സ്പീക്കറുടെ ഓഫീസിനു മുന്നില്‍ സമരത്തിനിടെ മര്‍ദനമേറ്റ അഞ്ച് പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്കു പരാതി നല്‍കി. കെ.കെ രമ, ഉമ തോമസ്, സനീഷ് കുമാര്‍ ജോസഫ്, ടി വി ഇബ്രാഹിം, എകെഎം അഷ്റഫ് എന്നിവരാണ് പരാതി നല്‍കിയത്. മര്‍ദിച്ച വാച്ച് ആന്‍ഡ് വാര്‍ഡുമാര്‍ക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. ഇതേസമയം നിയമസഭയിലെ സംഘര്‍ഷം പരിഹരിക്കാന്‍ സ്പീക്കര്‍ കക്ഷി നേതാക്കളുടെ യോഗം വിളിച്ചു. നാളെ രാവിലെ എട്ടിനാണ് യോഗം.
മോദി സര്‍ക്കാര്‍ രാജ്യത്തെ മിസൈല്‍, റഡാര്‍ അപ്ഗ്രഡേഷന്‍ കരാര്‍ അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്കു കൈമാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അദാനിയുടെ കമ്പനിക്കൊപ്പം വിദേശ കമ്പനിയായ എലേറക്കും കരാറില്‍ പങ്കാളിത്തം നല്‍കി. നിഗൂഢതകളുള്ള എലേറ കമ്പനിയെ ആരാണ് നിയന്ത്രിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. ഇത്തരം കമ്പനികള്‍ക്കു കരാര്‍ നല്‍കിയതു ദേശീയ സുരക്ഷയ്ക്കു ഭീഷണിയാണെന്നും രാഹുല്‍ ആരോപിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ലോക്‌സഭയിലെത്തി മാപ്പു പറയണമെന്ന് സര്‍ക്കാര്‍ നോട്ടീസ്. പ്രധാനമന്ത്രി മോദി മന്ത്രിമാരുമായി ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയെയും രാജ്യത്തെയും രാഹുല്‍ അപമാനിച്ചെന്നാണ് വ്യാഖ്യാനം. രാഹുലിനെതിരെ നടപടി വേണമെന്ന് രാജ് നാഥ് സിംഗും ആവശ്യപ്പെട്ടിരുന്നു. ഇതേസമയം, വിദേശ യാത്രയ്ക്കുശേഷം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി തിരിച്ചെത്തി. ഇന്ത്യയില്‍ ജനാധിപത്യം ഭീഷണി നേരിടുന്നുവെന്ന് ലണ്ടനില്‍ പ്രസംഗിച്ചതു വിവാദമായിരിക്കേയാണ് രാഹുല്‍ തിരിച്ചെത്തിയത്.
വനത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണ്‍ പ്രഖ്യാപിച്ചുകൊണ്ടുള്ള വിധി പരിഷ്‌ക്കരിക്കുമെന്ന സൂചനയുമായി സുപ്രീം കോടതി. സമ്പൂര്‍ണ വിലക്ക് പ്രായോഗികമല്ല. മനുഷ്യരെ ഇറക്കി വിട്ട് പരിസ്ഥിതി സംരക്ഷിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാരും കോടതിയില്‍ വാദിച്ചു. കേരളത്തിന്റെ വാദം നാളെ നടക്കും.
ബ്രഹ്‌മപുരത്തെ വിഷപ്പുക നേരിടാന്‍ ജനങ്ങള്‍ക്കു ചികില്‍സാ നിര്‍ദേശങ്ങള്‍ക്കായി വിദഗ്ധ ഡോക്ടര്‍മാരുടെ സംഘത്തെ അയക്കാമെന്നു കേന്ദ്ര ആരോഗ്യവകുപ്പ് കേരളത്തെ അറിയിച്ചെങ്കിലും മറുപടി തന്നില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ജെബി മേത്തര്‍ എംപിയാണ് ഇക്കാര്യം വെളിപെടുത്തിയത്.
മീന്‍പിടുത്ത വള്ളങ്ങള്‍ക്കും കളര്‍കോഡ് കൊണ്ടുവരുന്നു. ഔട്ട് ബോര്‍ഡ് എന്‍ജിനുള്ള വലിയ യാനങ്ങള്‍ക്ക് ബോഡിക്ക് കടും നീലയും വീല്‍ ഹൗസിന് ഫ്‌ളൂറസന്റ് ഓറഞ്ചുമാണ് വേണ്ടത്. ചെറിയ തോണികളുടെ ബോഡി നൈല്‍ബ്ലൂ നിറമായിരിക്കണം. ബോഡിയുടെ മുകള്‍ ഭാഗത്ത് ഫ്‌ളൂറസെന്റ് ഓറഞ്ച് നിറമുള്ള ബോര്‍ഡര്‍ വേണമെന്നും നിര്‍ദ്ദേശമുണ്ട്.
മുന്‍കൂട്ടി അറിയിക്കാതെയും മുന്നൊരുക്കമില്ലാതെയുമാണ് കളര്‍ കോഡ് നടപ്പാക്കുന്നതെന്നാണ് മത്സ്യത്തൊഴിലാളികള്‍ പരാതിപ്പെട്ടു.
സോണ്‍ടയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രിയെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി. 2019 ല്‍ മുഖ്യമന്ത്രി നെതര്‍ലാന്‍ഡ് സന്ദര്‍ശിച്ചപ്പോള്‍ സോണ്‍ട കമ്പനിയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇതനുസരിച്ചാണ് സോണ്‍ടക്ക് സിംഗിള്‍ ടെന്‍ഡറായി മുഴുവന്‍ മാലിന്യ പ്ലാന്റുകളുടെയും കരാര്‍ നല്‍കിയത്. സിബിഐ അന്വേഷണം വേണമെന്നും ടോണി ചമ്മണി ആവശ്യപ്പെട്ടു.
കോഴിക്കോട് ഞെളിയമ്പറമ്പ് മാലിന്യ സംസ്‌കരണ പ്ലാന്റ് വിഷയം നാളെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ വിശദീകരിക്കുമെന്ന് കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ്പ്. കെഎസ്‌ഐഡിസിക്ക് നല്‍കിയ 12 ഏക്കര്‍ അറുപത്തേഴ് സെന്റ് ഭൂമി തിരിച്ചെടുക്കണമെന്നും സോണ്‍ട കമ്പിക്ക് നല്‍കിയ കരാര്‍ റദ്ദാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഞെളിയന്‍പറമ്പ് മാലിന്യസംസ്‌കരണ കേന്ദ്രത്തില്‍ ബ്രഹ്‌മപുരത്ത് സംഭവിച്ചതു പോലുള്ള ദുരന്തം സംഭവിക്കാതിരിക്കാന്‍ നഗരസഭ സ്വീകരിക്കുന്ന മുന്‍കരുതല്‍ നടപടികള്‍ അറിയിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കോഴിക്കോട് നഗരസഭാ സെക്രട്ടറിക്കാണു നിര്‍ദ്ദേശം നല്‍കിയത്.
വെള്ളിയാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയുണ്ടാകും. പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍, വയനാട് എന്നീ ജില്ലകളിലാണു മഴയ്ക്കു സാധ്യത. മണിക്കൂറില്‍ 40 കീലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യത.
സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയില്‍ വരുന്ന സംസ്ഥാനത്തെ 12,037 വിദ്യാലയങ്ങളിലെ പ്രീ-പ്രൈമറി മുതല്‍ എട്ടാം ക്ലാസ്സുവരെയുള്ള 28.74 ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യാാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. വിതരണത്തിനാവശ്യമായ അരി സപ്ലൈകോ സ്‌കൂളുകളില്‍ എത്തിക്കും.
ബ്രഹ്‌മപുരം വിഷപ്പുകമൂലമുണ്ടായ പ്രതിസന്ധി പരിഹരിയ്ക്കാന്‍ ഒരു കോടി രൂപ സഹായവുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. ശ്വാസ സംബന്ധമായ പ്രശ്‌നങ്ങള്‍ അനുഭവിയ്ക്കുന്നവര്‍ക്ക് വൈദ്യസഹായം നല്‍കാനും, ബ്രഹ്‌മപുരത്ത് മെച്ചപ്പെട്ട മാലിന്യസംസ്‌കരണ സംവിധാനത്തിനുമായാണ് ുക കൈമാറുന്നതെന്ന് എം എ യൂസഫലി കൊച്ചി മേയര്‍ അഡ്വ.എം.അനില്‍ കുമാറിനെ അറിയിച്ചു.
വ്യാജ മുദ്രപത്രം തയാറാക്കി വിറ്റ കേസില്‍ സിപിഎം നേതാവിന്റെ മകന്‍ ഉള്‍പ്പടെ രണ്ടുപേരെ തമിഴ്‌നാട് പൊലീസ് പിടികൂടി. നെടുങ്കണ്ടം മുണ്ടിയെരുമ പറമ്പില്‍ മുഹമ്മദ് സിയാദ്, കോമ്പയാര്‍ ചിരട്ടവേലില്‍ ബിബിന്‍ തോമസ് എന്നിവരാണ് അറസ്റ്റിലായത്. സിപിഎം ഇടുക്കി ജില്ല കമ്മറ്റി മുന്‍ അംഗം പിഎംഎം ബഷീറിന്റെ മകനാണ് മുഹമ്മദ് സിയാദ്.
വിജേഷ് പിള്ളയുടെ പരാതിയില്‍ തനിക്കെതിരേ ക്രൈം ബ്രാഞ്ച് കേസെടുത്തതു നന്നായെന്ന് സ്വപ്ന സുരേഷ്. മാനഷ്ടത്തിനു തനിക്കെതിരെ കേസെടുക്കാനാവില്ല. എന്നിട്ടും കേസെടുക്കാന്‍ ഡിജിപി നിര്‍ദേശിച്ചു. വിജേഷ് പിള്ളയ്ക്ക് മുഖ്യമന്ത്രിയിലോ ഡിജിപിയിലോ സ്വാധീനം ഉള്ളതുകൊണ്ടാകാം വഴിവിട്ട ഈ നടപടിയെന്നും സ്വപ്ന പറഞ്ഞു. കെ.ടി. ജലീലിന്റെ പരാതിയില്‍ തനിക്കെതിരെ എടുത്ത ക്രൈം ബ്രാഞ്ച് കേസ് എന്തായിയെന്നും സ്വപ്ന പരിഹസിച്ചു.
വ്യാജ ആരോപണം ഉന്നയിച്ചതിന് സ്വപ്‌ന സുരേഷിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നോട്ടീസയച്ചു. ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടും മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടുമാണ് നോട്ടീസ്.
ഓര്‍ത്തഡോക്‌സ് വിഭാഗം പ്രതിനിധികള്‍ സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി. സഭ തര്‍ക്കം പരിഹരിക്കാന്‍ കൊണ്ടുവരുന്ന നിയമ നിര്‍മാണം സുപ്രീം കോടതി വിധിക്കു വിരുദ്ധമാണെന്നും സര്‍ക്കാര്‍ പിന്‍മാറണമെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം ആവശ്യപ്പെട്ടു.
വഞ്ചനാകേസിലെ പ്രതിയായ പിടികിട്ടാപ്പുള്ളി 22 വര്‍ഷങ്ങള്‍ക്കു ശേഷം പിടിയില്‍. കോഴിക്കോട് വെള്ളയില്‍ സ്വദേശി സി വി സക്കറിയയെയാണ് അറസ്റ്റു ചെയ്തത്.
ശൈശവവിവാഹം ചെയ്ത നാല്‍പ്പത്തഞ്ചുകാരന്‍ പിടിയിലായി. ഇടമലക്കുടി ആദിവാസി കുടിയില്‍ കണ്ടത്തുകൂടി ഊരിലെ രാമന്‍ ആണ് പിടിയിലായത്.
നെയ്യാര്‍ മണല്‍ ഖനനത്തിനെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ അന്തരിച്ചു. 90 വയസായിരുന്നു. ജില്ലാ പഞ്ചായത്തിന്റെ അണ്ടൂര്‍ക്കോണത്തെ വയോജന കേന്ദ്രത്തിലായിരുന്നു ആയിരുന്നു അന്ത്യം. കൈയ്യില്‍ വെട്ടുകത്തിയുമായി നെയ്യാറിലെ മണല്‍മാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്കു സമരം നടത്തിയത് വാര്‍ത്തയായിരുന്നു. നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലെ സ്ഥലങ്ങളെല്ലാം മണല്‍മാഫിയ വിലക്കു വാങ്ങി മണല്‍ കുഴിച്ചു കടത്തിയപ്പോഴും ഡാളിയമ്മൂമ്മ സ്വന്തം സ്ഥലം വിട്ടുകൊടുക്കാതെ പ്രതിരോധിച്ചു.
കൊച്ചി കടവന്ത്രയില്‍ പാചകവാതക സിലിണ്ടര്‍ തീ പിടിച്ച് പൊട്ടിത്തെറിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടത്തിലെ സിലിണ്ടറാണ് പൊട്ടിത്തെറിച്ചത്. ആര്‍ക്കും പരിക്കില്ല.
വയനാട് തൊണ്ടര്‍നാടിലെ ആദിവാസി കോളനിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി. നാലംഗ മാവോയിസ്റ്റ് സംഘം ലഘു ലേഖകള്‍ വിതരണം ചെയ്തു. വനം വകുപ്പിന്റെ പുതിയ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനം റദ്ദാക്കി പുതിയ വിജ്ഞാപനം പുറത്തിറക്കണമെന്നാണ് ആവശ്യപ്പെടുന്ന ലഘുലേഖകളാണ് വിതരണം ചെയ്തത്.
ലോക് സഭയില്‍ വീണ്ടും ഭരണ പ്രതിപക്ഷ ബഹളം. തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി, അദാനി വിഷയങ്ങളെ ചൊല്ലിയായിരുന്നു ബഹളം. ഉച്ചവരെ ഇരുസഭകളും നിര്‍ത്തിവച്ചിരുന്നു. ഉച്ചയ്ക്കുശേഷവും സഭയില്‍ ബഹളം തുടര്‍ന്നു. അദാനി വിവാദത്തില്‍ ജെപിസി അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി. ഇതോടെ ഇരുസഭകളും പിരിഞ്ഞു.
രാജ്യത്തെ കയറ്റുമതിയില്‍ തകര്‍ച്ച. ഫെബ്രുവരിയില്‍ ഇന്ത്യയുടെ കയറ്റുമതി 8.8 ശതമാനം ഇടിഞ്ഞ് 3388 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം രാജ്യത്തെ കയറ്റുമതി 3715 കോടി ഡോളറായിരുന്നു. തുടര്‍ച്ചയായ മൂന്നാം മാസമാണ് കയറ്റുമതിയില്‍ കുറവു രേഖപ്പെടുത്തുന്നത്. രാജ്യത്തെ ഇറക്കുമതിയും കുറഞ്ഞിട്ടുണ്ട്. ഇറക്കുമതി 8.21 ശതമാനം ഇടിഞ്ഞ് 5131 കോടി ഡോളറിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ മാസം ഇറക്കുമതി 559 കോടി ഡോളറായിരുന്നു.
ക്ഷേത്രോത്സവത്തിനിടെ രഥത്തിലെ ദീപാലങ്കാരത്തിനുള്ള ജനറേറ്ററില്‍ മുടി കുടുങ്ങി 13 വയസുകാരി മരിച്ചു. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയായ എസ് ലാവണ്യയാണ് മരിച്ചത്.
മധ്യപ്രദേശിലെ വിദിഷയില്‍ കുഴല്‍ കിണറ്റില്‍ വീണ എട്ടുവയസുകാരന്‍ മരിച്ചു. അറുപതടി താഴ്ചയുള്ള കുഴല്‍ കിണറില്‍നിന്ന് 20 മണിക്കൂറിനുശേഷമാണു പുറത്തെടുക്കാനായത്.
ഓസ്‌കര്‍ പുരസ്‌കാരം നേടിയ ‘ദ എലിഫന്റ് വിസ്‌പേഴ്‌സി’ലെ ആന പരിപാലകരായ ദമ്പതികളെ തമിഴ്‌നാട് സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആദരിച്ചു. ഗോത്രവിഭാഗത്തില്‍പ്പെട്ട ബൊമ്മന്‍, ബെല്ലി എന്നീ ദമ്പതിമാരും അമ്മു, രഘു എന്നീ ആനകളും തമ്മിലുള്ള ആത്മബന്ധമാണ് ഡോക്യുമെന്ററിയുടെ പ്രമേയം. ബൊമ്മനേയും ബെല്ലിയേയും പൊന്നാട അണിയിച്ച് ആദരിച്ച മുഖ്യമന്ത്രി ഇരുവര്‍ക്കും ഒരു ലക്ഷം രൂപ വീതം പാരിതോഷികവും നല്‍കി. തെപ്പക്കാട് കോഴിക്കാമുത്തി ആന ക്യാമ്പിലെ 91 പാപ്പാന്‍മാര്‍ക്കും സ്റ്റാലിന്‍ ഒരു ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചു.
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ എസ് ജഗന്മോഹന്‍ റെഡ്ഡിയുടെ പേരില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതിന് മുന്‍ രഞ്ജി ക്രിക്കറ്റ് താരം നാഗരാജു ബുദുമുരു (28) അറസ്റ്റിലായി. മുഖ്യമന്ത്രിയുടെ പിഎ ആണെന്ന് അവകാശപ്പെട്ട്ഒരു ഇലക്ട്രോണിക്‌സ് കമ്പനിയില്‍നിന്ന് 12 ലക്ഷം രൂപ തട്ടിയെടുത്തെന്നാണു കേസ്.
വീട്ടില്‍ 55 കാരിയായ അമ്മയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകള്‍ അറസ്റ്റില്‍. മുംബൈയിലെ ലാല്‍ബോഗിലാണു ബിനയെ കൊലപ്പെടുത്തിയതിന് 22 കാരിയായ മകള്‍ റിംപിള്‍ ജെയിന്‍ അറസ്റ്റിലായത്. ബിനയെ കാണാനില്ലെന്ന് സഹോദരനും അനന്തിരവനും പൊലീസില്‍ പരാതി നല്‍കിയിരുന്നു.
ബോളിവുഡ് നടന്‍ സമീര്‍ ഖാഖര്‍ (71) അന്തരിച്ചു. ആന്തരികാവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്നാണ് മരണം.
ത്രിപുരയിലെ ധന്‍പ്പൂര്‍ മണ്ഡലത്തില്‍നിന്ന് എം എല്‍ എ ആയി തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രമന്ത്രി പ്രതിമ ഭൗമിക്ക് എം എല്‍ എ സ്ഥാനം രാജിവച്ചു. ഇതോടെ ഇവിടെ ഉപതെരഞ്ഞെടുപ്പ് ഉറപ്പായി. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നേതാവായിരുന്നു പ്രതിമ. എന്നാല്‍ ബി ജെ പി കേന്ദ്ര നേതൃത്വം മണിക്ക് സാഹ തുടരണമെന്നു തീരുമാനിക്കുകയായിരുന്നു.
പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാനെ അറസ്റ്റു ചെയ്യുന്നു ലാഹോര്‍ കോടതി തടഞ്ഞു. നാളെ രാവിലെ 10 മണി വരെ പൊലീസ് നടപടി അരുതെന്നാണ് ഉത്തരവ്. പൊലീസ് പിന്മാറിയതോടെ വീടിനു മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ ഇമ്രാന്‍ അഭിസംബോധന ചെയ്തു. തന്നെ തട്ടിക്കൊണ്ടുപോയി കൊല്ലാനാണ് പോലീസിന്റെ അറസ്റ്റു നീക്കമെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചിരുന്നു.
കൊവിഡ് വ്യാപനം കുറഞ്ഞതോടെ ചൈന വിദേശ വിനോദ സഞ്ചാരികള്‍ക്കു പ്രവേശനം അനുവദിച്ചു. മൂന്നു വര്‍ഷത്തിനു ശേഷമാണ് ചൈന വിദേശ സഞ്ചാരികള്‍ക്കായി അതിര്‍ത്തി തുറക്കുന്നത്.