സിആര്‍പിഎഫും പോലീസും സുരക്ഷ പിന്‍വലിച്ചു മാറിയതോടെ ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു. യാത്ര നയിക്കുന്ന രാഹുല്‍ഗാന്ധിക്കരികിലേക്കു ജനം തള്ളിക്കയറി. പാര്‍ട്ടി നേതാക്കള്‍ക്കും നിയന്ത്രിക്കാനാകാത്തത്രയും തിരക്കു വന്നതോടെ സുരക്ഷയ്ക്കു വെല്ലുവിളിയായി. ബനിഹാളില്‍ നിന്ന് അനന്ത് നാഗിലേക്കുള്ള യാത്ര തുടങ്ങി ഒരു കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. ഇതോടെ യാത്ര നിര്‍ത്തിവയ്‌ക്കേണ്ടിവന്നു. മുന്നറിയിപ്പില്ലാതെയാണ് സിആര്‍പിഎഫും പോലീസും പിന്മാറിയതെന്ന് രാഹുല്‍ഗാന്ധി മാധ്യമങ്ങളോടു പറഞ്ഞു. സുരക്ഷ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നാളെ യാത്ര തുടരുമെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ സുരക്ഷയ്ക്കായി നാളെ സംസ്ഥാനത്തുടനീളം കോണ്‍ഗ്രസ് മണ്ഡലം തലത്തില്‍ പൊതുസമ്മേളനവും സര്‍വ്വമത പ്രാര്‍ത്ഥനയും നടത്തുമെന്നു കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. വൈകുന്നേരം നാലിനാണു പരിപാടി നടത്തുക. ജോഡോ യാത്രയെ അട്ടിമറിക്കാനുള്ള ബിജെപി നീക്കത്തിന്റെ ഭാഗമായാണ് സുരക്ഷ പിന്‍വലിച്ചതെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
അദാനി ഗ്രൂപ്പിന്റെ ഇടപാടുകളില്‍ സൂക്ഷ്മപരിശോധന നടത്തുന്നുണ്ടെന്ന് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ. ഗ്രൂപ്പിന്റെ വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണം വിപുലമാക്കും. ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട് പഠിച്ചുവരികയാണെന്നും സെബി അറിയിച്ചു. അദാനി ഗ്രൂപ്പ് ഓഹരി വിപണിയില്‍ വില ഉയര്‍ത്തി കാണിച്ച് തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം. ഇതേത്തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണി തകര്‍ന്നു. അദാനി ഗ്രൂപ്പിന്റെ ഒഹരിവില നിലംപരിശായി.
ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പിനു ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. മുഹമ്മദ് ഫൈസലിന്റെ ശിക്ഷാവിധി ഹൈക്കോടതി മരവിപ്പിച്ച സാഹചര്യത്തിലാണ് നിര്‍ദ്ദേശം. കവരത്തി കോടതി വധശ്രമക്കേസില്‍ മുഹമ്മദ് ഫൈസലിനെ ശിക്ഷിച്ചതോടെയാണ് ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. അപ്പീലില്‍ നടപടികള്‍ വരുന്നതിനു മുമ്പേ ധൃതിപ്പിടിച്ചാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പു പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കണമെന്ന ആവശ്യപ്പെട്ടുള്ള ഫൈസലിന്റെ ഹര്‍ജിയിലാണ് സുപ്രീം കോടതി ഉത്തരവ്.
മകളെ ശല്യം ചെയ്യുന്നുവെന്ന രക്ഷിതാവായ പോലീസ് ഓഫീസറുടെ പരാതിയില്‍ സ്റ്റേഷനിലേക്കു വിളിച്ച് വരുത്തി പൊലീസ് ചോദ്യം ചെയ്ത യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി അശ്വന്താണ് (21) മരിച്ചത്. അശ്വന്തിന്റെ മൃതദേഹവുമായി ബന്ധുക്കള്‍ ചവറ പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചു. പൊലീസ് ക്യാമ്പിലെ അസിസ്റ്റന്റ് കമാന്റ് ഓഫീസറുടെ പരാതിയിലാണ് പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തത്. ഈ സമയത്ത് പെണ്‍കുട്ടി ഞരമ്പു മുറിച്ച് ആത്മഹത്യക്കുു ശ്രമിച്ചു. വീണ്ടും ഹാജരാകണമെന്നു നിര്‍ദ്ദേശിച്ചാണു രാത്രി വിട്ടയച്ചത്. പെണ്‍കുട്ടിയും അശ്വന്തും പ്രണയത്തിലായിരുന്നെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
മെഡിക്കല്‍ കോളേജ് അദ്ധ്യാപകര്‍ക്ക് 2016ല്‍ ലഭിക്കേണ്ട ശമ്പളപരിഷ്‌കരണം വളരെവൈകി 2020 സെപ്റ്റംബറില്‍ മാത്രമാണ് നല്‍കിയത്. എന്നാല്‍ 01-01-2021 മുതലുള്ള പരിഷ്‌കരിച്ച ശമ്പളം മാത്രമേ നല്‍കിയിട്ടുള്ളൂ. 2016 ജനുവരി ഒന്നുമുതല്‍ 5 വര്‍ഷത്തെ ശമ്പളകുടിശ്ശിക ഇതുവരെയും നല്കിയിട്ടുമില്ല. 2021 ഫെബ്രുവരിയില്‍ 2023 മുതല്‍ നാലുഗഡുക്കളായി നല്‍കാമെന്നു ഉത്തരവിറക്കിയതാണെന്നും സംഘടന പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
അനില്‍ ആന്റണി രാജിവച്ച കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറായി ഡോ. പി സരിനെ കോണ്‍ഗ്രസ് നിയമിച്ചു.
മെഡിക്കല്‍ കോളേജ് അദ്ധ്യാപകരുടെ ശമ്പളകുടിശികയും ക്ഷാമബത്തയും നല്‍കണമെന്നും വൃക്തമായ ജോലിസമയം നിര്‍വചിക്കണമെന്നും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ടീച്ചേഴ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. എന്‍ട്രി കേഡറിലുള്ള ശമ്പളത്തിലെ അപാകതകളും പരിഹരിക്കണമെന്നും ആവശ്യപ്പെട്ടു. നടപടിയില്ലെങ്കില്‍ സമരത്തിനിറങ്ങുമെന്നും മുന്നറിയിപ്പു നല്‍കി.
സംസ്ഥാന സര്‍ക്കാരിനെ നിരന്തരം വിമര്‍ശിക്കാന്‍ താന്‍ പ്രതിപക്ഷ നേതാവല്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ആരോഗ്യ, സാമൂഹ്യക്ഷേമ മേഖലകളില്‍ അടക്കം പല മേഖലകളില്‍ സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റിലുള്ളതിനാല്‍ ചാന്‍സലര്‍ പദവി വിഷയത്തില്‍ നിയമസഭയ്ക്കു തനിച്ച് തീരുമാനം എടുക്കാനാകില്ല. ഭരണഘടനാ വിരുദ്ധമായ കാര്യങ്ങളില്‍ മാത്രമാണു താന്‍ വിമര്‍ശിച്ചതെന്നും ഗവര്‍ണര്‍ പറഞ്ഞു.
അര്‍ബന്‍ നിധി നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി ആന്റണി സണ്ണി കണ്ണൂരില്‍ പിടിയില്‍. മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം തലശ്ശേരി ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഇതിന് പിറകേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
സാമ്പത്തിക പ്രതിസന്ധികള്‍ക്കിടെ നൂതന കൃഷി രീതികളെക്കുറിച്ചു പഠിക്കാന്‍ ഇസ്രായേലിലേക്കു കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ കേരളാ സംഘത്തെ അയക്കുന്നതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി. ഇക്കാര്യങ്ങള്‍ തീരുമാനിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കൊച്ചി തുറമുഖം വഴി സ്വര്‍ണം കടത്തിയ കേസിലെ പ്രതിയുടെ കരുതല്‍ തടങ്കല്‍ ഹൈക്കോടതി ശരിവച്ചു. 2021 ല്‍ റഫ്രിജറേറ്ററില്‍ ഒളിപ്പിച്ച് 7.16 കോടി രൂപയുടെ സ്വര്‍ണ്ണക്കട്ടികള്‍ കടത്തിയ എറണാകുളം സ്വദേശി അബ്ദുള്‍ റൗഫിന്റെ കൊഫെപോസ കരുതല്‍ തടങ്കല്‍ ആണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവച്ചത്.
കൊച്ചി വടവുകോട് ബ്ലോക്ക് പഞ്ചായത്തില്‍ ട്വന്റി 20 ഭരണ സമിതിക്കെതിരെ യുഡിഎഫ് അവതരിപ്പിച്ച അവിശ്വാസം പരാജയപ്പെട്ടു. എല്‍ഡിഎഫ് അംഗങ്ങള്‍ വിട്ടുനിന്നതാണ് കാരണം. ട്വന്റി 20 ക്കും യുഡിഎഫിനും അഞ്ചു വീതം അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിന് മൂന്നംഗങ്ങളും.
തൊടുപുഴ വെള്ളിയാമറ്റം പഞ്ചായത്ത് ഭരണം എല്‍ഡിഎഫില്‍നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. പ്രസിഡന്റായ സ്വതന്ത്ര അംഗം ഇന്ദു ബിജുവിന്റെ പിന്തുണയോടെയാണ് യുഡിഎഫ് ഭരണം നേടിയത്. ഇന്ദു ബിജു തന്നെയാണ് ഇത്തവണയും പ്രസിഡന്റ്. പതിനഞ്ചംഗ ഭരണസമിതിയില്‍ യുഡിഎഫിന് ഏഴ്, എല്‍ഡിഎഫിന് ആറ്, രണ്ടു സ്വതന്ത്രര്‍ എന്നിങ്ങനെയാണു കക്ഷി നില. എല്‍ഡിഎഫ് ഇന്ദുവിനോടു രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ യുഡിഎഫിലേക്കു മാറുകയായിരുന്നു.
ചായ കുടിച്ചതിന്റെ വിലയില്‍ അമ്പതു പൈസയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ ഹോട്ടലുടമയെ കുത്തിക്കൊന്ന കേസിലെ പ്രതിക്കു ജീവപര്യന്തം തടവു ശിക്ഷ. വെടിമറ സ്വദേശി അനൂപിനെയാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. എറണാകുളം പറവൂരില്‍ ഹോട്ടലുടമയായ സന്തോഷിനെ 2006 ജനുവരി പതിനേഴിനെ കൊലപ്പെടുത്തിയെന്നാണു കേസ്. രണ്ടു കൂട്ടു പ്രതികള്‍ക്കും നേരത്തെ തടവു ശിക്ഷ വിധിച്ചിരുന്നു.
ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ ലഹരിവേട്ട. പാലക്കാട് എത്തിയ ഷാലിമാര്‍ എക്‌സ്പ്രസില്‍ നിന്ന് 45 ലക്ഷം രൂപയുടെ ചരസ് പിടികൂടി. ദിബ്രുഗഡ് എക്‌സ്പ്രസില്‍ നിന്ന് അഞ്ച് കിലോ കഞ്ചാവും പിടിച്ചെടുത്തു.
അതിരപ്പിള്ളി കൊന്നക്കുഴിയില്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച കേസില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.വി വിനയരാജിനെ സ്‌പെന്‍ഡ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീ#ിപ്പിച്ച കേസില്‍ സുരക്ഷാ ജീവനക്കാരനെ ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കൂറ്റനാട് വാവനൂര്‍ സ്വദേശി തുമ്പിപുറത്ത് വീട്ടില്‍ പ്രജീഷ് കുമാറിനെയാണ് പോക്‌സോ ചുമത്തി പൊലീസ് അറസ്റ്റു ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മയുടെ സുഹൃത്തായിരുന്നു പ്രജീഷ് കുമാര്‍.
ത്രിപുര അക്കമുള്ള സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചോര്‍ന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവര്‍ എത്തിയിരുന്നു. നാളെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടായേക്കും.
ത്രിപുരയില്‍ സിപിഎമ്മിലെ രണ്ട് പ്രമുഖ നേതാക്കള്‍ രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നു. ഒരാള്‍ സിറ്റിംഗ് എംഎല്‍എയും മറ്റൊരാള്‍ മുന്‍ എംഎല്‍എയുമാണ്. കൈലാസഹര്‍ മണ്ഡലത്തില്‍നിന്നുള്ള എം എല്‍എയായ മൊബൊഷാര്‍ അലിയാണ് ബിജെപിയില്‍ ചേര്‍ന്നത്.
ബാങ്ക് ജീവനക്കാര്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ നടത്താനിരുന്ന സമരം മാറ്റിവച്ചു. യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മീഷറുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 31 ന് വീണ്ടും ചര്‍ച്ച നടത്തും. ശമ്പള, പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം പ്രഖ്യാപിച്ചിരുന്നത്.
ഗോതമ്പിനും ആട്ടയ്ക്കും പത്ത് വര്‍ഷത്തിനിടയില്‍ ഏറ്റവും ഉയര്‍ന്ന വില വര്‍ധന. വില കുറയ്ക്കാന്‍ 30 ലക്ഷം ടണ്‍ ഗോതമ്പ് സര്‍ക്കാര്‍ പൊതുവിപണിയില്‍ വില്‍ക്കും. മില്ലര്‍മാര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ക്ക് ക്വിന്റലിന് 2,350 രൂപ എന്ന നിരക്കില്‍ നല്‍കും. ഗോതമ്പ് ആട്ടയാക്കി കിലോയ്ക്ക് 29.5 രൂപയ്ക്കു വില്‍ക്കാമെന്ന് ഉടമ്പടി നല്‍കേണ്ടിവരും. ഗോതമ്പിന്റെ ശരാശരി ചില്ലറ വില്‍പന വില കിലോയ്ക്ക് 33.3 രൂപയായിരുന്നപ്പോള്‍ ആട്ട കിലോയ്ക്ക് 38 രൂപയായിരുന്നു.
ഹരിയാനയില്‍ ബിജെപി- ജെജെപി ഭരണപക്ഷത്ത ആറു നേതാക്കള്‍ പ്രതിപക്ഷമായ കോണ്‍ഗ്രസില്‍ ചേര്‍ന്നു. പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡയുടെ സാന്നധ്യത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ചൗധരി ഉദയ്‌ബെന്‍ നേതാക്കളെ മാലയിട്ട് സ്വീകരിച്ചു.
ജപ്പാന്‍ തീരത്ത് ചരക്ക് കപ്പല്‍ മുങ്ങി എട്ടു മരണം. മരിച്ചവരില്‍ ചൈനീസ് പൗരന്മാരും ഉള്‍പ്പെടുന്നു. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അഞ്ചു പേരെ രക്ഷപ്പെടുത്തി.