night news hd 3

 

ഈ മാസം 14 നു രാഹുല്‍ഗാന്ധി ഇംഫാലില്‍നിന്ന് ആരംഭിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യുടെ പേര് ‘ഭാരത് ജോഡോ ന്യായ് യാത്ര’ എന്നു മാറ്റി. അരുണാചല്‍ പ്രദേശില്‍കൂടി പര്യടനം നടത്താന്‍ തീരുമാനിച്ചതോടെ പര്യടനം നടത്തുന്ന സംസ്ഥാനങ്ങളുടെ എണ്ണം 14 ല്‍നിന്ന് 15 ആയി വര്‍ധിച്ചു. യാത്ര 11 ദിവസം ഉത്തര്‍പ്രദേശിലൂടെ കടന്നുപോകും. 20 ജില്ലകളിലായി 1,074 കിലോമീറ്ററാണ് യാത്ര. മൊത്തം 110 ജില്ലകള്‍, 100 ലോക്സഭാ സീറ്റുകള്‍, 337 നിയമസഭാ സീറ്റുകള്‍ എന്നിവിടങ്ങളിലാണ് യാത്ര. 6,700 കിലോമീറ്റര്‍ യാത്ര ചെയ്യും. എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് അറിയിച്ചു.

സ്വര്‍ണക്കടത്ത് സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രസംഗിക്കുകയല്ല, നടപടിയെടുക്കുകയാണ് വേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. നടപടി എടുക്കാത്തതിന് കാരണം ഭയമാണോ അതോ അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണോയെന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യ സഖ്യമല്ല മറിച്ച് എന്‍ഡിഎയാണ് സാമ്പാര്‍ മുന്നണിയെന്നും അദ്ദേഹം പരിഹസിച്ചു.

മകരവിളക്കിനോടനുബന്ധിച്ച് അയ്യപ്പ ഭക്തര്‍ക്കു ശബരിമല ദര്‍ശനത്തിനായി 800 ബസുകള്‍ സംസ്ഥാനത്തുടനീളം സര്‍വീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാര്‍. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കല്‍ ബസ് സ്റ്റാന്‍ഡില്‍ ഭക്തര്‍ക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിര്‍ത്തിയിട്ടിരിക്കുന്ന ബസിലേക്ക് കയറാനുമായി ബാരിക്കേഡുകള്‍ സ്ഥാപിക്കും. പമ്പയിലും ബാരിക്കേഡുകള്‍ സ്ഥാപിക്കും.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരില്‍ പ്രസംഗിച്ച വേദിയില്‍ ചാണക വെള്ളം തളിക്കാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണോ ‘വെറുപ്പിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കടതുറക്കുന്ന’ രാഹുല്‍ഗാന്ധിയുടെ പാര്‍ട്ടിക്കാരെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. മോദിക്കും ബിജെപിക്കുമുള്ള ജനപിന്തുണ കണ്ട് കോണ്‍ഗ്രസും സിപിഎമ്മും പരിഭ്രാന്തരായെന്നും മുരളീധരന്‍.

വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതി അപ്പീല്‍ നല്‍കി. കട്ടപ്പന പ്രത്യേക കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സര്‍ക്കാരിന്റെ അപ്പീല്‍ ഈ മാസം 29 നു പരിഗണിക്കും. കേസില്‍ പ്രതി അര്‍ജുനിന് നോട്ടീസ് അയച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വണ്ടിയിടിച്ചു മരിക്കുമെന്നും ബോംബുവച്ചു കൊല്ലുമെന്നുമെല്ലാം പറയുന്ന അസൂയക്കാരുടെ എണ്ണം വര്‍ധിച്ചെന്ന് മന്ത്രി സജി ചെറിയാന്‍. നടക്കാത്ത കാര്യങ്ങള്‍ നടത്തുന്ന നിശ്ചയദാര്‍ഡ്യം മുഖ്യമന്ത്രി പിണറായി വിജയനുള്ളതിനാലാണ് അസൂയക്കാരുടെ എണ്ണം പെരുകുന്നത്. 78 വയസുള്ള മുഖ്യമന്ത്രി തങ്ങളേക്കാള്‍ ആരോഗ്യവാനാണെന്നും മന്ത്രി ചെങ്ങന്നൂരില്‍ പറഞ്ഞു.

പോരായ്മകളില്‍ ഖേദിക്കുന്നുവെന്ന് മേജര്‍ ആര്‍ച്ച് ബിഷപ്പ് സ്ഥാനമൊഴിഞ്ഞ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വിടവാങ്ങല്‍ സന്ദേശത്തില്‍ പറഞ്ഞു. മേജര്‍ ആര്‍ച്ച് ബിഷപ്പ് എന്ന നിലയിലും, എറണാകുളം അങ്കമാലി അതിരൂപതാ മെത്രാപ്പൊലീത്ത എന്ന നിലയിലും തന്റെ പ്രവര്‍ത്തനങ്ങളില്‍ പോരായ്മകളുണ്ടായതില്‍ ഖേദിക്കുന്നു. സഭയുടെ എല്ലാ മേഖലകളിലും സാക്ഷ്യം വഹിക്കുന്നതു തുടരുമെന്നും അദ്ദേഹം പറഞ്ഞു.

വിവിധ സംസ്ഥാനങ്ങളില്‍ കണ്ണികളുള്ള ജോലി തട്ടിപ്പുസംഘത്തിലെ രണ്ടു പേരെ വയനാട് സൈബര്‍ പൊലീസ് വലയിലാക്കി. കര്‍ണാടക സ്വദേശികളായ ഇന്ദ്രീസ് (21), തരുണ്‍ ബസവരാജ് (39) എന്നിവരെയാണ് പിടികൂടിയത്.
സിംഗപ്പൂരിലെ ‘പസഫിക് ഓയില്‍ ആന്‍ഡ് ഗ്യാസ്’ കമ്പനിയില്‍ ജോലി വാഗ്ദാനം ചെയ്ത് 11 ലക്ഷം രൂപ തട്ടിയെടുത്തെന്ന കല്‍പ്പറ്റ എടപ്പെട്ടി സ്വദേശി സജിത്ത്കുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

മദ്യപസംഘത്തെ പിടിക്കാനുളള ശ്രമത്തിനിടെ പൊലീസുകാരെ ആക്രമിച്ചയാളെ പോലീസ് പിടികൂടി. വെച്ചൂച്ചിറ ചാത്തന്‍തറയില്‍ ഉണ്ടായ ആക്രമണത്തില്‍ സീനിയര്‍ സിപിഒമാരായ ലാല്‍, ജോസണ്‍ എന്നിവര്‍ക്കു പരിക്കേറ്റു. അതിക്രമം നടത്തിയ കൊല്ലമുള പത്താഴപ്പാറ വീട്ടില്‍ മണിയെയാണു പിടികൂടിയത്.

മണ്ണുമാന്തി യന്ത്രത്തിന്റെ അടിയിലകപ്പെട്ട് ഓപ്പറേറ്ററായ തൊഴിലാളി മരിച്ചു. ഇടുക്കി വണ്ടന്‍മേട്ടിലാണ് ഓപറേറ്ററായ മൂന്നാര്‍ പെരിയ കനാല്‍ സ്വദേശി ആനന്ദ് യേശുദാസ് (29) മരിച്ചത്.

ലക്ഷ്യദ്വീപിന്റെ മനോഹാരിത ആസ്വദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കടലിനടിയിലെ കാഴ്ചകള്‍ കണ്ട് നീന്തുന്ന സ്‌നോര്‍കലിങും അദ്ദേഹം ആസ്വദിച്ചു. എക്‌സ് പ്‌ളാറ്റ്‌ഫോമില്‍ ഫോട്ടോ സഹിതമാണ് ലക്ഷദ്വീപിലെ വിശേഷങ്ങള്‍ പങ്കുവച്ചത്. സാഹസികത ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലമാണ് ലക്ഷ്യദ്വീപെന്ന് പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു. https://pbs.twimg.com/media/GC_GPNbbQAA1GSA?format=jpg&name=4096×4096

പഞ്ചാബില്‍ അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ കായിക താരവമായ പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ അറസ്റ്റു ചെയ്തു. ഭാരോദ്വഹന താരമായ ദല്‍ബീര്‍ സിംഗ് ഡിയോളിനെ തലയില്‍ വെടിവച്ചു കൊന്ന വിജയ് കുമാര്‍ എന്ന ഓട്ടോ ഡ്രൈവറാണ് പിടിയിലായത്. ഓട്ടോ ചാര്‍ജു സംബന്ധിച്ച തര്‍ക്കമാണ് കൊലയില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടില്‍ ബിജെപി നേതാവിനെതിരെ പരാതി നല്‍കിയ ദളിത് കര്‍ഷകര്‍ക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റിന്റെ നോട്ടീസ്. സേലം ജില്ലയിലെ ആത്തൂരിലുള്ള സഹോദരങ്ങളായ സി കണ്ണയ്യന്‍, സി കൃഷ്ണന്‍ എന്നിവര്‍ക്കാണ് കള്ളപ്പണ കേസുകള്‍ അന്വേഷിക്കുന്ന ഇഡി അസിസ്റ്റന്റ് ഡയറക്ടര്‍ സമന്‍സ് അയച്ചത്. വ്യാജരേഖ ചമച്ച് കൃഷിഭൂമി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന് ബിജെപി സേലം ഈസ്റ്റ് ജില്ലാ സെക്രട്ടറി ഗുണശേഖറിനെ മൂന്നു വര്‍ഷം മുമ്പ് അറസ്റ്റു ചെയ്തിരുന്നു. ഇതിലുള്ള പ്രതികാരമായാണ് സര്‍ക്കാരിന്റെ 1000 രൂപ വാര്‍ധക്യപെന്‍ഷനെ ആശ്രയിച്ച് ജിവിക്കുന്ന കര്‍ഷകര്‍ക്കെതിരേ ഇഡി നോട്ടീസയച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *