കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവലി നദിയിൽ കണ്ടെത്തിയ സാഹചര്യത്തിൽ, നാവിക സേനയുടെ സംഘം സ്ഥലത്തേക്ക് തിരിച്ചെങ്കിലും കനത്ത മഴയെ തുടർന്ന് പിൻവാങ്ങി. സംഘം നദിയിലേക്ക് തിരച്ചിൽ നടത്താൻ വേണ്ടി പോയെങ്കിലും അതിശക്തമായ മഴയെ തുടർന്ന് തിരച്ചിൽ നടത്താൻ കഴിയാതെ വന്നതോടെ മടങ്ങുകയായിരുന്നു. 3 ബോട്ടുകളിലായി 18 പേരാണ് നാവിക സേനയുടെ സ്പെഷ്യൽ സംഘത്തിലുളളത്. ശാസ്ത്രീയമായ തിരച്ചിനൊടുവിലാണ് ട്രക്കിന്റെ സാന്നിധ്യം നദിയിൽ കണ്ടെത്തിയത്.
അർജുന് വേണ്ടിയുള്ള തെരച്ചില്‍ ഇന്ന് രാത്രി 10 മണി വരെ തുടരും. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ മുന്നോട്ട് വച്ചു. ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കും.മുങ്ങല്‍ വിദഗ്ധര്‍ പുഴയില്‍ ഇറങ്ങി പരിശോധന നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
അർജുന്റെ ട്രക്ക് ഗംഗാവലി നദിയിൽ തലകീഴായി മറിഞ്ഞ നിലയിലാണ് ഉളളതെന്ന് ഉത്തര കന്നട എസ്പി നാരായണ. അർജുന് വേണ്ടിയുള്ള തെരച്ചിൽ നാളെ ലക്ഷ്യം കാണുമെന്നും മാധ്യമങ്ങൾ തെരച്ചിൽ തടസ്സപ്പെടുത്തരുതെന്നും എംഎഎൽ അഭ്യർത്ഥിച്ചു. ഓരോ മണിക്കൂറിലും വിവരങ്ങൾ കൈമാറാമെന്നും എംഎൽഎ ഉറപ്പുനൽകിയിട്ടുണ്ട്.
ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർ പേഴ്സണായി നിയമിക്കാനുള്ള ശുപാർശ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അംഗീകരിച്ചു.കേരള ഹൈക്കോടതി മുൻ ആക്റ്റിങ് ചീഫ് ജസ്റ്റിസ് ആയിരുന്നു അദ്ദേഹം. മുഖ്യമന്ത്രി, സ്പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരടങ്ങിയ ഉന്നതതല സമിതി ഏകകണ്ഠമായാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ പേര് ഗവർണർക്ക് കൈമാറിയത്.
കെട്ടിട നിർമ്മാണ പെർമ്മിറ്റ് ഫീസ് കുറയ്ക്കാൻ സർക്കാർ തീരുമാനം. 60% വരെയാണ് ഫീസ് നിരക്കുകളിലുണ്ടാവുന്ന കുറവ്. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് അൻപത് ശതമാനമെങ്കിലും പെർമ്മിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് അനാവശ്യ ഭയമാണുള്ളതെന്നും സ്വകാര്യതയെ ലംഘിക്കുന്ന ഒന്നുമുണ്ടെന്ന് തോന്നുന്നില്ലെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻ സാംസ്കാരിക മന്ത്രിയുമായ എകെ ബാലൻ. റിപ്പോർട്ടിൻ്റെ ഉള്ളടക്കം എന്തെന്ന് അറിയില്ലെന്നും അത്ര ഭയപ്പെടേണ്ടത് ആയിട്ട് അതിൽ ഒന്നുമില്ലെന്നും എന്നാൽ സിനിമാരംഗത്ത് പരിഹരിക്കേണ്ട ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടെന്നും എകെ ബാലൻ പറഞ്ഞു. റിപ്പോർട്ട് പുറത്ത് വിടുന്നത് വൈകില്ല. സർക്കാർ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ.ചന്ദ്രശേഖരന് കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിൽ തിരിച്ചടി. കേസ് റദ്ദാക്കണമെന്ന ചന്ദ്രശേഖരന്റെ ആവശ്യം ഹൈക്കോടതി തള്ളി. ഇതേ ആവശ്യമുന്നയിച്ച് കശുവണ്ടി വികസന കോർപറേഷൻ എംഡിയായിരുന്ന എ.രതീശൻ നൽകിയ ഹർജിയും കോടതി തള്ളി. ഇരുവർക്കുമെതിരെ പ്രോസിക്യൂഷൻ അനുമതിക്കായുള്ള അപേക്ഷ വീണ്ടും പരിശോധിക്കാൻ കോടതി നിർദ്ദേശം നൽകി.
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്ത് വന്ന 16 സ്രവ പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണെന്ന് മന്ത്രി വീണാ ജോര്‍ജ്. എല്ലാവരും ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്ളവരാണ്. ഇതുവരെയായി ആകെ 58 സാമ്പിളുകളാണ് നെഗറ്റീവായത്. അതേസമയം, രോഗ ലക്ഷണങ്ങളോടെ ഇന്ന് മൂന്ന് പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ 17 പേര്‍ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്
ഉൽപ്പന്നത്തിന്‍റെ നിർമ്മാണം നിർത്തിയാലും,നിർമാതാക്കളുടെ ഉത്തരവാദിത്വമാണ്സ്പെയർ പാർട്സുകൾ ലഭ്യമാക്കേണ്ടതതെന്ന് ഉപഭോക്തൃ തർക്ക പരിഹാര കോടതി.ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്സുകൾ വിപണിയിൽ ലഭ്യമാക്കാനുള്ള നിയമപരമായ ബാധ്യത നിർമാതാക്കൾക്കുണ്ടെന്ന് എറണാകുളം ജില്ല ഉപഭോക്ത തർക്ക പരിഹാര കോടതി ഉത്തരവിട്ടു.
കേരളത്തിൽ എയിംസ് പ്രഖ്യാപിക്കാത്തത് സംസ്ഥാനം സ്ഥലം ഏറ്റെടുത്ത് നൽകാത്തത് കൊണ്ടെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തെറ്റെന്ന് സൂചന. സംസ്ഥാന സർക്കാർ പുറത്തുവിടുന്ന കണക്കുകൾ ഇത് വ്യക്തമാക്കുന്നു. കോഴിക്കോട് കിനാലൂരിൽ 250 ഏക്കറോളം ഭൂമി പദ്ധതിക്കായി ഏറ്റെടുക്കാനുള്ള നടപടികൾ അന്തിമ ഘട്ടത്തിലാണ്. സംസ്ഥാനത്ത് തന്നെ മറ്റൊരിടത്ത് എയിംസ് കൊണ്ടുവരാനുള്ള സുരേഷ് ഗോപിയുടെ താല്പര്യമാണ് യഥാർത്ഥ പ്രശ്നം എന്നും സൂചനയുണ്ട്.
വിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട കേസുകളുടെ നടത്തിപ്പിന് സ്പെഷ്യല്‍ ഗവ. പ്ലീഡറെ നിയമിക്കണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ ആവശ്യത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ വ്യവസായം എന്ന തസ്തികയെ സ്‌പെഷ്യല്‍ ഗവ. പ്ലീഡര്‍ പൊതുവിദ്യാഭ്യാസം എന്ന് പുനക്രമീകരിച്ച് ആണ് നിയമനം നല്‍കിയിരിക്കുന്നത്.
കർഷക നേതാക്കൾക്ക് പാര്‍ലമെന്‍റില്‍ രാഹുൽ ഗാന്ധിയെ കാണാൻ അനുമതി ലഭിച്ചു. നേരത്തെ കര്‍ഷക നേതാക്കളുമായുള്ള കൂടിക്കാഴ്ചക്ക് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് അനുമതി ലഭിച്ചിരുന്നില്ല. പാര്‍ലമെന്‍റിലെ തന്‍റെ ഓഫീസിലായിരുന്നു കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നത്. കര്‍ഷകരായാതിനാലാവാം കൂടിക്കാഴ്ച അനുവദിക്കാത്തതെന്നും, അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കുമെന്നുമായിരുന്നു രാഹുല്‍ ഗാന്ധി ഇതിനെ കുറിച്ച് പ്രതികരിച്ചത്.
ജമ്മു കാശീമിരിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്. ജമ്മു കാശ്മീരിലെ കുപ്‍വാരയിലെ കോവട് മേഖലയിൽ ഇന്നലെ രാത്രിയാണ് ഭീകരരുടെ സാന്നിധ്യം കണ്ടെത്തിയത്. സ്ഥലത്ത് പരിശോധന നടത്തവേ ഭീകരർ സൈന്യത്തിന് നേരെ വെടിയുതിർത്തു. ഉടൻ തിരിച്ചടിച്ച സൈന്യം സ്ഥലം വളഞ്ഞിരിക്കുകയാണ്. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.
സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ ധ്രുവ് റാഠിക്ക് ദില്ലി കോടതി സമൻസ് അയച്ചു. ബിജെപി നേതാവ് സുരേഷ് കരംഷി നഖുവയാണു ധ്രുവിനെതിരെ കോടതിയെ സമീപിച്ചത്.ബിജെപി നേതാവിന്റെ മാനനഷ്ടക്കേസിൽ ആണ് സമൻസ് അയച്ചിരിക്കുന്നത്. യൂ ട്യൂബ് വീഡിയോയിൽ തന്നെ അക്രമകാരിയും അധിക്ഷേപം നടത്തുന്നയാളെന്നും ധ്രുവ് റാഠി ചിത്രീകരിച്ചതായി ബിജെുപി നേതാവ് ആരോപിച്ചു.
നേപ്പാളില്‍ 18 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടത്തില്‍ വിമാനം തകര്‍ന്നുവീണത് പറന്നുയരാന്‍ ശ്രമിക്കുന്നതിനിടെയെന്ന് റിപ്പോർട്ട്. കാഠ്മണ്ഡുവിലെ ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് പറന്നുയരുന്നതിനിടെ റണ്‍വേയില്‍നിന്ന് തെന്നിമാറിയ വിമാനം താഴ്ചയിലേക്ക് പതിച്ച് കത്തുകയായിരുന്നു. 19 പേരുണ്ടായിരുന്ന വിമാനത്തിൽ 18 പേരും മരിച്ചു.ഗുരുതരമായി പരിക്കേറ്റ പൈലറ്റ് ചികിത്സയിലാണ്.
ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോർട്ട്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. 117 പേരാണ് ചികില്‍സയിലുള്ളത് മിക്കവരും 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ്. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദി, തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ മാതൃകയാക്കണമെന്ന് ഡി.എം.കെ. എം.പി. ദയാനിധി മാരന്‍. ബി.ജെ.പി. ഇതര സര്‍ക്കാര്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്രബജറ്റില്‍ വിവേചനം കാണിച്ചുവെന്ന വിമര്‍ശനത്തിന്റെ പശ്ചാത്തലത്തിലാണ് പരാമര്‍ശം.