റെയിൽവേ സ്റ്റേഷന് സമീപം ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ കാണാതായ ജോയിക്കായുളള തെരച്ചിൽ 30 മണിക്കൂർ പിന്നിട്ടിട്ടും ഫലമുണ്ടായില്ല. എൻഡിആർഎഫും ഫയർഫോഴ്സും അടക്കം സംയുക്തമായാണ് പരിശോധന നടത്തുന്നത്. ഫയർഫോഴ്സിൻ്റെ സ്കൂബാഡൈവിംഗ് സംഘത്തിന്റെ പരിശോധന ഇന്ന് തൽക്കാലികമായി തെരച്ചിൽ അവസാനിപ്പിച്ചു. നാളെ പുതിയ സംഘം തെരച്ചിൽ നടത്തും.
തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ മാരായമുട്ടം സ്വദേശി ജോയിയെ കാണാതായ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. കളക്ടർക്കും നഗരസഭ സെക്രട്ടറിക്കും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസയച്ചു. 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണo. തോട് വൃത്തിയാക്കാൻ റയിൽവേ കരാറെടുത്ത കമ്പനിയിലെ ജീവനക്കാരനായ ജോയിക്കാണ് അപകടം സംഭവിച്ചത്.
ആമയിഴഞ്ചാൽ അപകടത്തില്‍ ഫയർഫോഴ്സ് ദൗത്യസംഘത്തെ അഭിനന്ദിച്ച് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ദുഷ്കരമായ സാഹചര്യത്തിലാണ് ഫയർഫോഴ്സ് സംഘം തെരച്ചിൽ നടത്തുന്നത്. സ്കൂബ സംഘത്തിന് കൃത്യമായ സുരക്ഷാ സംവിധാനങ്ങൾ ഉറപ്പാക്കണമെന്ന് ദേവൻ രാമചന്ദ്രൻ നിര്‍ദ്ദേശിച്ചു. മാലിന്യം ഇങ്ങനെ കുമിഞ്ഞ് കൂടിയതിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്വമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആമയിഴഞ്ചാൻ തോടിലെ മാലിന്യത്തിന്റെ ഉത്തരവാദിത്തത്തെച്ചൊല്ലി തർക്കം. എല്ലാവര്‍ക്കും കൂട്ടുത്തരവാദിത്തമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞപ്പോള്‍ കോര്‍പറേഷനെ മാത്രം പഴിക്കേണ്ടെന്ന് മന്ത്രി ശിവന്‍കുട്ടിയും വ്യക്തമായി. അതോടൊപ്പം റയില്‍വേ കനാലില്‍ വന്‍തോതില്‍ മാലിന്യം തള്ളിയെന്ന് തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. പരിശോധനയില്‍ ഗുരുതര വീഴ്ച കണ്ടെത്തി. സര്‍ക്കാര്‍ തുടര്‍നടപടികൾ സ്വീകരിക്കുമെന്നും മേയർ വ്യക്തമാക്കി.
മാലിന്യനീക്കത്തിന് ഒരു മനുഷ്യന്റെ തിരോധാനം വേണ്ടി വന്നു എന്നത് സങ്കടകരമെന്ന് വിഡി സതീശൻ. രക്ഷാപ്രവര്‍ത്തനം വിജയത്തിലെത്തട്ടെ. അലക്കിത്തേച്ച വടിവൊത്ത വാക്കുകള്‍ കൊണ്ട് മറുപടി പറയുന്ന മന്ത്രിയുടെ അലക്കിത്തേപ്പ് മഴക്കാല പൂര്‍വശുചീകരണത്തിലില്ല. പകര്‍ച്ച വ്യാധികള്‍ തടയാന്‍ നേരമില്ലാത്ത ആരോഗ്യമന്ത്രിയാണ് ക്രിമിനലുകളെ മാലയിട്ട് സ്വീകരിക്കുന്നതെന്നും അദ്ദേഹം എറണാകുളത്ത് വാര്‍ത്താ സമ്മേളനത്തിൽ പറഞ്ഞു.
ആമയിഴഞ്ചാൻ തോട് വ്യത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് കോർപ്പറേഷനും റെയിൽവേയും തമ്മിൽ തർക്കം. തോട് വ്യത്തിയാക്കുന്നതിൽ റെയിൽവേയുടെ ഭാഗത്ത് നിന്നും അലംഭാവമുണ്ടായെന്ന മേയർ ആര്യാ രാജേന്ദ്രന്റെ ആരോപണങ്ങൾ തളളിയ റെയിൽവേ എഡിആർഎം എം ആർ വിജി, റെയിൽവേയുടെ ഭാഗത്തുളള തോട് വൃത്തിയാക്കേണ്ടതിന്റെയും ചുമതല കോർപ്പറേഷനാണെന്ന നിലപാടിലാണ്. അനുവാദം ചോദിച്ചിട്ടും നൽകിയില്ലെന്ന മേയർ ആര്യാ രാജേന്ദ്രന്റെ വാദം പച്ചക്കള്ളമാണെന്നും ഭാവിയിലും ടണൽ വൃത്തിയാക്കാൻ കോർപറേഷന് ഒരു തടസവും ഉണ്ടാവില്ലെന്നും റെയിൽവേ വിശദീകരിക്കുന്നു.
കെഎസ്ആർടിസിയിൽ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ നടപടിയായെന്ന് മന്ത്രി. ജീവനക്കാരിലെ മയക്കുമരുന്ന് ഉപയോഗം കണ്ടെത്താൻ 12 ലക്ഷം രൂപ വിലവരുന്ന യന്ത്രം വിദേശത്തുനിന്ന് കൊണ്ടുവരുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നവരെ ബ്രേത് അനലൈസർ ഉപയോഗിച്ച് കണ്ടെത്തുന്നതുപോലെ മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരെയും കണ്ടെത്തുമെന്ന് മന്ത്രി പറഞ്ഞു.
പി എസ് സ്സി കോഴ വിവാദത്തിന്‍റെ പശ്ചാത്തലത്തില്‍ സിപിഎമ്മില്‍ നിന്ന് പുറത്താക്കിയതിൽ നിയമ പോരാട്ടം തുടരുമെന്ന് പ്രമോദ് കോട്ടൂളി. പാർട്ടിയില്‍ നിന്ന് പുറത്താക്കിയ കാര്യം തന്നെ അറിയിച്ചിട്ടില്ല, പ്രമോദ് കോഴ വാങ്ങിയോയെന്ന് പൊതു സമൂഹം അറിയണം. അതിന് വേണ്ടിയാണ് പോരാട്ടമെന്നും പ്രമോദ് വ്യക്തമാക്കി. പാർട്ടിയെ ഒരു വിഭാഗം തെറ്റിധരിപ്പിച്ചുവെന്നും, പാർട്ടിയെ തെറ്റിദ്ധരിപ്പിക്കുന്ന ശക്തിയെ പുറത്തു കൊണ്ടു വരണമെന്നും പ്രമോദ് വ്യക്തമാക്കി.
പിഎസ്‍സി കോഴ വിവാദത്തിൽ പ്രമോദ് കോട്ടൂളി പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്. പ്രമോദ് എന്റെ നല്ല സുഹൃത്താണ്പ്രമോദുമായി യാതൊരു പണമിടപാടും ഉണ്ടായിട്ടില്ല. പണം വാങ്ങി എന്നൊരു പരാതി ആർക്കും കൊടുത്തിട്ടില്ലെന്നും ശ്രീജിത്ത് പറഞ്ഞു. എന്റെ പേര് എങ്ങനെ വന്നു എന്നതിൽ വ്യക്തതയില്ല. തിരികെ വന്ന ശേഷം പ്രമോദിനോട് സംസാരിക്കുമെന്നും ശ്രീജിത്ത് കൂട്ടിച്ചേര്‍ത്തു.
പി.എസ്.സി കോഴയിൽ പൊലീസ് കേസെടുത്ത് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം പിഎസ്‌സി കോഴ സ്ഥിരീകരിച്ചിരിക്കുകയാണ്. 25 ലക്ഷം രൂപ ഏരിയ കമ്മിറ്റി അംഗം കോഴ വാങ്ങിയെന്ന് സമ്മതിച്ചിട്ടും എന്തുകൊണ്ടാണ് പൊലീസ് കാഴ്ചക്കാരായി ഇരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയാണ് പ്രതികൂട്ടിലായിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രമോദ് കോട്ടൂളി ഉൾപ്പെട്ട പിഎസ്‌സി കോഴക്കേസിൽ വിജിലൻസ് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്. പരാതി കിട്ടിയെന്ന് വ്യക്തമാക്കിയ മന്ത്രി റിയാസ്, അത് പൊലീസിന് എന്തുകൊണ്ട് കൈമാറിയില്ലെന്ന് ഡിസിസി പ്രസിഡന്‍റ് പ്രവീൺകുമാർ ചോദിച്ചു. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള മാഫിയയാണ് എല്ലാത്തിനുംപിന്നിൽ, നാളെ നഗരത്തിൽ കുറ്റവിചാരണ സദസ്സ്സംഘടിപ്പിക്കുമെന്നും കോൺഗ്രസ് അറിയിച്ചു.
കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ മുൻ ബിജെപി സംസ്ഥാന പ്രസിഡന്‍റ് സികെ പത്മനാഭൻ നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാതെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ് ഗോപി ബിജെപി നേതാവോ പ്രവര്‍ത്തകനോ അല്ലെന്നും സിനിമയില്‍ നിന്ന് രാഷ്ട്രീയത്തില്‍ വന്ന വ്യക്തിയാണെന്നുമായിരുന്നു സികെ പത്മനാഭന്‍റെ വിമര്‍ശനം. ഇന്ദിരാഗാന്ധിയെ ഭാരത മാതാവായി വിശേഷിപ്പിക്കുന്ന സുരേഷ് ഗോപിയുടെ രീതിയെ അംഗീകരിക്കാനാകില്ലെന്നും സികെ പത്മനാഭൻ പറഞ്ഞിരുന്നു. എന്നാൽ സികെ പത്മനാഭന്‍റെ പരാമര്‍ശം ശ്രദ്ധയില്‍പ്പെട്ടില്ലെന്നും വാര്‍ത്ത താൻ കണ്ടില്ലെന്നും കെ സുരേന്ദ്രന്‍ വ്യക്തമാക്കി.
കണ്ണൂർ പയ്യന്നൂർ കോളേജിൽ രണ്ടാം വർഷ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി പരാതി. കോളേജിനുള്ളിലെ സ്റ്റോറിൽ വച്ച് സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. അവസാന വർഷ വിദ്യാർത്ഥികളായ 10 പേർക്കെതിരെ മർദ്ദനത്തിനാണ് നിലവിൽ പോലീസ് കേസ് എടുത്തിരിക്കുന്നത്. റാഗിംഗ് വകുപ്പുകൾ ചേർത്തിട്ടില്ല. റാഗിങ്ങിൽ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മാടായി സ്വദേശിയായ വിദ്യാർത്ഥി പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് കോളേജ് അധികൃതർ അറിയിച്ചു.
കാസർകോട് ചിറ്റാരിക്കൽ നല്ലോംപുഴയി കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കത്തെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ വാഹനമിടിപ്പിച്ചതായി പരാതി. നല്ലോംപുഴ മാരിപ്പുറത്ത് ജോസഫിന്റെ വീട്ടിലെ കേടായ മീറ്റർ മാറ്റി സ്ഥാപിക്കുന്നതിലെ തർക്കമാണ് ആക്രമണത്തിലേക്കെത്തിയത്. കെഎസ്ഇബി ഉദ്യോഗസ്ഥനായ അരുൺകുമാറിനെ ബൈക്കിൽ ജീപ്പിടിച്ച് വീഴ്ത്തിയ ശേഷം വീണ്ടും വാഹനമിടിപ്പിക്കാൻ ശ്രമിച്ചുവെന്നും, ജാക്കി ലിവർ കൊണ്ട് തലയ്ക്കടിച്ചുവെന്നും അരുൺ പറഞ്ഞു.
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിക്കുന്നു . ന്യൂനമർദ പാത്തിയും ചക്രവാതച്ചുഴിയും സ്ഥിതിചെയ്യുന്നതാണ് കേരളത്തിൽ മഴ അതിതീവ്രമാകാൻ കാരണമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പുതിയ അറിയിപ്പ് പ്രകാരം സംസ്ഥാനത്ത് നാളെ 3 ജില്ലകളിലാണ് അതിതീവ്ര മഴക്ക് സാധ്യത. കാസർകോട്, കണ്ണൂർ, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് സംസ്ഥാനത്തെ 3 ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ അതിതീവ്ര മഴ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തിൽ 5 ജില്ലകളിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. കണ്ണൂരിന് പിന്നാലെ തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിലും അവധി പ്രഖ്യാപിച്ചു. ഈ മൂന്ന് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കളക്ടർമാർ അവധി പ്രഖ്യാപിച്ചത്.
ആഗോള ധനകാര്യ സ്ഥാപനമായ മോര്‍ഗണ്‍ സ്റ്റാന്‍ലിയുടെ ഇന്ത്യയിലെ പ്രതിനിധിയെന്ന് പരിചയപ്പെടുത്തി തൃശൂര്‍ സ്വദേശിയില്‍ നിന്ന് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ തട്ടിയത് ഒരുകോടി 96 ലക്ഷം രൂപ. മൂന്നു മാസത്തിനുള്ളില്‍ 25 തവണയായി പണം നല്‍കിയെന്ന് തട്ടിപ്പിന് ഇരയായ ആള്‍ വ്യക്തമാക്കി. ബ്ലോക്ക് ട്രേഡിങ്ങിന്‍റെ പേരിലായിരുന്നു സാമ്പത്തികാപഹരണം.
ചിന്നക്കനാൽ സിംഗുകണ്ടത്ത് കാട്ടാന ആക്രമണം. രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ ഒറ്റയാൻ സിംഗുകണ്ടം സ്വദേശി ശ്യാമിന്റെ വീടിന്റെ കതക് തകർക്കുകയും കൃഷി നശിപ്പിക്കുകയും ചെയ്തു. ആൾത്താമസം ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. സമീപത്തെ മൂന്നു പേരുടെ കൃഷിയിടത്തിലെ തെങ്ങ്, ഏലം തുടങ്ങിയ കൃഷികളും നശിപ്പിച്ചു. രാത്രിയിൽ പ്രദേശത്ത് കറണ്ടില്ലാതിരുന്നതിനാൽ രാവിലെയാണ് കാട്ടാന ആക്രമണം നടന്നത് ആളുകൾ അറിഞ്ഞത്.
കോഴിക്കോട്-കണ്ണൂർ, കോഴിക്കോട്-വടകര റൂട്ടിലെ സർവീസ് തിങ്കളാഴ്ച മുതൽ ബഹിഷ്കരിക്കാൻ സ്വകാര്യ ബസ് തൊഴിലാളികൾ. ഈ റൂട്ടിലോടുന്ന ഒരുവിഭാഗം തൊഴിലാളികളാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്. ദേശീയപാതാ വികസന പ്രവൃത്തി കാരണം റോഡിൽ നിറയെ ചെളിയും വെള്ളക്കെട്ടുമായതിനാൽ ബസ് ഓടിക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് സർവീസ് ബഹിഷ്കരിക്കാൻ തീരുമാനിച്ചത്.
മകന്‍ നിരന്തരം മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാറുണ്ടായിരുന്നെങ്കിലും ഗെയിമിങ് ആപ്ലിക്കേഷനുകള്‍ മകനില്‍ ഇത്രയധികം സ്വാധീനം ചെലുത്തിയിരുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്ന് എറണാകുളം ചെങ്ങമനാട്ട് അസാധാരണ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത പതിനഞ്ചു വയസുകാരന്‍റെ പിതാവ് . കുട്ടി ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പൊലീസ് ഫൊറന്‍സിക് പരിശോധനയ്ക്ക് അയച്ചു. മരണകാരണമായതെന്ന് സംശയിക്കുന്ന ഗെയിം ഏതെന്ന് കണ്ടെത്താനായിട്ടില്ല.
പ്രശസ്ത ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു. 65 വയസ് ആയിരുന്നു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം. അരോമ മൂവി ഇന്‍റര്‍നാഷണല്‍, സുനിത പ്രൊഡക്ഷന്‍സ് എന്നീ ബാനറുകളില്‍ അറുപതിലധികം സിനിമകള്‍ നിര്‍മിച്ചു.
പെരിഞ്ഞനത്ത് ബൈക്കിൻ്റെ ചക്രത്തിൽ സാരി കുടുങ്ങിയുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു മതിലകം കളരിപറമ്പ് സ്വദേശി ശ്രീനാരായണപുരത്ത് വീട്ടിൽ സുനിലിൻ്റെ ഭാര്യ നളിനിയാണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച പെരിഞ്ഞനം കപ്പേളക്കടുത്ത് ദേശീയ പാതയിലായിരുന്നു അപകടം.
മലയാളി നഴ്സ് ഇസ്രായേലിൽ മുങ്ങിമരിച്ചു. കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിനാണ് മരിച്ചത്. ഇസ്രായേലിൽ നഴ്സായി ജോലി ചെയ്യുകയാണ് കളമശ്ശേരി സ്വദേശിനിയായ സൈഗ പി അഗസ്റ്റിൻ. ഒഴിവ് സമയത്ത് കടൽ കാണാൻ പോയപ്പോൾ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.
യുഎഇയിലെ ഫുജൈറയില്‍ ട്രക്കും മലിനജല ടാങ്കറും കൂട്ടിയിടിച്ചുണ്ടായ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. രണ്ട് വാഹനങ്ങളില്‍ ഒരെണ്ണം റെഡ് സിഗ്നല്‍ മറികടന്നതാണ് അപകടത്തിന് കാരണമായതെന്ന് ഫുജൈറ പൊലീസ് അറിയിച്ചു. കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് രണ്ട് വാഹനങ്ങള്‍ക്കും തീപിടിച്ചു.
ബിഹാറിൽ പ്രളയക്കെടുതി രൂക്ഷമാകുന്നു. കുത്തിയൊഴുകിയെത്തിയ ബാഗ്മതി നദി ഒറ്റ ദിവസം കൊണ്ട് മുസഫർപുരിലെ 18 പഞ്ചായത്തുകളെ വെള്ളത്തിനടിയിലാക്കിയെന്നാണ് റിപ്പോർട്ട്. സംസ്ഥാനത്തെ റാപ്തി, ഗണ്ഡക് തുടങ്ങിയ നദികളും കരകവിഞ്ഞൊഴുകുകയാണ്. മഴ കനത്ത ഉത്തർപ്രദേശിൽ ആകെ മരണം 74 ആയി. 1300 ഓളം ഗ്രാമങ്ങൾ പ്രളയത്തിൽ ഒറ്റപ്പെട്ടിരിക്കുകയാണ്.
കുടുംബത്തിൽ വിഷമങ്ങളുണ്ടാകുമ്പോൾ മാത്രമല്ല സന്തോഷാവസരങ്ങളിലും പരോൾ നൽകാമെന്ന് ബോംബെ ഹൈക്കോടതി. വിദേശത്ത് പഠിക്കാൻ പോവുന്ന മകനെ യാത്രയാക്കാൻ പരോൾ ആവശ്യപ്പെട്ട് കൊലപാതകക്കേസിൽ ജീവപര്യന്തം അനുഭവിക്കുന്ന വിവേക് ശ്രീവാസ്തവയുടെ ഹർജിയിലാണ് കോടതിയുടെ പരാമർശം. ഈ മാസം 22 നാണ് മകൻ വിദേശത്തേക്ക് യാത്ര പുറപ്പെടുന്നതെന്നും മകനെ യാത്ര അയയ്ക്കാൻ പരോൾ അനുവദിക്കണമെന്നുമായിരുന്നു ഇയാളുടെ ആവശ്യം.
ബിജെപിക്ക് ഭരിക്കാൻ അവകാശമില്ലെന്ന സന്ദേശമാണ് ജനം നല്കുന്നതെന്നും എൻഡിഎ സഖ്യകക്ഷികൾ ഇക്കാര്യം മനസിലാക്കണമെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി . ഉത്തരേന്ത്യയിലെ ബിജെപിയുടെ പരാജയം രാജ്യത്തെ അന്തരീക്ഷം മാറിയതിന് തെളിവാണെന്നും മമത വിലയിരുത്തി. അതോടൊപ്പം ഉപതെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന്റെ വൻ വിജയത്തിന് ശേഷം പശ്ചിമ ബംഗാളിൽ ബിജെപി-ടിഎംസി സംഘർഷം രൂക്ഷമായി, പലയിടത്തും തൃണമൂൽ അക്രമം അഴിച്ചു വിടുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രാജ്ഭവന് മുന്നിൽ പ്രതിഷേധം തുടങ്ങി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അമേരിക്കൻ മുൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് നേരേ വെടിയുതിർത്തയാളെ തിരിച്ചറിഞ്ഞു. പെൻസിൽവേനിയ സ്വദേശിയും ഇരുപതുകാരനുമായ തോമസ് മാത്യു ക്രൂക്ക് ആണ് വെടിവെപ്പിന് പിന്നിലെന്ന് എഫ്.ബി.ഐ വ്യക്തമാക്കി പെൻസിൽവേനിയയിലെ ബെതൽ പാർക്കിൽ നിന്നുള്ളയാളാണ് തോമസ് മാത്യു ക്രൂക്ക്. വെടിവെപ്പിന് പിന്നാലെ ഇയാൾ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് എഫ്.ബി.ഐ. വ്യക്തമാക്കി.
ലോകവ്യാപകമായി വലതുപക്ഷ നേതാക്കളെയാണ് ഇടതുപക്ഷം ലക്ഷ്യംവെക്കുന്നതെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്‍മ. ഇത്തരം ആക്രമണങ്ങള്‍ക്കൊണ്ട് നേഷന്‍ ഫസ്റ്റ് എന്ന ആശയത്തെ ഇല്ലാതാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേര്‍ക്കുണ്ടായ വധശ്രമത്തിന്റെ പശ്ചാത്തലത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമ വിരുദ്ധമായി വിവാഹം കഴിച്ചെന്ന കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും ഭാര്യയും കുറ്റവിമുക്തർ. 7 വർഷത്തേക്ക് ഇരുവരെയും ശിക്ഷിച്ച കീഴ്ക്കോടതി നടപടി അപ്പീൽ കോടതി റദ്ദാക്കി. എന്നാൽ മറ്റൊരു കേസിൽ അറസ്റ്റ് വാറണ്ടുള്ളതിനാൽ ഉടൻ മോചിതനാകില്ല. ഇമ്രാൻ ഖാനെയും ഭാര്യ ബുഷറ ഖാനെയും ഏഴ് വർഷത്തേക്കായിരുന്നു ശിക്ഷിച്ചിരുന്നത്.
ദക്ഷിണ ഗാസയിലെ അൽ മവാസിയിൽ ഇസ്രയേൽ ആക്രമണത്തിൽ 70 ലേറെ പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഹമാസിലെ പ്രമുഖരെ ലക്ഷ്യമിട്ട് ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് 70ലേറെ പാലസ്തീൻകാർ കൊല്ലപ്പെട്ടത്. എന്നാൽ മേഖലയിൽ ബന്ദികളില്ലെന്ന് വ്യക്തമായ സൂചന ലഭിച്ചതിന് പിന്നാലെയാണ് ആക്രമണം നൽകാൻ അനുമതി നൽകിയതെന്നാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
ക്യാന്‍സര്‍ ബാധിതായി ലണ്ടനിലെ കിംഗ്സ് കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന മുന്‍ ഇന്ത്യൻ താരം അന്‍ഷുമാന്‍ ഗെയ്ക്‌വാദിന്‍റെ ചികിത്സക്കായി ഒരു കോടി രൂപ അനുവദിച്ച് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ചികിത്സക്ക് കൂടുതല്‍ പണം ആവശ്യമായതിനാല്‍ ബിസിസിഐ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കപില്‍ ദേവ് ഇന്നലെ പറഞ്ഞിരുന്നു.