ഓരോ ബൂത്തും നേടിയാല്‍ സംസ്ഥാനം നേടാമെന്ന് ബിജെപി ‘ശക്തികേന്ദ്ര പ്രമുഖരു’ടെ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. കൊച്ചി മറൈന്‍ ഡ്രൈവിലെ സമ്മേളനത്തില്‍ ‘പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡി’യെന്നg മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്‌സdks കഴിയtവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ അധ്വാനിക്കുന്നുണ്ടെന്നതിന് ഇതാണു തെളിവെന്നും മോദി പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ വിവരിച്ച അദ്ദേഹം, മോദി ഗ്യാരന്റി ജനങ്ങളിലേക്ക് എത്തിക്കണണമെന്നും ആവശ്യപ്പെട്ടു.
കൊച്ചി മറൈന്‍ ഡ്രൈവിലെ ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൈവെട്ടിയ തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രൊഫസറായിരുന്ന ടി ജെ ജോസഫും. ബിജെപി നേതാക്കളാണ് ജോസഫിനെ യോഗത്തിലേക്കു ക്ഷണിച്ചത്. സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. കേന്ദ്ര മന്ത്രി വി. മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ വേദിയിലുണ്ടായിരുന്നു.
മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്റെ കമ്പനി എക്‌സാലോജിക്കിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട്. കരിമണല്‍ കമ്പനിയായ സിഎംആര്‍എലില്‍ നിന്ന് പണം വാങ്ങിയതു സേവനത്തിനാണെന്നു തെളിയിക്കുന്നതിന് ഒരു രേഖയും എക്‌സാലോജിക് ഹാജരാക്കിയില്ലെന്നാണ് ബെംഗളൂരു ആര്‍ഒസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാങ്ങിയ പണത്തിന് ജിഎസ്ടി അടച്ചെന്ന വിവരം മാത്രമാണ് എക്‌സാലോജിക് കൈമാറിയത്. തടവു ശിക്ഷയും പിഴയും കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തി എക്‌സാലോജിക്കിനെതിരെ നടപടി എടുക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വീണ വിജയന്റെ കമ്പനി എക്‌സാലോജികിനെതിരേ രജിസ്ട്രാര്‍ ഓഫ് കമ്പനീസിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ പ്രതിരോധം പൊളിഞ്ഞെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പുറത്തു വന്നത് നിര്‍ണായക വിവരങ്ങളാണെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു.
സംസ്ഥാനം കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പുതുതായി 91,575 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ ആകര്‍ഷിച്ചെന്ന് മന്ത്രി പി രാജീവ്. 2018 മുതല്‍ 2023 വരെയുള്ള കാലയളവില്‍ മാത്രം 33,815 കോടി രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ അഞ്ചു ലക്ഷം പേര്‍ക്കു ജോലി കിട്ടി. എംഎസ്എംഇ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടില്‍ ഇക്കാര്യങ്ങള്‍ പറയുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു. 2021-22ല്‍ കേരളത്തിലുണ്ടായ വ്യവസായ വളര്‍ച്ച നിരക്ക് 17.3 ശതമാനമാണെന്നും റിപ്പോര്‍ട്ടിലുണ്ടെന്നു രാജീവ് പറഞ്ഞു.
എല്ലാ ഇന്ത്യക്കാര്‍ക്കും സന്തോഷവും സമൃദ്ധിയും ഉണ്ടാകാന്‍ പാവനമായ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സാമൂഹ്യമാധ്യമമായ എക്‌സിലാണ് മോദിയുടെ കുറിപ്പ്. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനം നടത്തിയ മോദി ഗുരുവായൂരപ്പന്റെ ദാരുശില്‍പം സമ്മാനിച്ചിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കുട്ടത്തലിന് എല്ലാ കേസുകളിലും ജാമ്യം. പൂജപ്പുര ജയിലില്‍നിന്നു രാഹുല്‍ രാത്രിയോടെ പുറത്തിറങ്ങും.
പൂന്തുറയില്‍ തീരശോഷണം തടയാന്‍ ജിയോ ട്യൂബ് സ്ഥാപിക്കുന്നതിന്റെ രണ്ടാം ഘട്ട നിര്‍മാണം തുടങ്ങുന്നു. പൂന്തുറ പള്ളി മുതല്‍ ചെറിയമുട്ടം വരെ 700 മീറ്റര്‍ നീളത്തിലാണു ജിയോ ട്യൂബ് സ്ഥാപിക്കുന്നത്. നേരത്തെ പൂന്തുറയില്‍ 100 മീറ്റര്‍ നീളത്തില്‍ ജിയോ ട്യൂബ് സ്ഥാപിച്ചിരുന്നു. സമുദ്രത്തിന്റെ അടിത്തട്ടില്‍ 15 മീറ്റര്‍ വ്യാസമുള്ള സിന്തറ്റിക് ജിയോ ട്യൂബുകളില്‍ മണല്‍ നിറച്ച് സ്ഥാപിച്ചാണ് നിര്‍മാണം. 20 കോടി രൂപ ചെലവില്‍ അഞ്ചു മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും.
കെഎസ്ആര്‍ടിസി ഇനി ഇലക്ട്രിക് ബസുകള്‍ വാങ്ങില്ലെന്നും സ്വിഫ്റ്റ് ബസുകള്‍ ലാഭത്തിലാണെന്നും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍. സ്റ്റോക്ക്, അക്കൗണ്ട്, പര്‍ച്ചേയ്‌സ് എന്നിവക്കായി പുതിയ സോഫ്റ്റ്വെയര്‍ ഒരുക്കി അഡ്മിനിസ്‌ട്രേഷന്‍ കമ്പ്യൂട്ടറൈസ് ചെയ്യും. യൂണിയന്‍ നേതാക്കളുമായി ചര്‍ച്ചക്കുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
ന്യൂഡല്‍ഹിയിലെ കര്‍ത്തവ്യപഥില്‍ ജനുവരി 26-ന് നടക്കുന്ന 75-ാം റിപബ്ലിക് ദിന പരേഡ് വീക്ഷിക്കാന്‍ കേരളത്തില്‍ നിന്ന് വിവിധ മേഖലകളിലുള്ള ഇരുനൂറോളം പേര്‍ക്ക് പ്രത്യേക ക്ഷണം. കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ ഗുണഭോക്താക്കളും പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചവരും പ്രതിരോധ – വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വീര്‍ഗാഥ മത്സര വിജയികളും അടക്കമുള്ളവര്‍ക്കാണു ക്ഷണം. ഇത്തരത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്നായി പതിനയ്യായിരം പേരെയാണു ക്ഷണിച്ചിരിക്കുന്നത്. ഐ.എസ്.ആര്‍.ഒ ദൗത്യങ്ങളില്‍ പങ്കാളികളായ ശാസ്ത്രജ്ഞരും പ്രത്യേക ക്ഷണിതാക്കളാണ്.
വനപാലകന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയെന്ന പരാതിയില്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ മലപ്പുറം ഡി.എഫ്.ഓ ടി അശ്വിന്‍ കുമാറിനെ താക്കീതു ചെയ്തു. കഴിഞ്ഞ ശനിയാഴ്ച മരിച്ച വനപാലകനായ സുനില്‍കുമാറിന്റെ മൃതദേഹം ഡി.എഫ്.ഓ ഓഫീസിനു മുന്‍പില്‍ പൊതുദര്‍ശനത്തിനു വയ്ക്കാന്‍ അനുമതി നല്‍കാത്തതിനാണു താക്കീതു ചെയ്തത്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ കോഴി്‌കോട് പാലാഴി സ്വദേശി രാധാകൃഷ്ണന്റെ നാല്‍പതിനായിരം രൂപ തട്ടിയെടുത്ത കേസിലെ പ്രധാന പ്രതി കൗശല്‍ ഷായെ കോഴിക്കോട് സിജെഎം കോടതിയില്‍ ഹാജരാക്കി. മറ്റൊരു കേസില്‍ ജയിലില്‍ ആയിരുന്ന പ്രതിയെ ഡല്‍ഹി പൊലീസിന്റെ സഹായത്തോടെയാണ് കേരളത്തില്‍ എത്തിച്ചത്. ഇയാളെ ചോദ്യം ചെയ്യാന്‍ പോലീസ് സംഘം ഡല്‍ഹിയിലെ ജയിലിലേക്ക് അടുത്തയാഴ്ച പോകും.