മന്ത്രിസഭ പുന:സംഘടനയ്ക്കു സാധ്യതയെന്നു വാര്‍ത്ത വന്നതിനു പിറകേ, മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് എല്‍ഡിഎഫിലെ വിവിധ ഘടകകക്ഷികളും നേതാക്കളും രംഗത്ത്. എം.വി. ശ്രേയാംസ്‌കുമാറിന്റെ നേതൃത്വത്തിലുള്ള ലോകതാന്ത്രിക് ജനതാദള്‍, ആര്‍എസ്പി എല്‍ എംഎല്‍എ കോവൂര്‍ കുഞ്ഞുമോന്‍, എന്‍സിപി എംഎല്‍എ തോമസ് കെ. തോമസ് എന്നിവരാണ് മന്ത്രിസ്ഥാനം ആവശ്യപ്പെടുന്നത്. മന്ത്രിസഭയില്‍ പ്രാതിനിധ്യം വേണമെന്ന് മുന്നണി യോഗത്തില്‍ ആവശ്യപ്പെടുമെന്ന് എല്‍ഡെജി തീരുമാനിച്ചു. ഇടതുമുന്നണിക്കു കത്ത് നല്‍കിയെന്ന് കോവൂര്‍ കുഞ്ഞുമോന്‍ പറഞ്ഞു. സ്പീക്കര്‍ ഷംസീറിനേയും കെ.ബി ഗണേഷ്‌കുമാറിനേയും കടന്നപ്പള്ളി രാമചന്ദ്രനേയും മന്ത്രിമാരാക്കുമെന്നാണു സൂചനകള്‍.
ലോണ്‍ ആപ്പുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഡിജിറ്റല്‍ ഇന്ത്യ ആക്ടിനായുള്ള നടപടികള്‍ ഉടന്‍ തുടങ്ങുമെന്നും രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. പ്ലേ സ്റ്റോറിലും, ആപ്പ് സ്റ്റോറിലുമുള്ള നിയമവിരുദ്ധമായ ആപ്പുകള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുന്നതടക്കം നിര്‍ദ്ദേശങ്ങള്‍ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബേപ്പൂര്‍, കൊച്ചി തുറമുഖങ്ങളില്‍ നിന്ന് ദുബൈയിലെ മിന അല്‍ റാഷിദ് തുറമുഖം വരെ പതിനായിരം രൂപയ്ക്കു കപ്പല്‍ യാത്രാ സൗകര്യം ഒരുക്കുന്നു. മൂന്നു ദിവസത്തെ യാത്രക്കിടെ ഭക്ഷണം അടക്കമാണു നിരക്ക്. ഒരു ട്രിപ്പില്‍ 1250 പേര്‍ക്ക് വരെ യാത്ര ചെയ്യാം. 200 കിലോ ലഗേജു കൊണ്ടുപോകാം. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, ഇന്ത്യന്‍ അസോസിയേഷന്‍ ഷാര്‍ജ, ആനന്ദപുരം ഷിപ്പിംഗ് ആന്‍ഡ് ലോജിസ്റ്റിക്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുള്‍പ്പെടെ വിവിധ പങ്കാളികളുമായി മലബാര്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ ചര്‍ച്ചകള്‍ നടത്തിവരികയാണ്. കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഡിസംബറില്‍ കപ്പല്‍ സര്‍വീസ് ആരംഭിക്കും.
സംസ്ഥാനത്തിന്റെ ധനസ്ഥിതി സംബന്ധിച്ചു സിഎജി റിപ്പോര്‍ട്ടിലുള്ള നികുതി കുടിശിക കേരളം ഉണ്ടായ കാലംമുതലുള്ളതാണെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കുടിശികയില്‍ 420 കോടി രൂപ പിരിച്ചെടുത്തത് ചരിത്ര നേട്ടമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. 2020-21 ല്‍ നിന്നും 2021 – 22 ല്‍ 6400 കോടി രൂപ നികുതി കുടിശ്ശിക കൂടിയെന്നാണ് സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിനു കാരണം പൊതുമേഖലാ സ്ഥാപനങ്ങളുടെ വായ്പാ സഹായം പുതിയ ഇനമാക്കി ചേര്‍ത്തതാണ്. 1970 മുതല്‍ 5,980 കോടി രൂപ വരും ഈ തുകയെന്നും ധനമന്ത്രി പറഞ്ഞു.
നിപ നിയന്ത്രണങ്ങളുടെ സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ മാര്‍ഗനിര്‍ദ്ദേശം നല്‍കണമെന്ന് ഹൈക്കോടതി. കന്നിമാസ പൂജക്കായി മറ്റന്നാള്‍ നട തുറക്കാനിരിക്കെയാണ് കോടതിയുടെ നിര്‍ദേശം. ദേവസ്വം കമ്മീഷണറുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കാന്‍ ഹൈക്കോടതി ആരോഗ്യ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി. കോഴിക്കോട് ജില്ലയില്‍ നിയന്ത്രണമുണ്ടെന്നും സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കോഴിക്കോട് ജില്ലയില്‍ നിപ ജാഗ്രതയുടെ ഭാഗമായി കോഴിക്കോട് ബീച്ചില്‍ സന്ദര്‍ശക വിലക്ക്. പൊലീസ് ആളുകളെ ഒഴിപ്പിച്ചു. കോര്‍പറേഷന്‍ പരിധിയില്‍ രണ്ടു പേര്‍ക്കു നിപ സ്ഥിരീകരിച്ചിരിക്കേയാണു നടപടി.
ഒരു കോടിയോളം രൂപയുടെ ക്രമക്കേടു നടത്തിയെന്ന് ആരോപിച്ച് ഇടുക്കി നെടുംകണ്ടം മുന്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയെ സസ്‌പെന്‍ഡു ചെയ്തു. ആലപ്പുഴ വെണ്മണി പഞ്ചായത്ത് സെക്രട്ടറി എ വി അജികുമാറിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ മറവില്‍ 16. 56 ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നും രേഖകളില്ലാതെ 74 ലക്ഷം രൂപ ചെലവഴിച്ചെന്നുമാണ് ആരോപണം.
എംഡിഎംഎ മയക്കുമരുന്നു കേസിലെ പ്രതിയെ കേസില്‍നിന്ന് ഒഴിവാക്കാന്‍ കൈക്കൂലി വാങ്ങിയെന്ന കേസില്‍ സിഐക്ക് സസ്‌പെന്‍ഷന്‍. വയനാട് വൈത്തിരി എസ്എച്ച്ഒ ജെ.ഇ. ജയനെയാണ് സസ്‌പെന്‍ഡു ചെയ്തത്. ഡിജെ പാര്‍ട്ടിക്ക് എംഡിഎംഎ ഉപയോഗിച്ച കേസില്‍ പ്രതിയായ ഹോം സ്റ്റേ ഉടമയില്‍നിന്ന് 1.25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണു കേസ്.
കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ സദസിലെ ഇരിപ്പിടത്തില്‍നിന്ന് എഴുന്നേറ്റുനിന്ന് ആദരം പ്രകടിപ്പിച്ച് നടന്‍ ഭീമന്‍ രഘു. മറ്റെല്ലാവരും സദസിലെ കസേരകളില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തിന്റെ പതിനഞ്ചു മിനിറ്റും ഭീമന്‍ രഘു യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ എഴുന്നേറ്റുനിന്നു. ഭീമന്‍ രഘുവിന്റെ വീഡിയോകളും ഫോട്ടോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി.
തിരുവനന്തപുരം പാലോട് പെരിങ്ങമ്മലയില്‍ യുവാവ് കെട്ടിടത്തില്‍നിന്നു വീണു മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. ജില്ലാ കൃഷിത്തോട്ടത്തിലെ ജീവനക്കാരന്‍ സുഭാഷാണ് മരിച്ചത്. മദ്യപിച്ചിരിക്കേ, സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കളായ രണ്ട് പ്രതികള്‍ ചേര്‍ന്ന് സുഭാഷിനെ കെട്ടിടത്തിനു മുകളില്‍നിന്നു തള്ളിയിട്ടതാണെന്ന് പാലോട് പൊലീസ് പറഞ്ഞു. ലോറി ഡ്രൈവര്‍ ബിജുവിനെയും കൂട്ടുപ്രതി സബിനെയും അറസ്റ്റു ചെയ്തു
പാറശാല ഷാരോണിനെ കഷായത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ഗ്രീഷ്മയെ അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്ന് മാവേലിക്കര സ്‌പെഷ്യല്‍ ജയിലിലേക്കു മാറ്റി. ഗ്രീഷ്മയടക്കം മൂന്നു തടവുകാരെയാണു മാറ്റിയത്.
ഹരിയാനയിലെ നൂഹില്‍ ജൂലൈ 31 നുണ്ടായ കലാപത്തിന്റെ പേരില്‍ കോണ്‍ഗ്രസ് എംഎല്‍എ മമ്മന്‍ ഖാനെ അറസ്റ്റു ചെയ്തു. പ്രകോപനപരമായ പ്രസ്താവനകളിലൂടെ നൂഹില്‍ അക്രമത്തിനു പ്രേരിപ്പിച്ചെന്ന് ആരോപിച്ചാണ് അറസ്റ്റ്.
അന്താരാഷ്ട്ര ജനാധിപത്യ ദിനത്തില്‍ സംഘടിപ്പിച്ച ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം വായിക്കല്‍ പരിപാടിയിലധികം പേര്‍ പങ്കെടുത്തെന്ന് കര്‍ണാടക സര്‍ക്കാര്‍. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ എന്നിവരടക്കം പരിപാടിയില്‍ പങ്കെടുത്തു. നിയമസഭയായ വിധാന്‍ സൗധയിലാണ് പരിപാടി സംഘടിപ്പിച്ചത്. ഓണ്‍ലൈനിലും ഓഫ് ലൈനിലുമായാണ് ഇത്രയും പേര്‍ പങ്കെടുത്തത്.
ചന്ദ്രനില്‍ സൂര്യന്‍ ഉദിക്കുന്നതും കാത്ത് ചന്ദ്രയാന്‍. രണ്ടാഴ്ച സ്ലീപിങ് മോഡില്‍ നിന്ന് ചാന്ദ്രയാന്‍-3 വീണ്ടും ആക്ടീവ് മോഡിലേക്ക്. സെപ്റ്റംബര്‍ മൂന്നിനാണ് ചന്ദ്രയാന്‍ സ്ലീപിങ് മോഡിലേക്ക് മാറിയത്. നാളെ ചന്ദ്രയാന്‍ വീണ്ടും പ്രവര്‍ത്തന സജ്ജമാകുമെന്ന് ഐഎസ്ആര്‍ഒ.
വര്‍ഷങ്ങളായി ഭാര്യയില്‍നിന്നും അകന്നുകഴിയവേ വിവാഹമോചന കേസ് നീണ്ടുപോകുന്നതിനിടെ മറ്റൊരു സ്ത്രീക്കൊപ്പം ഭര്‍ത്താവ് താമസം തുടങ്ങിയത് വിവാഹമോചനത്തിനുള്ള അയോഗ്യതയല്ലെന്ന് ഡല്‍ഹി ഹൈക്കോടതി. ഭാര്യ നിരന്തരമായി ഉപദ്രവിക്കുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവ് നല്‍കിയ കേസ് അനുവദിച്ചുകൊണ്ടുള്ള കുടുംബ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഭാര്യ നല്‍കി ഹര്‍ജി കോടതി തള്ളി.
മധ്യപ്രദേശില്‍ മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് നോ നിപാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ഇന്ദിരാഗാന്ധി സര്‍വകലാശാല പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ അധികൃതര്‍ സംസാരിച്ചെന്നും വിദ്യാര്‍ത്ഥികള്‍ക്ക് ആശങ്ക വേണ്ടെന്നും ഇന്ദിരാഗാന്ധി സര്‍വകലാശാലയിലെ അധികൃതര്‍ അറിയിച്ചു.
ജമ്മു കാഷ്മീരിലെ അനന്തനാഗില്‍ ഒരു സൈനികനു കൂടി വീരമൃത്യു. ഇന്നലെ മുതല്‍ ഈ സൈനികനെ കാണാതായിരുന്നു. അനന്തനാഗില്‍ ഇതുവരെ നാല് സുരക്ഷാസേന ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. അതിനിടെ, ഭീകരരുടെ ഒളിത്താവളമെന്ന് സംശയിക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷ സേന ഡ്രോണ്‍ ഉപയോഗിച്ച് ഗ്രനേഡ് ആക്രമണം നടത്തി.
ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ കൂടിക്കാഴ്ചയെ വിമര്‍ശിച്ച അമേരിക്കയോട് ഉപദേശം വേണ്ടെന്നു റഷ്യ. ‘എങ്ങനെ ജീവിക്കണമെന്ന് ഞങ്ങളെ പഠിപ്പിക്കാന്‍ അമേരിക്കയ്ക്ക് അവകാശമില്ലെ’ന്ന് അമേരിക്കയിലെ റഷ്യന്‍ അംബാസഡര്‍ അനറ്റോലി അന്റനോവ് പ്രസ്താവനയില്‍ പറഞ്ഞു.
ചൈനീസ് പ്രതിരോധ മന്ത്രി ലി ഷാങ്ഫുവിനെ കാണാനില്ലെന്നു റിപ്പോര്‍ട്ട്. അഴിമതി ആരോപണത്തെതുടര്‍ന്ന് ലി ഷാങ്ഫു അന്വേഷണം നേരിടുകയാണെന്നും മന്ത്രിസ്ഥാനത്തുനിന്നു നീക്കി വീട്ടുതടങ്കലിലാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.