മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി സഭയിലും മിണ്ടില്ലെന്ന വാശിയുമായി കേന്ദ്രസര്‍ക്കാര്‍. ഇതേത്തുടര്‍ന്ന് ഭരണപക്ഷവും പ്രതിപക്ഷവും ബഹളം വച്ചതോടെ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായി. പ്രധാനമന്ത്രിയുടെ പ്രസ്താവന ആവശ്യപ്പെട്ട് രണ്ടു സഭകളിലും പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. മണിപ്പൂരിനു പകരം കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലെ ലൈംഗിക അതിക്രമത്തെച്ചൊല്ലി ഹ്രസ്വ ചര്‍ച്ചയ്ക്കു ബിജെപി എംപിമാര്‍ നല്‍കിയ നോട്ടീസ് അംഗീകരിക്കാമെന്ന് രാജ്യസഭ അദ്ധ്യക്ഷന്‍ പറഞ്ഞതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമായി.
ഹിന്ദു വിശ്വാസങ്ങളെ അവഹേളിച്ചെന്ന് ആരോപിച്ച് സ്പീക്കര്‍ എ.എന്‍ ഷംസീറിനെതിരെ സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലും പരാതി നല്‍കുമെന്ന് ഹിന്ദു സംഘടനകള്‍. വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തിലാണു പരാതികള്‍ നല്‍കുന്നത്. പല സ്റ്റേഷനുകളിലും ഇതിനകം പരാതി നല്‍കി.ംസീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും വിശ്വ ഹിന്ദു പരിഷത്ത് നിവേദനം നല്‍കും.
മോണ്‍സണ്‍ മാവുങ്കലിനെ ശിക്ഷിച്ച പോക്‌സോ കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനു പങ്കുണ്ടെന്ന് ആരോപിച്ച സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ എറണാകുളം സിജെഎം കോടതിയില്‍ സുധാകരന്‍ മൊഴി നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി ദിവ്യ, ദേശാഭിമാനി ദിനപ്പത്രം എന്നിവര്‍ക്കെതിരേയാണ് മാനനഷ്ട കേസ്.
വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി.
ഉമ്മന്‍ ചാണ്ടിയെ പുകമറയില്‍ നിര്‍ത്തി അപമാനിക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സോളാര്‍ കേസിലെ ആരോപണ വിധേയയെ വിളിച്ചുവരുത്തി പരാതി എഴുതി വാങ്ങി സിബിഐക്കു വിട്ടതെന്ന് പ്രതിപക്ഷ നേതാവ് വ.ഡി. സതീശന്‍. തെളിവൊന്നും ഇല്ലെന്നു കണ്ട് സിബിഐ കേസ് അവസാനിപ്പിച്ചു. കാലം കണക്കു ചോദിക്കുമെന്നും സതീശന്‍ പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളില്‍നിന്നാണ് ഉയര്‍ന്നു വരേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്കിടയില്‍നിന്ന് ഉയര്‍ന്നു വന്ന നേതാവാണ്. അദ്ദേഹം തനിക്കു വഴി കാട്ടിയായിരുന്നു. മലപ്പുറത്ത് ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍.
ആര്‍എസ്എസ് അജണ്ട നടപ്പാക്കാനുള്ള സംഘപരിവാര്‍ കലാപങ്ങളാണ് മണിപ്പൂരില്‍ നടക്കുന്നതെന്ന് സിപിഐ നേതാവ് ആനി രാജ. ഇന്നു മണിപ്പൂരില്‍ സംഭവിക്കുന്നത് നാളെ കേരളത്തിലും സംഭവിച്ചേക്കാം. ഇതിനെതിരെ ഒറ്റക്കെട്ടായി പ്രതികരിക്കണം. സിപിഐ കോഴിക്കോട് സംഘടിപ്പിച്ച മണിപ്പൂര്‍ ഐക്യദാര്‍ഡ്യ സദസില്‍ സംസരിക്കുകയായിരുന്നു ആനി രാജ.
രാജ്യത്തെ ഏറ്റവും വലിയ ബിസിനസ് ജെറ്റ് ടെര്‍മിനലായ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ എട്ടു മാസത്തിനകം 562 വിമാനങ്ങള്‍ എത്തിയെന്ന് വ്യവസായ മന്ത്രി പി. രാജീവ്. ഐപിഎല്‍ ലേലത്തിനും ജി 20 ഉദ്യോഗസ്ഥ ഉച്ചകോടിക്കും ബിസിനസ് ടെര്‍മിനലിലാണു വിമാനമിറങ്ങിയത്. ഈ വര്‍ഷം 1000 വിമാനങ്ങളെത്തുമെന്നാണ് പ്രതീക്ഷ. കേരളം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറുകയാണെന്നും മന്ത്രി പി രാജീവ് പറഞ്ഞു.
പാലക്കാട് മേലാര്‍കോട്ടില്‍ അമ്മയും രണ്ടു മക്കളും കിണറ്റില്‍ ചാടി മരിച്ചു. മേലാര്‍കോട് കീഴ്പാടം ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമല്‍ (പത്ത് മാസം) എന്നിവരാണ് മരിച്ചത്.
ഏഴു വയസുള്ള വിദ്യാര്‍ത്ഥിനിയെ ചൂരല്‍ കൊണ്ട് അടിച്ചെന്ന പരാതിയില്‍ അധ്യാപകന്‍ അറസ്റ്റില്‍. ആറന്മുള എരുമക്കാട് ഗുരുക്കന്‍കുന്ന് ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ അധ്യാപകന്‍ ബിനുവിനെയാണ് ആറന്മുള പൊലീസ് അറസ്റ്റു ചെയ്തത്. അമ്മയാണ് പൊലീസില്‍ പരാതി നല്‍കിയത്.
തൃശൂര്‍ പടിഞ്ഞാറേകോട്ടയില്‍ ജിംനേഷ്യത്തിലേക്ക് പ്രോട്ടീന്‍ പൗഡര്‍ വില്‍ക്കുന്ന സ്ഥാപനത്തില്‍നിന്ന് അഞ്ചു കിലോ കഞ്ചാവ് പിടിച്ചെടുത്തു. മരുന്നുകളെന്ന പേരില്‍ ആസാമില്‍നിന്ന് എത്തിച്ച കഞ്ചാവാണ് പിടിച്ചത്. കടയുടമ വിഷ്ണു (33) ഉള്‍പെടെ രണ്ടുപേരെ പോലീസ് അറസ്റ്റു ചെയ്തു.
കണ്ണൂര്‍ മയ്യില്‍ പൊലീസ് സ്റ്റേഷനില്‍നിന്നു കൈ വിലങ്ങു സഹിതം രക്ഷപ്പെട്ട പ്രതി പിടിയില്‍. മുണ്ടേരി ചാപ്പ സ്വദേശി കെപി അജ്‌നാസ് ആണ് പിടിയിലായത്. മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന കേസിലെ പ്രതിയാണ് അജ്‌നാസ്.
പ്രതിപക്ഷ ഐക്യവേദിയായ ‘ഇന്ത്യ’യെ ഈസ്റ്റ് ഇന്ത്യാ കമ്പനിയെന്നു പരിഹസിച്ച പ്രധാനമന്ത്രി മോദിക്ക് തങ്ങളെ എന്തു വിളിച്ചാലും തങ്ങള്‍ ഇന്ത്യയാണെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. മണിപ്പൂരില്‍ സമാധാനം കൊണ്ടുവരും. സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ തുടയ്ക്കും. ഇന്ത്യയെന്ന ആശയം മണിപ്പൂരില്‍ പടുത്തുയര്‍ത്തുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
കലാപം തുടരുന്ന മണിപ്പൂരില്‍ ഇന്റര്‍നെറ്റ് ഭാഗികമായി പുന:സ്ഥാപിച്ചു. സാമൂഹിക മാധ്യമങ്ങള്‍ക്കും മൊബൈല്‍ ഇന്റര്‍നെറ്റിനുമുള്ള വിലക്ക് തുടരും. കലാപം തുടങ്ങിയ മെയ് മൂന്നിന് മണിപ്പൂരില്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചതാണ്.
ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയിലെ ബാങ്കുകള്‍ കിട്ടാക്കടമായി എഴുതിത്തള്ളിയത് 2.09 ലക്ഷം കോടി രൂപ. വിവരാവകാശ പ്രകാരം റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ കിട്ടാക്കടമായ 10.57 ലക്ഷം കോടി രൂപയാണ് ബാങ്കുകള്‍ എഴുതിത്തള്ളിയത്. 2022 ല്‍ 1,74,966 കോടി രൂപയായിരുന്നു എഴുതിത്തള്ളിയ കിട്ടാക്കടം.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനതാദള്‍ സെകുലര്‍ ഒറ്റയ്ക്കു മല്‍സരിക്കുമെന്ന് എച്ച്.ഡി. ദേവഗൗഡ. എന്‍ഡിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ചേര്‍ക്കാത്ത സാഹചര്യത്തിലാണ് ഈ നിലപാടെടുത്തത്.
തെലങ്കാനയില്‍ സ്വത്തുവിവരം വെളിപ്പെടുത്തിയതിലെ പിഴവിന്റെ പേരില്‍ എംഎല്‍എയെ ഹൈക്കോടതി അയോഗ്യനാക്കി . കൊത്തഗുഡം എംഎല്‍എ വാനമ വെങ്കിടേശ്വര റാവുവിന്റെ തെരഞ്ഞെടുപ്പാണ് റദ്ദാക്കിയത്. എതിര്‍സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് വിധി.
ത്രിപുരയിലെ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പിയൂഷ് കാന്തി വിശ്വാസ് പാര്‍ട്ടി വിട്ടു. കഴിഞ്ഞ ഡിസംബറിലാണു കോണ്‍ഗ്രസില്‍നിന്നു രാജിവച്ച് തൃണമൂല്‍ കോണ്‍ഗ്രസില്‍ എത്തിയത്.
ഇസ്രയേലില്‍ കോടതികള്‍ക്കു കൂച്ചുവിലങ്ങിട്ട് ബന്യാമിന്‍ നെതന്യാഹൂ ഭരണകൂടം. ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം സര്‍ക്കാരിനു നല്‍കിയും കോടതി വിധികള്‍ റദ്ദാക്കാന്‍ പാര്‍ലമെന്റിന് അധികാരം നല്‍കിയും നിയമം പാസാക്കി. ഇതിനെതിരേ ഇസ്രയേലില്‍ ശക്തമായ പ്രതിഷേധ സമരങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.