78 -മത് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി. രാവിലെ ഏഴ് മണിയോടെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി ഗാന്ധി സ്മൃതിയിൽ പുഷ്പാര്‍ച്ചന നടത്തിയ ശേഷമാണ് ചെങ്കോട്ടയിലെത്തിയത്.
സ്വാതന്ത്ര്യസമര സേനാനികളെ അനുസ്മരിച്ച് കൊണ്ട് പ്രസംഗം തുടങ്ങിയ പ്രധാനമന്ത്രി നമ്മുടെ കർഷകരും ജവാന്മാരുമാക്കെ രാഷ്ട്ര നിർമ്മാണത്തിലെ പങ്കാളികളാണെന്നും സ്വാതന്ത്ര്യത്തിനായി പോരാടിയവരുടെ പുണ്യ സ്മരണക്ക് മുൻപിൽ ആദരം അര്‍പ്പിക്കുന്നുവെന്നും പറഞ്ഞു. പ്രകൃതി ദുരന്തങ്ങളിൽ ജീവൻ പൊലിഞ്ഞവരെ വേദനയോടെ സ്മരിക്കുന്നുവെന്നും രാജ്യം അവർക്കൊപ്പം നിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. രണ്ടര കോടി വീടുകളിലേക്ക് കൂടി വൈദ്യുതിയെത്തിക്കാന്‍ സര്‍ക്കാരിനായി. ജലജീവൻ മിഷനിൽ 15 കോടി ഉപഭോക്കാക്കളെ കൊണ്ടുവന്നു. സ്വച്ഛ് ഭാരത് പദ്ധതിയും വിജയം കൈവരിച്ചു, എല്ലാവരെയും ഒപ്പം ചേർത്തുള്ള വികസിത ഭാരതമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
വിശിഷ്ട ഭാരത് 2047 എന്ന പ്രമേയം അടിസ്ഥാനമാക്കിയാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. കർഷകർ, സ്ത്രീകൾ ഗോത്രവിഭാഗത്തിൽ നിന്നുള്ളവരടക്കം ആറായിരം പേരാണ് ഇത്തവണ ചടങ്ങുകളിൽ വിശിഷ്ടാതിഥികളായി പങ്കെടുത്തത്. വിവിധ സംസ്ഥാനങ്ങളിലെ രണ്ടായിരത്തോളം കലാകാരന്മാരും ചെങ്കോട്ടയിൽ പരിപാടികൾ അവതരിപ്പിച്ചു. പാരീസ് ഒളിംപിക്സിൽ പങ്കെടുത്ത ഇന്ത്യൻ സംഘവും ആഘോഷങ്ങളുടെ ഭാഗമായി. അതേസമയം, ആഘോഷങ്ങൾ കണക്കിലെടുത്ത് ദില്ലിയിലെ തന്ത്രപ്രധാന മേഖലകളെല്ലാം സുരക്ഷാ വലയത്തിലാണ്.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പതാക ഉയര്‍ത്തി. പരേഡിന് മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിച്ചു. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനം അതീവ ദുഖത്തിലാണെന്നും വിഷമിച്ചിരുന്നാല്‍ മതിയാകില്ലെന്നും നമുക്ക് അതിജീവിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പറഞ്ഞു. വിശിഷ്ട സേവനങ്ങള്‍ക്കുള്ള മെഡലുകളും ജീവന്‍ രക്ഷാ പതക്കും മുഖ്യമന്ത്രി വിതരണം ചെയ്തു .
വയനാട്ടിലെ സ്വാതന്ത്ര്യദിന ചടങ്ങ് കല്‍പ്പറ്റ എസ്കെഎംജെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൗണ്ടില്‍ നടന്നു. മന്ത്രി ഒആര്‍ കേളു പതാക ഉയര്‍ത്തി. കോഴിക്കോട് വിക്രം മൈതാനിൽ നടന്ന ചടങ്ങിൽ മന്ത്രി എകെ ശശീന്ദ്രനും, മലപ്പുറം എംഎസ്പി മൈതാനത്ത് റവന്യു മന്ത്രി കെ രാജനും പതാക ഉയര്‍ത്തി. കോട്ടയം ജില്ലാ പൊലീസ് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി ജെ ചിഞ്ചുറാണിയും, തൃശൂര്‍ തേക്കിൻകാട് മൈതാനിയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവും, എറണാകുളം കാക്കനാട് പരേഡ് ഗ്രൗണ്ടില്‍ മന്ത്രി പി രാജീവും പതാക ഉയര്‍ത്തി. പാലക്കാട് സ്വാതന്ത്ര്യദിനാഘോഷത്തില്‍ മന്ത്രി എംബി രാജേഷും, പത്തനംതിട്ടയിൽ ആലപ്പുഴ റിക്രിയേഷൻ ഗ്രൗണ്ടില്‍ മന്ത്രി സജി ചെറിയാനും പതാക ഉയര്‍ത്തി.
വയനാട്ടിലെ പുഞ്ചിരിമട്ടത്ത് ഇനിയുള്ള വീടുകളിൽ താമസം സുരക്ഷിതമല്ലെന്ന് ദേശീയ ഭൗമശാസ്ത്ര കേന്ദ്രത്തിലെ ശാസ്ത്രജ്ഞൻ ജോൺ മത്തായി. ചൂരൽമല ഭാഗത്ത് ഭൂരിഭാഗം സ്ഥലങ്ങളും ഇനിയും താമസയോഗ്യമാണ്. ഇവിടെ ഇനി നിർമ്മാണ പ്രവർത്തനം വേണോ എന്നത് സർക്കാർ നയപരമായ തീരുമാനം എടുക്കേണ്ട കാര്യമാണെന്നും ജോൺ മത്തായി പറഞ്ഞു. ദുരന്തമേഖലയായ പുഞ്ചിരിമട്ടത്ത് പരിശോധന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ മാസം 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴ കൂടാതെ മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ തനിക്കെതിരായ പ്രചാരണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നു ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണൻ. മാധ്യമങ്ങൾ തോന്നിയത് പോലെയാണ് റിപ്പോർട്ട് ചെയ്യുന്നത്. മാധ്യമങ്ങൾ ചെയ്യേണ്ട പണിയല്ല ചെയ്യുന്നത്. അതിൽ കൂടുതൽ വിശദീകരണം നൽകാനില്ലെന്നും റിബേഷ് രാമകൃഷ്ണൻ പറഞ്ഞു.
വടകരയിലെ കാഫിര്‍ സ്ക്രീൻഷോട്ട് വിവാദത്തില്‍ പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമചന്ദ്രനെ പിന്തുണച്ച് ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ നേതൃത്വം. റിബേഷ് അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും കാഫിർ സ്ക്രീൻ ഷോട്ട് എങ്ങനെ ഉണ്ടായെന്ന് അന്വേഷണം നടത്തണമെന്നും ഡിവൈഎഫ്ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
പരിസ്ഥിതി സംരക്ഷണത്തിനായി നിര്‍ദേശങ്ങള്‍ മുന്നോട്ട് വെച്ച് പരിസ്ഥിതി പ്രവര്‍ത്തകൻ ഡോ. മാധവ് ഗാഡ്ഗിൽ. കേരളത്തിലെ ക്വാറികളുടെ പ്രവര്‍ത്തനത്തെക്കുറിച്ചും പരിസ്ഥിതി ചൂഷണത്തെക്കുറിച്ചും വിമര്‍ശിച്ച മാധവ് ഗാഡ്ഗിൽ വയനാട്ടിലെ ദുരന്ത ബാധിതര്‍ക്ക് 25,000 രൂപ നല്‍കുമെന്നും അറിയിച്ചു. കേരളത്തിലെ 85ശതമാനം ക്വാറികളും അനധികൃതമാണ്, ക്വാറികള്‍ മുഴുവനും സര്‍ക്കാര്‍ ഏറ്റെടുക്കണം. കേരളത്തിലെ ക്വാറികളുടെ നടത്തിപ്പ് കുടുംബശ്രീ സംഘങ്ങളെ എൽപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഫുട്ബോൾ മത്സരത്തെ ചൊല്ലി തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് വിദ്യാർത്ഥികൾ തമ്മിലടിച്ചു. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ മത്സരത്തിലൈ ഫൈനലിന് ശേഷമായിരുന്നു തമ്മിലടി. കോഴഞ്ചേരി സെന്റ് തോമസ്, കടമ്മനിട്ട ഹയർസെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ കുട്ടികളാണ് പരസ്പരം ആക്രമിച്ചത്.
ചങ്ങനാശേരിയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ അമ്മയെയും മകളെയും പൊലീസ് ജീപ്പ് ഇടിച്ചു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ല. മന്ത്രി സജി ചെറിയാന് പൈലറ്റ് പോകുന്നതിനായി ചങ്ങനാശേരിയില്‍ നിന്നും എ.സി റോഡിലേക്ക് പോയ ജീപ്പാണ് അപകടമുണ്ടാക്കിയത്.
പത്തനംതിട്ട റാന്നിയിൽ കെഎസ്ഇബി കരാർ ജീവനക്കാരനും കൂട്ടാളിയും ചേർന്ന് 27 പോസ്റ്റുകളിലെ വൈദ്യുതി ലൈൻ മോഷ്ടിച്ചു. നാല് ലക്ഷത്തോളം രൂപ വിലവരുന്ന ലൈൻ കമ്പികളാണ് കടത്തിക്കൊണ്ടുപോയത്. ജീവനക്കാരുടെ വേഷത്തിലെത്തി അറ്റകുറ്റപ്പണിക്കെന്ന് വിശ്വസിപ്പിച്ചായിരുന്നു മോഷണം.
വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന റൂഫിംഗ് സ്ഥാപനത്തിന്റെ ഫ്രാഞ്ചൈസിയും ഏജൻസിയും നൽകാമെന്ന് വാഗ്ദാനം നൽകി വിവിധ ജില്ലക്കാരിൽ നിന്ന് 18 ലക്ഷം തട്ടിയ കൊല്ലം പൂയപ്പള്ളി കൊട്ടറ മീയ്യണ്ണൂർ ലാലു ഹൗസിൽ അജി തോമസിനെ ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാഞ്ചൈസിയ്ക്ക് ആവശ്യമായ സാധന സാമഗ്രഹികൾ ഇറക്കി നൽകാമെന്നുമായിരുന്നു ഇയാളുടെ വാഗ്ദാനം.
തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ തിരുനെല്‍വേലി സ്വദേശി ഉമറിനെ പൊലീസ് കണ്ടെത്തി. ഉമറിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനിലെത്തിച്ച് പൊലീസ് ചോദ്യം ചെയ്യുകയായണ്. സ്വര്‍ണം പൊട്ടിക്കല്‍ സംഘമാണ് ഉമറിനെ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് പറഞ്ഞു.
സംസ്ഥാനത്ത് ആണവ നിലയം സ്ഥാപിക്കാനുള്ള പദ്ധതിയിൽ നിന്ന് പിന്നോട്ടില്ലെന്ന സൂചനയുമായി കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകർ. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകൾക്ക് പിന്നാലെയാണ് പദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്തി കെഎസ്ഇബി ചെയർമാൻ തന്നെ രംഗത്തിറങ്ങിയത്. ആണവ നിലയം എന്തിനെന്ന് സർക്കാരിനെ ബോധ്യപ്പെടുത്തുമെന്നും ബിജു പ്രഭാകർ പറഞ്ഞു.
വിവാഹത്തിനു മുമ്പ് വധുവിനും വരനും വിവാഹപൂര്‍വ കൗണ്‍സിലിംഗ് നിര്‍ബന്ധമാക്കണമെന്ന് കേരള വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. വിവാഹം രജിസ്റ്റര്‍ ചെയ്യാനായി വിവാഹപൂര്‍വ കൗണ്‍സിലിംഗ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്നുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ടെന്നും അധ്യക്ഷ പറഞ്ഞു.
നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും കെപിസിസി സെക്രട്ടറിയുമായ സിഎസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്‌പെന്റ് ചെയ്തു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് സസ്‌പെന്റ് ചെയ്തത്. സിെശ് ശ്രീനിവാസനെ സസ്‌പെന്റ് ചെയ്തതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു.
78 -മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയെന്ന് ആക്ഷേപം. കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികൾക്കും പിന്നിലാണ് രാഹുൽ ഗാന്ധിക്ക് സീറ്റ് നൽകിയത് എന്ന് ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിലടക്കം വിമർശനം ഉയരുന്നത്. ഒളിംപിക്സ് കായിക താരങ്ങൾക്ക് ഇരിപ്പിടം ഒരുക്കാനായാണ് അങ്ങനെ ക്രമീകരിച്ചത് എന്നാണ് ഔദ്യോഗിക വിശദീകരണം.
കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലെ പിജി, സീനിയർ റസിഡന്റ് ഡോക്ടർമാർ നാളെ പണിമുടക്ക് പ്രഖ്യാപിച്ചു. ഒപി വാർഡ് ഡ്യൂട്ടികൾ ബഹിഷ്കരിക്കാനാണ് തീരുമാനം. സർക്കാർ ഡോക്ടർമാരുടെ സംഘടനയായ കെജിഎംഒഎ നാളെ സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.
കൊൽക്കത്തയിൽ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ 5 ഡോക്ടർമാരെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. ആശുപത്രിയിലുള്ളവർക്കും പീഡനത്തിൽ പങ്കുണ്ടെന്ന അഭ്യൂഹം പ്രചരിക്കുന്നതിനിടെയാണ് സിബിഐ നീക്കം.
പശ്ചിമബംഗാളിൽ ഡോക്ടർ കൊല്ലപ്പെട്ടതിനെ തുടർന്ന് ആശുപത്രി അടിച്ചു തകർത്ത സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി മമത ബാനർജി. ഇന്നലെ അക്രമം നടത്തിയത് വിദ്യർത്ഥികളോ സംഘടനയുമായി ബന്ധപ്പെട്ടവരോ അല്ലെന്നും അക്രമികൾക്ക് ബിജെപിയുമായി ബന്ധമുണ്ടെന്നുമാണ് മമത ബാനർജിയുടെ ആരോപണം. ഡോക്ടർമാർ സമരം നിർത്തണമെന്നും മമത ആവശ്യപ്പെട്ടു. ആശുപത്രിയിൽ നടന്ന ആക്രമണത്തിൽ സർക്കാരിനോട് ഗവർണർ വിശദീകരണം തേടിയിട്ടുണ്ട്.
ഒക്ടോബര്‍ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയിട്ടുള്ള സൈനിക നടപടിയില്‍ 40000 ത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയം. വ്യാഴാഴ്ച മരണം 40005 ആയെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത് ഗാസയിലെ മൊത്തം ജനസംഖ്യയുടെ 1.7 ശതമാനം വരും. 23 ലക്ഷത്തോളമാണ് ഗാസയിലെ ജനസംഖ്യ.