night news hd 10

 

മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രഫസറായി നിയമിച്ചതു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയില്‍. പ്രിയ വര്‍ഗീസിനെ നിയമിക്കാമന്ന കേരള ഹൈക്കോടതി വിധി അധ്യാപന പരിചയം വേണമെന്ന യുജിസി ചട്ടത്തിനു വിരുദ്ധമാണെന്നും രാജ്യവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു.

എല്ലാ വിഷയത്തിലും എ പ്ലസ് നേടിയിട്ടും പ്ലസ് വണ്‍ പ്രവേശനം നല്‍കാന്‍ കഴിയാത്ത മന്ത്രിമാര്‍ രാജിവച്ചു വീട്ടില്‍ പോകണമെന്ന് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മികച്ച വിജയം നേടിയ കുട്ടികളെ ആദരിക്കാന്‍ മലപ്പുറത്ത് സംഘടിപ്പിച്ച പരിപാടിയില്‍ സ്പീക്കര്‍ എഎന്‍ ഷംസീറിന്റെ സാന്നിധ്യത്തിലാണു കട്ജുവിന്റെ വിമര്‍ശനം. വിദ്യാര്‍ത്ഥികളുടെ ജീവിതം വച്ചാണ് കളിക്കുന്നത്. പരിഹരിച്ചില്ലെങ്കില്‍ അടുത്ത തെരുഞ്ഞെടുപ്പില്‍ സര്‍ക്കാരിനെതിരെ പ്രചാരണത്തിന് ഇറങ്ങുമെന്നും കട്ജു പറഞ്ഞു.

ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മലയാളികളായ മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 47 പേരുടെ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖുവിന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്തയച്ചു. കളമശേരി, തൃശൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ഹൗസ് സര്‍ജന്‍മാര്‍ അടക്കമുള്ളവര്‍ മണാലി ജില്ലയിലാണ് കുടുങ്ങിക്കിടക്കുന്നത്. ഡല്‍ഹിയിലെ കേരളാഹൗസില്‍ 011-23747079 എന്ന ഹെല്‍പ് ലൈന്‍ നമ്പര്‍ ആരംഭിച്ചിട്ടുണ്ട്.

മൂവാറ്റുപുഴയില്‍ അധ്യാപകന്‍ ജോസഫിന്റെ കൈവെട്ടിയ കേസില്‍ നാളെ രണ്ടാംഘട്ട വിധി. പോപ്വുലര്‍ ഫ്രണ്ട് നേതാവ് എം കെ നാസര്‍, സവാദ് എന്നിവര്‍ ഉള്‍പ്പെടെ പതിനൊന്നു പ്രതികളാണുള്ളത്. യുഎപിഎ ചുമത്തിയ കേസിലാണ് കൊച്ചി എന്‍ ഐഎ കോടതി രണ്ടാം ഘട്ട വിധി പ്രസ്താവിക്കുക.

തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞു കാണാതായ നാലാമത്തെയാളുടേയും മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണി, റോബിന്‍ എഡ്വിന്‍ എന്നിവരുടെ മൃതദേഹമാണ് ഒടുവില്‍ കണ്ടെത്തിയത്. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഉച്ചയോടെ കിട്ടിയിരുന്നു. വള്ളം മറിഞ്ഞ ഉടനെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്‍ ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരിച്ചു.

പത്തനംതിട്ട കോയിപ്രം രമാദേവി കൊലക്കേസില്‍ പ്രതിയെ പിടിക്കണമെന്ന് ആവശ്യപ്പെട്ടു കോടതിയെ സമീപിച്ച ഭര്‍ത്താവ് 17 വര്‍ഷത്തിനുശേഷം അറസ്റ്റിലായി. റിട്ടയഡ് പോസ്റ്റ് പോസ്റ്റ്മാസ്റ്റര്‍ സി ആര്‍ ജനാര്‍ദ്ദനനെയാണ് (75) അറസ്റ്റു ചെയ്തത്. അയല്‍വാസിയായ തമിഴ്‌നാട് സ്വദേശിയെ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം നടത്തിയിരുന്നത്. ഇയാളുടെ കൂടെ താമസിച്ചിരുന്ന സ്ത്രീയെ കണ്ടെത്തി ചോദ്യം ചെയ്തതോടെയാണ് ഭര്‍ത്താവിലേക്ക് അേേന്വഷണം നീണ്ടത്.

ഏകീകൃത സിവില്‍ കോഡിനെതിരേ യുഡിഎഫിന്റെ ആദ്യ പരിപാടി 22 നു കോഴിക്കോട് നടത്തുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ്. സിപിഎം സാമുദായിക വിഭജനത്തിന് ശ്രമിക്കുകയാണ്. യുഡിഎഫില്‍ ഭിന്നതയുണ്ടാക്കാനും ശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു.

ശസ്ത്രക്രിയ നടത്താന്‍ മൂവായിരം രൂപ കൈക്കൂലി വാങ്ങിയ ഓര്‍ത്തോപീഡിക്‌സ് സര്‍ജനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡോ ഷെറി ഐസക്കാണ് പിടിയിലായത്. ഡോക്ടറുടെ വീട്ടില്‍നിന്ന് 15 ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്തു.

നാലു മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത മുതലപ്പൊഴിയില്‍ കണ്ണൂരുമായി നിന്നിരുന്ന മത്സ്യത്തൊഴിലാളികളോട് ഷോ കാണിക്കരുതെന്ന് വെല്ലുവിളിച്ച മന്ത്രിമാരും ലത്തീന്‍ അതിരൂപതാ വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേരക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്ത മുഖ്യമന്ത്രിയും നാടിന് അപമാനമാണെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ആര്‍ച്ച്ബിഷപ്‌സ് ഹൗസില്‍ എത്തി സുധാകരന്‍ പിന്തുണ പ്രഖ്യാപിച്ചു.

പാലാരിവട്ടം മേല്‍പ്പാലം അഴിമതി കേസില്‍ മേല്‍പ്പാലം നിര്‍മ്മിച്ച ആര്‍ ഡി എസ് പ്രൊജക്ട് കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തി. കമ്പനിയുടെ എ ക്ലാസ് ലൈസന്‍സ് റദ്ദാക്കി. പൊതുമരാമത്ത് സൂപ്രണ്ടിംഗ് എന്‍ജിനീയറുടേതാണ് നടപടി. അഞ്ചു വര്‍ഷത്തേക്കു സംസ്ഥാന സര്‍ക്കാറിന്റെ ടെണ്ടറുകളില്‍ പങ്കെടുക്കുന്നതു വിലക്കിയിട്ടുമണ്ട്.

സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സിനിമാ ടൂറിസം പദ്ധതിക്കു പിന്തുണയുമായി പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ മണിരത്‌നം. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസുമായി കോഴിക്കോട്ട് നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് മണിരത്‌നം പിന്തുണ അറിയിച്ചത്. പ്രശസ്ത സിനിമകള്‍ ചിത്രീകരിച്ച സ്ഥലങ്ങളെ അവയുടെ ഓര്‍മ്മകളില്‍ നിലനിര്‍ത്തിക്കൊണ്ട് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പദ്ധതിയാണ് സിനിമാ ടൂറിസം.

മലബാറില്‍ പ്ലസ് വണ്‍ സീറ്റുകള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ രണ്ടാം ഘട്ട പ്രക്ഷോഭം തുടങ്ങി. അടുത്ത ദിവസങ്ങളിലായി ഉപരോധ സമരങ്ങള്‍ നടത്തും. എംഎസ്എഫാണ് പ്രക്ഷോഭത്തിന് തുടക്കമിട്ടത്.

കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകരെ കൈ വിലങ്ങണിയിച്ച കൊയിലാണ്ടി എസ്‌ഐക്കെതിരെ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. റൂറല്‍ എസ് പി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന്‍ ഉത്തരവ്.

സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍ തോട്ടടയില്‍ ബസ് ലോറിയുമായി കൂട്ടിയിടിച്ച് മറിഞ്ഞ് കാഞ്ഞങ്ങാട് സ്വദേശി അഹമ്മദ് സാബിക്ക് മരിച്ചു. ഇരുപതിലധികം പേര്‍ക്കു പരിക്കേറ്റു.

ഉത്തരേന്ത്യയില്‍ മഴക്കെടുതി മൂലമുള്ള മരണം 41 ആയി. ഹിമാചല്‍ പ്രദേശിനു പുറമെ പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളും പ്രളയക്കെടുതിയിലാണ്. ഹിമാലയന്‍ നദികള്‍ കരകവിഞ്ഞതോടെ ഉത്തരാഖണ്ഡ്, ഹരിയാന, പഞ്ചാബ്, ഡല്‍ഹി, യുപി സംസ്ഥാനങ്ങളില്‍ പ്രളയമാണ്. പഞ്ചാബില്‍ മൊഹാലി, രൂപ്നഗര്‍, സിര്‍ക്കാപൂര്‍ പ്രദേശങ്ങള്‍ വെള്ളത്തിലായി.

പശ്ചിമ ബംഗാളിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ വിജയവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. 12,518 പഞ്ചായത്ത് സീറ്റുകളില്‍ തൃണമൂല്‍ വിജയിച്ചു. 3,620 സീറ്റുകളില്‍ ലീഡ് ചെയ്യുന്നുമുണ്ട്. ബിജെപി 2781 സീറ്റുകളില്‍ ജയിച്ചു. 915 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്തു. ഇടതു സഖ്യം 959 സീറ്റു നേടി. 910 സീറ്റിലും സിപിഎമ്മാണ് ജയിച്ചത്. 625 സീറ്റുകളിലാണു കോണ്‍ഗ്രസ് ജയിച്ചത്.,

ലോക്‌സഭാ തെരഞ്ഞെടുപ്പിനു ബിജെപിക്കെതിരേ ഐക്യവേദി രൂപീകരിക്കാനുള്ള പ്രതിപക്ഷ കക്ഷി നേതാക്കളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ ചേരും. പ്രതിപക്ഷ നേതാക്കളെ ക്ഷണിച്ചുകൊണ്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുനന്‍ ഖര്‍ഗെയാണു കത്തയച്ചത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *