മഹാരാഷ്ട്രയിലെ ഡോംബിവലിയിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഇന്ന് നാലു മൃതദേഹങ്ങൾ കൂടി കണ്ടെടുത്തതോടെ മരണസംഖ്യ പത്തായി ഉയർന്നു. അപകടത്തിനു പിന്നാലെ ഒളിവിൽ പോയ കമ്പനി ഉടമ മാലതി പ്രദീപ് മെഹതയെ താനെ പൊലീസ് നാസിക്കിൽ നിന്നും പിടികൂടി. ഇവരെ നാളെ കോടതിയിൽ ഹാജരാക്കും. കമ്പനിയുടെ ഉടമകൾക്കും ഡയറക്ടർമാർക്കുമെതിരെ മനപൂർവ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് കേസ് എടുത്തത്.

എംഎല്‍എ സച്ചിന്‍ ദേവ് നല്‍കിയ ജാതി അധിക്ഷേപ പരാതിയില്‍ അഡ്വക്കറ്റ് ജയശങ്കറിന്‍റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ യദുവും മേയര്‍ ആര്യാ രാജേന്ദ്രനും തമ്മിലുണ്ടായ തര്‍ക്കവുമായി ബന്ധപ്പെട്ട് ജയശങ്കര്‍ യൂട്യൂബിലിട്ട വീഡിയോക്കെതിരായിരുന്നു സച്ചിന്‍ ദേവിന്‍റെ പരാതി. തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ജയശങ്കറിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തത്. കേസില്‍ അന്വേഷണം തുടരാമെന്നും ജസ്റ്റിസ് സി എസ് ഡയസ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.

സമസ്ത നേതൃത്വത്തെയും സുപ്രഭാതം പത്രത്തേയും വിമര്‍ശിച്ചതിനാണ് കേന്ദ്ര മുശാവറാ അംഗം ബഹാവുദ്ദീന്‍ മുഹമ്മദ് നദ്‍വിയോട് സമസ്ത നേതൃത്വം വിശദീകരണം ചോദിച്ചത്. തനിക്കെതിരെ ചൂണ്ടിക്കാട്ടിയ അച്ചടക്ക ലംഘനത്തിനുള്ള വിശദീകരണം അടുത്ത മുശാവറാ യോഗത്തില്‍ നല്‍കാമെന്ന് നദ് വി മറുപടി നൽകി. സമസ്ത കാര്യലയത്തില്‍ മറുപടി കത്ത് എത്തിച്ച് നല്‍കുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തോട് അടുക്കാന്‍ സംഘടനയില്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് നദ്‌വി വിമര്‍ശിച്ചിരുന്നു.

ബാര്‍ ഉടമയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടികള്‍ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തില്‍ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. പുറത്തുവന്ന ശബ്ദസന്ദേശത്തില്‍ പറയുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷണം നടത്തണം. എക്സൈസ് മന്ത്രി എം.ബി രാജേഷ് രാജിവയ്ക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

 

രാജ്യത്തെ ഓരോ ബൂത്തിലും രേഖപ്പെടുത്തുന്ന വോട്ടുകളുടെ വിവരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അവരുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയില്‍ തല്‍ക്കാലം സുപ്രീംകോടതി ഇടപെട്ടില്ല.  തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ ഹര്‍ജിയില്‍ ഇടപെടാനാവില്ലെന്ന് സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ഫോം 17 സി പ്രസിദ്ധീകരിച്ചാല്‍ കണക്കുകളില്‍ കള്ളത്തരം സൃഷ്ടിക്കാനാകുമെന്നായിരുന്നു കമ്മീഷന്‍റെ വാദം.

അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയ സംഭവത്തില ഇടുക്കി മുട്ടം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ എം എസ് ഷാജിയെ ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തു. കരിങ്കുന്നത്ത് നിന്നാണ് ഷാജി അനധികൃതമായി പാറ പൊട്ടിച്ചു കടത്തിയത്. ഷാജിക്ക് ബിനാമി പേരുകളിൽ റിയൽ എസ്റ്റേറ്റ് കച്ചവടവും ഖനന മാഫിയയുമായി ബന്ധവും ഉണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.

മില്‍മയുടെ ഡാര്‍ക്ക് ചോക്ലേറ്റില്‍ നിന്നും പുഴുക്കളെ ലഭിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരി സ്വദേശിയാണ് കഴിഞ്ഞ ദിവസം താമരശ്ശേരി പഴയ സ്റ്റാന്‍ഡിന് സമീപത്തുള്ള ബേക്കറിയില്‍ നിന്ന് ചോക്ലേറ്റ് വാങ്ങിയത്. ചോക്ലേറ്റിന്റെ പാക്കിംഗ് ഡേറ്റ് 2023 ഒക്ടോബര്‍ 16 എന്നാണ് കാണിച്ചിരിക്കുന്നത്. എക്‌സ്പയറി ഡേറ്റ് 2024 ഒക്ടോബര്‍ 15 വരെയാണ്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മില്‍മാ അധികൃതര്‍ കടയിലെ സ്റ്റോക്ക് പിന്‍വലിക്കുകയും പുഴുക്കള്‍ നിറഞ്ഞ ചോക്ലേറ്റിന്റെ സാമ്പിള്‍ ശേഖരിക്കുകയും ചെയ്തു. സമാനമായ പരാതി മറ്റു ഭാഗങ്ങളില്‍ നിന്നും ഉണ്ടായതായും ഈ ബാച്ചിലെ ഉല്‍പ്പന്നം പൂര്‍ണമായും വിപണിയില്‍ നിന്നും പിന്‍വലിക്കുമെന്നും മില്‍മ അധികൃതര്‍ വ്യക്തമാക്കി.

ബാര്‍ കോഴയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ബാര്‍ ഉടമകളില്‍ നിന്ന് പണ പിരിവ് നടത്തുന്നുവെന്ന് വ്യാജ പ്രചരണം നടത്തകയാണ്. പ്രതിപക്ഷ നേതാവ് തെരഞ്ഞെടുപ്പിനുശേഷവും ഇത്തരം പ്രചാരണത്തിന് നേതൃത്വം നല്‍കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആരുടെയെങ്കിലും പണം വാങ്ങി നയ രൂപീകരണം നടത്തുന്ന പാര്‍ട്ടിയല്ല സിപിഎം എന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേര്‍ത്തു.

 

കൊച്ചിയിലെ വെള്ളക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ജില്ലാ കളക്ടര്‍ മാത്രം വിചാരിച്ചാല്‍ കൊച്ചിയിലെ വെള്ളക്കെട്ട് മാറില്ലെന്ന് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. വരുന്ന വെള്ളം മുഴുവൻ മലിനമാണെന്നും പ്രശ്ന പരിഹാരത്തിന് കൂട്ടായ പ്രവര്‍ത്തനം വേണമെന്നും ഹൈക്കോടതി വ്യക്തമാക്കി. വെള്ളക്കെട്ടിന് കാരണമായ ഹോട്ട്സ്പോട്ടുകളായ കാനകള്‍ ശുചീകരിച്ചെന്ന് ഉറപ്പുവരുത്താൻ ജില്ലാ കളക്ടർ ഉൾപ്പെട്ട വിദഗ്ധ സമിതിയ്ക്ക് ഹൈക്കോടതി നിർദേശം നല്‍കി.

മഴ കനത്തതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. എറണാകുളത്തും കൊല്ലത്തും ദുരിതാശ്വാസ ക്യാംപുകൾ തുറന്നു. ആലുവയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് എറണാകുളം കാക്കനാട് കീലേരി മലയിലെ പത്തു കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.കാസർകോട്ട് ശക്തമായ മഴയിലും കാറ്റിലും പുലിമുട്ടിലിടിച്ച് ബോട്ട് പൂര്‍ണമായി തകർന്നു. കണ്ണൂർ വിമാനത്താവളത്തിന്റെ ചുറ്റുമതിൽ തകർന്ന് സമീപത്തെ വീടുകളിലേക്ക് വെള്ളം കയറി.

ബാർ കോഴ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന എക്സൈസ് മന്ത്രി എംബി രാജേഷ് ഡിജിപി ഷെയ്‌ഖ് ദര്‍വേശ് സാഹിബിന് കത്ത് നൽകി. സംസ്ഥാനത്തെ മദ്യനയത്തില്‍ ഇളവ് പ്രഖ്യാപിക്കണമെങ്കില്‍ ബാറുടമകള്‍ കോഴ നല്‍കണമെന്ന് ശബ്ദ സന്ദേശത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യപ്പെടുന്നത്.മദ്യ നയത്തിന്‍റെ പ്രാരംഭ ചർച്ചകൾ പോലും ആയിട്ടില്ലെന്നും ഗൂഢാലോചന ഉണ്ടോയെന്ന് പരിശോധിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

ബാര്‍ കോഴ ആരോപണം ഞെട്ടിക്കുന്നതെന്ന് വിഡി സതീശന്‍.എക്സൈസ് മന്ത്രി രാജിവയ്ക്കണം.നിലവിലെ മദ്യനിയമത്തിൽ മാറ്റം വരുത്തിയത് അബ്കാരികളെ സഹായിക്കാനാണ്.രണ്ടാം പിണറായി സർക്കാർ 130 ബാറിന് അനുമതി കൊടുത്തു.മദ്യവർജനത്തിന് മുന്നിൽ നിൽക്കുമെന്ന എൽഡി ഫിന്‍റെ  ഉറപ്പ് പ്രഹസനമായി മാറിയെന്നും വിഡി സതീശൻ വിമർശിച്ചു.

ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്‍റെ ജയിലിലെ മിറ്റിഗേഷൻ റിപ്പോർട്ട് പരിഗണിച്ചാണ് കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. ക്രൂരമായ ഇരട്ടക്കൊലപാതകം തെളിഞ്ഞതിനാൽ പ്രതി 25 വർഷം തുടർച്ചയായി ആനുകൂല്യങ്ങൾ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണം. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ശരിവെച്ചു.

കോഴിക്കോട് ആഴ്ചവട്ടം ശിവക്ഷേത്ര കുളത്തില്‍ 14കാരൻ സഞ്ജയ് കൃഷ്ണ മുങ്ങി മരിച്ചു. മറ്റ് കുട്ടികള്‍ക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ബീച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാൾ ആശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  കേരള മുഖ്യമന്ത്രി പിണറായി വിജയൻജിക്ക് ജന്മദിന ആശംസകൾ നേരുന്നു. അദ്ദേഹത്തിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു എന്ന്പ്രധാനമന്ത്രി എക്സിൽ കുറിച്ചു.  നന്ദി നരേന്ദ്ര മോദിജി എന്ന് ട്വീറ്റിന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി.

കൈക്കൂലി കേസില്‍ തിരുവനന്തപുരം നഗരസഭ തിരുവല്ലം സോണൽ ഓഫീസിലെ സീനിയര്‍ സെക്ഷൻ ക്ലർക്ക് അനിൽകുമാറിനെ വിജിലന്‍സ് പിടികൂടി. ഇന്ന് വൈകിട്ട് തിരുവല്ലത്തെ സോണല്‍ ഓഫീസില്‍ വെച്ച് പരാതിക്കാരനില്‍ നിന്നും ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രാജ്യത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴില്‍ ന്യൂറോ ഇന്റര്‍വെന്‍ഷന്‍ സംവിധാനം സജ്ജമാക്കിയത്. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത് എന്നും മന്ത്രി വ്യക്തമാക്കി.

യുവാവിനെ ആളുമാറി അറസ്റ്റ് ചെയ്ത് ജയിലിലടച്ച സംഭവത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് ഡി വൈഎസ് പി അന്വേഷണം തുടങ്ങി. പൊന്നാനി പൊലീസിനുണ്ടായ വീഴ്ച സംബന്ധിച്ചാണ് അന്വേഷണം. റിപ്പോര്‍ട്ട് കിട്ടിയ ശേഷം വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി സംസ്ഥാനത്ത്ഷവര്‍മ കടകളില്‍ വ്യാപക പരിശോധന . കൃത്യമായ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഷവര്‍മ്മ വില്‍പന നടത്തിയ 52 കടകളില്‍ റെയ്ഡിന് പിന്നാലെ വില്‍പന നിര്‍ത്തിച്ചു. 164 സ്ഥാപനങ്ങള്‍ക്ക് നോട്ടീസും നല്‍കിയിട്ടുണ്ട്.ശക്തമായ പരിശോധനകള്‍ ഇനിയും തുടരുമെന്നാണ് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിക്കുന്നത്.

പ്രശാന്ത് കിഷോറിന്‍റെ ബിജെപി അനുകൂല പ്രവചനങ്ങള്‍ക്കെതിരെ ആര്‍ജെഡി നേതാവ് തേജസ്വി യാദവ്.തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്നായപ്പോള്‍ ബിജെപി പ്രശാന്ത് കിഷോറിനെ ഇറക്കി, പ്രശാന്ത് കിഷോര്‍ ബിജെപിയുടെ ഏജന്‍റാണെന്നും, പണം വാങ്ങിയിട്ടാണ് അദ്ദേഹം ബിജെപിക്ക് അനുകൂലമായി സംസാരിക്കുന്നതെന്നും തേജസ്വി യാദവ് പറഞ്ഞു .

പ്രജ്വൽ രേവണ്ണയ്ക്ക് വിദേശകാര്യമന്ത്രാലയത്തിന്‍റെ കാരണം കാണിക്കൽ നോട്ടീസ്. ചട്ടം ലംഘിച്ച്, ഡിപ്ലോമാറ്റിക് പാസ്പോർട്ട് ദുരുപയോഗം ചെയ്തതിന് കാരണം കാണിക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നേരത്തേ അനുമതി വാങ്ങാതെയാണ് ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉപയോഗിച്ച് പ്രജ്വൽ ജർമനിയിലേക്ക് കടന്നത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *