ്ചയുള്ള മലയിടുക്കിലേക്ക് ബസ് മറിയുകയായിരുന്നു.
മഹാരാഷ്ട്രയിലെ ബദ്‌ലാപുരിൽ നാല് വയസുള്ള രണ്ട് പെണ്‍കുട്ടികളെ സ്കൂളിലെ ശുചിമുറിയില്‍ വെച്ച് പീഡിപ്പിച്ച സംഭവത്തില്‍ കുറ്റാരോപിതനായ 24കാരന്റെ വീട് അടിച്ച് തകർത്ത് ആൾക്കൂട്ടം. ബദ്‌ലാപൂർ റെയിൽവേ സ്റ്റേഷൻ ആയിരങ്ങൾ വളഞ്ഞതിന് പിന്നാലെയാണ് സംഭവം. അക്ഷയ് ഷിൻഡെ എന്ന യുവാവിന്റെ വീട്ടിലേക്കെത്തിയ ആൾക്കൂട്ടം വീട് അടിച്ച് തകർക്കുകയും വീട്ടുകാരെ ആക്രമിക്കുകയുമായിരുന്നു.
റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് എല്ലാ പിന്തുണയും നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കണം. യുദ്ധം മാനവരാശിക്കാകെ ഭീഷണിയാണെന്നും മോദി പറഞ്ഞു. പോളിഷ് പ്രധാനമന്ത്രി ഡോണൾഡ് ടസ്കുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാന് റിപ്പബ്ലിക് ഓഫ് യമെൻറ അധിക ചുമതല. റിയാദിൽനിന്ന് ചൊവ്വാഴ്ച യമൻ തലസ്ഥാനമായ ഏദനിലെത്തിയ അദ്ദേഹം യമൻ പ്രസിഡൻറും പ്രസിഡൻഷ്യൽ ലീഷർഷിപ്പ് കൗൺസിൽ ചെയർമാനുമായ ഡോ. റഷാദ് അൽ ആലിമിക്ക് നിയമനപത്രം കൈമാറി അംബാസഡർ ചുമതലയേറ്റെടുത്തു.
ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദർശിച്ച് ക്യാപ്റ്റൻ രോഹിത് ശർമയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദർശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തിൽ ഗണപതിയുടെ അനുഗ്രഹം തേടി. പിങ്ക് നിറത്തിലുള്ള ഷോളണിഞ്ഞ് ഇരുവരും ക്ഷേത്രത്തിനകത്ത് നിൽക്കുന്ന ചിത്രം പുറത്തുവന്നിട്ടുണ്ട്.