കേരളത്തിലെ എട്ടു ട്രെയിനുകള്‍ക്ക് റെയില്‍വെ അധിക കോച്ചുകള്‍ അനുവദിച്ചു. തിരുവനന്തപുരം – എറണാകുളം വഞ്ചിനാട് എക്‌സ്പ്രസ്, എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്, കണ്ണൂര്‍- ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, ആലപ്പുഴ- കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ്, കണ്ണൂര്‍ – എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ്, എറണാകുളം- തിരുവനന്തപുരം വഞ്ചിനാട് എക്‌സ്പ്രസ്, വേണാട് എക്പ്രസ് എന്നീ ട്രെയിനുകളിലാണ് അധിക കോച്ചുകള്‍ അനുവദിച്ചത്. ഈ മാസം 31 മുതല്‍ അധിക കോച്ചുകള്‍ ലഭ്യമാകും.
നെല്ലു സംഭരണം അവതാളത്തിലായി. നെല്‍കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍. ബാങ്ക് കണ്‍സോര്‍ഷ്യം പണം നല്‍കാന്‍ തയ്യാറാകാത്തതുമൂലവും കേന്ദ്രം കോടികളുടെ കുടിശിക വരുത്തിയതിനാലുമാണ് നെല്ലു സംഭരണം അനിശ്ചിതത്വത്തിലായത്. നെല്ലു സംഭരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സഹകരണ സംഘങ്ങളെ ചുമതലപ്പെടുത്തിയിട്ടുമില്ലെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്.
മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയില്‍ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തു. പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കും വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവിക്കും പരാതി നല്‍കിയിരുന്നു.
തിരുവനന്തപുരത്തെ അണ്‍ എംപ്ലോയ്‌മെന്റ് സഹകരണ സൊസൈറ്റി തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ വി എസ് ശിവകുമാറിന്റെ അറസ്റ്റ് ഹൈക്കോടതി ഈ മാസം 31 വരെ തടഞ്ഞു.
എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ബുധനാഴ്ചകളിലെ സര്‍വീസ് വെട്ടിക്കുറച്ചു. നവംബര്‍ മാസത്തില്‍ മാത്രമാണ് സര്‍വീസ് നിര്‍ത്തിവച്ചത്. നവംബറില്‍ ബുധനാഴ്ചയിലേക്ക് ടിക്കറ്റ് എടുത്തവര്‍ക്ക് അടുത്ത ദിവസങ്ങളിലേക്ക് സൗജന്യമായി മാറ്റാം.
ഇത്തവണത്തെ ദേശീയ ഗെയിംസില്‍നിന്നു വോളിബോള്‍ ഒഴിവാക്കിയതിനെതിരായ ഹര്‍ജികള്‍ ഹൈക്കോടതി തീര്‍പ്പാക്കി. ദേശീയ ഗെയിംസ് തുടങ്ങിയെന്ന് ചൂണ്ടികാട്ടിയ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍, വോളിബോള്‍ ഇനി ഉള്‍പ്പെടുത്താനാകില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചു. താരങ്ങളെ ഓര്‍ക്കുമ്പോള്‍ സഹതാപം തോന്നുന്നുവെന്ന പരാമര്‍ശത്തോടെയാണ് കോടതി കേസ് തീര്‍പ്പാക്കിയത്.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. വടക്കോട്ടത്തറ സ്വദേശിയായ നെയ്യന്‍സ് റപ്പായി ജോര്‍ജിനെയാണ് അഗളി പോലിസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ മാസം നാലിനാണ് നരസിമുക്ക് സ്വദേശിയായ ശ്രീമുരുകന്‍ പട്ടിമാളത്ത് നയ്യന്‍സ് ജോര്‍ജിന്റെ കൃഷി സ്ഥലത്ത് നിന്നും ഷോക്കേറ്റ് മരിച്ചത്.
ഉള്ളിയുടെയും സവാളയുടെയും വില കുതിക്കുന്നു. സവാളയ്ക്ക് വില കിലോയ്ക്ക് 80 രൂപയായി.
ചോദ്യത്തിന് കോഴ ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര നവംബര്‍ രണ്ടിന് ഹാജരാകണമെന്ന് പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി നോട്ടീസ് നല്‍കി. നവംബര്‍ അഞ്ചിനുശേഷമേ ഹാജരാകാനാകൂവെന്ന് മഹുവ അറിയിച്ചതിനുശേഷമാണ് പുതിയ നോട്ടീസ് നല്‍കിയത്.
അറസ്റ്റിലായ ബംഗാള്‍ മന്ത്രി ജ്യോതിപ്രിയ മല്ലിക്കിന്റെ ബാങ്ക് അക്കൗണ്ടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് മരവിപ്പിച്ചു. മന്ത്രിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനാണു നീക്കം.
ഇസ്രയേല്‍ പലസ്തീന്‍ യുദ്ധത്തെക്കുറിച്ചുള്ള യുഎന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നത് ഇന്ത്യ നിര്‍ദേശിച്ച കാര്യങ്ങള്‍ പ്രമേയത്തില്‍ ഉള്‍പ്പെടുത്താതിരുന്നതിനാലെന്ന് വിദേശകാര്യമന്ത്രാലയം. ഹമാസ് ഭീകരാക്രമണത്തെ കുറിച്ച് പ്രമേയത്തില്‍ പരാമര്‍ശമില്ലായിരുന്നു. അതിനാലാണ് വിട്ടുനിന്നത്. ഭേദഗതി പ്രമേയത്തില്‍ വോട്ട് രേഖപ്പെടുത്തിയെങ്കിലും അതു രേഖയായില്ലെന്നും വിദേശകാര്യ മന്ത്രാലയം.
യുഎഇയിലേക്ക് യാത്ര ചെയ്യുമ്പോള്‍ ബാഗില്‍ കൊണ്ടുവരാന്‍ പാടില്ലാത്ത സാധനങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടു. ഉണങ്ങിയ തേങ്ങ, പടക്കം, തീപ്പെട്ടി, പെയിന്റ്, കര്‍പ്പൂരം, നെയ്യ്, അച്ചാറുകള്‍, മറ്റ് എണ്ണമയമുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, പവര്‍ ബാങ്കുകള്‍, സ്്രേപ ബോട്ടിലുകള്‍ എന്നിവയ്ക്കാണു വിലക്ക്.