Screenshot 2024 02 27 20 21 14 990 com.android.chrome edit 1

 

കൊൽക്കത്തയിൽ അതിക്രൂരമായി കൊല്ലപ്പെട്ട  ഡോക്ടർക്ക് നീതി തേടി രാജ്യവ്യാപക പ്രതിഷേധം . ഇന്ന് ഐഎംഎയുടെ നേതൃത്വത്തിൽ ആരോഗ്യപ്രവർത്തകർ കൂട്ടമായിതെരുവിലിറങ്ങി പ്രതിഷേധിച്ചു . ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കുക, കൊൽക്കത്ത സംഭവത്തിൽ മുഴുവൻ പ്രതികളെയും പിടികൂടുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.

കൊൽക്കത്തയിൽ കൊല്ലപ്പെട്ട  ഡോക്ടർക്ക് വേണ്ടി കേരളത്തിലുൾപ്പടെ സർക്കാർ, സ്വകാര്യ മേഖലകളിലെ മുഴുവൻ ഡോക്ടർമാരും തെരുവിലിറങ്ങി പ്രതിഷേധിച്ചതോടെ ഒപി സേവനവും അടയന്തര പ്രാധാന്യമില്ലാത്ത ശസ്ത്രക്രിയകളും മുടങ്ങി. ഡോക്ടർമാർക്ക്‌ പിന്തുണ പ്രഖ്യാപിച്ച് മറ്റ് ജീവനക്കാരും പ്രതിഷേധത്തിൽ  പങ്കെടുത്തതോടെ ആശുപത്രികളുടെ പ്രവർത്തനം പൂർണമായും സ്തംഭിച്ചു.

കൊൽത്തയിൽ കൊല്ലപ്പെട്ട ജൂനിയർ ഡോക്ടർക്ക് നീതി തേടി ദില്ലിയിലും കൊച്ചിയിലും അടക്കം മെഴുകുതിരി തെളിച്ച് പ്രതിഷേധിച്ച് ആരോഗ്യ പ്രവർത്തകർ . ദില്ലിയിൽ മെഡിക്കൽ അസോസിയേഷൻ്റെ നേതൃത്വത്തിലാണ് പ്രതിഷേധം. പൊലീസ് വിലക്ക് ലംഘിച്ചും പ്രതിഷേധം തുടരാനാണ് സമരക്കാരുടെ തീരുമാനം.ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് കൊച്ചിയിൽ ഐഎംഎയുടെ നേതൃത്വത്തിൽ ദീപം കൊളുത്തി പ്രകടനം നടത്തുന്നത്.

കൊൽക്കത്തയിൽ ഡോക്ടറെ കൊലപ്പെടുത്തിയ കൊലയാളികളെ പിടികൂടുന്നതിൽ നിയമ സംവിധാനങ്ങൾക്ക് ഗുരുതര വീഴ്ച പറ്റിയെന്നു ദില്ലി നിർഭയയുടെ അമ്മ ആശ ദേവി. ശക്തമായ നിയമങ്ങൾ നിലവിൽ വന്നിട്ടും രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. കൊൽക്കത്തയിലെ വനിതാ ഡോക്ടർക്ക് നീതി കിട്ടണം. ബംഗാളിൽ എല്ലാം വകുപ്പുകളും മമത ബാനർജിയുടെ കയ്യിൽ ഉണ്ടായിട്ടും ഒരു പെൺകുട്ടിയുടെ ജീവൻ പോലും രക്ഷിക്കാൻ ആയില്ലെന്നും ആശ ദേവി അഭിപ്രായപ്പെട്ടു.

സംസ്ഥാന പെർമിറ്റ്  ഓട്ടോകൾക്ക് അനുവദിച്ചതിൽ എതിർപ്പുമായി സിഐടിയു സംസ്ഥാന ഘടകം.ഗതാഗത കമ്മീഷണർക്ക് തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് സിഐടിയു സംസ്ഥാന നേതൃത്വം  കത്ത് നൽകി. സംസ്ഥാന കമ്മിറ്റി പെർമിറ്റ്  അപേക്ഷ നൽകാൻ തീരുമാനിച്ചിട്ടില്ലെന്ന് ജനറൽ സെക്രട്ടറി കെ എസ് സുനിൽ കുമാർ പ്രതികരിച്ചു.

എം വി ഗോവിന്ദൻ  കാഫിര്‍ വിവാദവുമായി ബന്ധപ്പെട്ട്  വീണിടത്ത് ഉരുളുന്നുവെന്ന്  രമേശ് ചെന്നിത്തല. സിപിഎം വർഗീയത ആളികത്തിക്കാൻ ആണ്  ശ്രമിച്ചത്. കെ കെ ലതികയെ ന്യായീകരിക്കുന്നതിന് എം വി ഗോവിന്ദൻ ജനങ്ങളോട് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

വടകര ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ളക്ക് ഡി വൈ എഫ് ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചു. തനിക്കെതിരെ പ്രചാരണം നടത്തി സമൂഹത്തിൽ വേർതിരിവ് ഉണ്ടാക്കാൻ ശ്രമിച്ചെന്നാണ് റിബേഷ് വക്കീൽ നോട്ടീസിലൂടെ പറഞ്ഞിരിക്കുന്നത്. പാറക്കൽ അബ്ദുള്ള തന്നോട് പരസ്യമായി ഖേദം പ്രകടിപ്പിക്കണം എന്നും റിബേഷ് ആവശ്യപ്പെട്ടിട്ടുണ്ട്.

കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദത്തിൽ റിബേഷ് രാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചതിന് പിന്നാലെ പ്രതികരിച്ച് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള . 3 ദിവസമല്ല, എത്ര ദിവസമെടുത്താലും മറുപടി അർഹിക്കാത്ത ഒരു വക്കീൽ നോട്ടീസാണ് തനിക്ക് ലഭിച്ചിരിക്കുന്നത്. 2024 ലെ വലിയ തമാശയാണ് റിബേഷിന്‍റെ വക്കീൽ നോട്ടീസെന്നുമാണ് പാറക്കൽ അബ്ദുള്ള പ്രതികരിച്ചത്.റിബേഷ് വക്കീൽ നോട്ടീസ് അയക്കേണ്ടത് തനിക്കല്ലെന്നും സംസ്ഥാനത്തെ ആഭ്യന്തര മന്ത്രിക്കും ‘കാഫിർ’ സ്ക്രീൻ ഷോട്ട് വിവാദം അന്വേഷിച്ച വടകരയിലെ പൊലീസിനുമാണെന്നും അബ്ദുള്ള വിവരിച്ചു.

കോഴിക്കോട്  വടകര ബാങ്ക് ഓഫ് മഹാരാഷ്ട്ര ബ്രാഞ്ചിലെ പണയ സ്വർണ്ണ തട്ടിപ്പ് കേസിലെ പ്രതി മധു ജയകുമാർ വീഡിയോ സന്ദേശം പുറത്ത് വിട്ടു. ചാത്തൻ കണ്ടത്തിൽ ഫിനാൻസിയേഴ്സ് എന്ന ഗ്രൂപ്പിന് വേണ്ടിയാണ് സ്വർണം പണയപ്പെടുത്തിയത്. ബാങ്കിൻ്റെ സോണൽ മനേജറുടെ നിർദ്ദേശ പ്രകാരമാണ് സ്വർണം പണയം വെച്ചതെന്നും  വീഡിയോ സന്ദേശത്തിൽ പറയുന്നു.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം  ഭിന്നശേഷി വിഭാഗത്തിലെ 1204 പേർക്ക് സ്കൂളുകളിൽ നിയമനം നൽകിയതായി മന്ത്രി വി ശിവൻകുട്ടി.  കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ ഓഫീസുകളിൽ 2023 ഡിസംബർ 31 വരെ കെട്ടികിടക്കുന്ന ഫയലുകൾ തീർപ്പാക്കുന്ന ഉത്തരമേഖല ഫയൽ അദാലത്ത് നടക്കാവ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതുകൊണ്ട് ഒന്നും സംഭവിക്കാനില്ലെന്ന് നടനും എംഎൽഎ യുമായ എം.മുകേഷ്. ഹേമ കമ്മിറ്റിയോട് താൻ നാല് മണിക്കൂർ സമയം സംസാരിച്ചെന്നും മറ്റുള്ളവർ എന്തു പറഞ്ഞെന്ന് അറിയില്ലെന്നും മുകേഷ് പറഞ്ഞു. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലെയും സ്ത്രീകൾക്ക് സംരക്ഷണം നൽകണമെന്നും മുകേഷ് കൂട്ടിച്ചേർത്തു.

കേരളത്തിൽ അടുത്ത ദിവസങ്ങളിലും അതിശക്ത മഴ സാധ്യത. വടക്കൻ കർണാടകയ്ക്കും തെലങ്കാനയ്ക്കും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുന്നതും കോമറിൻ മേഖലയിൽ കേരളത്തിനും തമിഴ്നാടിനു മുകളിലൂടെ 1.5 കിലോമീറ്റർ ഉയരത്തിലായി ന്യുനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നതുമാണ് കേരളത്തിൽ അതിശക്ത മഴ തുടരാൻ കാരണം.

ചെമ്പഴന്തി എസ് എൻ കോളേജിലെ അധ്യാപകനെതിരായ ആക്രമണത്തിൽ 4 വിദ്യാർത്ഥികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. കഴക്കുട്ടം പൊലീസാണ് അധ്യാപകന്റെ പരാതിയിൽ കേസെടുത്തത്. ഒരു ബൈക്കിൽ 4 പേർ കയറി കറങ്ങിയത് ചോദ്യം ചെയ്ത ഡോ.ബിജുവിനെയാണ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ചത്.

 

വയനാട് ദുരന്തഭൂമിയില്‍ പത്ത് ദിവസത്തെ രക്ഷാദൗത്യം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ സൈനികര്‍ക്ക് തലസ്ഥാനത്ത് ആദരം. ഷിരൂരിലടക്കം രക്ഷാപ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലുണ്ടായിരുന്ന രഞ്ജിത് ഇസ്രായേലിനും ആദരം നല്‍കി.

കൊല്ലം കുണ്ടറ പടപ്പക്കരയിൽ വീട്ടമ്മയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പടപ്പക്കര സ്വദേശി പുഷ്പലത (45)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുന്നത്. പുഷ്പലതയുടെ മകൻ അഖിലിന് വേണ്ടി കുണ്ടറ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പശ്ചിമ ബംഗാളിൽ ഡോക്ടറെ കൊലപ്പെടുത്തിയതിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭ്യർത്ഥനയില്‍ പ്രതികരണവുമായി ഐഎംഎ. സർക്കാർ വാർത്താക്കുറിപ്പിൽ ഉറപ്പ് എന്ന പദം ഉപയോഗിച്ചതിൽ പ്രതീക്ഷയുണ്ടെന്ന് ഐഎംഎ വ്യക്തമാക്കി. 2017ലും സമിതിയെ നിയോഗിച്ചിരുന്നു. അന്ന് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല. ആദ്യ ഘട്ട സമരമാണ് ഇപ്പോൾ നടക്കുന്നത് എന്നും ഐ എം എ വ്യക്തമാക്കി .

 

മൈസുരു ഭൂമി ഇടപാടിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ മുഖ്യമന്ത്രി സിദ്ധരാമയ്യയെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകിയ വിഷയത്തിൽ പ്രതികരിച്ച് ഡി കെ ശിവകുമാർ . സിദ്ധരാമയ്യക്കെതിരായ നടപടി ഗവർണറെ ഉപയോഗിച്ചുള്ള ബി ജെ പിയുടെ രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമാണ്. ഭരണഘടന വിരുദ്ധമായ ഈ നടപടിയിലൂടെ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ കഴിയില്ല. സിദ്ധരാമയ്യ രാജിവയ്ക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും പാർട്ടി അദ്ദേഹത്തിന് ഒപ്പം ശക്തമായി നിലകൊളളുമെന്നും ശിവകുമാർ വ്യക്തമാക്കി.

 

സിദ്ധരാമയ്യക്കെതിരായ ഗവർണ്ണറുടെ നടപടി സംശയകരമാണെന്നും, അനാവശ്യ രാഷ്ട്രീയ വിവാദം മാത്രമാണെന്നും എഐസിസി വ്യക്തമാക്കി. ബിജെപി അധികാരത്തിലെത്തിയത് മുതൽ ഭരണഘടന പദവികൾ രാഷ്ട്രീയ നേട്ടത്തിനായി ദുരുപയോഗം ചെയ്യുകയാണെന്നും എഐസിസി വക്താവ് പവൻ ഖേര പറഞ്ഞു. തനിക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് സിദ്ധരാമയ്യയും പ്രതികരിച്ചു. എന്നാൽ ഗവർണറുടേത് ശരിയായ നടപടിയാണെന്നും നാലായിരം കോടി രൂപയുടെ അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമാണെന്നും ബി ജെ പി ദേശീയ വക്താവ് സംബിത് പത്ര പറഞ്ഞു.

മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളി പാക്ക് വംശജനായ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയ്ക്കു കൈമാറാമെന്ന് അമേരിക്കൻ കോടതി. വിധിയുടെ വിശദാംശങ്ങൾ പുറത്തുവന്നു. റാണയുടെ പങ്കാളിത്തം വ്യക്തമാക്കുന്ന തെളിവുകൾ ഇന്ത്യ നൽകിയിട്ടുണ്ടെന്നു കോടതി വ്യക്തമാക്കി.  ഇന്ത്യക്കു  കൈമാറാമെന്ന കീഴ്‌ക്കോടതി ഉത്തരവിനെതിരെ റാണ സമർപ്പിച്ച ഹർജി തള്ളിയാണ് വിധി.

ഹരിയാനയില്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിച്ച്  മുഖ്യമന്ത്രി നയാബ് സിംഗ് സൈനി. നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ഹരിയാനയിൽ  എസ്‍സി വിഭാഗത്തിന് സർക്കാർ ജോലികളിൽ 20 ശതമാനം സംവരണo മുഖ്യമന്ത്രി പ്രഖ്യാപിച്ചു . മന്ത്രിസഭ യോഗത്തിലെ തീരുമാനo മുഖ്യമന്ത്രി പ്രഖ്യാപിക്കുകയായിരുന്നു. വിഷയത്തില്‍ പരാതി നൽകുമെന്ന് കോൺഗ്രസ് അറിയിച്ചു.

ഹരിയാണയിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ദുഷ്യന്ത് ചൗട്ടാലയുടെ ജനനായക് ജനതാ പാർട്ടിക്ക് വൻ തിരിച്ചടി നൽകി നാല് എംഎൽഎമാർ പാർട്ടി വിട്ടു. ഈശ്വർ സിങ്ങ്, രാംകരൺ കാല, ദേവേന്ദ്ര ബബ്ലി, അനൂപ് ധനക് എന്നിവർ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും എല്ലാ ഉത്തരവാദിത്തങ്ങളിൽ നിന്നും രാജിവെച്ചു.

സ്വാമി ഗംഗേശാനന്ദ കേസിൽ ക്രൈംബ്രാഞ്ച് സമർപ്പിച്ച കുറ്റപത്രം കോടതി മടക്കി. സ്വാമി ഗംഗേസാനന്ദയെ പ്രതി ചേർത്തുള്ള കുറ്റപത്രമാണ് തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മടക്കിയത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *