നികുതിക്കൊള്ളയുമായി സംസ്ഥാന ബജറ്റ്. നിരക്കു വര്‍ധനകളിലൂടെ മൂവായിരം കോടി രൂപയാണ് അധികമായി പിരിച്ചെടുക്കുന്നത്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച ബജറ്റിലെ നിരക്കുവര്‍ധനയ്‌ക്കെതിരേ പ്രതിപക്ഷ കക്ഷികള്‍ സമരം തുടങ്ങി. പെട്രോളിനും ഡീസലിനും ലിറ്ററിനു രണ്ടു രൂപ സെസ് ഏര്‍പ്പെടുത്തി വില വര്‍ധിപ്പിച്ചതാണ് ശക്തമായ പ്രതിഷേധത്തിന് വഴിയൊരുക്കിയത്. വൈദ്യുതി നിരക്കില്‍ അഞ്ചു ശതമാനം സെസ്. മദ്യത്തിനു വില കൂട്ടി. 500 രൂപ മുതല്‍ 999 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശമദ്യത്തിന് ഒരു കുപ്പിക്ക് 20 രൂപയും 1000 രൂപ മുതലുള്ള മദ്യത്തിന് 40 രൂപയും വര്‍ധിപ്പിച്ചു. മോട്ടോര്‍ വാഹന നികുതി രണ്ടു ശതമാനം കൂട്ടി. ഭൂമിയുടെ ന്യായ വില 20 ശതമാനം വര്‍ധിപ്പിച്ചു. ഫ്‌ളാറ്റുകളുടെ മുദ്ര വില കൂട്ടി. കെട്ടിട നികുതി വര്‍ധിപ്പിക്കും. കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് അടക്കമുള്ള അപേക്ഷകള്‍ക്കു ഫീസ് കൂട്ടി. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ക്കും ഒന്നിലധികം വീടുകള്‍ക്കും പ്രത്യേക നികുതി. കോടതി ഫീസുകളും വര്‍ധിപ്പിച്ചു.
വിലക്കയറ്റമുണ്ടാക്കുന്ന നിരക്കു വര്‍ധനകള്‍ പ്രഖ്യാപിച്ച സംസ്ഥാന ബജറ്റില്‍ വിലക്കയറ്റം നിയന്ത്രിക്കാനെന്ന പേരില്‍ നീക്കിവച്ചത് 2000 കോടി രൂപ. അതിദാരിദ്ര്യം തുടച്ചുനീക്കാന്‍ 50 കോടി. ലൈഫ് മിഷന് 1436.26 കോടി. കിഫ്ബിക്കായി 74,009.55 കോടി രൂപ വകയിരുത്തി. റീ ബില്‍ഡ് കേരളയ്ക്ക് 904 .83 കോടി രൂപ. കുടുംബശ്രീക്ക് 260 കോടി രൂപ. എല്ലാവര്‍ക്കും നേത്രപരിശോധനയും പാവപ്പെട്ടവര്‍ക്കു സൗജന്യ കണ്ണടകളും നല്‍കാന്‍ 50 കോടി.
നാളികേരത്തിന്റ താങ്ങു വില 32 രൂപയില്‍ നിന്ന് 34 ആക്കി വര്‍ധിപ്പിച്ചു. റബര്‍ കര്‍ഷകര്‍ക്കുള്ള സബ്സിഡി വിഹിതം 600 കോടി രൂപയാക്കി. നെല്‍കൃഷിക്ക് 91.05 കോടി. കുട്ടനാട് പാടശേഖരം പുറംബണ്ട് നിര്‍മ്മാണത്തിന് 100 കോടി. നാളികേര വികസന പദ്ധതിക്കായി 60.85 കോടി. സ്മാര്‍ട് കൃഷിഭവനുകള്‍ക്ക് 10 കോടി. കാര്‍ഷിക കര്‍മ്മ സേനകള്‍ക്ക് എട്ടു കോടി. വിള ഇന്‍ഷുറന്‍സിന് 30 കോടി. തൃത്താലക്കും കുറ്റ്യാടിക്കും നീര്‍ത്തട വികസനത്തിന് രണ്ടു കോടി വീതം. മൃഗചികിത്സ സേവനങ്ങള്‍ക്ക് 41 കോടി രൂപും അനുവദിച്ചു.
ജലസേചനത്തിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി 525 കോടി. പൊതുജനാരോഗ്യത്തിന് 196.6 കോടി രൂപ വര്‍ധിപ്പിച്ച് 2,828.33 കോടി വകമാറ്റി. പട്ടികജാതി വികസന വകുപ്പിന് 1638.1 കോടി. സാമൂഹ്യ സുരക്ഷക്ക് 757.71 കോടി. തിരുവന്തപുരത്തും കൊച്ചിയിലും ഹൈഡ്രജന്‍ ഹബ്ബുകള്‍ സ്ഥാപിക്കാന്‍ 200 കോടി രൂപ. വ്യവസായ മേഖലയില്‍ അടങ്കല്‍ തുകയായി ബജറ്റില്‍ 1259.66 കോടി വകമാറ്റി. വ്യവസായ വികസന കോര്‍പറേഷന് 122.25 കോടി. വിദ്യാഭ്യാസ മേഖലയ്ക്ക് 1773.01 കോടി രൂപ. ഉച്ചഭക്ഷണം പദ്ധതികള്‍ക്ക് 344.64 കോടി രൂപയും അനുവദിച്ചു. സാങ്കേതിക വിദ്യാഭ്യാസ മേഖലയ്ക്ക് 252 കോടി രൂപ. കാരുണ്യ മിഷന് 574.5 കോടി രൂപ. ആരോഗ്യ വിദ്യാഭ്യാല മേഖലക്ക് 463.75 കോടി. കലാസാംസ്‌കാരിക വികസനത്തിന് 183.14 കോടി രൂപ വകമാറ്റി.
വിഴിഞ്ഞം തുറമുഖത്തിനു ചുറ്റും വ്യവസായ ഇടനാഴിക്കായി കിഫ്ബി വഴി 1000 കോടി രൂപ. നഗരവത്കരണത്തിന് 300 കോടി. അങ്കണവാടി കുട്ടികള്‍ക്ക് മുട്ടയും പാലും നല്‍കുന്നതിന് 63.5 കോടി രൂപ വകമാറ്റി. വനസംരക്ഷണ പദ്ധതിക്കായി 26 കോടി. ഡാം വികസനത്തിന് 58 കോടി. ജൈവ വൈവിധ്യ സംരക്ഷണ പദ്ധതിക്കായി 10 കോടി. തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കിനായി ആറു കോടി. 16 വന്യജീവി സംരഷണത്തിന് 17 കോടി. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ വിവിധ പദ്ധതികള്‍ക്കായി 30 കോടി രൂപ. എരുമേലി മാസ്റ്റര്‍ പ്ലാന് അധികമായി 10 കോടി. കുടിവെള്ള വിതരണത്തിന് 10 കോടി. നിലക്കല്‍ വികസനത്തിന് രണ്ടര കോടി. കുറ്റ്യാടി ജലസേചന പദ്ധതിക്കും തോട്ടപ്പള്ളി പദ്ധതിക്കും അഞ്ചു കോടി രൂപവീതം.
ബജറ്റിലെ നിരക്കു വര്‍ധന വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കടമെടുത്താണ് നിലവില്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ നല്‍കുന്നത്. മദ്യത്തിനും ഇന്ധനത്തിനും സെസ് ഏര്‍പ്പെടുത്തി മാത്രമേ സര്‍ക്കാരിന് അധിക വരുമാനമുണ്ടാക്കാനാകൂ. സാമൂഹ്യ സുരക്ഷിതത്വം ഉറപ്പാക്കാനാണ് സെസ് ചുമത്തിയും വില വര്‍ധിപ്പിച്ചും വരുമാനമുണ്ടാക്കുന്നത്. വരുമാനം വര്‍ധിപ്പിക്കാന്‍ മറ്റു നിര്‍ദേശങ്ങളുണ്ടെങ്കില്‍ കേള്‍ക്കാന്‍ തയ്യാറാണെന്നും ധനമന്ത്രി പറഞ്ഞു.
നികുതി വര്‍ധനയക്കെതിരേ പ്രക്ഷോഭമെന്ന് കെപിസിസി. ജീവിതച്ചെലവ് കുത്തനേ കൂട്ടുന്ന സംസ്ഥാന ബജറ്റിനെതിരേ
അതിശക്തമായ സമരം നടത്തുമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ പ്രഖ്യാപിച്ചു. തീപാറുന്ന പ്രക്ഷോഭമാണ് കേരളം കാണാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര ഗവണ്‍മെന്റ് സൃഷ്ടിച്ച സാമ്പത്തിക പ്രതിബന്ധങ്ങളെ ക്രിയാത്മകമായി മറികടക്കാനുള്ള ശക്തമായ ഇടപെടലാണ് ബജറ്റിലെ നിരക്കു വര്‍ധന അടക്കമുള്ള നിര്‍ദേശങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ച രണ്ടക്കത്തിലെത്തിയത് സുശക്തമായ മുന്നേറ്റം കൊണ്ടു നേടിയെടുത്തതാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ബജറ്റിലെ നികുതി വര്‍ധനവിനെതിരെ സംസ്ഥാനത്താകെ പ്രതിഷേധം. കോണ്‍ഗ്രസ്, ബി ജെ പി, യൂത്ത് കോണ്‍ഗ്രസ്, യുവ മോര്‍ച്ച, കെ എസ് യു സംഘടനകള്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ പ്രതിഷേധ പ്രകടനം നടത്തി. ആലുവായില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കു നേരെ കരിങ്കൊടി കാണിച്ചു.
ഇന്ധന വില വര്‍ദ്ധിപ്പിച്ചതും നിത്യ ജീവിത ചെലവു വര്‍ധിപ്പിക്കുന്നതുമായ ബജറ്റ് ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. 2017 ല്‍ നിര്‍ത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ നിര്‍ദേശമില്ല. ചെറുകിട വ്യാപാരികള്‍ക്കുള്ള കോവിഡ് സമാശ്വാസ പദ്ധതിയായി വായ്പാ സബ്‌സിഡി ഇനത്തില്‍ നിയമസഭയില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ആനുകൂല്യം ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ലെന്നും ഏകോപന സമിതി.
ഡീസലിന് രണ്ടു രൂപ സെസ് ചുമത്തിയതിനു പിറകേ, വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍. ഇല്ലെങ്കില്‍ ബസ് സര്‍വീസ് നിര്‍ത്തിവച്ച് സമരം ചെയ്യേണ്ടി വരുമെന്ന് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറി ടി ഗോപിനാഥന്‍ പറഞ്ഞു.
ജനങ്ങളെ കൊള്ളയടിക്കുന്ന ബജറ്റാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. സമസ്ത മേഖലയിലും വിലക്കയറ്റത്തിന് വഴിവെയ്ക്കും. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജനങ്ങളെ പിഴിയുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ് ഏര്‍പ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ചെറുകിട, ഇടത്തരം സംരംഭകരെയും പരമ്പരാഗത വ്യവസായ മേഖലയെയും തഴഞ്ഞെന്നും വേണുഗോപാല്‍.
സംസ്ഥാനത്ത് നാലു ദിവസമായി തുടര്‍ന്നിരുന്ന ക്വാറി, ക്രഷര്‍ സമരം പിന്‍വലിച്ചു. വ്യവസായ, ഗതാഗത വകുപ്പ് മന്ത്രിമാരുമായി സമരസമിതി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് സര്‍ക്കാരില്‍നിന്ന് ഉറപ്പു കിട്ടിയെന്ന് ക്വാറി ഉടമകള്‍ അറിയിച്ചു.
കൊല്ലം കളക്ടറേറ്റില്‍ ബോംബ് ഭീഷണി. കളക്ടര്‍ക്കു കത്തിലൂടെയാണു ഭീഷണി സന്ദേശം എത്തിയത്. ബോംബ് സ്‌ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായിട്ടില്ല. കത്ത് പോസ്റ്റ് ചെയ്തത് ചിന്നക്കട ഹെഡ് പോസ്റ്റ് ഓഫീസില്‍നിന്നാണ്.
കോഴിക്കോട് മുക്കം എംഇഎസ് കോളജില്‍ വിദ്യാര്‍ഥികളും പുറത്തുനിന്നെത്തിയ ആളുകളും തമ്മില്‍ സംഘര്‍ഷം. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ഇയാസിനു വെട്ടേറ്റു. 10 വിദ്യാര്‍ത്ഥികള്‍ക്കു പരിക്കുണ്ട്. റോഡരികില്‍ വിദ്യാര്‍ത്ഥികളുടെ വാഹനം പാര്‍ക്കു ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്.
ഇടുക്കി ബിഎല്‍ റാവിലെ ഏലത്തോട്ടത്തില്‍ വൈദ്യുതാഘാതമേറ്റു കാട്ടാന ചെരിഞ്ഞ നിലയില്‍. സിഗരറ്റ് കൊമ്പന്‍ എന്ന് വിളിക്കുന്ന ഒറ്റയാന്‍ തോട്ടത്തിനു നടുവിലൂടെ താഴ്ന്നു കിടന്ന വൈദ്യുതി ലൈനില്‍നിന്നു ഷോക്കേറ്റാണു ചരിഞ്ഞതെന്നാണു നിഗമനം.
കഞ്ചാവുകേസില്‍ യുവതിയുടെ ജാമ്യം റദ്ദാക്കി കോടതി ഉത്തരവ്. 2020 ഡിസംബര്‍ 28 ന് തഴക്കരയില്‍ ജില്ലാ ആശുപത്രിക്കു സമീപത്തെ വാടകവീട്ടില്‍നിന്നു 30 കിലോ കഞ്ചാവ് പിടിച്ച കേസില്‍ അറസ്റ്റിലായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയുടെ (34) ജാമ്യമാണ് മാവേലിക്കര അഡീഷനല്‍ ജില്ലാ ജഡ്ജി വി ജി ശ്രീദേവി റദ്ദാക്കിയത്.
പത്തു വയസുകാരിെയ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ മദ്രസ അധ്യാപകന് 41 വര്‍ഷം കഠിന തടവും രണ്ടു ലക്ഷം രൂപ പിഴയും ശിക്ഷ. തച്ചനാട്ടുകര സ്വദേശി ഹംസക്കെതിരെയാണ് പട്ടാമ്പി അതിവേഗ കോടതി ശിക്ഷ വിധിച്ചത്.
ആലപ്പുഴയില്‍ ട്യൂഷനെത്തിയ വിദ്യാര്‍ഥിനിയോട് ലൈംഗിക അതിക്രമം കാട്ടിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാര്‍ഡ് കരിമ്പിന്‍കാലായില്‍ ഫ്രെഡി ആന്റണി ടോമിയെയാണ് (28) അറസ്റ്റു ചെയ്തത്.
അദാനി കമ്പനിയിലെ പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപം സംബന്ധിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി ടിവി സോമനാഥന്‍. എല്‍ഐസി, എസ്ബിഐ എന്നീ പൊതുമേഖല കമ്പനികളുടെ നിലനില്‍പിനു ഭീഷണിയാവില്ലെന്നും അദ്ദേഹം പറഞ്ഞു. സംയുക്ത പാര്‍ലമെന്ററി സമിതിയോ സുപ്രീം കോടതിയുടെ മേല്‍നോട്ടത്തിലോ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പ്രക്ഷോഭത്തിന് ഇറങ്ങിയിരിക്കേയാണ് സര്‍ക്കാര്‍ പ്രസ്താവനയിറക്കിയത്.
അദാനിക്കെതിരേ റിപ്പോര്‍ട്ടു പുറത്തുവിട്ട് ഓഹരി ഇടപാടുകളുടെ ഷോര്‍ട്ട് സെല്ലിംഗ് നടത്തുന്ന ഹിന്‍ഡന്‍ബര്‍ഗിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. അഡ്വക്കേറ്റ് എം എല്‍ ശര്‍മയാണ് പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. ഹിന്‍ഡന്‍ബര്‍ഗിനും സ്ഥാപകന്‍ നഥാന്‍ ആന്‍ഡേഴ്സനുമെതിരെ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ഷോര്‍ട്ട് സെല്ലിംഗ് ക്രിമിനല്‍ കുറ്റമാക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടുകളും രേഖകളും വിവരാവകാശ നിയമപ്രകാരം വെളിപ്പെടുത്താനാകില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യസുരക്ഷയ്ക്കാണ് പ്രാധാന്യം. പൊലീസ്, എടിഎസ് എന്നിവയ്ക്കു വിവരങ്ങള്‍ നല്‍കാമെന്നും കോടതി.
തലങ്കാനയില്‍ അടുത്തയാഴ്ച ഉദ്ഘാടനം ചെയ്യേണ്ട സെക്രട്ടേറിയറ്റ് കെട്ടിടത്തില്‍ തീപിടിത്തം. ഹൈദരാബാദിലെ എന്‍ടിആര്‍ ഗാര്‍ഡന്‍സിനടുത്ത് പണി കഴിപ്പിച്ച പുതിയ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് തീപിടിത്തമുണ്ടായത്.
അമേരിക്കയുടെ വ്യോമാതിര്‍ത്തിയില്‍ ചൈനീസ് ചാര ബലൂണ്‍. ബലൂണ്‍ വെടിവച്ചിടാന്‍ അമേരിക്ക ആലോചിച്ചെങ്കിലും ജനങ്ങളുടെ ജീവനു ഭീഷണിയാകുന്ന വാതകങ്ങള്‍ ബലൂണില്‍ ഉണ്ടാകുമോയെന്ന ശങ്കമൂലം ആ നീക്കം ഉപേക്ഷിച്ചു. ബലൂണിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നാണു ചൈനയുടെ പ്രതികരണം.
കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിലെ 625 തസ്തികകളില്‍ പ്രവാസികള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയമന വിലക്ക് സിവില്‍ സര്‍വീസ് കമ്മീഷന്‍ പിന്‍വലിച്ചു.