ഡല്‍ഹി വിമാനത്താവളത്തില്‍ ആസാം പോലീസ് അറസ്റ്റു ചെയ്ത കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്കു സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കോണ്‍ഗ്രസ് പ്‌ളീനറി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് ഇന്‍ഡിഗോ വിമാനത്തില്‍നിന്ന് പവന്‍ ഖേരയെ ഇറക്കിവിട്ടത്. റണ്‍വേയില്‍ പ്രതിഷേധിച്ച അദ്ദേഹത്തെ അറസ്റ്റു ചെയ്യുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിമര്‍ശിച്ചതിനാണ് ആസാം പോലീസിന്റെ സാഹസിക അറസ്റ്റ്.
സാങ്കേതിക സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. താല്‍കാലിക വിസിയെ മാറ്റാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിട്ടില്ല. രാജ്ഭവന്‍ നിയമോപദേശം തേടിയിട്ടില്ല. സര്‍ക്കാര്‍ തന്ന പട്ടിക തിരുവനന്തപുരത്ത് എത്തിയശേഷം പരിശോധിക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ലൈഫ് മിഷന്‍ കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ എന്‍ഫോഴ്‌സ്‌മെന്റ് തിങ്കളാഴ്ച ചോദ്യം ചെയ്യും. തിങ്കളാഴ്ച്ച കൊച്ചി ഓഫീസില്‍ ഹാജരാകണമെന്നു നോട്ടീസ് നല്‍കിയിട്ടുണ്ട്.
സംസ്ഥാനത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം നാളെ ആരംഭിക്കും. ഡിസംബര്‍ മാസത്തെ കുടിശിക പെന്‍ഷനാണു നാളെ മുതല്‍ വിതരണം ചെയ്യുക. സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തില്‍നിന്നു വായ്പയെടുത്താണ് പെന്‍ഷന്‍ നല്‍കുന്നത്.
കോവളവും സമീപത്തുള്ള ബീച്ചുകളും നവീകരിക്കാനും തീരസംരക്ഷണം ഉറപ്പാക്കാനും 93 കോടിയുടെ പ്രത്യേക പദ്ധതിക്ക് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. ഹവ്വാ ബീച്ച്, ലൈറ്റ് ഹൗസ് ബീച്ച് എന്നിവിടങ്ങളിലെ അടിസ്ഥാന സൗകര്യ വികസനം, സൈലന്റ് വാലി സണ്‍ ബാത്ത് പാര്‍ക്ക് നവീകരണം, കോര്‍പ്പറേഷന്‍ ഭൂമി വികസനം, ഐബി ബീച്ചിലേയ്ക്കുള്ള യാത്രാ സൗകര്യം എന്നിവയാണ് ആദ്യ ഘട്ട പദ്ധതിയില്‍ വിഭാവനം ചെയ്യുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി അര്‍ഹരായവര്‍ക്ക് ഉറപ്പാക്കാനും അനര്‍ഹര്‍ കൈപ്പറ്റുന്നതു തടയാനും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതുകൊണ്ടാണ് സമഗ്രമായ പരിശോധനയ്ക്കു വിജിലന്‍സിനെ ചുമതലപ്പെടുത്തിയതെന്നും പിണറായി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് കേസില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടുപെട്ടികളില്‍ രണ്ടെണ്ണത്തില്‍ റിട്ടേണിംഗ് ഓഫീസറുടെ ഉള്‍പ്പെടെ ഒപ്പില്ലെന്നു കോടതി കണ്ടെത്തി. ചിതറിക്കിടന്ന രേഖകളൊക്കെ ശേഖരിച്ച് പെട്ടിയിലാക്കിയിരിക്കുകയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. അപചയത്തിന്റെ സൂചനയാണിത്. പെട്ടികള്‍ വീണ്ടും സീല്‍ ചെയ്ത് സേഫ് കസ്റ്റഡിയിലേക്ക് മാറ്റി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ റിപ്പോര്‍ട്ട് ലഭിച്ചശേഷം വ്യാഴാഴച കേസ് പരിഗണിക്കും.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിച്ചു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും സംഘടനാപ്രവര്‍ത്തനങ്ങളും ചോദിച്ചറിഞ്ഞതായി കെ സുരേന്ദ്രന്‍ പറഞ്ഞു. ശ്രീകൃഷ്ണവിഗ്രഹം പ്രധാനമന്ത്രിക്ക് ഉപഹാരമായി സമ്മാനിച്ചു.
സമഗ്ര ശിക്ഷാ കേരളം സ്‌പെഷ്യലിസ്റ്റ് ടീച്ചര്‍മാരുടെ അധ്യാപകരുടെ ശമ്പളം 15,000 രൂപയാക്കി ഉയര്‍ത്തി. മൂന്നുമാസത്തെ കുടിശ്ശിക 10,200 രൂപ നിശ്ചയിച്ചു. ആഴ്ചയില്‍ മൂന്നു ദിവസം ജോലി. പിഎഫ് വിഹിതമായി സംസ്ഥാന സര്‍ക്കാര്‍ 1,800 രൂപ നല്‍കും. ഇതോടെ 37 ദിവസം നീണ്ട സമരം ഒത്തുതീര്‍പ്പായി.
ക്രിമിനല്‍ പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടിയുടെ ഭാഗമായി ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ശിവശങ്കറിനെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി. മൂന്ന് എസ്‌ഐമാരെ പിരിച്ചുവിടാനും റെയ്ഞ്ച് ഡിഐജിമാര്‍ക്കു ഡിജിപി നിര്‍ദ്ദേശം നല്‍കി.
കൊച്ചിയില്‍ തൂങ്ങിക്കിടക്കുന്ന കേബിളുകള്‍ അടിയന്തരമായി നീക്കണമെന്ന് ഹൈക്കോടതി. കോര്‍പ്പറേഷന്‍, കെഎസ്ഇബി ഉള്‍പ്പടെയുള്ളവര്‍ക്കാണ് നിര്‍ദേശം. മുഴുവന്‍ കേബിളുകളും ആരുടേതെന്ന് തിരിച്ചറിയാന്‍ 10 ദിവസത്തിനകം ടാഗ് ചെയ്യണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
സുരക്ഷാ ഭീഷണിയുണ്ടെന്ന് പരാതിപ്പെട്ടതിനാല്‍ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ ലക്ഷങ്ങള്‍ വിലവരുന്ന ചന്ദനമരം പിഴുതു മാറ്റി. കാന്തല്ലൂര്‍ റേഞ്ചിലെ കുണ്ടക്കാട് പേരൂര്‍ വീട്ടില്‍ സോമന്റെ പുരയിടത്തിലെ 150 ലധികം വര്‍ഷം പഴക്കമുള്ള ഭീമന്‍ ചന്ദനമരമാണ് പിഴുതു മാറ്റി മറയൂരില്‍ എത്തിച്ചത്. സോമന്റെ വീടിന്റെ സമീപത്തുള്ള പുരയിടത്തില്‍ ഇരുപതോളം ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടിക്കടത്തിയിരുന്നു.
നികുതി ഭീകരതയ്ക്കെതിരേ പ്രക്ഷോഭം നനടത്തുന്ന യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കെതിരേ ഇനി കയ്യോങ്ങിയാല്‍ യുഡിഎഫ് നേതാക്കളടക്കം തെരുവിലിറങ്ങുമെന്ന് കണ്‍വീനര്‍ എം എം ഹസന്‍. ചുവപ്പ് കണ്ടാല്‍ വിരണ്ടോടുന്ന കാളയെപ്പോലെ മുഖ്യമന്ത്രി കറുപ്പ് കണ്ട് വിറളിപിടിച്ചിരിക്കുകയാണെന്നു ഹസന്‍ പരിഹസിച്ചു.
മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തെ അടിച്ചൊതുക്കുന്ന പൊലീസിനെയും മുഖ്യമന്ത്രിയേയും പരിഹസിച്ച് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. കറുപ്പിനെ വെളുപ്പിക്കാന്‍ കഴിയുന്ന ഫെയര്‍ ആന്‍ഡ് ലൗലിയെ മുഖ്യമന്ത്രി കേരളത്തിന്റെ ബ്രാന്‍ഡ് അംബാസിഡറാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കോട്ടയത്തെ കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ചെയര്‍മാനായി സയ്യിദ് അഖ്തര്‍ മിര്‍സ ചുമതലയേല്‍ക്കും. പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാനായിരുന്നു ഇദ്ദേഹം. അടൂര്‍ ഗോപാലകൃഷ്ണന്‍ രാജിവച്ച ഒഴിവിലേക്കാണ് നിയമനം. രണ്ടു തവണ ദേശീയ പുരസ്‌കാരം നേടിയ ചലച്ചിത്ര പ്രതിഭയാണ്.
ഐഎഫ്എഫ്‌കെ ആര്‍ട്ടിസ്റ്റിക്ക് ഡയറക്ടര്‍ സ്ഥാനത്തു തുടരാന്‍ താത്പര്യമില്ലെന്ന് ദീപിക സുശീലന്‍. ചലച്ചിത്ര മേളയ്ക്കു ശേഷമുണ്ടായ ചില കാര്യങ്ങള്‍ വ്യക്തിപരമായി വേദനിപ്പിച്ചു. ശമ്പളം പോലും കിട്ടിയില്ല. അക്കാദമി ചെയര്‍മാന്‍ പ്രതികരിച്ചില്ലെന്നും ദീപിക പറഞ്ഞു.
കാസര്‍കോട് ഗവണ്‍മെന്റ് കോളജില്‍ വിദ്യാര്‍ഥികളെ പൂട്ടിയിട്ടെന്ന് ആരോപണം ഉയര്‍ന്ന പ്രിന്‍സിപ്പല്‍ രമയെ നീക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവിന്റെ നിര്‍ദ്ദേശം. പ്രിന്‍സിപ്പലിനെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
കോടതി വളപ്പില്‍നിന്ന് പൊലീസിനെ വെട്ടിച്ചു കടന്ന പ്രതി ചായ്ക്കുളം ക്രൈസ്റ്റ് ഭവനില്‍ രാജേഷി(40)നെ രണ്ടു മണിക്കൂറിനകം പിടികൂടി. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ഇയാള്‍. ആദ്യ തവണ ജയില്‍ ചാടിയ കേസില്‍ വിചാരണയ്ക്ക് എത്തിച്ചപ്പോഴണ് രണ്ടാം തവണയും ഇയാള്‍ ചാടിപ്പോകാന്‍ ശ്രമിച്ചത്.
മതപ്രഭാഷകനും ‘വാരിസ് പഞ്ചാബ് ദേ’ തലവനുമായ അമൃത്പാല്‍സിംഗിന്റെ അടുത്ത സഹായിയുമായ ലവ് പ്രീത് തൂഫനെ മോചിപ്പിക്കാമെന്നു അമൃത്സര്‍ പോലീസ്. ലവ്പ്രീത് അടക്കം മൂന്നു പേരെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് നൂറുകണക്കിന് അനുയായികള്‍ തോക്കുകളും വാളുകളുമായി പോലീസ് സ്‌റ്റേഷന്‍ വളഞ്ഞതോടെയാണ് ഇയാളെ മോചിപ്പിക്കാമെന്നു പോലീസ് സമ്മതിച്ചത്.
തന്റെ സ്വകാര്യ ചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചതിന് കര്‍ണാടകത്തിലെ ഐപിഎസ് ഓഫീസര്‍ ഡി രൂപ ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരി നോട്ടീസ് അയച്ചു. 24 മണിക്കൂറിനകം മാപ്പപേക്ഷിച്ചില്ലെങ്കില്‍ നിയമനടപടി തുടങ്ങുമെന്നും നോട്ടീസില്‍ പറയുന്നു.
ഹൈദരാബാദ് വിമാനത്താവളത്തില്‍ സുഡാനില്‍ നിന്നെത്തിയ 23 യാത്രക്കാരില്‍ നിന്നായി 14.09 കിലോ സ്വര്‍ണം പിടിച്ചു. ഷൂസിനുള്ളിലെ ചെറു അറകളിലും വസ്ത്രങ്ങള്‍ക്കിടയില്‍നിന്നുമാണ് സ്വര്‍ണം പിടിച്ചത്. എട്ട് കോടി രൂപയോളം വില വരുന്ന സ്വര്‍ണമാണിത്.
മകന്‍ മരിച്ചെന്ന് വ്യാജ സര്‍ട്ടിഫിക്കറ്റുണ്ടാക്കി രണ്ടുകോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടാന്‍ ശ്രമിച്ച അമ്മക്കെതിരെ കേസ്. അഹമ്മദ്ബാദ് സ്വദേശി അമ്പതുകാരിയായ വീട്ടമ്മ നന്ദബായ് പ്രമോദ് ആണ് 29 കാരനായ മകന്‍ ദിനേശ് മരിച്ചെന്നു കാട്ടി എല്‍ഐസി തുക തട്ടാന്‍ ശ്രമിച്ചത്. സംഭവത്തില്‍ മുംബൈ ശിവജി പാര്‍ക്ക് പൊലീസീണ് കേസെടുത്തത്.
നടി രാഖി സാവന്തിന്റെ ഭര്‍ത്താവ് ആദില്‍ ഖാന്‍ വീണ്ടും കസ്റ്റഡിയില്‍. മൈസുരുവില്‍ റജിസ്റ്റര്‍ ചെയ്ത ബലാത്സംഗക്കേസില്‍ പ്രതിയായ ആദില്‍ ഖാനെ കോടതിയാണ് കര്‍ണാടക പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടത്. നേരത്തേ രാഖി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയില്‍ ആദില്‍ മുംബൈയില്‍ അറസ്റ്റിലായിരുന്നു. ഒരു ഇറാനിയന്‍ വനിത നല്‍കിയ ബലാത്സംഗ പരാതിയിലാണ് ഇപ്പോള്‍ ആദിലിനെ മൈസുരു കോടതിയില്‍ ഹാജരാക്കിയത്. ഇയാളെ 27 വരെ കസ്റ്റഡിയില്‍ വിട്ടു.
കോടികള്‍ തട്ടിച്ചെന്ന കള്ളപ്പണക്കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറിന് ആഡംബര സൗകര്യങ്ങള്‍. സെല്ലില്‍ അപ്രതീക്ഷിത റെയ്ഡ് നടത്തിയപ്പോഴാണ് ലക്ഷത്തോളം വില വരുന്ന വസ്ത്രങ്ങളും ലക്ഷത്തിലേറെ വില വരുന്ന ചെരുപ്പുകളും കണ്ടെടുത്തത്.