മധ്യ കേരള തീരം മുതൽ മഹാരാഷ്ട്ര തീരം വരെയുള്ള ന്യൂന മർദ്ദപാത്തിയുടെ ഫലമായി കേരളത്തിൽ മഴ അതിശക്തമായി. കേരള തീരത്ത് തെക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നുണ്ട്. അടുത്ത 3 ദിവസം വരെ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്. കാസർകോട്, കണ്ണൂർ, കോഴിക്കോട്, വയനാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കേരളതീരത്തു ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. ഇന്നും നാളെയും കേരള തീരത്ത് നിന്ന് കടലിൽ പോകാൻ പാടില്ല.
കനത്ത മഴയിൽ സംസ്ഥാനത്ത് വ്യാപക നാശനഷ്ടം. മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ 15കാരനെ കാണാതായി. അമ്പലപ്പുഴയിൽ വീടിൻ്റെ മേൽക്കൂര തകര്‍ന്ന് അമ്മയ്ക്കും നാല് വയസുള്ള കുഞ്ഞിനും പരിക്കേറ്റു. പലയിടത്തും മണ്ണിടിഞ്ഞും മരം ഒടിഞ്ഞ് വീണും മറ്റും വീടുകൾ തകര്‍ന്നു. പൊരിങ്ങൽക്കുത്ത്, കല്ലാര്‍ കുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകള്‍ തുറന്നു. ചാവക്കാടും പൊന്നാനിയിലും കൊച്ചി കണ്ണമാലിയിലും ശക്തമായ മഴയും കാറ്റും, തുടർന്ന്കടലാക്രമണവും ഉണ്ടായി.കനത്ത മഴയെ തുടർന്ന് ഇടുക്കി മൂന്നാറിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു.
അതിതീവ്ര മഴയ്ക്കുള്ള സാധ്യതയുള്ളതിനാൽ പത്തനംതിട്ട, വയനാട് ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍മാര്‍. പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചത്.
യാക്കോബായ – ഓർത്തഡോക്സ് പള്ളിത്തർക്കത്തിൽ സംസ്ഥാന സര്‍ക്കാരിനെ വിമശിച്ച്ഹൈക്കോടതി. വിധി നടപ്പാക്കാത്തത് ഭരണ സംവിധാനങ്ങളുടെ പരാജയമാണ്, സർക്കാർ നടപടികൾ വെറും പ്രഹസനമായി മാറിയെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമര്‍ശിച്ചു. ഉത്തരവ് നടപ്പാക്കുന്നതിനെ എതിർക്കുന്ന യാക്കോബായ വിഭാഗം കോടതിയലക്ഷ്യമാണ് നടത്തുന്നതെന്നും ഹൈക്കോടതി പരാമര്‍ശിച്ചു.സുപ്രീം കോടതി വിധിയാണ് നടപ്പിലാക്കാത്തതെന്ന് ഓര്‍ക്കണം എന്നും കോടതി ചൂണ്ടിക്കാട്ടി.
നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നിയമസഭ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി . എം വിജിൻ ആണ്നീറ്റ് പരീക്ഷയെ സംബന്ധിച്ച വിഷയം അവതരിപ്പിച്ചത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയിൽ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങൾ വിമർശിച്ചു. സമഗ്ര അന്വേഷണം വേണo, വിദ്യാർത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു.
ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് സംബന്ധിച്ച് കെ.കെ രമ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു സ്പീക്കര്‍ നടത്തിയ പരാമര്‍ശത്തിലെ അനൗചിത്യം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് കത്ത് നല്‍കി.സര്‍ക്കാര്‍ പറയേണ്ട മറുപടി സ്പീക്കര്‍ പറഞ്ഞത് ഉചിതമായില്ലെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ വ്യക്തമാക്കി.പ്രതിപക്ഷം ഉന്നയിച്ച വിഷയത്തെ കുറിച്ച് മറുപടി പറയേണ്ടത് ആഭ്യന്തര- ജയില്‍ വകുപ്പുകളുടെ ചുമതലയുള്ള മുഖ്യമന്ത്രിയാണ് എന്നും വി ഡി സതീശൻ ചൂണ്ടിക്കാട്ടി.
ഒരു മാസത്തെ ക്ഷേമ പെന്‍ഷൻ വിതരണം സംസ്ഥാനത്ത് നാളെ ആരംഭിക്കും. 900 കോടിയാണ് ക്ഷേമ പെന്‍ഷൻ വിതരണത്തിനായി അനുവദിച്ചത്. ജൂണ്‍ മാസത്തെ പെന്‍ഷനാണ് നാളെ മുതല്‍ നല്‍കുന്നത്. ഇനി അഞ്ച് മാസത്തെ ക്ഷേമ പെന്‍ഷൻ കുടിശ്ശിക കൂടി ബാക്കിയുണ്ട്.
സര്‍ക്കാര്‍ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിപുലീകരിക്കുന്നതിനായി 2,19,73,709 രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ക്കായാണ് തുകയനുവദിച്ചത്. ചെലവുള്ള അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ കൂടുതല്‍ സാധാരണക്കാര്‍ക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.
യാത്രക്കാരുടെ എണ്ണത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. പുതിയ റെക്കോർഡ് സൃഷ്ടിച്ചു. പുതിയ സാമ്പത്തിക വർഷത്തിലെ ആദ്യ രണ്ട് മാസത്തിലെ കണക്കുകൾ പരിശോധിച്ചപ്പോഴാണ് എണ്ണത്തിൽ വർദ്ധനവ് രേഖപ്പെടുത്തിയത്. മേയ് മാസത്തിൽ ആകെ 4.44 ലക്ഷം യാത്രക്കാരാണ് തിരുവനന്തപുരം വഴി യാത്ര ചെയ്തത്.
സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തി. കേരള ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ ജിഎസ് ടി മന്ത്രിമാരുടെ യോഗത്തിൽ ആവശ്യപ്പെട്ട കാര്യങ്ങളും കേരള സർക്കാർ ഉന്നയിച്ചിട്ടുളള കാര്യങ്ങളുമാണ് ചർച്ച ചെയ്തത്.
മണ്‍സൂൺ കാല ട്രോളിങ് നിരോധന നിയമങ്ങള്‍ ലംഘിച്ച, വ്യാജ കളര്‍കോഡ് അടിച്ച തമിഴ്‌നാട് രജിസ്‌ട്രേഷന്‍ യാനങ്ങള്‍ ഫിഷറീസ് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. ചാവക്കാട് ബ്ലാങ്ങാട് കടപ്പുറത്ത് കൂട്ടമായി എത്തിയ വള്ളങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നിഷ്‌കര്‍ച്ച പച്ച കളര്‍കോഡ് മാറ്റി, കേരള യാനങ്ങള്‍ക്ക് അനുവദിച്ച നീല കളര്‍കോഡ് അടിച്ച് കേരള വള്ളങ്ങള്‍ എന്ന വ്യാജേന മത്സ്യബന്ധനത്തിന് ഒരുക്കിയത്. ഈ യാനങ്ങള്‍ക്ക് 60,000 രൂപ പിഴ ഈടാക്കി, കസ്റ്റഡില്‍ സൂക്ഷിച്ചിരുന്ന എട്ട് എഞ്ചിനുകളും യാനങ്ങളും ഉടമസ്ഥര്‍ക്ക് വിട്ടു നല്‍കി.
പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് ഹൈക്കോടതിയിൽ പോലീസ് അറിയിച്ചു . പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദ്ദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടയിൽ റിപ്പോർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി തളളണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുവതി പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തിയാണ് ഭർത്താവായ രാഹുലിനെതിരെ പരാതി നൽകിയതെന്നും റിപ്പോർട്ടിലുണ്ട്.
സംസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന 4 ട്രെയിൻ സർവ്വീസുകളിൽ മാറ്റം. ജൂൺ 28-ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി – ഋഷികേശ് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് റദ്ദാക്കി. ജൂലൈ 1-ന് അവിടെ നിന്ന് തിരിച്ച് പുറപ്പെടുന്ന യാത്രയും റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ അറിയിച്ചു. നാളെയും ജൂലൈ 1-നും എറണാകുളത്ത് നിന്ന് രാത്രി 10.25-ന് പുറപ്പെടുന്ന എറണാകുളം – കാരൈക്കൽ എക്സ്പ്രസ് നാഗപട്ടണത്ത് സർവീസ് അവസാനിപ്പിക്കും. ഈ റൂട്ടുകളിൽ ട്രാക്കിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് സർവ്വീസ് റദ്ദാക്കിയത്.
തുമ്പ കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി. ആർ.എം.സി എന്ന റെഡിമിക്സ് കോൺക്രീറ്റ് സ്ഥാപനത്തിന്റെ നിർമാണ പ്ലാന്റിലായിരുന്നു അപകടം. ഫാക്ടറിയിലെ യന്ത്രഭാഗങ്ങൾ തെറിച്ച് ജനവാസ മേഖലയിൽ വീണു. എന്നാൽ അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
പി.ജയരാജനെ പരസ്യസംവാദത്തിന് ക്ഷണിച്ച്, മനു തോമസ് .സോഷ്യൽ മീഡിയയിലൂടെ ഒരു സംവാദത്തിന് തുടക്കമിട്ട സ്ഥിതിക്ക് താനും തയ്യാറെന്നാണ് സിപിഎമ്മിൽ നിന്ന് പുറത്തുപോയ മനു തോമസ് ഫേസ്ബുക്കില്‍ കുറിച്ചത്.
കെ.എസ്.ആര്‍.ടി.സിയ്ക്ക് 20 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ . ജീവനക്കാരുടെ ശമ്പളവും പെന്‍ഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാന്‍ കൂടിയാണ് സര്‍ക്കാര്‍ സഹായം ലഭ്യമാക്കുന്നതെന്ന് ധനകാര്യ വകുപ്പ് പറയുന്നു. ഈ സര്‍ക്കാര്‍ അധികാരത്തിൽ വന്നശേഷം ഇതുവരെ 5717 കോടി രൂപ കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയിട്ടുണ്ടെന്നും ധനകാര്യ വകുപ്പ് വ്യക്തമാക്കി.
ലൈംഗിക അതിക്രമ കേസിൽ, കൊല്ലത്തെ ഇ. ഷാനവാസ്ഖാന്‍റെ അറസ്റ്റ് വൈകുന്നതിനെതിരെ വനിത അവകാശ കൂട്ടായ്മയുടെ നേതൃത്വത്തിൽ കൊല്ലം വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. മാർച്ച് പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് തടഞ്ഞു. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് എടുത്തിട്ടും അറസ്റ്റിലേക്ക് കടക്കാതെ പ്രതിയെ സംരക്ഷിക്കുന്ന നടപടിയാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.
പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേരള ഹൈക്കോടതി. പൊലീസ് സ്റ്റേഷൻ ഭയം ഉളവാക്കുന്ന സ്ഥലമാകരുതെന്നും ഏതൊരു സർക്കാർ ഓഫീസും പോലെ ആകണമെന്നും ഹൈക്കോടതി പറഞ്ഞു. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ ഹർജിയിൽ ഹൈക്കോടതിയിൽ ഓൺലൈനായി ഹാജരായ ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബിനാണ് ഹൈക്കോടതി കര്‍ശന നിര്‍ദ്ദേശം നൽകിയത്.
പാലക്കാട് കിഴക്കഞ്ചേരിയിൽ സിപിഎം പ്രവർത്തകരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ ആറു ബിജെപി പ്രവർത്തകർക്ക് പത്തു വർഷം തടവ് വിധിച്ച് കോടതി. കോരഞ്ചിര ചീരക്കുഴി സ്വദേശികളായ സുദീഷ്, ബിജു, പ്രസാദ്, അഭിലാഷ്, കണ്ണൻ, മണികണ്ഠൻ എന്നിവരെയാണ് പാലക്കാട് അതിവേഗ കോടതി ശിക്ഷിച്ചത്.വിചാരണയ്ക്ക് ശേഷം 2പ്രതികളെ വെറുതെ വിട്ട കോടതി മറ്റു ആറുപേർക്കും പത്തു വർഷം തടവ് വിധിക്കുകയായിരുന്നു.
ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചനയിൽ കുറ്റപത്രം സമർപ്പിച്ചു സിബിഐ . അഞ്ചുപേർക്കെതിരെയാണ് തിരുവനന്തപുരം സിജെഎം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. സിബിഐ ദില്ലി യൂണിറ്റാണ് കുറ്റപത്രം സമർപ്പിച്ചത്. ശാസ്ത്രജ്ഞനായ നമ്പിനാരായണനെ ചാരക്കേസിൽ ഉള്‍പ്പെടുത്താൻ ഗൂഡാലോചന നടന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നാണ് അന്വേഷണം സിബിഐക്ക് കൈമാറിയത്.
ഭരണപക്ഷം സമവായത്തിന് തയ്യാറാകാത്തതാണ് സ്പീക്കര്‍ സ്ഥാനത്തേക്ക് മത്സരിക്കാൻ കാരണമെന്ന് ആവര്‍ത്തിച്ച് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. ശബ്ദവോട്ടിൽ ഇന്ത്യ സഖ്യത്തിലെ എല്ലാവരും പങ്കെടുത്തുവെന്നും തങ്ങൾ ഉദ്ദേശിച്ച കാര്യം ശബ്ദവോട്ടോടെ നടന്നുവെന്നും പറഞ്ഞ അദ്ദേഹം ഇന്ത്യ സഖ്യത്തിലെ എംപിമാരുടെയും പുറത്ത് നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചെന്നും പറഞ്ഞു.
ബെംഗളൂരുവിലെ പ്രത്യേക കോടതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നരേന്ദ്ര മോദി നടത്തിയ വിവാദ പരാമർശത്തിനെതിരെ സിയാവുർ റഹ്മാൻ എന്നയാളാണ് പരാതി നൽകിയത്. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ രാജ്യത്തിന്‍റെ സമ്പത്ത് മുസ്‍ലിങ്ങള്‍ക്ക് നല്‍കുമെന്ന പ്രധാനമന്ത്രിയുടെ രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രസംഗത്തിന് എതിരെയാണ് പരാതി.
കള്ളക്കുറിച്ചി വിഷമദ്യദുരന്തത്തിൽ മരണസംഖ്യ 61 ആയി . ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരാണ് മരിച്ചത്.. 136 പേരാണ് നാല് ആശുപത്രികളിലായി ഇപ്പോഴും ചികിത്സയിലുള്ളത്. ദേശീയ പട്ടികജാതി കമ്മീഷൻ അധ്യക്ഷൻ കിഷോർ മഖ്‍വാന ഇന്ന് ആശുപത്രികളിലെത്തി ചികിത്സയിൽ കഴിയുന്നവരെ സന്ദർശിച്ചു.
ലൈംഗികതിക്രമ കേസിൽ പ്രതിയായ പ്രജ്വൽ രേവണ്ണയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി. ജനപ്രതിനിധികളുടെ കേസുകൾ പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പ്രജ്വലിന്‍റെ ജാമ്യാപേക്ഷ തള്ളിയത്. പ്രജ്വലിനെതിരെ നാല് എഫ്ഐആറുകളാണ് ഇപ്പോൾ നിലവിലുള്ളത്. പുതിയ കേസിൽ ചോദ്യം ചെയ്യണമെന്ന എസ്ഐടി ആവശ്യപ്പെട്ടതിനാൽ പ്രജ്വൽ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടു. ദില്ലി റൗസ് അവന്യൂ കോടതിയാണ് കെജ്രിവാളിനെ മൂന്നു ദിവസത്തേക്ക് സിബിഐയുടെ കസ്റ്റഡിയില്‍ വിട്ടത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത സിബിഐ കസ്റ്റഡിയില്‍ വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. കോടതിമുറിയിൽ ചോദ്യംചെയ്യാൻ അനുമതി നൽകിയ കോടതി അറസ്റ്റിലേക്ക് നയിക്കുന്ന രേഖകൾ ഹാജരാക്കാൻ നിർദേശിച്ചിരുന്നു. തുടർന്നാണ് അറസ്റ്റ് ചെയ്യാൻ അനുമതി നൽകിയത്. ഇതിനുശേഷമാണ് വൈകിട്ടോടെ കസ്റ്റഡിയില്‍ വിട്ടുകൊണ്ട് ഉത്തരവിറക്കിയത്.