കനത്ത മഴ തുടരുന്നതിനാല്‍ നാളെ കാസര്‍കോട്, കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. കാസര്‍കോട് കോളജുകള്‍ക്ക് അവധിയില്ല. കണ്ണൂരിലും തൃശൂരിലും പ്രഫഷണല്‍ കോളജുകള്‍ ഉള്‍പെടെയുള്ളവയ്ക്കാണ് അവധി.
സംസ്ഥാനത്തെ എഐ കാമറകള്‍ കഴിഞ്ഞ ഒരു മാസം 20,42,542 നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. എന്നാല്‍ കെല്‍ട്രോണ്‍ നടിപടിയെടുത്തത് 7,41,766 എണ്ണത്തില്‍ മാത്രമാണ്. 1.77 ലക്ഷം പേര്‍ക്കേ പിഴ നോട്ടീസ് അയക്കാനായിട്ടുള്ളൂ. പിഴത്തുകയായി സര്‍ക്കാരിനു ലിക്കേണ്ട 7.94 കോടി രൂപക്കു പകരം ലഭിച്ചത് 81.78 ലക്ഷം രൂപയാണ്. മൂന്നു മാസത്തിനകം കൂടുതല്‍ ജീവനക്കാരെ നിയോഗിച്ച് നോട്ടീസ് അയക്കലും പിഴത്തുക ഈടാക്കലും ഊര്‍ജിതമാക്കും. ക്യാമറ വന്നതോടെ അപകട നിരക്ക് പകുതിയായി. കഴിഞ്ഞ ജൂണില്‍ മരണം 344 ആയിരുന്നു. ഇത്തവണ 140 മാത്രമാണ്.
ഡിജിറ്റല്‍ സര്‍വേയുടെ പേരിലും വന്‍ അഴിമതി നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കള്ളക്കേസുകള്‍ക്കെതിരേ കെപിസിസി ആഹ്വാനമനുസരിച്ചു തൃശൂരില്‍ നടത്തിയ പോലീസ് കമ്മീഷണര്‍ ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷ ശബ്ദങ്ങളെ നിശബ്ദമാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചാല്‍ എന്തു വില കൊടുത്തും കോണ്‍ഗ്രസ് നേരിടും. ഐ ക്യാമറ, കെ ഫോണ്‍, കെ റെയില്‍, സ്വര്‍ണക്കള്ളക്കടത്ത് എന്നീ അഴിമതികളിലൂടെ കോടാനുകോടി രൂപ അടിച്ചുമാറ്റിയ മുഖ്യമന്ത്രിയും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും അഴിമതിയില്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
അഞ്ചു ദിവസം കേരളത്തില്‍ കനത്ത മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം. പത്തനംതിട്ട മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ 200 സെന്റീ മീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം തുറന്നുവിടും. പമ്പയാറിന്റെയും കക്കാട്ടാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം. താമരശേരി ചുരം അടക്കം പല സ്ഥലംങ്ങളിലും മരം വീണ് ഗതാഗതം തടസപ്പെട്ടു. വടക്കന്‍ കേരളത്തില്‍ ശക്തമായ മഴയ്ക്കു സാധ്യത. മൂന്നു ദിവസത്തിനു ശേഷം മഴയ കുറയും.
ഓണ്‍ലൈന്‍ മാധ്യമമായ മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം പട്ടത്തെ ഹെഡ് ഓഫിസിലെ എല്ലാം കംപ്യൂട്ടറുകളും ഉപകരണങ്ങളും പോലീസ് പിടിച്ചെടുക്കുകയും ഓഫീസ് അടച്ചു സീല്‍വയ്ക്കുകയും ചെയ്തതോടെ ചാനലിന്റെ പ്രവര്‍ത്തനം നിലച്ചു. ജീവനക്കാരുടെ വീടുകളിലും പോലീസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരിക്കേ, എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഒളിവിലാണ്.
പ്രതിയെ കിട്ടാത്തതിന്റെ പേരില്‍ ജീവനക്കാരായ മാധ്യമ പ്രവര്‍ത്തകരുടെ വീടുകളില്‍ റെയ്ഡ് നടത്തി ഫോണും ലാപ്‌ടോപ്പും അടക്കമുള്ളവ പിടിച്ചെടുത്ത പൊലീസ് നടപടിയെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അപലപിച്ചു. മറുനാടന്‍ മലയാളി എന്ന ഓണ്‍ലൈന്‍ സ്ഥാപനമുടമ ഷാജന്‍ സ്‌കറിയക്കെതിരെയുളള കേസിന്റെ പേരില്‍ സ്ത്രീകള്‍ അടക്കമുളള മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും പൊലീസ് റെയ്ഡ് നടത്തിയതു കേട്ടുകേള്‍വിയില്ലാത്ത നടപടിയാണെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.
കൈക്കൂലി കേസില്‍ വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലായി. തൃശൂര്‍ ആറങ്ങോട്ടുകര വില്ലേജ് ഓഫീസിലെ ടി അയ്യപ്പനാണ് 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. ആര്‍ ഒ ആര്‍ സര്‍ട്ടിഫിക്കറ്റിനായി ഒരു വര്‍ഷത്തോളമായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ ആളില്‍നിന്നാണ് അയ്യായിരം രൂപ വാങ്ങിയത്.
തിരുവനന്തപുരത്തെ മത്സ്യത്തൊഴിലാളി കുടുംബത്തില്‍നിന്ന് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസിലേക്കു തെരഞ്ഞെടുക്കപ്പെട്ട് ഒരു യുവാവ്. തിരുവനന്തപുരം ഫോര്‍ച്യൂണ്‍ ഐഎഎസ് അക്കാദമിയിലെ സീനിയര്‍ ഫാക്കല്‍റ്റിയായ ആനന്ദ് ജസ്റ്റിനാണ് 117-ാം റാങ്കോടെ ഐഎഫ്എസ് നേടിയത്.
ഏകീകൃത സിവില്‍ കോഡിനെതിരേ എല്ലാ സമുദായങ്ങളേയും രാഷ്ട്രീയ പാര്‍ട്ടികളേയും പങ്കെടുപ്പിച്ചു സെമിനാറും സമരങ്ങളും നടത്തുമെന്ന് മുസ്ലീം ലീഗ്. വിഷയം മുസ്ലിം വിഭാഗങ്ങളെ മാത്രം ബാധിക്കുന്നതല്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വാഗതം ചെയ്‌തെന്ന സാമൂഹ്യമാധ്യമങ്ങളിലെ പ്രചാരണം തെറ്റാണെന്ന് സഭാ വക്താവ് അറിയിച്ചു.
മുല്ലപെരിയാര്‍ ഡാം സുരക്ഷ സംബന്ധിച്ച് തമിഴ്‌നാട് പഠനം നടത്തുമെന്ന് സുപ്രീംകോടതിയില്‍ മേല്‍നോട്ട സമിതി. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശം.
പാലക്കാട് വടക്കഞ്ചേരി പല്ലാറോഡ് പാടത്ത് കള വലിക്കുന്നതിനിടയില്‍ തെങ്ങു വീണ് വീട്ടമ്മ മരിച്ചു. മണി കുമാരന്റെ ഭാര്യ തങ്കമണി(55)യാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വെള്ളച്ചിക്ക് പരുക്കേറ്റു.
മൂന്നാറില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടുപേര്‍ക്കു പരിക്കേറ്റു. ലക്ഷ്മി വെസ്റ്റ് ഡിവിഷന്‍ എസ്റ്റേറ്റ് സ്വദേശികളായ മണി, ക്രിസ്റ്റി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
നെടുമ്പാശേരി വിമാനത്താവളത്തില്‍ ഏഴു വനിതാ യാത്രക്കാരില്‍ നിന്നായി ഒന്നേകാല്‍ കോടി രൂപയുടെ
രണ്ടര കിലോ സ്വര്‍ണം പിടികൂടി. മൂന്നു വിമാനങ്ങളിലെത്തിയ ഏഴ് യുവതികളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
റോഡില്‍ പെണ്‍കുട്ടിയെ ബലമായി തടഞ്ഞുനിര്‍ത്തി ചുംബിക്കുകയും മര്‍ദിക്കുകയും ചെയ്ത 63 കാരന്‍ പിടിയില്‍. എറണാകുളം ഓടമക്കാലിയില്‍ ഓട്ടോ ഡ്രൈവറായ സത്താറിനെയാണ് കുറുപ്പുംപടി പോലീസ് അറസ്റ്റുചെയ്തത്.
കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ 11 വയസുള്ള പെണ്‍കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയ പ്രതിക്ക് ഏഴു വര്‍ഷം കഠിനതടവും മുപ്പതിനായിരം രൂപ പിഴയും ശിക്ഷ. ചാവക്കാട് മണത്തല സ്വദേശി അലിയെ (54) യാണ് കോടതി ശിക്ഷിച്ചത്.
നാലര ലക്ഷം കോടി രൂപ ചെലവില്‍ രാജ്യത്തുടനീളം 10,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നിരവധി ഗ്രീന്‍ഫീല്‍ഡ് എക്സ്പ്രസ് വേ പദ്ധതികള്‍ നിര്‍മ്മിക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ഭാരത് മാല പരിയോജനയുടെ കീഴിലാണ് റോഡ് ശൃംഖല നിര്‍മിക്കുക. നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ( എന്‍എച്ച്എഐ ) വിവിധ രീതിയിലുള്ള ധനസഹായം വഴി 70,000 കോടിയിലധികം രൂപ സമാഹരിച്ചിട്ടുണ്ട്. ഈ തുക ഹൈവേ പദ്ധതികള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു.
റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ലിങ്ക് ചെയ്യാനുള്ള സമയപരിധി കേന്ദ്രസര്‍ക്കാര്‍. സെപ്തംബര്‍ 30 വരെ നീട്ടി.
മലയാളം ചലച്ചിത്ര നടന്‍ വിജയകുമാര്‍ മതില്‍ ചാടി ആക്രമിക്കാനെത്തിയെന്നു മകളും നടിയുമായ അര്‍ഥന ബിനു. പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയെടുക്കാത്തതിനാലാണ് വീഡിയോ സഹിതം സാമൂഹ്യ മാധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിക്കുന്നതെന്നും അര്‍ഥന പറഞ്ഞു. അമ്മയെയും സഹോദരിയെയും തന്നെയും ഭീഷണിപ്പെടുത്തുന്നതിനെതിരെ പൊലീസില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ഈ സംഭവമെന്നും അര്‍ഥന പറയുന്നു.
ബിജെപി നാല് സംസ്ഥാന അധ്യക്ഷന്‍മാരെ മാറ്റി. കേന്ദ്ര മന്ത്രി ജി കിഷന്‍ റെഡ്ഡിയെ തെലങ്കാന അധ്യക്ഷനായി നിയമിച്ചു. ബണ്ഡി സഞ്ജയെ അധ്യക്ഷ സ്ഥാനത്തനിന്ന് മാറ്റി. ആന്ധ്രപ്രദേശ് സംസ്ഥാന അധ്യക്ഷയായി ഡി.പുരന്ദേശ്വരിയെ നിയമിച്ചു. ബാബുലാല്‍ മറാണ്ടിയാണ് ജാര്‍ഖണ്ഡ് സംസ്ഥാന അധ്യക്ഷന്‍. സുനില്‍ ത്സാക്കറെയെ പഞ്ചാബ് സംസ്ഥാന പ്രസിഡന്റാക്കി. തെരഞ്ഞെടുപ്പിനു കളമൊരുക്കാന്‍ എല്ലാ മന്ത്രാലയങ്ങളും ജനങ്ങളിലേക്ക് കൂടുതല്‍ എത്തണമെന്നും പ്രധാനമന്ത്രി മന്ത്രിമാരുട സമ്പൂര്‍ണ സമ്മേളനത്തില്‍ നിര്‍ദേശിച്ചിരുന്നു. അഞ്ചു മണിക്കൂര്‍ നീണ്ടു നിന്ന യോഗത്തില്‍ പ്രധാന പദ്ധതികളുടെ അവലോകനവും നടന്നു.
കോണ്‍ഗ്രസിന്റെ അഞ്ച് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ക്കെതിരെ കര്‍ണാടക നിയമസഭയില്‍ അടിയന്തര പ്രമേയവുമായി ബിജെപി. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന വാഗ്ദാനങ്ങള്‍ നടപ്പാക്കരുതെന്ന് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ അനുമതി നിഷേധിച്ചു. തുടര്‍ന്ന് ബിജെപി എംഎല്‍എമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു.
അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ബ്യൂട്ടി സലൂണുകള്‍ ഒരു മാസത്തിനകം അടച്ചുപൂട്ടാന്‍ താലിബാന്‍ ഭരണകൂടം ഉത്തരവിട്ടു.