night news hd 6

 

വെള്ളക്കരം വര്‍ധനയ്ക്കു ഈ മാസം മൂന്നു മുതല്‍ മുന്‍കാല പ്രാബല്യം ഏര്‍പ്പെടുത്തി പുതുക്കിയ താരിഫ് ജല അതോരിറ്റി പുറത്തിറക്കി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 50 മുതല്‍ 550 വരെ രൂപയുടെ നിരക്കു വര്‍ധന. മിനിമം നിരക്ക് 22.05 രൂപയില്‍നിന്ന് 72.05 രൂപയായി വര്‍ധിപ്പിച്ച. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് പ്രതിമാസം 15,000 ലിറ്റര്‍ വരെ സൗജന്യമായി ലഭിക്കും. വെള്ളക്കരം, ഇന്ധന സെസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധം ഉയരുന്നതിനിടെയാണ് പുതുക്കിയ താരിഫ് പുറത്തിറക്കിയത്.

എറണാകുളത്തെ റോഡുകളുടെ ശോച്യാവസ്ഥയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി. ഉദ്യോഗസ്ഥര്‍ക്ക് അഹങ്കാരവും ധാര്‍ഷ്ട്യവുമാണെന്നും ഉത്തരവാദിത്വപ്പെട്ട പലതലകളും ഉരുളുമെന്നും സിംഗിള്‍ ബെഞ്ച് പറഞ്ഞു. എറണാകുളം കങ്ങരപ്പടിയില്‍ വാട്ടര്‍ അതോറിറ്റിയ്ക്കായി കുഴിച്ച കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ വിമര്‍ശനം. ജില്ലയിലെ റോഡുകളുടെ അവസ്ഥ സംബന്ധിച്ച് റിപ്പോര്‍ട് നല്‍കാതിരുന്ന ജില്ലാ കലക്ടറേയും കോടതി വിമര്‍ശിച്ചു.

സംസ്ഥാനത്തെ സര്‍ക്കാര്‍ – എയിഡഡ് ഹൈസ്‌കൂളുകളില്‍ അടുത്ത മാസത്തോടെ 36,366 ലാപ്‌ടോപ്പുകള്‍ പുതുതായി ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. കൈറ്റ് ആണ് ലാപ് ടോപ്പുകള്‍ ലഭ്യമാക്കുന്നത്. ഹൈടെക് പദ്ധതികളുടെ ഭാഗമായി ഇതുവരെ 760 കോടി രൂപ ചെലവിട്ട് 4.4 ലക്ഷം ഉപകരണങ്ങള്‍ സ്‌കൂളുകളില്‍ വിന്യസിപ്പിച്ചെന്നും മന്ത്രി.

വെള്ളക്കരം വര്‍ധന സംബന്ധിച്ച ചര്‍ച്ചയ്ക്കിടെ, ഒരു കുടുംബത്തിന് പ്രതിദിനം ശരാശരി 100 ലിറ്റര്‍ വെള്ളം മതിയെന്നു നിയമസഭയില്‍ പ്രസംഗിച്ച മന്ത്രി റോഷി അഗസ്റ്റിന്‍ ഫെയ്സ്ബുക്കിലൂടെ അതു തിരുത്തി. ഒരാള്‍ക്ക് 100 ലിറ്റര്‍ എന്ന നിലയില്‍ അഞ്ചംഗ കുടുംബത്തിന് 500 ലിറ്റര്‍ വെള്ളം മതിയാകില്ലേ എന്നാണ് താന്‍ ഉദ്ദേശിച്ചതെന്ന് മന്ത്രി വിശദീകരിച്ചു.

കൊല്ലത്തെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചത് അമ്മയ്ക്ക് ആയുര്‍വേദ ചികില്‍സയ്ക്കു വേണ്ടിയാണെന്നും പ്രതിമാസം 20,000 രൂപയാണു വാടക നല്‍കിയതെന്നും യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം. അറ്റാച്ച്ഡ് ബാത്‌റൂമില്ലാത്ത സ്വന്തം വീട് പുതുക്കി പണിയുന്ന സമയത്താണ് അവിടെ താമസിച്ചത്. തന്റെ ശമ്പളത്തില്‍നിന്നും അമ്മയുടെ പെന്‍ഷന്‍ തുകയും ഉപയോഗിച്ചാണു വാടക നല്‍കിയെന്നും ചിന്ത വിശദീകരിച്ചു.

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ചികില്‍സയ്ക്കായി ബെംഗളൂരുവിലേക്കു നാളെ കൊണ്ടുപോകും. എയര്‍ലിഫ്റ്റു ചെയ്യാനാണു പരിപാടി. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആശുപത്രിയില്‍ എത്തി അദ്ദേഹത്തെ കണ്ടു. ചെലവുകള്‍ കെപിസിസി വഹിക്കുമെന്നു സതീശന്‍ പറഞ്ഞു.

കേരള സ്പോട്സ് കൗണ്‍സിലിന്റെ അധ്യക്ഷനായി മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം യു ഷറഫ് അലി ചുമതലയേറ്റു. കായിക മന്ത്രിയുമായുള്ള ഭിന്നതയെത്തുടര്‍ന്ന് മേഴ്സിക്കുട്ടന്‍ രാജിവച്ച ഒഴിവിലാണു നിയമനം.

വിദ്യാലയങ്ങളിലെ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കുന്നതില്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. പിടിഎയുടേയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് പലയിടത്തും വിജയകരമായി മുന്നോട്ടു പോകുന്നത്. ഇത്തവണ ബജറ്റില്‍ തുക വര്‍ധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ചങ്ങനാശേരിയില്‍ അനധികൃതമായി താമസിച്ചിരുന്ന അഫ്ഗാന്‍ പൗരനെ പൊലീസ് അറസ്റ്റ് ചെയ്തു. അഹ്‌മദ് നസീര്‍ ഒസ്മാനി എന്ന ഇരുപത്തിനാലുകാരനാണ് അറസ്റ്റിലായത്. മെഡിക്കല്‍ വിസയില്‍ ഇന്ത്യയിലെത്തിയതായിരുന്നു.

മാവേലിക്കര സ്‌പെഷല്‍ ജയിലില്‍നിന്നു ചാടിപ്പോയ പ്രതിയെ തിരുവല്ലയില്‍ നിന്നു ജയിലധികൃതര്‍ പിടികൂടി. തിരുവല്ല നെടുമ്പ്രം കല്ലിങ്കല്‍ കാരാത്തറ കോളനി കണ്ണാചിറ വീട്ടില്‍ വിഷ്ണു ഉല്ലാസിനെ (28) തിരുവല്ല തുകലശേരിയില്‍നിന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണു ജയില്‍ അധികൃതര്‍ പിടികൂടിയത്.

പ്രവാസിയുടെ കാര്‍ ഡ്രൈവറായി ജോലിക്കെത്തി 1,15,000 രൂപ കവര്‍ന്നു കടന്ന പ്രതിയെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പിടികൂടി. തിരുവനന്തപുരം പേട്ട പാല്‍ക്കുളങ്ങരയില്‍ ശരവണം വീട്ടില്‍ കെ ഹരികൃഷ്ണന്‍ (49)നെയാണ് കരീലകുളങ്ങര പൊലീസ് അറസ്റ്റു ചെയ്തത്. എറണാകുളം ആലുവ ചൂര്‍ണിക്കര ഉജ്ജയിനി വീട്ടില്‍ ഉണ്ണികൃഷ്ണപിള്ളയുടെ കാര്‍ ഓടിക്കാനായി ഏജന്‍സി മുഖേന എറണാകുളത്തുനിന്ന് എത്തിയ ഡ്രൈവറാണു മോഷണത്തിനു പിടിയിലായത്.

കണ്ണൂര്‍ ആറളത്ത് മാവോയിസ്റ്റ് സംഘം. ആറളം വിയറ്റ്‌നാം കുറിച്ചി കോളനിയില്‍ ആയുധധാരികളായ ഒരു സ്ത്രീയും അഞ്ചു പുരുഷന്മാരും അടങ്ങിയ സംഘമാണ് എത്തിയത്. ഭക്ഷണ സാധനങ്ങള്‍ ശേഖരിച്ച് കൊട്ടിയൂര്‍ വനത്തിലേക്ക് മടങ്ങി.

കണ്ണൂരിലെ കെ.ടി ജയകൃഷ്ണന്‍ മാസ്റ്റര്‍ വധത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് ബിജെപി. യഥാര്‍ത്ഥ പ്രതികള്‍ ഇപ്പോഴും സമൂഹത്തില്‍ വിഹരിക്കുകയാണെന്ന് ബിജെപി കണ്ണൂര്‍ ജില്ല പ്രസിഡന്റ് എന്‍ ഹരിദാസ് ആരോപിച്ചു. കൊലപാതകം നേരില്‍ കണ്ട 16 കുട്ടികളില്‍ ഒരാളായ പാനൂര്‍ സ്വദേശി ഷെസീന വിട്ടുമാറാത്ത മാനസിക സമ്മര്‍ദ്ദംമൂലമാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയതെന്നും ഹരിദാസ് പറഞ്ഞു.

പാര്‍ലമെന്റില്‍ അദാനി വിഷയം കേന്ദ്ര സര്‍ക്കാര്‍ വിലക്കിയിരിക്കേ, വിഷയം ഉന്നയിച്ച് രാഹുല്‍ ഗാന്ധി. അദാനിയുമായി ഒത്തുകളിയെന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ചാണു പ്രസംഗം. നന്ദിപ്രമേയ ചര്‍ച്ചയില്‍ ഈ വിഷയം എന്തിനാണെന്നു ചോദിച്ച് സ്പീക്കറും ഭരണപക്ഷ അംഗങ്ങളും തടസപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പിന്മാറാതെ രാഹുല്‍ ഗാന്ധി ആരോപണങ്ങള്‍ ഉന്നയിച്ചു. ഭാരത് ജോഡോ യാത്ര വിജയകരമെന്നു പറഞ്ഞാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ജനങ്ങള്‍ തൊഴിലില്ലായ്മ, വിലക്കയറ്റം തുടങ്ങിയ സങ്കടങ്ങള്‍ പറഞ്ഞു. അദാനിക്ക് ഇന്ത്യയെ വിറ്റതിന്റെ വിശേഷങ്ങള്‍ ജനങ്ങള്‍ ചോദിച്ചു. മോദി ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ മുതലുള്ള ബന്ധമാണ്. അദാനിയും മോദിയുമായുള്ള ചിത്രം ഉയര്‍ത്തി രാഹുല്‍ പ്രസംഗം തുടര്‍ന്നു. രാജ്യത്തെ വിമാനത്താവളങ്ങളും തുറമുഖങ്ങളും പ്രതിരോധ മേഖലയും അദാനിക്ക് നല്‍കി. മോദിയുടെ വിദേശ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ആനുകൂല്യം കിട്ടുന്നത് അദാനിക്കെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *