തളിപ്പറമ്പില്‍ നവകേരള സദസ് കഴിഞ്ഞു മടങ്ങിയ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസും ചേര്‍ന്നു മര്‍ദിച്ചു. കണ്ണൂര്‍ പഴയങ്ങാടിയിലാണ് പെണ്‍കുട്ടികള്‍ അടക്കമുള്ളവരെ മര്‍ദിച്ചത്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി. കരിങ്കൊടി കാട്ടിയവരെ കസ്റ്റഡിയിലെടുത്ത പരിയാരം പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രവര്‍ത്തകര്‍ ബഹളംവച്ചു.
നവകേരള സദസിനെ കരിങ്കൊടി കാണിച്ച് ചെറുതാക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയങ്ങാടിയില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിന് പിന്നില്‍ നിഗൂഢ അജണ്ടയുണ്ട്. സിപിഎം പ്രവര്‍ത്തകര്‍ പ്രകോപിതരാകരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
നവകേരള സദസിന്റെ പേരില്‍ സി.പി.എം ക്രിമിനലുകള്‍ അഴിഞ്ഞാടുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയതിന്റെ പേരില്‍ യൂത്ത് കോണ്‍ഗ്രസ്- കെ എസ് യു പ്രവര്‍ത്തകരെ സി.പി.എം -ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ തല്ലിച്ചതച്ചു. വനിതകളെ പോലും കായികമായി നേരിട്ടത് കേരളത്തിന് അപമാനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
സില്‍വര്‍ ലൈന്‍ പദ്ധതിയെ എതിര്‍ക്കുന്നതു ദുരഭിമാനം മൂലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്ദേഭാരത് ട്രെയിന്‍ വന്നതോടെ സില്‍വര്‍ ലൈന്‍ പദ്ധതിയുടെ പ്രാധാന്യം എല്ലാവര്‍ക്കും ബോധ്യപ്പെട്ടെന്ന് തളിപ്പറമ്പ് മണ്ഡലത്തിലെ നവ കേരള സദസ്സില്‍ സംസാരിക്കവേ അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ രണ്ടു മുതല്‍ 22 വരെ 140 നിയോജക മണ്ഡലങ്ങളിലും സര്‍ക്കാരിനെതിരേ യുഡിഎഫ് വിചാരണ സദസ് ഘടിപ്പിക്കുമെന്ന്
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അഞ്ചു മാസം മുമ്പ് മന്ത്രിമാര്‍ നടത്തിയ താലൂക്ക് തല അദാലത്തില്‍ നല്‍കിയ പരാതികള്‍ പോലും പരിഹരിക്കപ്പെട്ടില്ല. ജനങ്ങളുടെ ചെലവില്‍ നടത്തുന്ന നാടകമാണിത്. ഒമ്പതു ലക്ഷം പേര്‍ ലൈഫ് പദ്ധതിയില്‍ വീടിനായി കാത്തിരിക്കുകയാണ്. സപ്ലൈക്കോ പൂട്ടാറായി. കുട്ടികളുടെ ഉച്ചഭക്ഷണത്തിനു പോലും പണം നല്‍കുന്നില്ല.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ യൂണിഫോം വീണ്ടും കാക്കിയാക്കി മാറ്റുന്നു. നിലവിലെ നീല യൂണിഫോം മാറണമെന്ന് തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടതനുസരിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീനെതിരെ ജിജോറിന്റെ മൊഴി. എസി മൊയ്തീന്റെ ബിനാമിയായി പി സതീഷ് കുമാര്‍ പ്രവര്‍ത്തിച്ചെന്നും നേതാക്കളുടെ ബിനാമിയായി സതീഷ് കുമാര്‍ പണം പലിശയ്ക്ക് കൊടുത്തെന്നും മൊഴിയില്‍ പറയുന്നു. 100 രൂപയ്ക്ക് 10 രൂപ പലിശ ഇയാള്‍ ഈടാക്കി. സിപിഎം നേതാവ് എംകെ കണ്ണനെതിരെയും മുന്‍ ഡിഐജി എസ് സുരേന്ദ്രനെതിരെയും മൊഴിയുണ്ടെന്ന് ഇഡി പറയുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നഹാസ് പത്തനംതിട്ടയുടെ വീട്ടില്‍നിന്ന് രണ്ടര കിലോ കഞ്ചാവ് പിടികൂടി. നഹാസിന്റെ സഹോദരന്‍ നസീബ് സുലൈമാന്റെ മുറിയില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. നഹാസ് ഒളിവിലാണ്.
യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് രാജ്യരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. രാഹുല്‍ ഗാന്ധിക്കും കെ.സി. വേണുഗോപാലിനും എം.എം. ഹസ്സനുമുള്‍പ്പെടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മ്മാണത്തെകുറിച്ച് അറിയാമെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു.
രണ്ടാഴ്ച മുമ്പു മരിച്ച അരീക്കോട് സ്വദേശിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. ഈ മാസം നാലിന് മരിച്ച തോമസിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചത്. മര്‍ദ്ദനമേറ്റാണ് മരണമെന്നു മാതാപിതാക്കള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്നാണ് അരീക്കോട് പൊലീസിന്റെ നടപടി.
ആലുവ എടയപ്പുറത്ത് അതിഥി തൊഴിലാളിയുടെ എട്ടു വയസായ മകളെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസില്‍ പോലീസ് കുറ്റപത്രം നല്‍കി. നെയ്യാറ്റിന്‍കര വഞ്ചിക്കുഴിയിലെ ക്രിസ്റ്റിന്‍ ആണ് പ്രതി. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെയോടെയാണ് സംഭവം.
കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോര്‍ട്ട്. ഐസിയു പീഡന പരാതിയില്‍നിന്നു പിന്‍മാറാന്‍ ജീവനക്കാര്‍ അതിജീവിതയെ ഭീഷണിപ്പെടുത്തിയെന്ന പരാതി അന്വേഷണ റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇനിയും ഇത്തരം സംഭവം ആവര്‍ത്തിക്കാതിരിക്കാന്‍ സുരക്ഷാ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തണമെന്നും വാര്‍ഡുകള്‍ സിസിടിവി നിരീക്ഷണത്തിലാക്കണമെന്നും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഉത്തരവിട്ടു.
മൂന്നാര്‍ ദേവികുളത്ത് ജനവാസമേഖലയില്‍ പടയപ്പയുടെ വിളയാട്ടം. ലാക്കാട് എസ് റ്റേറ്റിലെ തോട്ടം തോഴിലാളികളുടെ പച്ചകറി കൃഷി ആന നശിപ്പിച്ചു.
ചുങ്കത്തറയില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ച് പണം തട്ടിയ കേസില്‍ മൂന്നു പേര്‍ പിടിയില്‍. വണ്ടൂര്‍ സ്വദേശിയായ യുവാവ് സുഹൃത്തുമായി സംസാരിച്ച് നില്‍ക്കവേയാണ് മര്‍ദ്ദിച്ചത്. മുഹമ്മദ് ബഷീര്‍, വിഷ്ണു, ജിനേഷ് എന്നിവരെയാണ് എടക്കര പൊലീസ് അറസ്റ്റു ചെയ്തത്.
അഴിമതിക്കേസില്‍ എഐഎംഡിഎംകെ നേതാക്കള്‍ക്കെതിരെ വിചാരണ നടപടിക്ക് തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍എന്‍ രവി അനുമതി നല്‍കി. മുന്‍ മന്ത്രിമാരായ വിജയഭാസ്‌കര്‍, പി വി രമണ എന്നിവര്‍ക്കെതിരായ നടപടിക്കാണ് അനുമതി. സുപ്രീം കോടതിയുടെ ഇടപെടലിനെത്തുടര്‍ന്നാണ് ഗവര്‍ണര്‍ വഴങ്ങിയത്.
തെലങ്കാനയില്‍ ഇന്‍ഡോര്‍ സ്റ്റേഡിയം തകര്‍ന്ന് മൂന്നു തൊഴിലാളികള്‍ മരിച്ചു. തെലങ്കാനയിലെ മോയിനാബാദില്‍ നിര്‍മ്മാണത്തിലുള്ള സ്റ്റേഡിയത്തിന്റെ ഒരു ഭാഗമാണു തകര്‍ന്നത്.
മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. ക്യാംഗ്‌പോപ്പി ജില്ലയിലെ കൊബ്‌സാ ഗ്രാമത്തില്‍ നടന്ന ആക്രമണത്തില്‍ രണ്ട് കുക്കി വിഭാഗക്കാര്‍ കൊല്ലപ്പെട്ടു. മെയ്‌തെയി വിഭാഗക്കാരാണു കൊലപ്പെടുത്തിയതെന്ന് കുക്കി സംഘടനകള്‍ ആരോപിച്ചു. കുക്കി സംഘടനകള്‍ ജില്ലയില്‍ ബന്ദ് ആചരിച്ചു. സംസ്ഥാനത്ത് ക്രമസമാധാനം ഉറപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പത്തു പ്രതിപക്ഷ സംഘടനകള്‍ മണിപ്പൂര്‍ ഗവര്‍ണര്‍ക്കു കത്തു നല്‍കി.
വിശാഖപട്ടണം തുറമുഖത്തെ തീപിടിത്തത്തിന് പിന്നില്‍ യൂട്യൂബര്‍മാര്‍ തമ്മിലെ വഴക്കാണെന്നു സംശയം. തീപിടുത്തത്തില്‍ 25 ബോട്ടുകള്‍ കത്തി നശിച്ചു. മത്സ്യബന്ധനം നടത്തുന്ന വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്ത് പ്രശസ്തി നേടിയ ഒരു യുവ യൂട്യൂബര്‍ക്കെതിരെ മറ്റു യൂട്യൂബര്‍മാര്‍ക്കുള്ള വൈരാഗ്യമാണ് ഹാര്‍ബറിലെ വന്‍ തീപിടിത്തത്തിന്റെ കാരണമെന്ന് പോലീസ് പറയുന്നു.
രാഷ്ട്രീയ നേതാവും നടനുമായ വിജയകാന്തിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്ത്രീയുടെ മൃതദേഹം സ്യൂട്ട്‌കേസില്‍. സെന്‍ട്രല്‍ മുംബൈയിലെ കുര്‍ളയിലാണ് സംഭവം. മെട്രോ പദ്ധതിയുടെ ജോലികള്‍ നടക്കുന്ന ശാന്തി നഗറിലെ സിഎസ്ടി റോഡിലാണ് സ്യൂട്ട് കേസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
ലോകകപ്പ് ഫൈനലിനിടെ കടുത്ത പനിയും മാനസിക സമ്മര്‍ദ്ദവും അനുഭവപ്പെട്ട ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയുടെ അമ്മ അനും ആരയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പനിയും സമ്മര്‍ദ്ദവുംമൂലം ഉത്തര്‍ പ്രദേശിലെ അംരോഹ ജില്ലയിലെ ശേഷാപുര്‍ ഗ്രാമത്തിലുള്ള പ്രാദേശിക ആശുപത്രിയിലാണു പ്രവേശിപ്പിച്ചത്.
ഏകദിന ലോകകപ്പ് ഫൈനലില്‍ തോറ്റ ഇന്ത്യന്‍ താരങ്ങളെ ആശ്വസിപ്പിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓസ്ട്രേലിയക്കെതിരെ ആറു വിക്കറ്റ് തോല്‍വി ഏറ്റുവാങ്ങിയ താരങ്ങളെ ഡ്രസിംഗ് റൂമിലെത്തിയാണ് മോദി ആശ്വസിപ്പിച്ചത്. മുഹമ്മദ് ഷമി, രവീന്ദ്ര ജഡേജ എന്നിവരുമായി അദ്ദേഹം സംസാരിച്ചു.