Screenshot 2024 02 27 20 21 14 990 com.android.chrome edit

പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർഥിയുടെ ആത്മഹത്യയിൽ പ്രതിപ്പട്ടിക നീളും . 6 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രാവിലെ മൊഴിയെടുക്കാൻ വിളിപ്പിച്ച 8  പേരിൽ 6 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിശദമായ ചോദ്യം ചെയ്യലിനെ തുടർന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് അറിയിച്ചു. ഇവർ കുറ്റം സമ്മതിച്ചിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമം 306,323,324,341,342 വകുപ്പുകൾ പ്രകാരമാണ് കേസ്. അന്യായമായി തടഞ്ഞുവയ്ക്കുക, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയവ പ്രതികൾക്കെതിരെ ചുമത്തി.

സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ നേതാക്കൾ അടക്കം 12 പേർ ഇപ്പോഴും ഒളിവിലാണ്.ആത്മഹത്യ ചെയ്ത സിദ്ധാർത്ഥിനെ സഹപാഠികൾ ക്രൂരമായി മർദ്ദിച്ചിരുന്നതായി ആൻറി റാഗിംഗ് കമ്മിറ്റിയുടെ അന്വേഷണത്തിൽ കണ്ടെത്തി. മൃതദേഹത്തിൽ രണ്ടുദിവസത്തോളം പഴക്കമുള്ള പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.

വയനാട് പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാർത്ഥി ആത്മഹത്യയിൽ ഞെട്ടിക്കുന്ന മൊഴികളുമായി പ്രതികൾ. ഹോസ്റ്റലിൽ വിചാരണ പതിവാണ്. ഹോസ്റ്റൽ എസ്എഫ്ഐയുടെ വിദ്യാർത്ഥി കോടതിയാണ്. പരാതികൾ അവിടെ തന്നെ തീർപ്പാക്കി ശിക്ഷ വിധിക്കും. കോളേജധികൃതരിലേക്കോ പൊലീസിലേക്കോ ഒരു പരാതി പോലും എത്താൻ അനുവദിക്കില്ല എന്നും പ്രതികൾ പറഞ്ഞതായി പൊലീസ് അറിയിച്ചു.

സിദ്ധാർത്ഥിനെ കോളേജിലെ എസ്എഫ്ഐ നേതാക്കൾ മർദ്ദിച്ചു കൊലപ്പെടുത്തിയതാണെന്ന് അച്ഛൻ ജയപ്രകാശ്. സഹപാഠികൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്, മറ്റാരോടെങ്കിലും പറഞ്ഞാൽ കൊല്ലുമെന്ന് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്നും സിദ്ധാർത്ഥിന്റെ അച്ഛൻ പറഞ്ഞു . മരിക്കുന്ന ദിവസവും ഫോണിൽ സംസാരിച്ച സിദ്ധാർത്ഥ് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അമ്മ ഷീബയും പറഞ്ഞു.

സംസ്ഥാനത്തെ ഡ്രൈവിംഗ് ലൈസന്‍സ്, രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ അച്ചടിച്ച് വിതരണം ചെയ്തതിലുള്ള കുടിശ്ശിക നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഐടിഐ ലിമിറ്റഡ് ബാംഗ്ലൂരിന്  8.66 കോടി രൂപയും സി-ഡിറ്റിന് നല്‍കാനുള്ള തുകയും ഉള്‍പ്പെടെ 15 കോടി രൂപയാണ് അനുവദിക്കുക.

വിദ്യാർത്ഥിനിയെ മർദ്ദിച്ച കേസിൽ ഡിവൈഎഫ്ഐ നേതാവ് ജയ്സൺ ജോസഫിനെ പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിൽ നിന്ന് പുറത്താക്കി. യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.  ജയ്സണെ കോളേജിൽ നിന്ന് പുറത്താക്കണം എന്ന ആവശ്യത്തിൽ പ്രിൻസിപ്പൽ ഇൻ ചാർജ്ജിനെ യൂത്ത് കോൺഗ്രസുകാർ പൂട്ടിയിട്ടു. ആറന്മുള സിഐ ഉൾപ്പെടെ പൊലീസ് എത്തി പൂട്ടുപൊളിച്ചാണ്  അകത്തുകയറിയത്.

ഒന്നാം ക്ലാസ് പ്രവേശനം അഞ്ചു വയസിൽ വേണമെന്നാണ് സംസ്ഥാനത്തിൻ്റെ നിലപാടെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി. 5 വയസിൽ ഒന്നാം ക്ലാസ് പ്രവേശനത്തിന് കുട്ടികൾ പ്രാപ്തരാവുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒന്നാം ക്ലാസ് പ്രവേശനത്തിനു ആറ് വയസ്സ് ആക്കണമെന്ന് കേന്ദ്രം വീണ്ടും നിർദേശം നൽകിയിരുന്നുവെങ്കിലും കേരളം ഇത്തവണയും കേന്ദ്ര നിർദേശം നടപ്പാക്കില്ല.

എസ്എസ്എൽസി, ഹയർസെക്കൻ്ററി പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രി വി ശിവൻ കുട്ടി. 4,27105 കുട്ടികളാണ് ഈ വർഷം എസ്എസ്എൽസി പരീക്ഷയും, ഹയർ സെക്കന്ററി തലത്തിൽ 4,14151 പ്ലസ് വണ്ണിലും 4,41213 പ്ലസ്ടുവിലും പരീക്ഷ എഴുതുന്നുണ്ട്. 2,971 പരീക്ഷ കേന്ദ്രങ്ങളാണ് സംസ്ഥാനത്ത് ഇതിനായി തയ്യാറാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട ചർച്ചക്ക്  വീണ്ടും തയ്യാറാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചതായി കെ വി തോമസ് അറിയിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കുമെന്നും കെ.വി തോമസ് പറഞ്ഞു.

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ എസ്എഫ്ഐ പ്രവർത്തകർ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് വി ഡി സതീശൻ .ഒരു കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന കുഞ്ഞിനെയാണ് തല്ലിക്കൊന്നതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.

കേരളത്തിൻ്റെ രാഷ്ട്രീയ മണ്ണ് എൻഡിഎക്ക് അനുയോജ്യമായി പാകപ്പെട്ടു എന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. സിപിഐഎമ്മിനും കോൺഗ്രസിനും പ്രതീക്ഷ നഷ്ടപ്പെട്ടു എന്നും കൃഷ്ണദാസ് പറഞ്ഞു.മതപ്രീണനമാണ് എൽഡിഎഫിൻ്റെ നയം. യുഡിഎഫ് തീവ്രവാദ സംഘടനകളെ പ്രീണിപ്പിക്കുന്നു. എൽഡിഎഫിനെ സഹായിക്കുന്ന ലീഗിനെ യുഡിഎഫ് നിലനിർത്തുന്നു എന്നും അദ്ദേഹം പ്രതികരിച്ചു.

കെഎസ്ഐഡിസി യെ തകർക്കാൻ ആസൂത്രിത നീക്കമെന്ന് മന്ത്രി പി രാജീവ്. കെഎസ്ഐഡിസി യിൽ ഏത് തരത്തിലുള്ള അന്വേഷണവും നടക്കട്ടെ, എസ്എഫ്ഐഒ  അന്വേഷണത്തെ സ്വാഗതം ചെയ്യാത്തത് സംരംഭക താത്പര്യം മുൻനിർത്തി മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി . ഈ വർഷം 25 ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കുകൾ ആരംഭിക്കുകയെന്നതാണ് സർക്കാർ ലക്ഷ്യo, ക്യാമ്പസ് ഇൻഡസ്ട്രിയൽ പാർക്കിന് മന്ത്രിസഭായോഗം അനുമതി നൽകി എന്നും മന്ത്രി പി രാജീവ് പറഞ്ഞു.

വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുര്‍വേദ ചികിത്സയ്ക്കായി പ്രത്യേക വെല്‍നസ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. അതിന് വേണ്ടി അടിസ്ഥാന സൗകര്യ വികസനവും പ്രവര്‍ത്തനങ്ങളും ആരംഭിച്ചു. ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ലീഗ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതിൽ പ വിമർശനവുമായി കെ ടി ജലീൽ എം എൽ എ. മൂന്നാം സീറ്റെന്ന ലീഗിന്‍റെ ആവശ്യം ‘കള്ളനും പോലീസും’ കളിയായിരുന്നു. ലീഗിന് നഷ്ടമായ എല്ലാ സീറ്റുകളുടെയും പിന്നിൽ കോൺഗ്രസ് ബുദ്ധിയാണ്. ചതിക്ക് ചതിയേ പരിഹാരമുള്ളൂ, തെരഞ്ഞെടുപ്പിൽ ആ “സിദ്ധൗഷധം” പ്രയോഗിച്ചാൽ കോൺഗ്രസ് എക്കാലവും കൈകൂപ്പി നിൽക്കുമെന്നും ജലീൽ പറഞ്ഞു.

കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ സ്ഥാനാർത്ഥി ആനി രാജ. വയനാട് മണ്ഡലം ആരുടെയും കുത്തകയല്ല. 5 വർഷത്തേക്കാണ് ഒരു എംപി, മണ്ഡലം ആജീവനാന്തം അവർക്കെന്നല്ല. വാക്കും പ്രവൃത്തിയും കോൺഗ്രസ് ഉറപ്പു വരുത്തണമെന്നും ആനി രാജ പറഞ്ഞു.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തന്നെ മത്സരിക്കുമെന്ന സൂചനയുമായി എഐസിസി. രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് ഇന്ത്യ സഖ്യത്തിന് തടസമില്ല, കേരളത്തില്‍ ഇടത് വലത് മുന്നണികള്‍ തമ്മിലാണ് പോരാട്ടമെന്നുo ജയറാം രമേശ് വ്യക്തമാക്കി.കേരളത്തിലെ  കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക മാര്‍ച്ച് ആദ്യo വരുന്നതോടെ രാഹുല്‍ ഗാന്ധിയുടെ മത്സരം എവിടെയെന്ന് വ്യക്തമാകും.

പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ കെട്ടിക്കിടക്കുന്ന ഫയലുകൾ മാർച്ച് 31നകം തീർപ്പാക്കാൻ  മന്ത്രി വി ശിവൻകുട്ടി നിർദ്ദേശം നൽകി. ഡയറക്ടറേറ്റിന്റെ പ്രവർത്തനം വിലയിരുത്താൻ വിളിച്ചു ചേർത്ത യോഗത്തിലാണ് മന്ത്രിയുടെ നിർദേശം.ഡയറക്ടറേറ്റിന്റെ കോമ്പൗണ്ടിൽ പഴയ വാഹനങ്ങൾ തുരുമ്പെടുത്ത് കിടക്കുന്നത് ഒഴിവാക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ വീണ്ടും തീപിടുത്തം. തരം തിരിക്കാതെ കൂട്ടിയിട്ട മാലിന്യത്തിനാണ് തീപിടിച്ചത്. രണ്ടുസ്ഥലത്ത് തീപിടുത്തം ഉണ്ടായി. ഫയർഫോഴ്സ് സംഘം എത്തി തീയണച്ചു എന്നാണ് ഒടുവിലെ റിപ്പോർട്ട്.നാല് ദിവസമായി മാലിന്യ കൂമ്പാരം പുകയുകയാണ്. പുക അണയ്ക്കാൻ 2 ഫയർ ഫോഴ്സ് യൂണിറ്റുകൾ 24 മണിക്കൂറും പ്ലാന്റിൽ തുടർന്നിരുന്നു.

മോൻസൻ മാവുങ്കലിന്‍റെ സ്വത്ത് കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് . പുരാവസ്തു ഇടപാടിലെ കള്ളപ്പണ കേസിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം രൂപയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. വീട്, ക്യാഷ്ഡെപ്പോസിറ്റുകൾ അടക്കം ആണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയിരിക്കുന്നത്.

തിരുവനന്തപുരം നേമത്ത് വീട്ടിലെ പ്രസവത്തിനിടെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭര്‍ത്താവിന്‍റെ ആദ്യ ഭാര്യയിൽ ഉണ്ടായ മകളേയും പ്രതി ചേര്‍ത്തു. അക്യുപങ്ചര്‍ ചികിത്സ പഠിച്ചിരുന്ന 19 കാരി ആസിയ ഉനൈസയെ ആണ്പ്രതി ചേർത്തത്. ഷമീറ മരിക്കുന്ന സമയം ആസിയ ഉനൈസ സ്ഥലത്തുണ്ടായിരുന്നുവെന്ന് വ്യക്തമായതോടെയാണ് പൊലീസ് കേസെടുത്തത്. കേസിലെ പ്രതികളുടെ എണ്ണം ഇതോടെ നാലായി.

അഖിലേഷ് യാദവ് നാളെ സി ബി ഐക്ക് മുന്നിൽ ഹാജരാകണമെന്നാവശ്യപ്പെട്ട് സമൻസ് നൽകി. അഞ്ച് വർഷം മുമ്പെടുത്ത കേസിലാണ് ഇപ്പോൾ സി ബി ഐ ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അനധികൃത ഖനന കേസിലാണ് ചോദ്യം ചെയ്യലെന്ന് സി ബി ഐ വ്യക്തമാക്കി.

ഹിമാചല്‍ പ്രദേശിലെ വിമത നീക്കങ്ങള്‍ക്ക് പിന്നാലെ നിയമസഭയില്‍ ബജറ്റ് പാസായി. 15 ബിജെപി എംഎല്‍എമാരെ സ്പീക്കര്‍ സസ്പെന്‍ഡ് ചെയ്ത നടപടിയാണ് ബജറ്റ് പാസാകുന്നതിന് നിര്‍ണായകമായി മാറിയത്. വിമത നീക്കം നടത്തിയ ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള നടപടി തുടരുന്നതായും സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ബിജെപി ഗൂഡാലോചന പൊളിഞ്ഞുവെന്നും മുഖ്യമന്ത്രി സുഖ്‍വിന്ദര്‍ സിങ് സുഖു പറഞ്ഞു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *