കോഴിക്കോട് തിരുവമ്പാടി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ചത് ഇന്ന് തന്നെ പുനഃസ്ഥാപിക്കാമെന്ന് വ്യക്തമാക്കി കെ എസ് ഇ ബി ചെയർമാൻ. കെ എസ് ഇ ബിയുടെ ഫേസ്ബുക്ക് പേജിലൂടെയുള്ള പ്രസ്താവനയിൽ ആക്രമിക്കില്ല എന്ന ഉറപ്പ് ലഭിച്ചാൽ കണക്ഷൻ ഇന്നുതന്നെ നൽകാൻ കെ എസ് ഇ ബി തയ്യാറാണെന്ന് ചെയർമാൻ വ്യക്തമാക്കി. ഇപ്പോൾ നടത്തിയ ആക്രമണത്തിൽ നിയമനടപടികളുമായി മുന്നോട്ടുപോകുകയും ഇവരിൽ നിന്നും കെ എസ് ഇ ബി ക്കുണ്ടായ നാശനഷ്ടങ്ങൾ മുഴുവന്‍ ഈടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവമ്പാടിയിൽ കെഎസ്ഇബി ഓഫീസിൽ ആക്രമണം നടത്തിയതിന്‍റെ പേരിൽ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. ഇതിനുള്ള നിർദേശം ചെയർമാനും മറ്റ് ഉദ്യോഗസ്ഥർക്കും നൽകി. വൈദ്യുതി പുന:സ്ഥാപിക്കാനെത്തുമ്പോൾ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തും. പൊലീസിന്‍റെ ഉറപ്പ് കിട്ടിയാൽ ഇന്ന് തന്നെ വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു.

കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി ക്കെതിരെ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. കെഎസ്ഇബി എക്സിക്യൂട്ടീവ് എഞ്ചിനീയർ പരാതി പരിശോധിച്ച് 7 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ.ബൈജൂനാഥ് ആവശ്യപ്പെട്ടു.

തിരുവമ്പാടിയിൽ സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ സർക്കാർ നിർദ്ദേശപ്രകാരം ഇടപെട്ട് കളക്ടർ. പ്രതി അജ്മലിന്റെ പിതാവ് റസാഖുമായും വീട്ടുകാരുമായി ചർച്ച ചെയ്യാൻ കളക്ടർ താമരശ്ശേരി തഹസിൽദാരെ ചുമതലപ്പെടുത്തി. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് സത്യവാങ്മൂലം നൽകണമെന്ന് റസാക്കിന്റെ കുടുംബത്തോട് തഹസീൽദാർ നിർദ്ദേശിച്ചു. എന്നാൽ സത്യവാങ്മൂലത്തിൽ ഒപ്പ് വെക്കാൻ റസാക്കും കുടുംബവും തയ്യാറായില്ല.

തിരുവമ്പാടിയിൽ കെ.എസ്.ഇ.ബി.ഓഫീസിലെ അക്രമവുമായി ബന്ധപ്പെട്ട് വീട്ടുടമയുടെ ഫ്യൂസ് ഊരിയ സംഭവത്തില്‍ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിക്കെതിരെ വിമര്‍ശനവുമായി പാലക്കാട് ഡിസിസി. കെഎസ്ഇബി നടപടിയെ ന്യായീകരിച്ച മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ നിലപാട് ഊരുവിലക്കിന്‍റെ ഭൂതകാല തികട്ടലാണെന്ന് പാലക്കാട് ഡി.സി.സി. വൈസ് പ്രസിഡന്റ് ആരോപിച്ചു. മുതിർന്ന പൗരന്മാരോട് എൽ.ഡി.എഫ് സർക്കാർ പുലർത്തുന്ന സമീപനത്തിനു ഉദാഹരണമാണ് തിരുവമ്പാടിയിലെ നടപടികളെന്നും ഡി സി സി ആരോപിച്ചു.

തിരുവമ്പാടിയിൽ റസാഖിന്‍റെ വീട്ടിലേക്കുള്ള വൈദ്യുതി കണക്ഷൻ കെ എസ് ഇ ബി കട്ട് ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തമാക്കി യുവജന സംഘടനകൾ. സംഭവത്തിൽ പ്രതിഷേധിച്ചുകൊണ്ട് തിരുവമ്പാടി കെ എസ് ഇ ബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ റാന്തൽ മാർച്ചിൽ സംഘർഷമുണ്ടായി. പൊലീസും പ്രവർത്തകരും തമ്മിൽ ഏറെനേരം വാക്കേറ്റം ഉണ്ടായി. നേതാക്കൾ ഇടപെട്ടാണ് പ്രവർത്തകരെ പിന്തിരിപ്പിച്ചത്.

കേരളത്തിന് ടൂറിസം വികസനത്തിൽ വളരെ വലിയ സാധ്യതകളാണ് ഉള്ളതെന്നും അത് ശരിയായി ഉപയോഗിക്കാൻ നാളിതുവരെ കഴിഞ്ഞിട്ടില്ലെന്നും കേന്ദ്ര ടൂറിസം വകുപ്പ് സഹ മന്ത്രി സുരേഷ് ഗോപി. ടൂറിസം മേഖലയെ രാഷ്ട്രീയ ജാതി മത ചിന്തകൾക്ക് അതീതമായി വിപുലീകരിച്ച് മുന്നോട്ടു കൊണ്ടുപോകണമെന്നും കേരള ടൂറിസം ഡെവലപ്മെൻറ് അസോസിയേഷൻ ഭാരവാഹികളുമായി സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി.

സിപിഎമ്മിനകത്തെ കോഴ ആരോപണത്തില്‍ മന്ത്രി മുഹമ്മദ് റിയാസ് മറുപടി പറയണമെന്ന് യൂത്ത് കോൺഗ്രസ്. എന്തുകൊണ്ടാണ് മന്ത്രിയുടെ പേര് ചേർത്ത് തുടർച്ചയായി ഇത്തരം കോഴ ആരോപണങ്ങൾ വരുന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു. 60 ലക്ഷം രൂപ കൊടുത്ത് പിഎസ്‌സി മെമ്പറാവുന്ന ആൾ എങ്ങനെയാണ് അത് മുതലാക്കുകയെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിക്കുന്നത്.

ബിനോയ്‌ വിശ്വം എന്ത് പ്രസ്താവന നടത്തണമെന്നതിന് എ.എ റഹീമിന്റെ സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്ന് എഐവൈഎഫ് സംസ്ഥാന എക്‌സിക്യൂട്ടിവ്. ബിനോയ്‌ വിശ്വം എസ്എഫ്ഐയുമായി ബന്ധപ്പെട്ട് നടത്തിയ അഭിപ്രായ പ്രകടനം പൊതുസമൂഹത്തിന്റെ വികാരമാണെന്നും അത് രഹീം മനസിലാക്കി എസ്എഫ്ഐയെ തിരുത്തുകയാണ് വേണ്ടിയിരുന്നതെന്നും എഐവൈഎഫ് അഭിപ്രായപ്പെട്ടു.

കോൺഗ്രസ് കൂടോത്ര പാര്‍ട്ടിയായെന്നും പ്രിയങ്ക ഗാന്ധിക്ക് കൂടോത്രം ഏൽക്കാതിരിക്കാനുള്ള മുൻകരുതൽ എടുക്കാൻ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകുന്നുവെന്നും ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡൻ്റ് എഎ റഹീം പരിഹസിച്ചു. കെപിസിസി പ്രസിഡന്റിന്റെ അവസ്ഥ ഇതാണെങ്കിൽ മണ്ഡലം പ്രസിഡൻ്റിൻ്റെയും മറ്റുള്ളവരുടെയും അവസ്ഥ എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു. കൂടോത്രം അടക്കം അന്ധവിശ്വാസങ്ങൾക്കെതിരെ ഡിവൈഎഫ്ഐ പ്രചാരണം നടത്തുമെന്നും റഹിം പറഞ്ഞു.

 

കോഴിക്കോട് പാര്‍ട്ടി ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് ജില്ലാ കമ്മിറ്റിക്ക് പരാതി നൽകിയതായി വിവരം. സിഐടിയു ജില്ലാ ചുമതല വഹിക്കുന്ന നേതാവ് നേതൃത്വം നൽകുന്ന കോക്കസിനെ കുറിച്ച് അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്. പിഎസ്‌സി അംഗത്വം നൽകാമെന്ന് വാഗ്ദാനം ചെയ്ത് പാര്‍ട്ടിയിലെ യുവ നേതാവ് 22 ലക്ഷം രൂപ കൈപ്പറ്റിയ സംഭവത്തിൽ പാര്‍ട്ടിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് മന്ത്രിയും പരാതി നൽകിയതെന്നാണ് സൂചന.

ഹേമ കമ്മറ്റി റിപ്പോർട് പുറത്തുവിടണമെന്ന വിവരാവകാശ കമ്മിഷൻ ഉത്തരവിൽ അതിജീവിതർക്ക് നീതി ലഭിക്കുമെന്ന് വിമൻ ആൻ സിനിമ കലക്ടീവ്. ഭാവിയിലെങ്കിലും നിർഭയരായി വിവേചനവും വേർതിരിവും ചൂഷണവുമില്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്ന് പ്രത്യാശ നൽകുന്ന ഉത്തരവാണിത്. നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലിതാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടവയാണെന്നും WCC ഫെയ്സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലനത്തിനെത്തിയ പെണ്‍കുട്ടികളെ പരിശീലകൻ മനു പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ആറു പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവത്തിൽ കെ എസി എ വിശദീകരണം നൽകണമെന്ന് കാട്ടിയും മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ് അയച്ചു.

 

തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ സംഘർഷം. ഏകീകൃത കുർബാന അനുകൂലികളും ജനാഭിമുഖ കുർബാന അനുകൂലികളും തമ്മിലാണ് സംഘർഷമുണ്ടായത്. ഞായറാഴ്ച പള്ളിയിലെ സിയോൻ ഓഡിറ്റോറിയത്തിൽ ജനാഭിമുഖ കുർബാന അനുകൂലികൾ സംഘടിപ്പിച്ച ഫൊറോന വിശ്വാസ സംഗമത്തോടനുബന്ധിച്ചാണ് പള്ളിവളപ്പിൽ സംഘർഷമുണ്ടായത്.

എറണാകുളo റെയിൽവെ ട്രാക്കിൽ മരം ഒടിഞ്ഞുവീണതിനേത്തുടര്‍ന്ന് ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. കോട്ടയം ഭാഗത്തേക്കും തൃശ്ശൂര്‍ ഭാഗത്തേക്കുമുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. സ്വകാര്യ വ്യക്തിയുടെ കേസിൽ പെട്ടു കിടക്കുന്ന ഭൂമിയിലെ മരമാണ് പച്ചാളം ലൂര്‍ദ്ദ് ആശുപത്രി പരിസരത്തെ പാളത്തിലേക്ക് വീണത്.  എന്നാൽ അപായമൊന്നും ഉണ്ടായിട്ടില്ല. ട്രെയിൻ ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും പിന്നീട്സര്‍വീസ് പുനരാരംഭിച്ചു.

കൊച്ചി നഗരത്തിൽ തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ യുവാവിനെ തിരഞ്ഞ് മോട്ടോർ വാഹന വകുപ്പ്. KL 01 CT 6680 രജിസ്ട്രേഷനുള്ള ബൈക്കിലാണ് യുവാവ് കഴിഞ്ഞ ആഴ്ച അഭ്യാസ പ്രകടനം നടത്തിയത്. പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ പകർത്തിയത്. യുവാവിനെ കണ്ടെത്തിയ ശേഷം വണ്ടിയുടെ രജിസ്ട്രേഷൻ റദ്ദാക്കാനും ലൈസൻസ് സസ്പെൻഡ് ചെയ്യാനുമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.

 

കൊണ്ടോട്ടിയില്‍ സൈഡ് തരാതിരുന്നതിനെ തുടര്‍ന്ന് ഹോണ്‍ മുഴക്കിയ സ്വകാര്യ ബസ്സിന് നേരെ വടിവാള്‍ വീശിയ ഓട്ടോറിക്ഷാ ഡ്രൈവര്‍ വലിയപറമ്പ് സ്വദേശി ഷംസുദ്ദീൻ പോലീസ് പിടിയിലായി.വാൾ മൂര്‍ച്ച കൂട്ടാന്‍ വേണ്ടി കൊണ്ടുപോകുകയായിരുന്നുവെന്നാണ് ഷംസുദ്ദീന്‍ പോലീസിന് നല്‍കിയ മൊഴി. ഇതിനിടെ ബസ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ പിന്നാലെ വന്നതിന്റെ ദേഷ്യത്തിലാണ് താന്‍ വടിവാള്‍ വീശിയതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി.

തിരുവനന്തപുരം തുമ്പയിൽ നാടന് ബോംബേറിൽ രണ്ടു പേർക്ക് പരിക്ക്. നെഹ്രു ജംഗ്ഷൻ സ്വദേശികളായ അഖിൽ, വിവേക് അപ്പൂസ് എന്നിവർക്കാണ് പരിക്ക്. ഗുണ്ടകൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ആലപ്പുഴയിലെ വഴിച്ചേരി മത്സ്യമാർക്കറ്റിൽ നിന്ന് ഫോർമാലിൻ കലർന്ന മത്സ്യം പിടി കൂടി. ഏകദേശം 45 കിലോയോളം കേര മീനുകൾ പിടിച്ചെടുത്തു നശിപ്പിച്ചു. നഗരസഭ ആരോഗ്യ വിഭാഗവും ഫുഡ് സേഫ്റ്റി വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്.

കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തി. അമ്പലപ്പുഴ കോമന മണ്ണാരു പറമ്പ് രാധാകൃഷ്ണന്റെ മകൻ മുകേഷിന്റെ മൃതദേഹമാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്ര കുളത്തിൽ നിന്നും കണ്ടെത്തിയത്. ക്ഷേത്രക്കുളത്തിൽ ചാടി മരിക്കുമെന്ന് കഴിഞ്ഞ രാത്രിയിൽ വീട്ടിൽ വഴക്കുണ്ടായപ്പോൾ പറഞ്ഞതായി ബന്ധുക്കൾ പറഞ്ഞു.

തൃശ്ശൂരിൽ ഏഴു വയസ്സുകാരി മതിൽ തകർന്ന് ദേഹത്തേക്ക് വീണ് മരിച്ചു. മാമ്പ്രാ തൊട്ടിപ്പറമ്പിൽ മഹേഷ് കാർത്തികേയൻ-ലക്ഷ്മി ദമ്പതികളുടെ മകൾ ദേവീഭദ്രയാണ് മരിച്ചത്. കുട്ടികൾ കളിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കോട്ടയത്ത് കാറും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസാണ് മരിച്ചത്. കാണക്കാരി അമ്പലക്കവലയിൽ വെച്ചായിരുന്നു അപകടം. ഓട്ടോയുടെ നിയന്ത്രണം നഷ്ടപ്പെട്ട് എതിർവശത്ത് നിന്ന് എത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.

ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മയ്‌ക്കെതിരേ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍ തൃണമൂല്‍ എംപി മഹുവ മൊയ്ത്രയ്‌ക്കെതിരേ പോലീസ് കേസെടുത്തു. വനിതാ കമ്മിഷന്‍ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഡല്‍ഹി പോലീസാണ് മഹുവയ്‌ക്കെതിരേ കേസെടുത്തത്. സമൂഹമാധ്യമങ്ങളിലൂടെയാണ് മഹുവ വനിതാ കമ്മിഷന്‍ അധ്യക്ഷയ്‌ക്കെതിരെ പരാമർശം നടത്തിയത്.

ചൈനയുടെ കൈയ്യേറ്റം കേന്ദ്ര സർക്കാർ മറച്ചു വയ്ക്കുന്നുവെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ. പാങ്ഗോം തടാക തീരത്ത് ചൈന സൈനിക ക്യാംപ് നിർമ്മിക്കുന്നുവെന്ന റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടിയാണ് ഖർഗെയുടെ വിമർശനം. ഇന്ത്യയുടെ സ്ഥലം ആരും കൈയ്യേറിയിട്ടില്ലെന്ന് വാദിക്കുന്ന നരേന്ദ്ര മോദി ചൈനയെ സഹായിക്കുകയാണെന്നും ഖർഗെ കുറ്റപ്പെടുത്തി.

സൗദി അറേബ്യയില്‍ അല്‍ഖസീം പ്രവിശ്യയില്‍പ്പെട്ട അല്‍റസിന് സമീപം വന്‍ തീപിടിത്തം. സ്ഥലത്ത് മരങ്ങളും കുറ്റിച്ചെടികളും ഉള്ളതിനാല്‍ പടര്‍ന്നു പിടിച്ച തീയണയ്ക്കാന്‍ സിവില്‍ ഡിഫന്‍സ് സംഘം ഊര്‍ജ്ജിത ശ്രമം നടത്തുകയാണ്. സംഭവത്തില്‍ ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു.

ഹാഥ്റസ് ദുരന്തത്തിൽ ആൾദൈവം ഭോലെ ബാബയ്ക്കെതിരെ നടപടികൾക്ക് ഒരുങ്ങി പൊലീസ്. ഭോലെ ബാബയുടെ സംഘടനയ്ക്ക് നിരവധി രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ധനസഹായം ലഭിച്ചതായി പോലീസ് കണ്ടെത്തി. സംഭവത്തിന്‌ പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടോ എന്നും പൊലീസ് പരിശോധിച്ചു വരികയാണ്. കേസിൽ അറസ്റ്റിലായ സത്സംഗ് സംഘാടകൻ ദേവ് പ്രകാശ് മധുക്കറിന്റെ സാമ്പത്തിക, കോൾ റെക്കോർഡുകൾ എന്നിവ സംബന്ധിച്ചു പരിശോധന തുടരുകയാണ്.

 

മംഗളൂരുവില്‍ വീട്ടുകാരെ ബന്ദികളാക്കി സ്വര്‍ണ്ണവും പണവും കവർന്ന കേസില്‍ മലയാളികള്‍ ഉള്‍പ്പടെ പത്ത് പേര്‍ പിടിയില്‍. മംഗളൂരു ഉള്ളൈബെട്ടുവിലെ കോണ്‍ട്രാക്റ്ററായ പത്മനാഭ കോട്ടിയന്‍റെ വീട്ടിൽ മുഖംമൂടി ധരിച്ചെത്തിയായിരുന്നു മോഷണം. പത്മനാഭയേയും ഭാര്യയേയും കുട്ടികളേയും മാരകായുധങ്ങള്‍ കാട്ടി ബന്ദികളാക്കി ഒന്‍പത് ലക്ഷം രൂപ വിലവരുന്ന സ്വര്‍ണ്ണവും പണവുമാണ് കൊള്ളയടിച്ചത്. കഴിഞ്ഞ 21 ന് നടന്ന മോഷണത്തില്‍ ഏഴ് മലയാളികള്‍ അടക്കം പത്ത് പേര്‍ പിടിയിലായി.

കനത്ത മഴയെ തുടർന്ന് ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ പ്രളയം. 5700 കുടുംബങ്ങളെ വെള്ളപ്പൊക്കത്തിന് പിന്നാലെ മാറ്റി പാർപ്പിച്ചു. 74 മില്യൺ യുഎസ് ഡോളറാണ് പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനായി ഇതിനോടകം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം അപ്രതീക്ഷിതമായുണ്ടായ പ്രളയത്തിനും മണ്ണിടിച്ചിലിലും തകർന്ന ബണ്ടിന്റെ അറ്റകുറ്റ പണികളും സമാന്തരമായി പുരോഗമിക്കുന്നതായാണ് സൂചന.

മഹാരാഷ്ട്രയിലെ അമരാവതി സെൻട്രൽ ജയിലിൽ സ്ഫോടനം. ആർക്കും പരിക്കില്ല. നാടൻ ബോംബ് ആണ് ഉപയോഗിച്ചതെന്ന് കണ്ടെത്തി. ജയിലിലെ 6, 7 ബാരക്കുകള്‍ക്ക് സമീപമാണ് സ്ഫോടകവസ്തു എറിഞ്ഞത്. എവിടെ നിന്നാണ് ബോംബ് ജയിലിനുള്ളിൽ എത്തിയതെന്നോ ആരാണ് എറിഞ്ഞതെന്നോ വ്യക്തമല്ല. കമ്മീഷണർ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.

 

കോപ്പ അമേരിക്കയില്‍ ബ്രസീലിന് സെമി കാണാതെ മടക്കം. ഉറുഗ്വെയ്‌ക്കെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഷൂട്ടൗട്ടിലാണ് ബ്രസീൽ തകർന്നത്. ക്വാര്‍ട്ടറില്‍ 4-2നാണ് പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ ബ്രസീലിനെ ഉറുഗ്വോ മലര്‍ത്തിയടിച്ചത്. ബ്രസീലിന്‍റെ എഡര്‍ മിലിറ്റാവോ, ഡഗ്ലസ് ലൂയിസ് എന്നിവരുടെ കിക്കുകള്‍ പാഴായി. വമ്പന്‍ സേവുകളുമായി ഗോളി സെർജിയോ റോഷെ ഉറുഗ്വോയുടെ രക്ഷകനായി. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെമിയില്‍ കൊളംബിയയാണ് ഉറുഗ്വോയ്ക്ക് എതിരാളികള്‍.

ആഗ്രയിൽ നാല് കുട്ടികൾ മുങ്ങിമരിച്ചു.ഇന്ന് രാവിലെ ആയിരുന്നു സംഭവം. കുളത്തിൽ കുളിക്കാൻ ഇറങ്ങിയ കുട്ടികൾ അപകടത്തിൽ പെടുകയായിരുന്നു. കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച നാല് കുട്ടികളക്കം അഞ്ച് പേരും മുങ്ങിപ്പോയി. എന്നാൽ ഇവരെ നാട്ടുകാരും പൊലീസും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നാല് പേർ മരിച്ചു .മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം പരിശോധനകൾക്കായി അയച്ചു.

ഹാഥ്‌റസില്‍ സത്സംഗത്തിനിടെ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ച സംഭവം ആസൂത്രിതമെന്ന ആരോപണവുമായി ഭോലെ ബാബയുടെ അഭിഭാഷകൻ. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും ഇത് ദുരന്തത്തിലേക്ക്‌ നയിച്ചെന്നുമാണ് അഭിഭാഷകന്റെ ആരോപണം. തിക്കും തിരക്കും ഉണ്ടായതിന് പിന്നാലെ ഇവർ സ്ഥലം വിട്ടുവെന്നും അഭിഭാഷകൻ എ.പി. സിങ് ആരോപിച്ചു.

സിംബാബ്‌വെയോട് പകരം ചോദിച്ച് ഇന്ത്യ. ടോസ് കിട്ടിയ ഇന്ത്യ ബാറ്റിങ്തിരഞ്ഞെടുക്കുകയാണ് ചെയ്തത്. നിശ്ചിത 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് പുറത്തായി. ക്രീസില്‍ സെഞ്ചുറിയുമായി താണ്ഡവമാടിയ അഭിഷേക് ശര്‍മയാണ് ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തിയത്. ഋതുരാജ് ഗെയ്ക്ക്‌വാദ്, റിങ്കു സിങ് എന്നിവരും തിളങ്ങി. ആവേശ് ഖാന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *