കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ ന്യായ് യാത്ര’ യുടെ ഉദ്ഘാടന വേദിക്ക് മണിപ്പൂര്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചു. തലസ്ഥാനമായ ഇംഫാലില്‍നിന്ന് 14 നു യാത്ര ആരംഭിക്കാനിരിക്കേയാണ് സര്‍ക്കാര്‍ അനുമതി നിഷേധിച്ചത്. പ്രതികൂല സാഹചര്യമുള്ളതിനാല്‍ അനുമതി തരാനാവില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്.
ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സിറോ മലബാര്‍ സഭയുടെ പുതിയ മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുത്തു. 2010 മുതല്‍ തൃശൂര്‍ അതിരൂപതാ സഹായ മെത്രാനായിരുന്ന മാര്‍ റാഫേല്‍ തട്ടില്‍ 2017 ഒക്ടോബറിലാണ് ഷംഷാബാദ് രൂപതാ മെത്രാനായി നിയമിതനായത്. സഭയ്ക്കു രൂപതകള്‍ ഇല്ലാത്ത രാജ്യത്തെ എല്ലാ പ്രദേശവും ഷംഷാബാദ് രൂപതയുടെ കീഴിലാണ്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി രാജിവച്ച ഒഴിവിലാണ് മെത്രാന്മാരുടെ സിനഡ് രഹസ്യ ബാലറ്റിലൂടെ റാഫേല്‍ തട്ടിലിനെ സഭാ മേധാവിയായി തെരഞ്ഞെടുത്തത്.
ഈ മാസം 22 ന് നടക്കുന്ന അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്കുള്ള ക്ഷണം കോണ്‍ഗ്രസ് നേതാക്കള്‍ നിരസിച്ചു. ആദരവോടെ ക്ഷണം നിരസിക്കുന്നുവെന്ന് കോണ്‍ഗ്രസ് അറിയിച്ചു. കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അധിര്‍ രഞ്ജന്‍ ചൗധരി എന്നിവര്‍ക്കാണ് ക്ഷണം ലഭിച്ചിരുന്നത്.
തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗരേഖ തയാറാക്കുമെന്ന് സുപ്രീം കോടതി. ഇതിനായി കേന്ദ്ര, സംസ്ഥാന നിയമങ്ങള്‍ പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി.
കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാമനിര്‍ദേശം ചെയ്ത പത്മശ്രീ ബാലന്‍ പൂതേരി ഉള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി. സെനറ്റ് അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ഹര്‍ജിക്കാരുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു.
ഫെബ്രുവരി 15 നു കേരളത്തില്‍ വ്യാപാരികള്‍ കടകള്‍ അടച്ചിട്ടു പ്രതിഷേധിക്കും. നികുതി, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് കടയടപ്പു സമരത്തിന് ആഹ്വാനം ചെയ്തത്. ഈ മാസം 29 നു കാസര്‍കോട്ടുനിന്ന് വ്യാപാര സംരക്ഷണ യാത്ര നടത്താനും തീരുമാനിച്ചിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ തെലങ്കാനയില്‍ അറസ്റ്റിലായ സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിന്റെ അറസ്റ്റ് കൊച്ചിയില്‍ രേഖപ്പെടുത്തി. കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. കേരളത്തിലെ കേസിലാണ് അറസ്റ്റു രേഖപ്പെടുത്തിയത്. മഹാരാഷ്ട്ര, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലും കേസുണ്ട്. ദീപക് റാവുവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
പൊന്നാനിയില്‍ കോണ്‍ഗ്രസ് നേതാവായിരുന്ന പി.ടി മോഹനകൃഷ്ണന്‍ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മലപ്പുറത്തെ ഡിസിസി പ്രസിഡന്റ് അടക്കം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ വിട്ടുനിന്ന പരിപാടിയില്‍ വി.എം സുധീരനും രമേശ് ചെന്നിത്തലയും പങ്കെടുത്തു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ വഴിമധ്യേ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചു.
അക്രമത്തിന് ആഹ്വാനം ചെയ്തതിന് ആദ്യം കേസെടുക്കേണ്ടത് വധശ്രമത്തെ രക്ഷാപ്രവര്‍ത്തനമെന്നു വിശേഷിപ്പിച്ച് പ്രോല്‍സാഹിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യപരമായി പ്രതിഷേധിക്കുന്ന യുവാക്കളോട് സര്‍ക്കാരിന്റെ സമീപനം ക്രൂരമാണെന്നും അതിന്റെ തെളിവാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റെന്നും സതീശന്‍ കുറ്റപ്പെടുത്തി.
തൊടുപുഴ ന്യൂമാന്‍ കോളേജിലെ പ്രഫ. ടി.ജെ. ജോസഫിന്റെ കൈവെട്ടിയ കേസിലെ ഒന്നാം പ്രതി കണ്ണൂരിലെ മട്ടന്നൂരില്‍ 13 വര്‍ഷങ്ങള്‍ സുഖിച്ച് താമസിച്ചത് സിപിഎമ്മിന്റെയും പോലീസിന്റേയും ഒത്താശയോടെയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. പാര്‍ട്ടി ഗ്രാമങ്ങളില്‍ മതഭീകരര്‍ തഴച്ചു വളരുകയാണ്. കേരളം ഭീകരവാദികള്‍ സുരക്ഷിതമായ സ്ഥലമാക്കിയിരിക്കുകയാണ്. എന്‍ഐഎ ഇടപെട്ടതുകൊണ്ടാണ് പ്രതിയെ പിടികൂടാനായതെന്നും സുരേന്ദ്രന്‍ പറഞ്ഞു.
നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കുസാറ്റില്‍ നവംബര്‍ 25 ന് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച നാലു പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം സമാശ്വാസ സഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
ശതാഭിഷിക്തനാകുന്ന ഗാനഗന്ധര്‍വ്വന്‍ ഡോ.കെ.ജെ യേശുദാസിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജന്മനക്ഷത്രദിനമായ 12 ന് ശബരിമല ക്ഷേത്രത്തില്‍ വഴിപാടുകളും നെയ്യഭിഷേകവും നടത്തും. പുലര്‍ച്ചെ ഗണപതിഹോമവും സഹസ്രനാമാര്‍ച്ചനയും ശനിദോഷ നിവാരണത്തിനായി നീരാഞ്ജനവും നടത്തും.
താല്‍ക്കാലിക അധ്യാപന നിയമനത്തിന് 20,000 രൂപ കൈക്കൂലി വാങ്ങിയ കാസര്‍കോട്ടെ കേന്ദ്ര സര്‍വകലാശാലയിലെ മൈസൂര്‍ സ്വദേശിയായ പ്രൊഫസര്‍ എ കെ മോഹനെ വിജിലന്‍സ് പിടികൂടി. സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രഫസറാണ് ഇയാള്‍.
സംസ്ഥാന സര്‍ക്കാരിന്റെ വിന്‍വിന്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ75 ലക്ഷം രൂപ പശ്ചിമ ബംഗാള്‍ സ്വദേശി അശോകിന്. ഒന്നാം സമ്മാനം നേടിയ വിവരം അറിഞ്ഞ ഇയാള്‍ ടിക്കറ്റുമായി പെരിന്തല്‍മണ്ണ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. ടിക്കറ്റ് ബാങ്കിലെത്തിക്കാന്‍ സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട ഇയാള്‍ക്കു സുരക്ഷ നല്‍കി. ടിക്കറ്റ് ബാങ്കിനു കൈമാറിയ ശേഷം ഇയാള്‍ നാട്ടിലേക്കു പോയി. മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടുന്ന ജോലി ചെയ്യുന്നയാളാണ്.
ടിഎന്‍ പ്രതാപന്‍ എംപിയുടെ പിആര്‍ഒ എന്‍.എസ് അബ്ദുല്‍ ഹമീദിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന് വക്കീല്‍ നോട്ടീസ്. ഹൈക്കോടതി അഭിഭാഷകന്‍ അഡ്വ. അനൂപ് വിആര്‍ മുഖേനെയാണ് അബ്ദുല്‍ ഹമീദ് വക്കീല്‍ നോട്ടീസ് അയച്ചത്.
സിപിഐ എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി പി രാജുവിനെ തെരഞ്ഞെടുത്ത സ്ഥാനങ്ങളില്‍നിന്ന് ഒഴിവാക്കാന്‍ ജില്ലാ എക്‌സിക്യൂട്ടീവ് തീരുമാനിച്ചു. സാമ്പത്തിക ക്രമക്കേടു സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
തുണിയില്‍ മുക്കുന്ന റോഡമിന്‍ ബി എന്ന നിറപ്പൊടി ഉപയോഗിച്ചുണ്ടാക്കിയ കടുംനിറമുള്ള മിഠായി തിരൂരില്‍ പിടികൂടി. ബി പി അങ്ങാടി നേര്‍ച്ച ആഘോഷ സ്ഥലത്ത് വില്‍പ്പനയ്ക്കുവച്ച മിഠായി വിറ്റവര്‍ക്കെതിരേ ലക്ഷം രൂപയാണു പിഴ ചുമത്തിയിരിക്കുന്നത്. ഇതേസമയം, വായിലിട്ടാല്‍ പുക വരുന്ന ബിസ്‌കറ്റ് വില്‍പനയും പിടികൂടി. വെളുത്ത പുകയുണ്ടാക്കാന്‍ ലിക്വിഡ് നൈട്രജന്‍ ഉപയോഗിക്കുന്നതായാണു കണ്ടെത്തിയത്.
ആറ്റുകാല്‍ പൊങ്കാല ഫെബ്രുവരി 25 ന്. ഫെബ്രുവരി 17 മുതല്‍ ആഘോഷ പരിപാടികള്‍ തുടങ്ങും. മഹോത്സവത്തിനുള്ള തയാറെടുപ്പുകള്‍ക്കായി മന്ത്രി വി.ശിവന്‍കുട്ടി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കി.
എംഎ യൂസഫലിയുടെ യുഎഇയിലെ 50 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ആദരവായി ഡോ. ഷംഷീര്‍ വയലില്‍ പ്രഖ്യാപിച്ച കുട്ടികള്‍ക്കുള്ള സൗജന്യ ഹൃദയ സര്‍ജറികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജന്മനാ ഹൃദ്രോഗമുള്ള 50 കുട്ടികള്‍ക്കാണു ശസ്ത്രക്രിയ. അപേക്ഷിക്കേണ്ട ഇ മെയില്‍ വിലാസം: hope@vpshealth.com
പതിമ്മൂന്നുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പ്രതിക്കു ജീവപര്യന്തം തടവും 22 വര്‍ഷം കഠിന തടവും പിഴയും. പാലക്കാട് അ?ഗളി കോട്ടത്തറ സ്വദേശി ഗണേശനെ (40) യാണ്ണ് പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ശിക്ഷിച്ചത്.
പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കും. ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ബജറ്റായതിനാല്‍ ആദായനികുതി അടക്കമുള്ള ഇനങ്ങള്‍ വലിയ ഇളവുകളാണ് പ്രതീക്ഷിക്കുന്നത്.
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും നേതൃത്വത്തില്‍ പിളര്‍ന്ന ശിവസേനയാണ് ഔദ്യോഗിക വിഭാഗമെന്നും എംഎല്‍എമാരെ അയോഗ്യരാക്കാനാവില്ലെന്നും സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍. ഭൂരിപക്ഷത്തിന്റെ തീരുമാനത്തിനാണ് അംഗീകാരമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പു കമ്മീഷന്റെ രേഖകളില്‍ 2018 ല്‍ ഭേദഗതി ചെയ്ത പാര്‍ട്ടി ഭരണഘടന ഇല്ലെന്നും സ്പീക്കര്‍ ചൂണ്ടിക്കാട്ടി.
പശ്ചിമ ബംഗാളില്‍ തീവ്രവാദികളുടെ പാര്‍ട്ടിയായ സിപിഎമ്മുമായി സഖ്യമില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി. സഖ്യമാകാമെന്ന വാഗ്ദാനം സിപിഎം തള്ളിയതിനു പിറകേയാണ് സിപിഎമ്മിനെ തള്ളി പ്രസംഗിച്ചത്. ഇതേസമയം, തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭ തെരഞ്ഞെടുപ്പിന് ഒരുക്കമെന്ന നിലയില്‍ പാര്‍ട്ടി ജില്ലാ നേതാക്കളുമായി മമത കൂടിക്കാഴ്ച ആരംഭിച്ചു.
ഗുജറാത്തില്‍ 2036 ഒളിംപിക്‌സ് കൊണ്ടുവരാന്‍ ആറു പുതിയ സ്‌പോര്‍ട്‌സ് കോംപ്‌ളക്‌സുകളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും കൊണ്ടുവരുന്നു. ഇതിനായി 6000 കോടിയുടെ പദ്ധതിയാണ് ആവിഷ്‌കരിച്ചത്. ഇതിനായി സര്‍ക്കാര്‍ ഒരു പ്രത്യേക കമ്പനി രൂപീകരിച്ചു.