കെ. റെയിലിനു ബദലായി മെട്രോമാന്‍ ഇ. ശ്രീധരന്‍ മുന്നോട്ടുവച്ച പദ്ധതിയില്‍ തീരുമാനത്തിനു തിടുക്കം വേണ്ടെന്നു സി.പി.എം നേതൃത്വം. വേഗയാത്ര വീണ്ടും ചര്‍ച്ചയായത് സ്വാഗതാര്‍ഹമാണ്. എല്ലാ വശവും പരിശോധിച്ച ശേഷം തുടര്‍ ചര്‍ച്ചകള്‍ മതിയെന്നാണു സിപിഎം സെക്രെട്ടറിയേറ്റിന്റെ നിലപാട്.
അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി.പി.എം നേതാക്കളായ പി. ജയരാജനും ടി.വി രാജേഷും നല്‍കിയ വിടുതല്‍ ഹര്‍ജി ഓഗസ്റ്റ് 21 ന് എറണാകുളം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി പരിഗണിക്കും. വിടുതല്‍ ഹര്‍ജിയെ എതിര്‍ത്ത് ഷുക്കൂറിന്റെ മാതാവ് ആത്തിക്ക നേരത്തെ കോടതിയെ സമീപിച്ചിരുന്നു.
കൊവിഡ് കാലത്ത് കിറ്റ് വിതരണം ചെയ്തതിനു റേഷന്‍ വ്യാപാരികള്‍ക്കു നല്‍കാനുള്ള കമ്മീഷന്‍ നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിനോടു സുപ്രീം കോടതി. അഞ്ചു രൂപ നിരക്കില്‍ പത്തുമാസത്തെ കമ്മീഷന്‍ നല്‍കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി.
കോഴിക്കോട്ട് തുണിക്കടകളില്‍ ജിഎസ്ടി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയില്‍ 27 കോടി രൂപയുടെ നികുതിവെട്ടിപ്പു കണ്ടെത്തി. മൂന്നു പേരുടെ ഉടമസ്ഥതയിലുള്ള 20 കടകളിലാണ് പരിശോധന നടത്തിയത്. മിഠായി തെരുവിലെ കടയില്‍ പരിശോധന നടത്താനെത്തിയ ഉദ്യോഗസ്ഥരെ കടയ്ക്കുള്ളില്‍ പൂട്ടിയിടാന്‍ ശ്രമവുമുണ്ടായി.
ഏക സിവില്‍ കോഡിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാര്‍ ഇന്ന്. സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി പ്രതിനിധിയായി അരയക്കണ്ടി സന്തോഷ് പങ്കെടുക്കും. ബില്ലിന്റെ കരട് വരുന്നതിനു മുന്നേ തമ്മിലടിക്കേണ്ടതുണ്ടോ എന്നും വെള്ളാപ്പള്ളി ചോദിച്ചു.
തൃശൂര്‍ വാഴക്കോട് റബര്‍തോട്ടത്തില്‍ കാട്ടാനയുടെ ജഡം കുഴിച്ചുമൂടിയ സംഭവത്തില്‍ കുഴിച്ചിടാന്‍ ജെസിബിയുമായെത്തിയ രണ്ടു പേര്‍ പിടിയില്‍. സംഭവത്തിലെ മുഖ്യപ്രതി മണിയഞ്ചിറ റോയ് ഗോവയിലേക്കു കടന്നു. ഇയാളുടെ ഭാര്യ ഗോവയിലെ കേന്ദ്രീയ വിദ്യാലയത്തില്‍ അധ്യാപികയാണ്. വനംവകുപ്പ് സംഘം ഗോവയില്‍ എത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലിക്കാര്‍ എല്ലാ പ്രവൃത്തിദിവസങ്ങളിലും ജോലി ചെയ്യുമ്പോള്‍ 205 ദിവസം ജോലി ചെയ്യുന്ന അധ്യാപകര്‍ക്ക് സ്വയം ലജ്ജ തോന്നണമെന്ന് കെ ബി ഗണേഷ് കുമാര്‍ എംഎല്‍എ. സര്‍ക്കാര്‍ ശമ്പളത്തിനായി നീക്കിവയ്ക്കുന്ന തുകയുടെ 64 ശതമാനവും സ്‌കൂള്‍ – കോളജ് അധ്യാപകര്‍ക്കാണ്. പഠന നിലവാരം ഉയര്‍ത്താന്‍ ഓള്‍ പാസ് നിര്‍ത്തലാക്കണമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര സേനാനി മാവേലിക്കര പുന്നമൂട് കളക്കാട്ട് കെ. ഗംഗാധരപണിക്കര്‍ അന്തരിച്ചു. 102 വയസായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിനു ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.
മുന്‍കൂര്‍ നോട്ടീസ് നല്‍കി വിശദീകരണം കേള്‍ക്കാതെ അറസ്റ്റ് ചെയ്യുന്നതു തടയണമെന്നാവശ്യപ്പെട്ട് മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയ ഹൈക്കോടതിയെ സമീപിച്ചു. നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ഭീഷണി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. തനിക്കെതിരെ 107 ഓളം എഫ്‌ഐആര്‍ തന്റെ പക്കലുണ്ടെന്ന് എംഎല്‍എ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആലപ്പുഴ ജില്ലയിലെ തുമ്പോളിയില്‍ മത്സ്യത്തൊഴിലാളികളുടെ നഷ്ടപ്പെട്ട ആധാരങ്ങള്‍ക്കു പകരം പുതിയവ ഈ മാസം 31 നകം എസ്ബിഐ തയ്യാറാക്കി നല്‍കണമെന്ന് ജില്ല കളക്ടറുടെ നിര്‍ദ്ദേശം. എസ് ബി ഐയുടെ സ്വന്തം ചെലവില്‍ വേണം പുതിയ പ്രമാണങ്ങള്‍ ശരിയാക്കേണ്ടതെന്നും ജില്ലാ കളക്ടര്‍ ഹരിത വി കുമാര്‍ വ്യക്തമാക്കി. ആധാരങ്ങള്‍ക്കായി പത്ത് വര്‍ഷം ബാങ്ക് കയറിയിറങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമായി കളക്ടറുടെ ഇടപെടല്‍.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ പതിനാറുകാരിയെ തട്ടിക്കൊണ്ടുപോകുകയായിരുന്ന യുവാവിനെ ചോദ്യം ചെയ്യുന്നതിനിടെ ബിയര്‍കുപ്പി പൊട്ടിച്ചു ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ കഴുത്തില്‍ വച്ചു ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയുമായി യുവാവ് കടന്നുകളഞ്ഞു. ചത്തീസ്ഗഡില്‍നിന്നു വന്നവരാണ് ഇരുവരും.
പാലക്കാട് അട്ടപ്പാടിയില്‍ മദ്യം കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെ എക്‌സൈസുകാര്‍ മര്‍ദ്ദിച്ചു. നായ്ക്കര്‍പാടി സ്വദേശി നാഗരാജിനെയാണ് മര്‍ദ്ദിച്ചത്. കര്‍ണപടം തകര്‍ന്ന നിലയിലായ ഇയാളെ ചികിത്സക്കായി ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭാര്യ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
വഴിവിളക്കു തെളിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ അസിസ്റ്റന്റ് എന്‍ജിനിയറെ ഏറ്റുമാന്നൂര്‍ നഗരസഭ വൈസ് ചെയര്‍മാന്‍ മര്‍ദിച്ചു. എന്‍ജിനിയര്‍ എസ്. ബോണിയെ മര്‍ദിച്ചതിന് കെ.ബി. ജയമോഹനെതിരേ കേസെടുത്തു.
മണ്ണാര്‍ക്കാട് 12 വയസ് ആണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനം നടത്തിയ പ്രതിക്ക് 43 വര്‍ഷം കഠിനതടവു ശിക്ഷ. 35 കാരനായ ഹംസക്ക് 2,11,000 രൂപ പിഴയും പട്ടാമ്പി കോടതി ശിക്ഷിച്ചിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ ശിവസേന- ബിജെപി സര്‍ക്കാരിനൊപ്പം ചേര്‍ന്ന അജിത് പവാര്‍ വിഭാഗം എന്‍സിപിയിലെ എട്ട് എംഎല്‍എമാര്‍ക്കു മന്ത്രിസ്ഥാനം. അജിത് പവാറിനു ധനകാര്യമാണു നല്‍കിയിരിക്കുന്നത്.
തക്കാളി കേന്ദ്ര സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ വിറ്റുതുടങ്ങി. ഡല്‍ഹി, ലഖ്നേ, പാറ്റ്ന തുടങ്ങി വന്‍നഗരങ്ങളില്‍ കിലോയ്ക്ക് 90 രൂപയ്ക്കാണു തക്കാളി വില്‍ക്കുന്നത്. ഒരാള്‍ക്ക് രണ്ടു കിലോ തക്കാളി മാത്രമേ ലഭിക്കൂ. ആന്ധ്രാപ്രദേശ്, കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ സംഭരിച്ച തക്കാളിയാണു വിതരണംചെയ്യുന്നത്.
ചന്ദ്രയാന്‍ 3 രാജ്യത്തിന്റെ ബഹിരാകാശ ചരിത്രത്തിലെ പുതിയ അധ്യായമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശാസ്ത്രജ്ഞരുടെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. അവരുടെ അര്‍പ്പണ മനോഭാവത്തിനും വൈഭവത്തിനും സല്യൂട്ട് എന്നും മോദി ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ ജോലിക്കു കോഴ വാങ്ങിയെന്ന കേസില്‍ അറസ്റ്റിലായ തമിഴുനാട് മന്ത്രി സെന്തില്‍ ബാലാജിയെ എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയില്‍ വിടാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സെന്തില്‍ ബാലാജി നിയമത്തിനു വിധേയനാണെന്നു കോടതി അഭിപ്രായപ്പെട്ടു.
ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ബൂഷണിനെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചുള്ള സമരത്തിനു നേതൃത്വം നല്‍കിയ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനു ദേശീയ ഉത്തേജക മരുന്നു പരിശോധനാ സമിതിയുടെ നോട്ടീസ്. ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നു സംശയിക്കുന്നുണ്ടെന്ന് ആരോപിച്ചാണ് 27 നു പരിശോധനയക്കു ഹാജരാകാന്‍ ആവശ്യപ്പെട്ടു നോട്ടീസ് അയച്ചത്.
സൈക്കളില്‍ സഞ്ചരിക്കവെ കാറപകടത്തെ തുടര്‍ന്ന് തലയറ്റുപോയ പന്ത്രണ്ടുകാരന്റെ ശരിസ് കഴുത്തില്‍ വിജയകരമായി തുന്നിപ്പിടിപ്പിച്ചു. ജറുസലേമിലെ ഹദ മെഡിക്കല്‍ സെന്ററിലാണ് സുലൈമാന്‍ ഹസന്റെ അറ്റുപോയ തലയോട്ടി നട്ടെല്ലിന്റെ മുകളിലായി കഴുത്തിലുള്ള കശേരുക്കളില്‍ തുന്നിപ്പിടിപ്പിച്ചത്.