ലൈഫ് മിഷനിലെ അടിയന്തര പ്രമേയ ചര്‍ച്ചയില്‍ എംഎല്‍എ മാത്യു കുഴല്‍ നാടന്റെ പ്രസംഗത്തിലെ സ്വപ്ന സുരേഷ് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടെന്ന പരാമര്‍ശം നിയമസഭാ രേഖകളില്‍നിന്ന് നീക്കി. ശിവശങ്കറിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിയെകുറിച്ച് പരാമര്‍ശമുണ്ടെന്ന ഭാഗവും ഒഴിവാക്കി. എന്‍ഫോഴ്‌സ്‌മെന്റിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് വായിച്ചതും നീക്കം ചെയ്തു. കോടതിയുടെ പരിഗണനയിലുള്ള വിഷയമെന്ന പേരിലാണ് നടപടി.
മുഖ്യമന്ത്രിക്കെതിരേ താന്‍ നിയമസഭയില്‍ പറഞ്ഞതെല്ലാം സത്യവും ഉത്തമബോധ്യമുള്ള കാര്യങ്ങളുമാണെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തന്റെ പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്ന് നീക്കിയ സംഭവം പരിശോധിക്കും. പ്രസംഗത്തിന്റെ അച്ചടിച്ച കോപ്പി ആവശ്യപ്പെട്ടിട്ടുണ്ട്. അതു ലഭിച്ച ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും മാത്യു പറഞ്ഞു.
വൈദേകം റിസോര്‍ട്ട് വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഗൂഢാലോചനക്കു പിന്നില്‍ ആരെന്ന് തനിക്കറിയാമെന്നും സമയമാകുമ്പോള്‍ വെളിപ്പെടുത്തുമെന്നും ജയരാജന്‍ പറഞ്ഞു.
ജാമ്യവ്യവസ്ഥയില്‍ ഇളവും കേരളത്തിലേക്കു മടങ്ങാനുള്ള അനുമതിയും തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീം കോടതിയില്‍. ആയുര്‍വേദ ചികിത്സ അനിവാര്യമാണ്. ആരോഗ്യനില മോശമാണെന്നും പക്ഷാഘാതത്തെ തുടര്‍ന്ന് ഓര്‍മ്മക്കുറവും കാഴ്ചയ്ക്കും പ്രശ്‌നങ്ങളുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.
വേനല്‍ചൂട് വര്‍ധിച്ചിരിക്കേ, ജ്യൂസ് കടകളില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ജില്ലകളില്‍ ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍മാരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. സ്റ്റേറ്റ് ടാസ്‌ക് ഫോഴ്സും പരിശോധന നടത്തും. വഴിയോരങ്ങളിലുള്ള ചെറിയ കടകള്‍ ഹോട്ടലുകള്‍ വരെ പരിശോധിക്കും.
വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ളാറ്റ് നിര്‍മാണത്തിനു വിദേശ സഹായം കൈപ്പറ്റാന്‍ തീരുമാനിച്ചത് മുഖ്യമന്ത്രി അദ്ധ്യക്ഷനായ യോഗത്തിലാണെന്നത് ഗുരുതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ധാര്‍മ്മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്നും സുധാകരന്‍.
അടുത്ത തെരഞ്ഞെടുപ്പോടെ കേരളത്തിലും അധികാരത്തിലെത്തുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന അതിരുകവിഞ്ഞ മോഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ എന്തൊക്കെ പ്രയാസങ്ങളനുഭവിക്കുന്നുണ്ടെന്നും അതിനു കാരണക്കാര്‍ ആരാണെന്നും ബോധ്യമുള്ളവരാണ് ഈ നാട്ടുകാര്‍. പിണറായി പറഞ്ഞു.
എംകെ രാഘവന്‍ എംപിയുടെ വിവാദ പ്രസംഗം സംബന്ധിച്ച് കെപിസിസി കോഴിക്കോട് ഡിസിസി പ്രസിഡന്റിനോട് റിപ്പോര്‍ട്ട് തേടി. പാര്‍ട്ടിയില്‍ സ്ഥാനമാനങ്ങള്‍ വേണമെങ്കില്‍ നേതാക്കളെ പുകഴ്ത്തണമെന്നും രാജാവ് നഗ്‌നനാണെന്നു പറയാന്‍ ആരുമില്ലെന്നുമായിരുന്നു എം കെ രാഘവന്റെ വിവാദ പരാമര്‍ശം.
വൈദേകം റിസോര്‍ട്ടിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കേ, സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും എല്‍ഡിഎഫ് കണ്‍വീനറുമായ ഇപി ജയരാജനെതിരെ വിജിലന്‍സും എന്‍ഫോഴ്സ്മെന്റും അടിയന്തരമായി കേസെടുക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.
നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് ഇന്‍ഡിഗോ വിമാനക്കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിച്ചെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഫോണിലൂടെയാണ് ഇന്‍ഡിഗോ അഭ്യര്‍ഥനയുണ്ടായത്. എന്നാല്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ പരിഗണിക്കാമെന്നു മറുപടി നല്‍കിയെന്ന് ജയരാജന്‍.
സിപിഐ നേതാവ് പോക്‌സോ കേസില്‍ അറസ്റ്റില്‍. സിപിഐ ചേര്‍ത്തല സൗത്ത് മണ്ഡലം കമ്മറ്റിയംഗവും കുറുപ്പംകുളങ്ങര മുന്‍ ലോക്കല്‍ സെക്രട്ടറിയുമായ സതീശനെയാണ് അര്‍ത്തുങ്കല്‍ പൊലീസ് അറസ്റ്റുചെയ്തത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട പതിനാലുകാരിയെ പീഡിപ്പിച്ചെന്നാണു പരാതി.
കൊല്ലം രണ്ടാംകുറ്റിക്കു സമീപം കോയിക്കലില്‍ ബൈക്കില്‍നിന്നും തീ പടര്‍ന്ന് അഞ്ചു വാഹനങ്ങള്‍ കത്തി നശിച്ചു. മൂന്ന് ഇരുചക്ര വാഹനങ്ങള്‍ക്കും കാറിനും ഓട്ടോയ്ക്കുമാണ് തീ പിടിച്ചത്. ഓടിക്കോണ്ടിരുന്ന ബൈക്കില്‍നിന്നും പുക ഉയരുന്നതു കണ്ട ബൈക്കു യാത്രക്കാരന്‍ വാഹനം റോഡരികില്‍ നിര്‍ത്തി തീയണയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ മറ്റു വാഹനങ്ങളിലേക്കു തീ പടരുകയായിരുന്നു.
മലപ്പുറം നൂറടിക്കടവിന് സമീപം കുളിക്കാന്‍ ഇറങ്ങിയ അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ(30), മകള്‍ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്. മകള്‍ മുങ്ങുന്നതു കണ്ടു രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുങ്ങിപ്പോയത്.
കണ്ണൂരില്‍ കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ ഡ്രൈവറുടെ സീറ്റിനടിയില്‍ രണ്ടു കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോളാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട്. കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഈ വിവരം. കുപ്പിയില്‍ വെള്ളമായിരുന്നെന്നാണു കുടുംബം അവകാശപ്പെട്ടിരുന്നത്.
കര്‍ണാടകത്തില്‍ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ബിജെപി എംഎല്‍എയും ലക്ഷങ്ങളുടെ കൈക്കൂലി കേസില്‍ അറസ്റ്റിലാകും. ഐഎഎസുകാരനായ മകന്റെ വീട്ടില്‍നിന്ന് ആറുകോടി രൂപ പിടിച്ചെടുത്ത സംഭവത്തില്‍ എംഎല്‍എ മദല്‍ വിരൂപാക്ഷപ്പയാണ് ഒന്നാം പ്രതി. പ്രശസ്തമായ മൈസൂര്‍ ചന്ദന സോപ്പുകളുടെ നിര്‍മാതാക്കളായ കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്റ്‌സ് ലിമിറ്റഡിന്റെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് മദല്‍ വിരൂപാക്ഷപ്പ എംഎല്‍എ രാജിവച്ചു. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി. മകന്‍ വഴി കൈക്കൂലി നല്‍കണമെന്ന് എംഎല്‍എയാണ് ആവശ്യപ്പെട്ടതെന്നു കരാറുകാരന്‍ പരാതിപ്പെട്ടിരുന്നു. മകന്‍ പ്രശാന്ത് മദല്‍ 40 ലക്ഷം രൂപ കോഴ വാങ്ങുന്നതിനിടെയാണ് അറസ്റ്റിലായത്.
കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധിക്കു പനിയും, ചുമയും ശ്വാസതടസവുംമൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് അഡ്മിറ്റ് ചെയ്തത്. പനിയും ബ്രോങ്കൈറ്റിസും ബാധിച്ചിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.
കര്‍ണാടക പിയുസി പരീക്ഷ എഴുതാനെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കു ഹിജാബ് അനുവദിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി ബി സി നാഗേഷ്. സുപ്രീംകോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നും അദ്ദേഹം പറഞ്ഞു. മാര്‍ച്ച് ഒമ്പതിനാണ് കര്‍ണാടക പിയുസി പരീക്ഷകള്‍ തുടങ്ങുന്നത്.
ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരായ തമിഴ്‌നാട് സര്‍ക്കാരിന്റെ അപ്പീലില്‍ വാദം കേള്‍ക്കുന്നത് ഈ മാസം പതിനേഴിലേക്കു മാറ്റി. റൂട്ട് മാര്‍ച്ചിനെ എതിര്‍ക്കുന്നില്ലെന്നും സുരക്ഷാ പ്രശ്‌നങ്ങളാണ് തടസമെന്നും തമിഴ് സര്‍ക്കാര്‍ സുപ്രീംകോടതയില്‍ അറിയിച്ചു. മാര്‍ച്ച് നടത്താന്‍ ബദല്‍ റൂട്ട് സമര്‍പ്പിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
മുംബൈ വിമാനത്താവളത്തില്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ സംഭവത്തെത്തുടര്‍ന്ന് 34 കസ്റ്റംസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി. മലയാളി അടക്കമുള്ള യാത്രക്കാരില്‍നിന്നാണ് കസ്റ്റംസുകാര്‍ ഭീഷണിപ്പെടുത്തി പണം തട്ടിയത്. സംഭവത്തില്‍ കസ്റ്റംസ് സൂപ്രണ്ട് അടക്കമുള്ളവരെ സിബിഐ അറസ്റ്റു ചെയ്തിരുന്നു.
ലൈംഗിക പീഡനം സഹിക്കാനാകാതെ ഭര്‍ത്താവിനെ മയക്കിക്കിടത്തി ജനനേന്ദ്രിയം മുറിച്ചും കോടാലികൊണ്ട് ആക്രമിച്ചും കൊലപ്പെടുത്തിയ അഞ്ചാം ഭാര്യ അറസ്റ്റിലായി. മധ്യപ്രദേശിലെ സിങ്ഗ്രൗലി ജില്ലയിലെ ഉര്‍തി ഗ്രാമത്തിലാണ് സംഭവം. കൊല്ലപ്പെട്ട ബീരേന്ദ്ര ഗുര്‍ജറിന്റെ അഞ്ചാം ഭാര്യ കഞ്ജന്‍ ഗുര്‍ജറിനെയാണ് അറസ്റ്റു ചെയ്തത്. ലൈംഗിക ഉപദ്രവംസഹിക്കാനാകാതെയാണു നാലു ഭാര്യമാരും ഇയാളെ ഉപേക്ഷിച്ചുപോയത്. ഭക്ഷണത്തില്‍ 20 ഉറക്ക ഗുളികകള്‍ കലര്‍ത്തിയ ശേഷമായിരുന്നു കൊലപാതകം.
കൗ ഹഗ് ഡേ പിന്‍വലിച്ചതിനെതിരെ നല്‍കിയ ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.
താനടക്കം മേവ സമുദായത്തിലുള്ളവരെല്ലാം രാമന്റെയും കൃഷ്ണന്റെയും പിന്മുറക്കാരാണെന്ന് രാജസ്ഥാന്‍ കോണ്‍ഗ്രസ് എംഎല്‍എ ഷാഫിയ സുബൈര്‍. ഇസ്ലാം മതം സ്വീകരിച്ചിരിക്കാം. എന്നാല്‍ അവര്‍ യഥാര്‍ത്ഥത്തില്‍ ഹിന്ദുക്കളായിരുന്നുവെന്നും അവര്‍ രാമന്റെയും കൃഷ്ണന്റെയും പിന്‍മുറക്കാരാണെന്നും ഷാഫിയ പറഞ്ഞു.