night news hd 11

 

ബസ് സമരം വരുന്നു. ഇന്ധന സെസ് പിന്‍വലിക്കുക, വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഓപ്പറേറ്റര്‍സ് ഫെഡറേഷന്‍ സമരത്തിനിറങ്ങുന്നത്. വിദ്യാര്‍ത്ഥികളുടെ യാത്രാ നിരക്ക് ഒരു രൂപയില്‍നിന്ന് അഞ്ചു രൂപയാക്കി മാര്‍ച്ച് 31 ന് മുമ്പ് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ ആദ്യവാരം മുതല്‍ ബസ് സമരം നടത്തും. ഈ മാസം 28ന് എല്ലാ കളക്ടറേറ്റുകള്‍ക്കു മുന്നിലേക്കു മാര്‍ച്ചും ധര്‍ണയും നടത്തും.

ഹോട്ടലുകള്‍ അമ്മയേപ്പോലെയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ ഊട്ടുന്നവരാണ് ഹോട്ടലുകളും റസ്റ്ററന്റുകളും. അമ്മമാര്‍ വിളമ്പുന്ന സംതൃപ്തി നല്‍കണം. ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ നടത്തുമ്പോളാണ് പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. അദ്ദേഹം പറഞ്ഞു. ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

രണ്ടു കോടി രൂപയുടെ ജിഎസ്ടി തട്ടിപ്പ് നടത്തിയ കേസില്‍ കൊല്‍ക്കത്ത സ്വദേശി സഞ്ജയ് സിംഗി (43)നെ ആലുവ സൈബര്‍ പൊലീസ് അറസ്റ്റു ചെയ്തു. ബിനാനിപുരത്ത് ഹോട്ടല്‍ നടത്തുന്ന സജി എന്നയാളുടെ പേരില്‍ വ്യാജ രേഖകളുണ്ടാക്കി രണ്ടു കമ്പനികള്‍ രജിസ്റ്റര്‍ ചെയ്താണു തട്ടിപ്പു നടത്തിയിരുന്നത്.

കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മിറ്റിയില്‍ ശശി തരൂര്‍. സീനിയര്‍ നേതാവ് ജയറാം രമേശ് അധ്യക്ഷനായുള്ള 21 അംഗ സമിതിയില്‍ തരൂരിനു പുറമേ രമേശ് ചെന്നിത്തലയും അംഗമാണ്.

കൊട്ടാരക്കരയില്‍ ലോറിക്കടിയില്‍പെട്ട് മരിച്ചയാളുടെ മൃതദേഹം റോഡരികില്‍ കിടന്നത് എട്ടു മണിക്കൂര്‍. വെട്ടിക്കവല സ്വദേശി രതീഷ് ആണ് മരിച്ചത്. തക്കല സ്വദേശിയായ ലോറി ഡ്രൈവര്‍ കൃഷ്ണകുമാറിനെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്‌നാട്ടില്‍നിന്ന് വാഴവിത്തുമായി എത്തിയ ലോറിക്കടിയിലാണ് രതീഷ് കുടുങ്ങിയത്.

ആലുവയില്‍ റോഡിലെ കുഴിയില്‍ വീണ് കാഞ്ഞൂര്‍ സ്വദേശിനിയായ ഇരുചക്രവാഹന യാത്രക്കാരിയുടെ കാലിലെ എല്ലൊടിഞ്ഞു. ആലുവ ശ്രീമൂല നഗരം എംഎല്‍എ റോഡില്‍ വാട്ടര്‍ അഥോറിറ്റി പൈപ്പിടാന്‍ കുഴിച്ച കുഴിയില്‍ വീണാണ് അപകടമുണ്ടായത്.

അപകടത്തിന്റെ പേരില്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ മദ്യപിച്ചു ബസ് ഓടിക്കുന്നതിനിടെ തൃക്കാക്കരയില്‍ പിടിയില്‍. നേര്യമംഗലം സ്വദേശി അനില്‍കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം പാലാരിവട്ടത്ത് നടന്ന അപകടത്തെ തുടര്‍ന്ന് അനില്‍ കുമാറിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തിരുന്നു.

മാനന്തവാടി തലപ്പുഴ നാല്‍പ്പത്തിനാലില്‍ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കണ്ണൂര്‍ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന കാറിനാണ് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമില്ല.

പിറന്നാള്‍ ദിനത്തില്‍ ബേക്കറി യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു. കാസര്‍കോട് മഞ്ചേശ്വരം കുഞ്ചത്തൂര്‍ സ്വദേശി ജയശീല (24) ആണ് മരിച്ചത്.

ഈ സാമ്പത്തിക വര്‍ഷം ഇതുവരെ മൊത്ത പ്രത്യക്ഷ നികുതി പിരിവ് 24 ശതമാനം വര്‍ധിച്ച് 15.67 ലക്ഷം കോടി രൂപയിലെത്തിയെന്ന് ധനമന്ത്രാലയം. കോര്‍പ്പറേറ്റ് ആദായ നികുതി വരുമാനം 19.33 ശതമാനവും വ്യക്തിഗത ആദായനികുതി വരുമാനം 29.63 ശതമാനവും വര്‍ധിച്ചു.

ത്രിപുരയിലെ സിപിഎം- കോണ്‍ഗ്രസ് സഖ്യത്തെ പരിഹസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തില്‍ ഗുസ്തിയും ത്രിപുരയില്‍ ദോസ്തിയുമാണെന്നാണ് പ്രധാനമന്ത്രിയുടെ വിമര്‍ശനം. രാധാകിഷോര്‍പൂരില്‍ നടന്ന പ്രചാരണറാലിയിലാണ് മോദിയുടെ പരാമര്‍ശം.

ഉത്തര്‍പ്രദേശില്‍ വന്‍കിട നിക്ഷേപങ്ങള്‍ നടത്തുമെന്ന് പ്രമുഖ വ്യവസായ കമ്പനികള്‍. ഉത്തര്‍പ്രദേശ് ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് സമ്മിറ്റിലാണ് വാഗ്ദാനം. മുകേഷ് അംബാനി അടുത്ത നാലു വര്‍ഷത്തിനകം 75,000 കോടി രൂപയുടെ നിക്ഷേപത്തിലൂടെ ഒരു ലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് പ്രഖ്യാപിച്ചു. സിമന്റ്, ലോഹം, ധനകാര്യ സേവനങ്ങള്‍, പുനരുപയോഗ ഊര്‍ജം തുടങ്ങിയ മേഖലകളില്‍ യുപിയില്‍ 25,000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള പ്രഖ്യാപിച്ചു. ടാറ്റ സണ്‍സ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരനും നിക്ഷേപ വാഗ്ദാനങ്ങള്‍ നല്‍കി. അയ്യായിരം കോടി രൂപയുടെ നിക്ഷേപ വാഗ്ദാനമാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസഫലി മുന്നോട്ടുവച്ചത്.

കല്യാണ ഭാഗ്യം തേടി ക്ഷേത്രത്തിലേക്കു പ്രാര്‍ത്ഥനാ പദയാത്രയുമായി യുവാക്കള്‍. കര്‍ണാടകയിലെ മാണ്ഡ്യയിലാണ് ‘ബ്രഹ്‌മചാരിഗല പദയാത്ര’. അയല്‍ ജില്ലയായ ചാമരാജനഗര്‍ ജില്ലയിലെ പ്രശസ്തമായ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കു 105 കിലോമീറ്റര്‍ നടന്നുള്ള യാത്രയില്‍ 30 വയസായിട്ടും വധുവിനെ കിട്ടാത്ത 200 യുവാക്കള്‍ പങ്കെടുക്കും. കെഎം ദൊഡ്ഡി ഗ്രാമത്തില്‍ നിന്ന് ഈ മാസം 23 ന് ആരംഭിക്കുന്ന യാത്ര 25 ന് എംഎം ഹില്‍സിലെത്തും.

രണ്ടു വര്‍ഷം മുമ്പ് ഇന്ത്യ നിരോധിച്ച ചൈനീസ് വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക്ക് ഇന്ത്യയിലെ ഓഫീസ് അടച്ചുപൂട്ടി. 40 ജീവനക്കാരെയും പിരിച്ചുവിട്ടു. 20 കോടിയിലധികം ഉപയോക്താക്കളുണ്ടായിരുന്ന ടിക് ടോക്കിനെ 2020 ലാണ് നിരോധിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതിന്റേതുമെന്ന പോലെ ഇന്ത്യ തന്റെയും നാടാണെന്ന് ജംഇയ്യത്തുല്‍ ഉലമാ-ഇ-ഹിന്ദ് പ്രസിഡന്റ് മഹമൂദ് മദനി. ഡല്‍ഹിയില്‍ വാര്‍ഷിക പൊതുസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പ്രസംഗിച്ചത്.

തുര്‍ക്കി ഭൂചലനത്തില്‍ കാണാതായ ഇന്ത്യക്കാരന്റെ മൃതദേഹം കണ്ടെത്തി. ഉത്തരാഖണ്ഡ് സ്വദേശി വിജയ് കുമാറിന്റെ (35) മൃതദേഹമാണ് കണ്ടെത്തിയത്. ബഹുനില ഹോട്ടല്‍ കെട്ടിടം തകര്‍ന്നാണ് വിജയ് കുമാര്‍ മരിച്ചത്.

ചവറ്റുകുട്ടയില്‍നിന്നു ലഭിച്ച ഒന്നേമുക്കാല്‍ കോടി വീതിച്ചെടുത്ത് സ്വന്തമാക്കി നാട്ടിലേക്കയച്ച രണ്ടു പ്രവാസികള്‍ കുടുങ്ങി. ദുബൈയിലെ വീടിന്റെ അറ്റകുറ്റപ്പണിക്ക് എത്തിയ രണ്ടു തൊഴിലാളികളാണ് വീട്ടുടമ ചവറ്റു കുട്ടയില്‍ ഒളിപ്പിച്ച പണം അപഹരിച്ചു നാട്ടിലേക്കയച്ചത്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *