മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ വസതിക്കും എഐസിസി ആസ്ഥാനത്തിനും സുരക്ഷ കൂട്ടി. കര്‍ണാടകത്തിലെ കോണ്‍ഗ്രസ് പ്രകടന പത്രികയില്‍ ബജ്രംഗദളിനെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് ബജ്‌രംഗ്ദള്‍ മാര്‍ച്ച് നടത്തുന്നതിനാലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. അധികാരത്തില്‍ വന്നാല്‍ ബജ്‌രംഗദളും പോപ്പുലര്‍ ഫ്രണ്ടുംപോലെ ഭിന്നിപ്പുണ്ടാക്കുന്ന സംഘടനകളെ നിരോധിക്കുമെന്നായിരുന്നു പ്രകടനപത്രികയിലെ പരാമര്‍ശം.
ആന്‍ഡ്രോയിഡ് കേസില്‍ ടെക് ഭീമനായ ഗൂഗിള്‍ 1337.76 കോടി രൂപ പിഴയടച്ചു. മല്‍സരം ഒഴിവാക്കി ആധിപത്യം ഉറപ്പിക്കാന്‍ തെറ്റായ രീതിയില്‍ പ്രവര്‍ത്തിച്ചെന്ന് ആരോപിച്ച് കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ കഴിഞ്ഞ ഒക്ടോബറിലാണു ഗൂഗിളിന് പിഴ ചുമത്തിയത്.
താലൂക്ക് അദാലത്തിലേക്കു നേരത്തെ പരാതി നല്‍കാന്‍ കഴിയാത്ത അപേക്ഷകരെ തിരിച്ചയയ്ക്കില്ലെന്നും പരാതികള്‍ സ്വീകരിച്ച് മറ്റൊരു ദിവസം പരിഹാരം കാണുമെന്നും പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കരുതലും കൈത്താങ്ങും അദാലത്തിന്റെ തിരുവനന്തപുരം താലൂക്കുതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പാരിസ്ഥിതിക പ്രതിസന്ധി സൃഷ്ടിക്കുന്നതും ജനങ്ങളെ കുടിയിറക്കുന്നതുമായ കൃത്രിമ ജലപാത നിര്‍മ്മാണത്തിനെതിരായ സമരം കോണ്‍ഗ്രസ് ശക്തമാക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. കെ.റെയില്‍ പോലെ ജനങ്ങളെ ദ്രോഹിക്കുന്ന മറ്റൊരു പദ്ധതിയാണിത്. പ്രദേശവാസികളെപ്പോലും അറിയിക്കാതെ പാതയുടെ സര്‍വെ പ്രവര്‍ത്തികള്‍ ജനാധിപത്യ വിരുദ്ധമായിട്ടാണ് നടത്തിവരുന്നതെന്നും സുധാകരന്‍.
എ ഐ കാമറാ ഇടപാടുകളില്‍ തട്ടിപ്പുകളെക്കുറിച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഊരാളുങ്കല്‍ അടക്കമുള്ള കമ്പനികള്‍ ഉപ കരാര്‍ കൊടുക്കുന്നത് പ്രിസാഡിയോ എന്ന കമ്പനിക്കാണ്. സര്‍ക്കാരില്‍നിന്ന് കിട്ടുന്ന പര്‍ച്ചേസ് ഓര്‍ഡറും കമ്മീഷനും എല്ലാം കിട്ടുന്നത് ഇതേ കമ്പനിക്കുതന്നെയാണ്. മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് സതീശന്‍ കുറ്റപ്പെടുത്തി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ക്രിമിനല്‍ മാനനഷ്ട കേസ് ഫയല്‍ ചെയ്തു. തളിപ്പറമ്പ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ നേരിട്ടെത്തിയാണ് പരാതി നല്‍കിയത്.
ദ കേരളസ്റ്റോറി സിനിമയുടെ യൂടൂബ് വിവരണത്തില്‍ 32,000 യുവതികളെ ഭീകരസംഘടനയിലേക്കു കടത്തിയെന്ന ആരോപണം തിരുത്തി മൂന്നു പേരെ എന്നാക്കി. ചിത്രത്തിന്റെ ട്രെയിലറിലെ അടിക്കുറിപ്പിലാണു തിരുത്തല്‍ വരുത്തിയത്.
ദ കേരള സ്റ്റോറി സിനിമയുടെ പ്രദര്‍ശനം തടയണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോടതിയിലും ഹര്‍ജി. അടിയന്തര സ്റ്റേ എന്ന ആവശ്യം കോടതി തള്ളി. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനോട് വിശദീകരണം തേടിയ ഡിവിഷന്‍ ബെഞ്ച്, ഹര്‍ജി പരിഗണിക്കുന്നത് വെളളിയാഴ്ചത്തേക്കു മാറ്റി.
മഞ്ഞക്കുറ്റി പിഴുതെറിഞ്ഞ് കെ റെയില്‍ പദ്ധതിയെ പരാജയപ്പെടുത്തിയതുപോലെ എഐ കാമറ പദ്ധതിയെയും തോല്പിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. കാമറാ പദ്ധതി സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന പിന്നാമ്പുറ കഥകളാണ് പുറത്തുവന്നതെന്നും സുധാകരന്‍.
ദക്ഷിണ വ്യോമസേനാ മേധാവിയായി കോട്ടയം സ്വദേശിയും എയര്‍ മാര്‍ഷലുമായ ബാലകൃഷ്ണന്‍ മണികണ്ഠന്‍ ചുമതലയേറ്റു.
തടഞ്ഞുവച്ച മീഡിയവണ്‍ ലൈസന്‍സ് കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നല്‍കി. 10 വര്‍ഷത്തേക്കാണു ലൈസന്‍സ് പുതുക്കിയത്. സുപ്രിംകോടതി വിധിയെത്തുടര്‍ന്നാണ് കേന്ദ്രം ലൈസന്‍സ് പുതുക്കി നല്‍കിയത്.
അരുവിക്കര കാച്ചാണി സ്വദേശിയായ അനുപ്രിയ (29) ജീവനൊടുക്കിയ സംഭവങത്തില്‍ ഭര്‍ത്താവിന്റെ അമ്മയും അച്ഛനും അറസ്റ്റില്‍. അഞ്ചല്‍ ഏരൂര്‍ സ്വദേശികളായ മന്‍മഥന്‍ (78) ഭാര്യ വിജയ (71) എന്നിവരാണ് പിടിയിലായത്. ഒന്നാം പ്രതിയായ ഭര്‍ത്താവ് മനു ഗള്‍ഫിലാണ്. അനുപ്രിയയുടെ മുറിയില്‍നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകള്‍ ചുമത്തിയാണു കേസെടുത്തത്.
കോഴിക്കോട് വാണിമേലില്‍ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയില്‍. ഭൂമി വാതുക്കല്‍ സ്വദേശി കക്കൂട്ടത്തില്‍ റഷീദാണ് (47) മരിച്ചത്. 2018 ല്‍ ഭൂമിവാതുക്കല്‍ സ്വദേശി താഴെകണ്ടി സിറാജിനെ കുത്തിക്കൊന്ന കേസില്‍ പ്രതിയാണ്. ജാമ്യത്തിലിറങ്ങിയശേഷം തട്ടുകട നടത്തുകയായിരുന്നു.
മലപ്പുറം എടവണ്ണയില്‍ യുവാവിനെ വെടിവച്ചു കൊന്ന കേസില്‍ മുഖ്യപ്രതിക്കു തോക്കു നല്‍കിയ ഉത്തര്‍പ്രദേശ് സ്വദേശി പിടിയില്‍. മുഖ്യ പ്രതി മുഹമ്മദ് ഷാന് തോക്ക് നല്‍കിയ ഖുര്‍ഷിദ് ആലമാണ് യുപിയിലെ ഹാപ്പൂരില്‍ പിടിയിലായത്. രണ്ട് വര്‍ഷം മുമ്പ് സൗദിയില്‍ ജയിലില്‍ കിടക്കുമ്പോഴാണ് ഇരുവരും പരിചയപ്പെട്ടത്. ഒരു ലക്ഷത്തി പതിനായിരം രൂപക്കാണ് ഖുര്‍ഷിദില്‍നിന്നു മുഹമ്മദ് ഷാന്‍ പിസ്റ്റല്‍ വാങ്ങിയത്.
മാഹിയില്‍ നിന്നു സ്‌കൂട്ടറില്‍ കടത്തിയ 68 കുപ്പി വിദേശ മദ്യവുമായി യുവാവ് എക്‌സൈസിന്റെ പിടിയില്‍. കോഴിക്കോട് ചെറുവണ്ണൂര്‍ പനയതട്ട് വാപ്പാഞ്ചേരി നിഖിലിനെയാണ് (30) അറസ്റ്റു ചെയ്തത്.
ഹനുമാന്റെ നാട്ടില്‍ ആദരമേകാന്‍ താന്‍ എത്തിയപ്പോള്‍ ‘ജയ് ബജ്‌റംഗ്ബലി’ എന്നു വിളിക്കുന്നവരെ തടയുമെന്ന പ്രകടനപത്രികയാണ് കോണ്‍ഗ്രസ് പുറത്തിറക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കര്‍ണാടകത്തിലെ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ പരാമര്‍ശത്തിനെതിരേയാണ് മോദിയുടെ വിമര്‍ശനം. ശ്രീരാമനെ നേരത്തെത്തന്നെ എതിര്‍ത്തവരാണ് ഇപ്പോള്‍ ‘ജയ് ബജ്‌റംഗ്ബലി’ എന്നു വിളിക്കുന്നവരെ എതിര്‍ക്കുന്നതെന്നും മോദി പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. അപകീര്‍ത്തി കേസില്‍ ശിക്ഷിച്ചുകൊണ്ടുള്ള വിധി ഗുജറാത്ത് ഹൈക്കോടതി സ്റ്റേ ചെയ്തില്ല. രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വേനലവധിക്കു ശേഷമേ വിധി പറയൂ.
കര്‍ണാടക പിസിസി അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ സഞ്ചരിച്ച ഹെലികോപ്ടറില്‍ പക്ഷിയിടിച്ച് അപകടം. മുളബാഗിലുവിലേക്കുള്ള യാത്രക്കിടെ പക്ഷി ഇടിച്ചതുമൂലം എച്ചഎഎല്‍ എയര്‍പോര്‍ട്ടില്‍ അടിയന്തരമായി ലാന്‍ഡുചെയ്തു. ശിവകുമാറിനൊപ്പം യാത്ര ചെയ്ത ഒരാള്‍ക്ക് നിസാര പരിക്കേറ്റു.
ബില്‍ക്കിസ് ബാനു കേസില്‍ വേനലവധിക്കുശേഷം ജൂലൈയില്‍ വാദം കേള്‍ക്കാമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് കെഎം ജോസഫ് വിരമിക്കും മുമ്പ് തീര്‍പ്പുണ്ടാകില്ല. പ്രതികള്‍ക്കെല്ലാം നോട്ടീസ് കിട്ടിയിട്ടില്ല എന്ന സാങ്കേതിക വിഷയം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതികളെ വിട്ടയച്ചതില്‍ ഗുജറാത്ത് സര്‍ക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയിരുന്നു.
ഏറ്റവും കുറഞ്ഞ നിരക്കില്‍ വിമാന ടിക്കറ്റുകള്‍ നല്‍കിയിരുന്ന ഗോ ഫസ്റ്റ് വിമാനക്കമ്പനി പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തു. ബുധന്‍, വ്യാഴം എന്നീ രണ്ടു ദിവസത്തെ വിമാന സര്‍വീസുകള്‍ റദ്ദാക്കി. നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലാണ് പാപ്പര്‍ ഹര്‍ജി ഫയല്‍ ചെയ്തത്.