കാസര്‍കോട് ജില്ലയില്‍ മൂന്നു മണ്ഡലങ്ങളിലായി നടന്ന നവകേരള സദസില്‍ ലഭിച്ചത് 7500 പരാതികള്‍. കാസര്‍കോട്, ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലാണ് ഇത്രയും പരാതികള്‍. കേന്ദ്രം സങ്കുചിത കക്ഷി രാഷ്ട്രീയം കളിച്ച് കേരളത്തെ ദ്രോഹിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നവകേരള സദസില്‍ ആരോപിച്ചു. തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരും. അതിന്റെ അര്‍ത്ഥം സര്‍ക്കാര്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ ആണെന്നല്ല. കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹത്തിനെതിരേ പ്രതിപക്ഷം ഒരക്ഷരം മിണ്ടാത്തത് എന്താണെന്നും മുഖ്യമന്ത്രി ചോദിച്ചു.
തമിഴ്നാട് മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിന് ബസില്‍നിന്ന് ഇറങ്ങാതെ യാത്രക്കാരും ബസുടമയും തമിഴ്നാട് ഗാന്ധിപുരം സെന്‍ട്രല്‍ ആര്‍ടിഒ കാമ്പസിലാണ് ബസ്. സ്ത്രീകളും കുട്ടികളും അടക്കമുള്ള യാത്രക്കാര്‍ ബസിലുണ്ട്. കേരള സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ചാണ് ബസ് കസ്റ്റഡിയിലെടുത്തതെന്ന് ബസുടമ ഗിരീഷ് ആരോപിച്ചു.
സംസ്ഥാനത്ത് 23 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കന്യാകുമാരിക്കു മുകളില്‍ ചക്രവാതചുഴിയുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍നിന്ന് തെക്കുകിഴക്കന്‍ ഇന്ത്യയിലേക്ക് വീശുന്ന ശക്തമായ വടക്കുകിഴക്കന്‍ കാറ്റിന്റെ സ്വാധീനംമൂലം കേരളത്തില്‍ അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത.
ജനസമ്പര്‍ക്ക പരിപാടി നടത്തിയ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ കല്ലെറിയാനും പരിപാടി തടയാനും ജനങ്ങളെ ഇളക്കിവിട്ട അന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് നവകേരള സദസ് ബഹിഷ്കരിച്ച യുഡിഎഫിനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. പിണറായിയുടെ കെട്ടുകാഴ്ചയില്‍ പാവപ്പെട്ടവര്‍ക്ക് സ്ഥാനമില്ലാത്തതുകൊണ്ടാണ് യുഡിഎഫ് ബഹിഷ്കരിച്ചത്. ഒരു പരാതി പോലും പരിഹരിക്കുകയോ ഒരു രൂപയുടെ ധനസഹായം നല്‍കുകയോ ചെയ്തില്ല. സുധാകരന് കുറ്റപ്പെടുത്തി.
ആലുവ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായിരുന്ന ഷെല്‍ന നിഷാദ് അന്തരിച്ചു. 36 വയസായിരുന്നു. മജ്ജ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെത്തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ആലുവ എംഎല്‍എ ആയിരുന്ന കെ മുഹമ്മദ് അലിയുടെ മരുമകളാണ് ഷെല്‍ന നിഷാദ്.
നടിയും പഴയകാല നടി രാധയുടെ മകളുമായ കാര്‍ത്തിക നായര്‍ വിവാഹിതയായി. കാസര്‍കോട് സ്വദേശികളായ രവീന്ദ്രന് മേനോന്റെയും ശര്‍മ്മിളയുടെയും മകന് രോഹിത് മേനോന് ആണ് വരന്. തിരുവനന്തപുരം കവടിയാര്‍ ഉദയപാലസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങില്‍ മെഗാസ്റ്റാര്‍ ചിരഞ്ജീവിയും കുടുംബസമേതം പങ്കെടുത്തു.
അദാനിക്കെതിരായ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം പൂര്‍ത്തിയാക്കിയില്ലെന്ന് ആരോപിച്ചു സെബിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി. വിപണിയില്‍ ഓഹരിമൂല്യത്തില്‍ അദാനി ഗ്രൂപ്പ കൃത്രിമം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ഈ വര്‍ഷം ആദ്യമാണ് ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നത്. അന്വേഷണം നടത്താന്‍ മാര്‍ച്ചിലാണ് സുപ്രീംകോടതി സെബിയ്ക്കു നിര്‍ദേശം നല്‍കിയത്.
ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരമറിഞ്ഞ ഭാര്യ ജീനൊടുക്കി. മുംബൈ കല്യാണില്‍ താമസിക്കുന്ന 25 കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. മരണവിവരം അറിഞ്ഞ് തിരിച്ചെത്തിയ ഭര്‍ത്താവ് നിതീഷ് നായരെ(26) പൊലീസ് അറസ്റ്റു ചെയ്തു.
ഉത്തരാഖണ്ഡിലെ ടണലില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാനുള്ള ഡ്രില്ലിംഗ് പുനരാരംഭിച്ചു. ടണലിനുള്ളിലുള്ളവര്‍ സുരക്ഷിതരാണെന്ന് അധികൃതര്‍ പറയുന്നു. ടണലിനു മുകളിലൂടെ തുരക്കാനുള്ള ശ്രവമും പുരോഗമിക്കുന്നതായി സ്ഥലത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിയും അറിയിച്ചു.
കൂറുമാറി ബിജെപിയില്‍ എത്തിയ എംഎല്‍എമാര്‍ക്കുവേണ്ടി മന്ത്രിസഭയില്‍നിന്നു രാജിവച്ച് ഗോവയിലെ മരാമത്ത് മന്ത്രി നിലേഷ് കാബ്രല്‍. കോണ്‍ഗ്രസില്‍നിന്നു ബിജെപിയില്‍ എത്തിയ എട്ട് എംഎല്‍എമാരില്‍ ഒരാള്‍ക്കു മന്ത്രിസഭയില്‍ പ്രാതിനിധ്യം നല്‍കാനാണ് രാജിവച്ചത്. സ്ഥാനത്യാഗം ചെയ്യാന്‍ നേതാക്കള്‍ ആവശ്യപ്പെട്ടതനുസരിച്ചാണു രാജിയെന്ന് അദ്ദേഹം പറഞ്ഞു.
രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കു സുരക്ഷ ഒരുക്കാന്‍ പോയ ആറു പോലീസുകാര്‍ വാഹനാപകടത്തില്‍ മരിച്ചു. ചുരു ജില്ലയില്‍ പോലീസ് വാഹനം ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
പൊട്ടിക്കിടന്ന വൈദ്യുത കമ്പിയില്‍ അബദ്ധത്തില്‍ ചവിട്ടി യുവതിയും ഒമ്പതു മാസം പ്രായമുള്ള മകളും മരിച്ചു. ബംഗളൂരു സ്വദേശിനിയും 23-കാരിയുമായ സൗന്ദര്യ, ഒന്‍പതു മാസമുള്ള മകള്‍ സുവിക്സ്ലിയ എന്നിവരാണ് മരിച്ചത്.
ഒരു വയസുകാരനായ മകനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ അമ്മയെയും കാമുകനെയും പൊലീസ് അറസ്റ്റു ചെയ്തു. കന്യാകുമാരിയിലെ അഞ്ചുഗ്രാമത്തില്‍ ഇരയുമന്‍തുറ സ്വദേശി ചീനുവിന്റെ മകന് അരിസ്റ്റോ ബ്യൂലന്‍ ആണ് കൊല്ലപ്പെട്ടത്. ഒളിവിലായിരുന്ന കുട്ടിയുടെ അമ്മ പ്രബിഷ(27), കാമുകനായ നിദ്രവിള സ്വദേശി മുഹമ്മദ് സദാം ഹുസൈന് (32) എന്നിവര്‍ പൊലീസിന്റെ പിടിയിലായി.