വിഷപ്പുകമൂലം ബ്രഹ്‌മപുരം പ്രദേശത്തെ ജനങ്ങളുടെ രക്തത്തില്‍ വര്‍ധിച്ച ഡയോക്സിന്റെ അളവ് അടിയന്തരമായി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷപുക ശ്വസിച്ച പ്രദേശങ്ങളിലുള്ള പശു, ആട്, എരുമ എന്നീ വളര്‍ത്തു മൃഗങ്ങളുടെ പാല്‍, രക്തം, മാംസം എന്നിവയിലടങ്ങിയിരിക്കുന്ന ഡയോക്സിന്റെ അളവ് പരിശോധിക്കണം. തകരാറുകള്‍ സംഭവിച്ചവര്‍ക്കു സര്‍ക്കാര്‍ ചികില്‍സാ സൗകര്യവും നഷ്ടപരിഹാരവും നല്‍കണമെന്നും സതീശന്‍.
മാലിന്യ സംസ്‌കരണത്തിന്റെ പേരില്‍ ജനങ്ങളെ ഇനിയും ബുദ്ധിമുട്ടിക്കനാവില്ലെന്ന് ഹൈക്കോടതി. മാലിന്യ സംസ്‌കരണത്തിനു കുട്ടികള്‍ അടക്കമുള്ളവര്‍ക്കു പരിശീലനം നല്‍കണം. കടമ്പ്രയാറിലേയും കിണറുകളിലേയും ജലത്തിന്റെ ഗുണനിലവാരം പരിശോധിക്കണമെന്നും കോടതി.
ബ്രഹ്‌മപുരം തീപിടിത്തത്തെ തുടര്‍ന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ മരണമെന്ന് പരാതി ഉയര്‍ന്ന കൊച്ചിയിലെ സംഭവത്തില്‍ ഡെത്ത് ഓഡിറ്റ് നടത്തും. മരിച്ചയാളുടെ ശരീരത്തില്‍ ഡയോക്‌സിന്‍ സാന്നിധ്യം സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്.
ബ്രഹ്‌മപുരം തീപിടിത്തം, വിഷപ്പുക എന്നിവ അടക്കമുള്ള വിഷയങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ നിയമസഭയില്‍ പത്യേക പ്രസ്താവന നടത്തും. തീപിടിത്തത്തില്‍ ഇതുവരെ മുഖ്യമന്ത്രി പ്രതികരിച്ചിരുന്നില്ല.
ബ്രഹ്‌മപുരം വിഷയത്തില്‍ എറണാകുളത്ത് ആരോഗ്യ സര്‍വെ തുടങ്ങി. 1567 പേരുടെ വിവര ശേഖരണം നടത്തി. 1249 പേര്‍ ചികിത്സ തേടി. 11 ശ്വാസ് ക്ലിനിക്കുകള്‍ തുടങ്ങി. ഇന്ന് 68 പേര്‍ ചികിത്സ തേടി. ആറു മൊബൈല്‍ യൂണിറ്റുകളും ചികിത്സാ സൗകര്യങ്ങള്‍ നല്‍കുന്നുണ്ട്.
നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ഷാഫി പറമ്പില്‍ അടുത്ത തവണ പാലക്കാട് തോല്‍ക്കുമെന്ന സ്പീക്കര്‍ ഷംസീറിന്റെ വിവാദപരാമര്‍ശത്തിന് ഷാഫി പറമ്പില്‍ എംഎല്‍എയുടെ മറുചോദ്യം. ബിജെപി രണ്ടാം സ്ഥാനത്തു വന്ന പാലക്കാട് താന്‍ തോറ്റാല്‍ പകരം ആരു ജയിക്കണമെന്ന് സ്പീക്കര്‍ പറയുന്നതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.
നിയമസഭയിലെ എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ സംരക്ഷിക്കേണ്ട സ്പീക്കര്‍, ഷാഫി പറമ്പിലിനെതിരേ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറയണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ ഷംസീര്‍ ജ്യോല്‍സ്യനാണോയെന്ന് അറിയില്ല. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്തിയാണ് മുന്നാം തവണ ഷാഫി പറമ്പില്‍ വിജയിച്ചത്. ചെന്നിത്തല പറഞ്ഞു.
കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച്ച സംസ്ഥാനത്ത് മെഡിക്കല്‍ സമരം. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഡോക്ടര്‍മാര്‍ പണിമുടക്കും. സ്വകാര്യ പ്രാക്ടീസും ഉണ്ടാവില്ല.
നാളെ മുതല്‍ വെള്ളിയാഴ്ച വരെയുള്ള ദിവസങ്ങളില്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്കു സാധ്യത. ഈ ദിവസങ്ങളില്‍ മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുണ്ട്.
മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം ഒന്നിനു തുടങ്ങണമെന്ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗം നിര്‍ദ്ദേശിച്ചു. മുഴുവന്‍ വീടുകളിലും സ്ഥാപനങ്ങളിലും ജൈവമാലിന്യം ഉറവിടത്തില്‍ സംസ്‌ക്കരിക്കണം. ഹരിത കര്‍മ്മസേനയെ ഫലപ്രദമായി ഉപയോഗിച്ച് വാതില്‍പ്പടി ശേഖരണവും തരംതിരിക്കലും ഉറപ്പാക്കണമെന്നും നിര്‍ദേശം.
മുത്തൂറ്റ് വധക്കേസില്‍ ഏട്ടു പ്രതികളുടെ ജീവപര്യന്തം ഹൈക്കോടതി റദ്ദാക്കിയതു തെളിവുകള്‍ പരിശോധിക്കാതെയാണെന്ന് സിബിഐ സുപ്രീം കോടതിയില്‍. ഹൈക്കോടതി ഉത്തരവിനെതിരെ പോള്‍ മൂത്തൂറ്റിന്റെ കുടുംബം സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീലിലാണ് സിബിഐ നിലപാട് വ്യക്തമാക്കിയത്. കേസില്‍ രണ്ടാം പ്രതി കാരി സതീഷ് ഒഴികെയുള്ളവരുടെ ശിക്ഷയാണ് ഹൈക്കോടതി റദ്ദാാക്കിയത്. കേസിലെ ഒന്നാം പ്രതി ജയചന്ദ്രന്‍ ക്വട്ടേഷന്‍ സംഘത്തിന്റെ തലവനാണെന്ന കാര്യംപോലും ഹൈക്കോടതി പരിഗണിച്ചില്ലെന്നു സിബിഐ.
കൊല്ലം കരിക്കോട് മഫ്തിയിലെത്തിയ പൊലീസ് യുവാവിനെ മര്‍ദ്ദിച്ചെന്നു പരാതി. കരിക്കോട് സ്വദേശി സിനുലാലിനാണ് മര്‍ദനമേറ്റത്. രാത്രി പത്തു മണിയോടെ കൊലക്കേസ് പ്രതിയെ പിടിക്കാനെന്ന പേരില്‍ എത്തിയ മഫ്ടിയിലുള്ള സംഘത്തോട് പോലീസാണെന്നതിനുള്ള തിരിച്ചറിയല്‍ രേഖ കാണിക്കണമെന്ന് ആവശ്യപ്പെട്ടതിനാണു മര്‍ദനം. പ്രതിയെ പിടിക്കാനെത്തിയ എസ്‌ഐയെ മദ്യലഹരിയില്‍ സിനുലാല്‍ മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.
വോഭ്യര്‍ത്ഥിക്കാന്‍ എത്തിയ കാലിക്കറ്റ് സര്‍വകലാശാല കെഎസ്‌യു ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ത്ഥിയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറില്‍ പൂട്ടിയിട്ടെന്നു പരാതി. തൃശൂര്‍ പൊങ്ങണങ്ങാട്ടെ കോളേജിലാണ് സംഭവം. കോളജിലെ അക്ഷയ് എന്ന യുയുസിയോട് വോട്ടഭര്‍ത്ഥിക്കാന്‍ എത്തിയ തെരേസ് പി ജിമ്മിയെ പുറത്തുനിന്നെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കാറിന്റെ താക്കോല്‍ ഊരി വാങ്ങി അരമണിക്കൂറോളം പൂട്ടിയിട്ടെന്നാണ് ആരോപണം. വിയ്യൂര്‍ പൊലീസ് എത്തിയാണ് കാറില്‍നിന്ന് കെഎസ്‌യു പ്രവര്‍ത്തകരെ പുറത്തിറക്കിയത്.
ഒത്തുതീര്‍പ്പാക്കിയിട്ടും സാക്ഷരതാ പ്രേരക്മാര്‍ സമരം തുടരുന്നത് ദുഷ്ടലാക്കോടെയെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രിമാര്‍ കൂടിയിരുന്നു ചര്‍ച്ച ചെയ്താണു ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും സമരം അവസാനിപ്പിക്കാത്തതു ശരിയല്ലെന്നും മന്ത്രി.
ലൈഫ് മിഷന്‍ അടക്കം തനിക്കെതിരേ സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയ പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുമ്പോള്‍ പലതും കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. എന്‍ഫോഴ്‌സ്‌മെന്റിന്റെ സമന്‍സ് ലഭിച്ചോയെന്നു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ വാര്‍ത്ത നല്‍കിയവരോടുതന്നെ ചോദിക്കണമെന്ന് അദ്ദേഹം പ്രതികരിച്ചു.
മദ്യപിച്ചു ബസോടിച്ച മൂന്നു ഡ്രൈവര്‍മാരെ കെഎസ്ആര്‍ടിസി സസ്‌പെന്‍ഡ് ചെയ്തു. മദ്യപിച്ച് ജോലിക്കെത്തിയ ഒരു ഡിപ്പോ ജീവനക്കാരനെയും സഹപ്രവര്‍ത്തകനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ എടിഒയും അടക്കം അഞ്ച് പേരെയും സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്.
ആഡംബര വാഹനത്തില്‍ മദ്യം കടത്തിയ യുവാവ് പിടിയില്‍. മൂന്നാര്‍ മാങ്കുളം പെരുമ്പന്‍കുത്ത് സ്വദേശി നിറകുളം വീട്ടില്‍ എയ്ഞ്ചല്‍ റോയ്മോനാണ് അറസ്റ്റിലായത്. ഇയാളുടെ വാഹനത്തില്‍ നിന്നും 40 ലിറ്റര്‍ വിദേശമദ്യം പിടികൂടി.
കുറഞ്ഞ ചെലവില്‍ വിദേശ ഭാഷാ പഠന പദ്ധതിയുമായി നോര്‍ക്ക. ആദ്യ പഠന കേന്ദ്രം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. ബിപിഎല്‍, എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്ക് പഠനം സൗജന്യമാണ്.
ഇംഗ്ലീഷ്, ജര്‍മന്‍ ഭാഷകളിലാണ് ആദ്യം പരിശീലനം.
രാഹുല്‍ ഗാന്ധിയുടെ ലണ്ടനിലെ പ്രസംഗത്തിനെതിരെ ആര്‍എസ്എസ്. പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവെന്ന നിലയില്‍ രാഹുല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നു ജനറല്‍ സെക്രട്ടറി ദത്താത്രേയ ഹൊസബലേ പറഞ്ഞു. ആര്‍ എസ് എസ് എന്താണെന്ന് എല്ലാവര്‍ക്കും അറിയാം. രാഹുലിന് ജനാധിപത്യത്തെ കുറിച്ച് സംസാരിക്കാന്‍ അധികാരുമുണ്ടോയെന്ന് ജനം ചോദിക്കുമെന്നും ഹൊസബലേ പറഞ്ഞു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നാളെ മുതല്‍ വായ്പാ പലിശ നിരക്ക് വര്‍ധിപ്പിക്കും. വായ്പകള്‍ക്ക് 0.7 ശതമാനം മുതല്‍ 14.85 ശതമാനം വരെ പലിശ വര്‍ദ്ധിക്കും.
തെലങ്കാന സര്‍ക്കാരിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധിച്ച വൈ എസ് ആര്‍ തെലങ്കാന പാര്‍ട്ടി നേതാവ് വൈ എസ് ശര്‍മ്മിളയെ പൊലീസ് അറസ്റ്റ് ചെയ്തു. കലേശ്വരം ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതിയില്‍ ക്രമക്കേടാരോപിച്ചായിരുന്നു പ്രതിഷേധം. ഗോദാവരി നദിയിലെ വിവിധോദ്ദേശ്യ ജലസേചന പദ്ധതിയാണിത്.
വ്യവസായി ഗൗതം അദാനിയുടെ ഇളയ മകന്‍ ജീത് അദാനിയും വജ്രവ്യാപാരിയുടെ മകള്‍ ദിവ ജയ്മിന്‍ ഷായും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞു. മുംബൈയിലും സൂറത്തിലുമായി പ്രവര്‍ത്തിക്കുന്ന സി ദിനേഷ് ആന്‍ഡ് കോ- പ്രൈവറ്റ് ലിമിറ്റഡ് എന്ന വജ്രക്കമ്പനി ഉടമയും വജ്രവ്യാപാരിയുമായ ജയ്മിന്‍ ഷായുടെ മകളെയാണു വിവാഹം ചെയ്യുന്നത്. വിവാഹത്തീയതി വെളിപ്പെടുത്തിയിട്ടില്ല,
മദ്യപിച്ചു ലക്കുകെട്ട് ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് മൂത്രമൊഴിച്ച ടിടിഇയെ അറസ്റ്റ് ചെയ്തു. ടിടി മുന്ന കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജോലിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. അമൃത്സറില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്ന അകാല്‍ താഖ്ത് എക്‌സ്പ്രസിലാണ് രാത്രി ഇയാള്‍ മൂത്രമൊഴിച്ചത്.
കൂടുതല്‍ വായു മലിനീകരണമുള്ള അന്‍പത് നഗരങ്ങളില്‍ 39 എണ്ണവും ഇന്ത്യയില്‍. സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായുള്ള ഐക്യു എയറിന്റെ 2022 ലെ വേള്‍ഡ് എയര്‍ ക്വാളിറ്റി റിപ്പോര്‍ട്ടിലാണ് ഈ വിവരം. ഇന്ത്യ ലോകത്തെ ഏറ്റവും മലിനീകരണമുള്ള എട്ടാമത്തെ രാജ്യമാണ്. 2021 ല്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തായിരുന്നു. ആഫ്രിക്കന്‍ രാജ്യമായ ചാഡ് ആണ് ഒന്നാമത്. പാക്കിസ്ഥാന്‍ മൂന്നാം സ്ഥാനത്താണ്.
താന്‍ ജയിലില്‍ പോയാലും കൊല്ലപ്പെട്ടാലും അവകാശങ്ങള്‍ക്കായി പോരാടണമെന്ന ആഹ്വാനവുമായി ഇമ്രാന്‍ഖാന്‍. അറസ്റ്റിനായി വളഞ്ഞ പോലീസിനെ നേരിടുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശഭരിതരാക്കുന്ന വികാര നിര്‍ഭരമായ വീഡിയോയാണ് ഇമ്രാന്‍ഖാന്‍ പങ്കുവച്ചത്. വീഡിയോ പ്രചരിച്ചതിനു പിറകേ, ലാഹോറില്‍ ഇന്റര്‍നെറ്റ് സേവനം വിച്ഛേദിച്ചു.