Screenshot 2024 02 27 20 21 14 990 com.android.chrome edit 1

പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർത്ഥന്റെ മരണത്തിന് കാരണക്കാരായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ക്യാംപസിലേക്ക് കെ.എസ്.യു, എംഎസ്എഫ് നടത്തിയ പ്രതിഷേധ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത്തകര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചതിനെ തുടർന്ന് പൊലീസ് ലാത്തി വീശുകയും, കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. ഇതോടെ പ്രവർത്തകരും പൊലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടാവുകയും ഒരു പ്രവര്‍ത്തകന് പരുക്കേൽക്കുകയും ചെയ്തു.

പൂക്കോട് വെറ്ററിനറി സർവകലാശാല ആസ്ഥാനത്തേക്ക് നടത്തിയ മാർച്ചിൽ നേതാക്കളെ മർദ്ദിച്ചതിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെ എസ് യു ആഹ്വാനം ചെയ്തു.എന്നാൽ നാളത്തെ വിദ്യാഭ്യാസ ബന്ദ് പരീക്ഷകളെ ബാധിക്കില്ലെന്ന് അലോഷ്യസ് സേവ്യർ അറിയിച്ചു.

സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കൻഡറി,വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ നടക്കുമ്പോൾ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചത് വിദ്യാർത്ഥികളോട് ചെയ്യുന്ന കടുത്ത ദ്രോഹമാണെന്ന് മന്ത്രി വി ശിവൻകുട്ടി. കെഎസ്‌യു ഈ തീരുമാനത്തിൽ നിന്ന് പിന്തിരിയണം, അല്ലെങ്കിൽ പാർട്ടി ഇടപെട്ട് വിദ്യാഭ്യാസ ബദിൽ നിന്ന് കെഎസ്‌യു നേതാക്കളെ പിന്തിരിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിദ്യാഭ്യാസമേഖലയെ കലുഷിതമാക്കാനുള്ള ആസൂത്രിത ശ്രമമാണ് കോൺഗ്രസും പോഷക സംഘടനകളും നടത്തുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി.

പാര്‍ട്ടിയോ പാര്‍ട്ടിയുമായി ബന്ധപ്പെട്ട വ്യക്തികളോ സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തില്‍ ഇടപെടുന്നില്ലെന്ന് സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ സി.കെ ശശീന്ദ്രൻ. തികച്ചും സ്വതന്ത്രമായാണ് കേസന്വേഷണം മുന്നോട്ട് പോകുന്നത്,പ്രതികൾക്ക് ഒരു വിധത്തിലുള്ള പിന്തുണയും നൽകരുതെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തില്‍ പ്രതികൾക്കെതിരെ ക്രിമിനല്‍ ഗൂഢാലോചനാ കുറ്റം കൂടി ചേര്‍ത്തു. ഇതിനുള്ള തെളിവുകളുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്. 120ബി വകുപ്പ് കൂടിയാണ് ഇതോടുകൂടി ചേര്‍ക്കപ്പെടുന്നത്. ഈ വകുപ്പ് ചുമത്താത്തതില്‍ നേരത്തെ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

ബിജെപി സ്ഥാനാർത്ഥി അനിൽ ആൻറണിയെ മധുരം നൽകി സ്വീകരിച്ച് പി സി ജോർജ്ജ്. അനിലിനോട് പിണക്കമില്ലെന്നും, പ്രചാരണത്തിന് ഉണ്ടാകുമെന്നും, സഭ നേതൃത്വങ്ങളിൽ നിന്ന് അനില്‍ ആന്റണിക്ക് പിന്തുണ ലഭിക്കുന്നതിനുവേണ്ടി താൻ പ്രവർത്തിക്കുമെന്നും പിസി ജോർജ് അറിയിച്ചു. പിസി ജോർജിന്‍റെ അനുഗ്രഹത്തോടെ പ്രചാരണം തുടങ്ങാൻ കഴിഞ്ഞത് സന്തോഷമെന്ന് അനില്‍ ആന്‍റണിയും വ്യക്തമാക്കി.

ഇന്ത്യയെന്ന കുടുംബമാണ് തന്‍റേതെന്ന് തെലങ്കാനയില്‍ നടന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്ന ലാലു പ്രസാദ് യാദവിന്‍റെ പരിഹാസത്തിനുള്ള മറുപടിയായാണ് റാലിക്കിടെ മോദി പറഞ്ഞത്.

സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് രമേശ് ചെന്നിത്തല. മൂന്നാം ദിവസവും ശമ്പളം കിട്ടാതിരിക്കുന്നത് ചരിത്രത്തിലാദ്യമാണ്. മന്ത്രിമാര്‍ക്കെല്ലാം ശമ്പളം കിട്ടി, മാന്യത ഉണ്ടായിരുന്നുവെങ്കില്‍ അവര്‍ ശമ്പളം വാങ്ങിക്കരുതായിരുന്നു. അനാവശ്യ ചെലവ്, ധൂർത്ത്, നികുതി പിരിവില്ലായ്മ ഇവയെല്ലാമാണ് ഈ അവസ്ഥയിൽ എത്തിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നേര്യമം​ഗലം കാഞ്ഞിരവേലി സ്വദേശി ഇന്ദിര കാട്ടനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.  കോതമം​ഗലം ആശുപത്രിയിലേയ്ക്ക് കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ നഷ്ടപരിഹാരത്തുകയായ അഞ്ച് ലക്ഷം രൂപ  ഇന്ന് തന്നെ കുടുംബത്തിന് കൈമാറുമെന്ന് മന്ത്രി പി രാജീവ് അറിയിച്ചു.

ഈ മാസം 7 മുതൽ 11 വരെ നടക്കുന്ന കേരള സർവ്വകലാശാല കലോത്സവത്തിന് ഇൻതിഫാദ എന്ന പേരിട്ടതിനെ ചോദ്യം ചെയ്ത് നിലമേൽ എൻ.എസ്.എസ് കോളേജ് വിദ്യാർത്ഥി ആശിഷ് എ.എസ് കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടർന്ന് പോസ്റ്റർ, സോഷ്യൽ മീഡിയ, നോട്ടീസ് എന്നിവിടങ്ങിളിലൊന്നും ഇൻതിഫാദ എന്ന പേര് ഉപയോഗിക്കരുതെന്ന് സര്‍വകലാശാല വിസി ഉത്തരവിട്ടു.അറബി പദമായ ഇൻതിഫാദക്ക് തീവ്രവാദവുമായും പലസ്തീൻ ഇസ്രയേൽ യുദ്ധവുമായി ബന്ധമുണ്ടെന്നാണ് ഹർജിയിലെ വാദം. ഹർജിയിൽ പ്രാഥമിക വാദം കേട്ട സിംഗിൾ ബെഞ്ച് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ, കേരള സർവകലാശാല എന്നിവർക്ക് നോട്ടീസ് അയച്ചിരുന്നു.

പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണിക്കെതിരെ പരസ്യമായി പ്രതികരിച്ച പി സി ജോര്‍ജിനെതിരെ എന്തുണ്ടാകുമെന്ന് കാത്തിരുന്ന് കാണാമെന്ന് സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.  ഭാഷയിൽ മിതത്വം പാലിക്കണമെന്ന് മാത്രമേ ഇപ്പോൾ പറയുന്നുള്ളൂവെന്നും, പാർട്ടി എല്ലാം മനസിലാക്കുന്നു. അനിൽ ആന്‍റണിയെ അറിയാത്ത ആരും കേരളത്തിൽ ഇല്ലെന്നും മികച്ച സ്ഥാനാർത്ഥിയാണ്, അദ്ദേഹം  വിജയിക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.

വോട്ടിനും പ്രസംഗത്തിനും കോഴ വാങ്ങുന്ന എംപിമാർക്കോ എംഎൽഎമാർക്കോ പ്രത്യേക പരിരക്ഷ ലഭിക്കില്ല. ഇവര്‍ വിചാരണയിൽ നിന്ന് ഒഴിവാക്കപ്പെടുന്നത് തെറ്റായ സന്ദേശം നൽകുന്നതാണെന്നും പാർലമെന്റ് നിയമസഭ അംഗങ്ങളുടെ അഴിമതിയും കൈക്കൂലിയും ജനാധിപത്യത്തെ നശിപ്പിക്കുമെന്നും സുപ്രീം കോടതിയുടെ ഏഴംഗ ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ഇത്തരം സംഭവങ്ങളിൽ ജനപ്രതിനിധികളെ വിചാരണയിൽ നിന്ന് ഒഴിവാക്കിയ 1998 ലെ വിധിയോട് ഭരണഘടനാ ബെഞ്ച് വിയോജിക്കുകയും, ഈ വിധി റദ്ദാക്കപ്പെടുകയും ചെയ്തു.

രണ്ടു വയസുകാരിയായ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തെ തുടർന്ന് നടത്തിയ ഡിഎന്‍എ പരിശോധന ഫലത്തിൽ കുട്ടി ബിഹാര്‍ സ്വദേശികളുടേതെന്ന് തന്നെയാണെന്ന് തെളിഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മാതാപിതാക്കളുടെ മൊഴിയില്‍ ഉള്‍പ്പെടെയുണ്ടായ വൈരുധ്യത്തെതുടര്‍ന്നാണ് ഡിഎന്‍എ പരിശോധന നടത്താൻ പൊലീസ് തീരുമാനിച്ചത്. കുട്ടി ഇവരുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി കുട്ടിയെയും സഹോദരങ്ങളെയും മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.

കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വി ഡി സതീശൻ. കഴിവുകെട്ട സർക്കാരും വനം വകുപ്പുമാണ് വയോധികയുടെ മരണത്തിന് ഉത്തരവാദികൾ.ക്ഷമയുടെ നെല്ലിപ്പലക കണ്ട് നില്‍ക്കുന്ന ജനങ്ങള്‍ വൈകാരികമായി പെരുമാറുന്നത് സ്വാഭാവികമാണ് . ഇതിനെതിരെ പ്രതികരിച്ച ജനപ്രതിനിധികളെയും പൊതുപ്രവർത്തകരെയും ആക്രമിച്ച പോലീസുകാർക്കെതിരെ നടപടിയെടുക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

തൃശ്ശൂരിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം എത്തിച്ചേർന്ന സുരേഷ് ഗോപിക്ക് ഗംഭീര വരവേൽപ്പ് നൽകി ബിജെപി പ്രവർത്തകർ. യുദ്ധമല്ല പോരാട്ടമാണ് തൃശ്ശൂരിൽ നടക്കാൻ പോകുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.

വിനോദസഞ്ചാരമേഖലകളിൽ റെക്കോർഡ് വിജയവുമായി കേരളം. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് നിരവധി പേർ കേരളം സന്ദർശിക്കാൻ എത്തി എന്നും, 15.92 ശതമാനം വർദ്ധനവാണിതെന്നും ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തിലേക്കുള്ള വിദേശസഞ്ചാരികളുടെ എണ്ണത്തിലും വര്‍ധനയുണ്ട്.

സർക്കാർ ജീവനക്കാർക്ക് ശമ്പളവിതരണം തുടങ്ങിയെങ്കിലും പ്രതിദിനം പിൻവലിക്കാവുന്ന തുകയ്ക്ക് പരിധി നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു ദിവസം പിൻവലിക്കാവുന്ന പരമാവധി തുക അമ്പതിനായിരമാണ്. സാമ്പത്തിക വര്‍ഷാവസാനം ഓവര്‍ ഡ്രാഫ്റ്റിലാകാതെ പരമാവധി ദിവസം ട്രഷറിയെ പിടിച്ച് നിർത്താനുള്ള ക്രമീകരണം ആയത് കൊണ്ട് ട്രഷറി ഇടപാടുകൾക്കും കര്‍ശന നിയന്ത്രണമുണ്ട്.

കൈക്കൂലി കേസിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ഉദ്യോഗസ്ഥൻ എൻഎൽ സുമേഷ് വിജിലൻസ് പിടിയിൽ ആയി . സ്വകാര്യ സ്കൂളിലെ പീരിയോഡിക്കൽ ഇൻസ്പെക്ഷൻ നടത്തിയ ഇയാൾ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതിനാണ് കൈക്കൂലി ചോദിച്ചത്. ഇത് കൈപ്പറ്റുന്നതിനിടെയാണ് വിജിലൻസ് പിടികൂടിയത്.

പിണറായി വിജയൻ അടക്കമുള്ള മന്ത്രിമാർക്കെതിരെ വാട്സാപ്പിലൂടെ അപകീർത്തികരമായ സന്ദേശം കൈമാറി എന്ന കേസിൽ,വാട്സ്ആപ്പ് സന്ദേശം കോടതിക്ക് മുമ്പാകെ ഹാജരാക്കണമെന്ന് സംസ്ഥാനസർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. അതിനുശേഷം മാത്രം വാദം കേൾക്കുകയുള്ളൂ എന്നും സുപ്രീംകോടതി വ്യക്തമാക്കി.വാട്ട്സ് ആപ്പ് കൂട്ടായ്മയിൽ മ പരാമർശം പ്രചരിപ്പിച്ചെന്ന് കാട്ടി മൂന്നാർ പൊലീസാണ് കേസ് എടുത്തത്.

സിദ്ധാർത്ഥന്‍റെ മരണത്തിൽ നടക്കുന്ന പൊലീസ് അന്വേഷണത്തോട് സഹകരിച്ച്കൊണ്ട്പൂക്കോട് വെറ്ററിനറി സര്‍വകലാശാല ക്യാമ്പസിലെ ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീട്ടില്‍ പോകുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നിയന്ത്രണം ബാധകമാണ്. വിദ്യാർത്ഥികൾ മറ്റ് ആവശ്യങ്ങൾക്ക് കോളേജിന് പുറത്തുപോകാം.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *