കനത്ത മഴ ഭീഷണിമൂലം വയനാട് ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പ്രഫഷണല്‍ കോളജുകള്‍ക്കും അവധിയാണ്. മഴമൂലം വടക്കന്‍ കേരളത്തില്‍ വന്‍ നാശം. കോഴിക്കോട് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേപ്പയ്യൂരിലും നാദാപുരം വെള്ളൂരിലും ചെറുമോത്തുമാണ് മരം വീണ് മൂന്നു വീടുകള്‍ ഭാഗികമായി തകര്‍ന്നത്. കണ്ണൂര്‍ കോളയാട് നിര്‍മ്മാണത്തിലിരുന്ന ഇരുനില വീട് നിലം പൊത്തി. കാരശ്ശേരി വല്ലത്തായി പാറ പാലം വെള്ളത്തിനടിയിലായി.
കുറ്റ്യാടിയിലും മലപ്പുറം പോത്തുകല്ലിലും കിണര്‍ ഇടിഞ്ഞു താഴ്ന്നു.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടിയുടെ കുടുംബാംഗങ്ങളിലൊരാളെ സ്ഥാനാര്‍ത്ഥിയാക്കുമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സ്ഥാനാര്‍ഥി ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്നാകുമോ എന്ന ചോദ്യത്തിന് ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍നിന്നും പരിഗണിക്കുമെന്നാണ് താന്‍ ഉദ്ദേശിച്ചതെന്നും സുധാകരന്‍ അറിയിച്ചു.
കെപിസിസി നാളെ നടത്തുന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതു മുഖ്യമന്ത്രി പിണറായി വിജയനല്ല, കെപിസിസി പ്രസിഡന്റ് കെ. സുധാകരനാണെന്ന് കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍. പിണറായി വിജയന്‍ പങ്കെടുത്താല്‍ സിപിഎം നടത്തിയ സകല വേട്ടയാടലുകള്‍ക്കുമുള്ള കുറ്റസമ്മതമായിരിക്കും. സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ പിണറായിയാണെന്ന വ്യാജപ്രചാരണം എങ്ങനെയുണ്ടായെന്നു വ്യക്തമല്ലെന്നും സരിന്‍ പറഞ്ഞു.
ഏകീകൃത സിവില്‍ കോഡിനെതിരേ മുസ്ലിം കോ ഓഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സെമിനാറിലേക്കു സിപിഎമ്മിനു ക്ഷണം. ഈ മാസം 26 നു കോഴിക്കോടു നടക്കുന്ന സെമിനാറിലേക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും മതസംഘടനകളുടേയും പ്രതിനിധികളെ ക്ഷണിച്ചിട്ടുണ്ടെന്ന് മുസ്ലീം ലീഗ് ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു.
മണിപ്പൂരിലെ സംഭവങ്ങളില്‍ ലജ്ജിച്ചു തലതാഴ്ത്തുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കുറ്റവാളികള്‍ക്കു കടുത്ത ശിക്ഷ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സജീവ രാഷ്ട്രീയത്തിലേക്കില്ലെന്നും ഉമ്മന്‍ചാണ്ടിയുടെ മകളായി ജീവിക്കാനാണ് ഇഷ്ടമെന്നും അച്ചു ഉമ്മന്‍. അപ്പ കഴിഞ്ഞാല്‍ ചാണ്ടി ആണ് കുടുംബത്തിലെ രാഷ്ട്രീയക്കാരനെന്നും മക്കള്‍ സ്വന്തം കഴിവുകൊണ്ട് പ്രവര്‍ത്തിക്കണമെന്നായിരുന്നു അപ്പയുടെ നിലപാടെന്നും അച്ചു ഉമ്മന്‍ പറഞ്ഞു.
വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന അധ്യക്ഷനായി സംവിധായകന്‍ വിജി തമ്പിയെയും ജനറല്‍ സെക്രട്ടറിയായി വി ആര്‍ രാജശേഖരനെയും വീണ്ടും തെരഞ്ഞെടുത്തു. പാലക്കാട് നടന്ന വിശ്വഹിന്ദു പരിഷത്ത് വാര്‍ഷിക ബൈഠക്കിലായിരുന്നു തെരഞ്ഞെടുപ്പ്.
കോഴിക്കോട് മുതലക്കുളം ഭദ്രകാളി ക്ഷേത്രത്തിന്റെ നടത്തിപ്പിനു പണപ്പിരിവു നടത്താന്‍ സിറ്റി പോലീസ് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. പോലീസുകാരുടെ ശമ്പളത്തില്‍നിന്ന് മാസംതോറും 20 രൂപ റിക്കവറി നടത്തുമെന്ന ഉത്തരവു വിവാദമായതോടെയാണ് പിന്‍വലിച്ചത്. പോലീസാണ് ഈ ക്ഷേത്രം നടത്തിക്കൊണ്ടുപോകുന്നത്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ ദുബായിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി. എസി തകരാര്‍ മൂലം തിരുവനന്തപുരം- ദുബായ് എയര്‍ ഇന്ത്യ എക്പ്രസ് വിമാനമാണ് തിരിച്ചിറക്കിയത്.
യുവമോര്‍ച്ച വനിതാ നേതാവിനെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ ബിജെപി കോഴിക്കോട് ജില്ലാ നേതാവിന്റെ മുന്‍ ഡ്രൈവര്‍ക്കെതിരേ കുന്നമംഗലം പോലീസ് കേസെടുത്തു. സ്വര്‍ണആഭരണങ്ങളും പണവും അപഹരിച്ചെന്നും പരാതിയില്‍ പറയുന്നു.
മാനസിക വെല്ലുവിളികളുള്ള അമ്മയെ മകന്‍ പട്ടാപ്പകല്‍ നടുറോഡില്‍ കുത്തിക്കൊന്നു. കൊട്ടാരക്കര തലവൂര്‍ സ്വദേശിനി 47 കാരിയായ മിനിമോളാണ് കൊല്ലപ്പെട്ടത്. മകന്‍ ജോമോനെ (30) പൊലീസ് കസ്റ്റഡിയിലെടുത്തു.
കലയപുരത്തെ ആശ്രയ കേന്ദ്രത്തിലായിരുന്ന അമ്മയെ വിളിച്ചിറക്കി ബൈക്കില്‍ കൊണ്ടുപോയാണു കൊലപ്പെടുത്തിയത്.
മണിപ്പൂര്‍ കലാപം ഒതുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടാതിരുന്നത് കലാപത്തെ ആളിക്കത്തിച്ചെന്നും അക്രമങ്ങള്‍ തടയുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടെന്നും മണിപ്പൂരിലെ ബിജെപി എംഎല്‍എ. കുക്കി വംശജനായ പൗലിയന്‍ലാല്‍ ഹാക്കിപ്പ് ആണ് പ്രധാനമന്ത്രിയുടെ നിലപാടിനേയും സര്‍ക്കാര്‍ നടപടികളെയും നിശിതമായി വിമര്‍ശിച്ചത്. ഓണ്‍ലൈന്‍ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പ്രതികരണം.
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ച ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ മണിപ്പൂര്‍ കലാപത്തിനെതിരെ മെഴുകുതിരി തെളിച്ച് പ്രതിഷേധം. ആര്‍ച്ച്ബിഷപ് അനില്‍ കൂട്ടോ അടക്കമുള്ളവര്‍ പങ്കെടുത്തു.
ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളം വെള്ളത്തില്‍ മുങ്ങി. റണ്‍വേ മുങ്ങാത്തതിനാല്‍ വിമാനത്താവളം അടച്ചിട്ടില്ല. എന്നാല്‍, മുട്ടോളം വെള്ളമുള്ള ഇവിടെ വാഹന പാര്‍ക്കിംഗ് നിരോധിച്ചു.
ടാക്‌സി ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടെ ഡ്രൈവര്‍ സ്വയംഭോഗം ചെയ്‌തെന്നും ഫോണിലൂടെയും വാട്‌സ്ആപിലൂടെയും ശല്യം ചെയ്‌തെന്നും ബംഗളുരു സ്വദേശിയായ യുവതിയുടെ പരാതി. ട്വിറ്ററിലൂടെ വിവരം പുറത്തുവിട്ടതിനു പിറകേ, ബംഗളുരു പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ട്വിറ്ററിന്റെ പേരും ചിഹ്നവും മാറ്റുമെന്ന് ഇലോണ്‍ മസ്‌ക്. ട്വിറ്റര്‍ ആപ്പിന്റെ പേര് എക്‌സ് എന്നാക്കുമെന്ന് മസ്‌ക് ആവര്‍ത്തിച്ചു. നല്ല ഒരു ലോഗോ തയ്യാറായാലുടനെ ട്വിറ്ററിന്റെ ട്രേഡ് മാര്‍ക്കായ നീലക്കിളി ചിഹ്നവും മാറ്റുമെന്നാണ് പ്രഖ്യാപനം.