തട്ടിക്കൊണ്ടുപോയി 20 മണിക്കൂറിനുശേഷം അബിഗേല്‍ സാറാ റെജിയെ കണ്ടെത്തിയതിന്റെ ആശ്വാസത്തിലാണ് കേരളം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ സ്ത്രീയെന്നു സംശയിക്കുന്നയാളുടെ കല്ലമ്പലം ഞെക്കാട്ടെ വാടകവീട്ടില്‍ പോലീസ് പരിശോധന നടത്തി. പ്രതികളെ വൈകാതെ പിടികൂടുമെന്ന് പോലീസ്. കുട്ടിയെ കൊല്ലം ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളയുകയായിരുന്നു. പൊലീസും ജനങ്ങളും സംസ്ഥാനത്തുടനീളം അരിച്ചുപെറുക്കാന്‍ തുടങ്ങിയതോടെ പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെയാണ് കുറ്റവാളികള്‍ കുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത്.
ആറു വയസുകാരി അബിഗേലിനോട് വീഡിയോ കോളിലൂടെ സംസാരിച്ച് അമ്മ. സന്തോഷ കണ്ണീര്‍ കാരണം അമ്മയ്ക്ക് ഒന്നും സംസാരിക്കാനില്ല. ഫോണില്‍ മകള്‍ക്ക് ഉമ്മ നല്‍കിയാണ് അമ്മ സന്തോഷം പ്രകടിപ്പിച്ചത്. വൈകാരിക നിമിഷങ്ങളുടെ മുഹൂര്‍ത്തമായിരുന്നു അത്.
തട്ടിക്കൊണ്ടുപോയി അബിഗേല്‍ സാറയെ കൊല്ലം ആശ്രാമം മൈതാനത്ത് ആദ്യം തിരിച്ചറിഞ്ഞത് കൊല്ലം എസ്എന്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍. അബിഗേല്‍ സാറയെ നാട്ടുകാര്‍ തിരിച്ചറിയാതിരിക്കാന്‍ മാസ്‌ക് ധരിപ്പിച്ചായിരുന്നു മൈതാനത്തിരുത്തി സ്ത്രീ കടന്നുകളഞ്ഞത്. കുട്ടിയെ 35 വയസുള്ള സ്ത്രീയാണ് അവിടെ എത്തിച്ചത്. മാസ്‌ക് ധരിച്ച, മഞ്ഞ ടോപ്പും വെള്ള പാന്‍ും വെള്ള ഷാളും ധരിച്ച സ്ത്രീ ഓട്ടോറിക്ഷയിലാണ് എത്തിയത്.
മകളെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയുമായി വിതുമ്പിക്കരഞ്ഞ് അബിഗേലിന്റെ അമ്മ സിജി. ‘എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ’ എന്നും അവര്‍ പറഞ്ഞു.
വലിയ വീട്ടിലേക്കാണ് തന്നെ കൊണ്ടുപോയതെന്നും ആരേയും അറിയില്ലെന്നും കൊല്ലം ഓയൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോകപ്പെട്ട ആറു വയസുകാരി അബിഗേല്‍. അബിഗേലിനരികിലേക്ക് മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ എത്തി.
പോലീസിന്റെ കണ്ണുവെട്ടിച്ച് എങ്ങനെയാണ് കുറ്റവാളി സംഘത്തിന് സഞ്ചരിക്കാനായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എം.പി. കേരള സമൂഹത്തിന്റെ ഇടപെടലും പിന്തുണയും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകരമായി. കേരളത്തിന്റെ മുക്കിലും മൂലയിലും എഐ ക്യാമറ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളും വലിയ പോലീസ് സന്നാഹവും ഉള്ളപ്പോഴാണ് ഇങ്ങനെ സംഭവിച്ചത്. അദ്ദേഹം കുറ്റപ്പെടുത്തി.
ആറു വയസുകാരിയെ കണ്ടെത്താന്‍ സാധിച്ചതിന്റെ സന്തോഷം പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞതു മുതല്‍ ഇടപെട്ട ആഭ്യന്തര മന്ത്രി കൂടിയായ മുഖ്യമന്ത്രിക്കും അഹോരാത്രം വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച കേരളാ പൊലീസിനും കരുതലോടെ കാത്തിരുന്ന ജനങ്ങള്‍ക്കും സല്യൂട്ട് എന്നാണ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചത്.
നവകേരള സദസിനായി വിദ്യാര്‍ത്ഥികളെ എത്തിച്ചതിനെതിരേ ഹൈക്കോടതി. വിദ്യാര്‍ത്ഥികളെ കാഴ്ച വസ്തുക്കളാക്കരുതെന്ന് സിംഗിള്‍ ബഞ്ച് വിമര്‍ശിച്ചു. നവകേരള സദസില്‍ കുട്ടികളെ പങ്കെടുപ്പിക്കില്ല എന്ന സര്‍ക്കാരിന്റെ ഉറപ്പ് ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി എംഎസ്.എഫ് നല്‍കിയ ഉപഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശങ്ങള്‍.
മലപ്പുറം എടപ്പാളില്‍ നവകേരള സദസിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാന്‍ കൊച്ചുകുട്ടികളെ ഒരു മണിക്കൂറോളം റോഡിരികില്‍ നിര്‍ത്തിയ സംഭവത്തില്‍ പ്രധാന അധ്യാപകന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ നോട്ടീസ്. മലപ്പുറം എടപ്പാള്‍ തുയ്യം ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവന്‍ കാടാട്ടിനാണ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്.
പി.വി അന്‍വര്‍ എംഎല്‍എ കൈവശം വച്ച അനധികൃത ഭൂമി തിരിച്ചുപിടിക്കണമെന്ന് നവകേരള സദസില്‍ പരാതി. പൊതുപ്രവര്‍ത്തകനായ കെ വി ഷാജിയാണ് വള്ളിക്കുന്നു മണ്ഡലം നവകേരള സദസ്സില്‍ പരാതി നല്‍കിയത്.
പെന്‍ഷന്‍കാര്‍ പെന്‍ഷന്‍ ലഭിക്കുന്നതിന് ജീവന്‍ പ്രമാണ്‍ പത്രം സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്.
കോയമ്പത്തൂരിലെ ജോസ് ആലുക്കാസ് ജ്വല്ലറിയില്‍ 200 പവന്‍ സ്വര്‍ണം മോഷണം പോയി. അന്വേഷണത്തിനായി അഞ്ചംഗ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.
മലയാളിയായ വനിതാ അഗ്‌നിവീര്‍ മുംബൈയില്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട അടൂര്‍ സ്വദേശി അപര്‍ണ വി നായരാണ് ജീവനൊടുക്കിയത്. നാവികകേന്ദ്രമായ ഐ എന്‍ എസ് ഹംലയിലെ ഹോസ്റ്റല്‍ മുറിയിലാണ് അപര്‍ണ നായര്‍ മരിച്ചത്.
അതിരപ്പിള്ളി മലക്കപ്പാറയില്‍ പുഴുവരിച്ച നിലയില്‍ കണ്ട ആദിവാസി വയോധിക മരിച്ചു. വീരാന്‍കുടി ഊരിലെ കമലമ്മ പാട്ടി (98) ആണ് മരിച്ചത്. ജില്ലാ കളക്ടര്‍ ഇടപെട്ട് ചികില്‍സ ലഭ്യമാക്കിയെങ്കിലും മരിക്കുകയായിരുന്നു.