ലൈംഗികാതിക്രമ കേസിലെ പ്രതിയും ബിജെപി എംപിയും ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതിന് പ്രതിഷേധവുമായി പ്രധാനമന്ത്രിയുടെ ഓഫീസിനു മുന്നില്‍ ഗുസ്തി താരങ്ങള്‍ എത്തിയെങ്കിലും പോലീസ് തടഞ്ഞു. ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്കു ലഭിച്ച ഖേല്‍രത്‌ന, അര്‍ജുന അവാര്‍ഡുകള്‍ മടക്കി. അര്‍ജുന അവാര്‍ഡ് ഫലകം കര്‍ത്തവ്യപഥിലും ഖേല്‍ രത്ന പുരസ്‌കാരം റോഡിും ഉപേക്ഷിച്ചു.
അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങു നടക്കുന്ന ജനുവരി 22 ന് വീടുകളില്‍ ശ്രീരാമജ്യോതി തെളിയിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആധുനിക അയോധ്യ രാജ്യ ഭൂപടത്തില്‍ അഭിമാനമാകുമെന്നും രാമക്ഷേത്രം രാജ്യത്തിന്റെ സ്വന്തമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. 22 ന് ജനങ്ങള്‍ അയോധ്യയിലേക്കു വരരുതെന്നും മോദി അഭ്യര്‍ത്ഥിച്ചു. അയോദ്ധ്യയില്‍ വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും അടക്കമുള്ള വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തശേഷമുള്ള സമ്മേളനത്തില്‍ ജയ് ശ്രീറാം വിളിച്ചാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.
പുതുവത്സരാഘോഷത്തിന് എത്തുന്നവര്‍ക്ക് യാത്രയൊരുക്കാന്‍ കൊച്ചി മെട്രോ നാളെ അര്‍ധരാത്രി കഴിഞ്ഞ് ഒരു മണിവരെ സര്‍വീസ് നടത്തും. ഡിസംബര്‍ 31 നു രാത്രി 10.30 നു ശേഷം 20 മിനിറ്റ് ഇടവിട്ടായിരിക്കും സര്‍വ്വീസ്. പുലര്‍ച്ചെ ഒരു മണിക്കാകും ആലുവ, എസ് എന്‍ ജംഗ്ഷന്‍ സ്റ്റേഷനുകളില്‍ നിന്നുള്ള അവസാന സര്‍വ്വീസ്.
കൊച്ചി മെട്രോയില്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പത്ത് കോടി പിന്നിട്ടു. 10,33,59,586 ആളുകളാണ് കൊച്ചി മെട്രോ സര്‍വ്വീസ് ആരംഭിച്ച 2017 ജൂണ്‍ 19 മുതല്‍ 2023 ഡിസംബര്‍ 29 വരെ യാത്ര ചെയ്തത്.
സംസ്ഥാനത്തെ വിവിധ വിനോദ സഞ്ചാര മേഖലകളില്‍ വേഗത്തില്‍ എത്താന്‍ ഹെലി ടൂറിസം പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഇതിനായി ഹെലികോപ്റ്റര്‍ ഓപ്പറേറ്റര്‍ ഏജന്‍സികളുമായി ചര്‍ച്ച നടത്തി ഏകോപിപ്പിക്കും.
കെപിസിസി എക്‌സിക്യൂട്ടീവ് യോഗത്തില്‍ രാമക്ഷേത്ര ചര്‍ച്ച വേണ്ടെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാ ദാസ് മുന്‍ഷി. അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്നും അവര്‍ അറിയിച്ചു.
അയോധ്യ വിഷയത്തില്‍ സുപ്രഭാതത്തിലെ മുഖ പ്രസംഗം സമസ്തയുടെ നിലപാടല്ലെന്ന് പ്രതികരണവുമായി സമസ്ത അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. അയോധ്യ വിഷയത്തില്‍ രാഷ്ട്രീയ കക്ഷികള്‍ എന്തു തീരുമാനിച്ചാലും സമസ്തക്കു വിരോധമില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്ത യോഗത്തിനുശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ശോഭകെടുത്താനാണ് സുരേഷ് ഗോപിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സുരേഷ് ഗോപിയെ സര്‍ക്കാര്‍ വേട്ടയാടുകയാണ്. സുരേഷ് ഗോപിക്കെതിരെ അന്വേഷണം നടത്തിയ കോഴിക്കോട് പൊലീസിന് തെളിവുകളൊന്നും കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്ത് രാഷ്ട്രീയ ഗൂഢാലോചന നടത്തി ജാമ്യമില്ലാ വകുപ്പ് ചുമത്തുകയായിരുന്നു. സുരേന്ദ്രന്‍ പറഞ്ഞു.
പുതുവത്സരാഘോഷത്തിന് തിരക്ക് നിയന്ത്രിക്കാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ കനത്ത സുരക്ഷയും നിയന്ത്രണങ്ങളും. നാളെ വൈകീട്ട് നാലു മണിയോടെ ഫോര്‍ട്ട് കൊച്ചിയിലേക്കുള്ള വാഹനങ്ങള്‍ നിയന്ത്രിക്കും. പരിധിക്കപ്പുറം ജനങ്ങളെത്തിയാല്‍ കടത്തിവിടില്ലെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി. പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി കത്തിക്കും. എന്നാല്‍ വെളി മൈതാനത്ത് ഒരുക്കിയ പാപ്പാഞ്ഞിയെ കത്തിക്കാന്‍ അനുവദിക്കില്ല. ഇതിനിടെ, പരേഡ് ഗ്രൗണ്ടില്‍ പാപ്പാഞ്ഞി ഉയര്‍ന്നു. 80 അടി നീളമുള്ള പാപ്പാഞ്ഞിയാണ് ഉയര്‍ത്തിയത്.
പുതുവത്സരാഘോഷത്തിനു ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നുണ്ടെങ്കില്‍ പോലീസില്‍നിന്ന് അനുമതി വാങ്ങണമെന്ന് തിരുവനന്തപുരം സിറ്റി പോലീസ്. പങ്കെടുക്കുന്നവരുടെ പേരും ഫോണ്‍ നമ്പരും ശേഖരിക്കണം. സിസിടിവി കാമറ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണമെന്നും പോലീസ് നിര്‍ദേശിച്ചു.
കണ്ണൂരില്‍ മലിന ജല പ്ലാന്റ് ഉദ്ഘാടന ചടങ്ങില്‍ മേയറും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും തമ്മില്‍ വാക്കേറ്റം. കണ്ണൂര്‍ മഞ്ചപ്പാലത്തെ മലിന ജലശുദ്ധീകരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് മന്ത്രി എം.ബി. രാജേഷ് വേദി വിട്ടതിനു പിറകേയാണ് മേയര്‍ അഡ്വ ടി.ഒ മോഹനനും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി കെ രാഗേഷും തമ്മില്‍ വാക്കേറ്റമുണ്ടായത്. തര്‍ക്കം മൂത്ത് പ്രവര്‍ത്തകര്‍ തമ്മിലുള്ള കയ്യാങ്കളിയിലേക്ക് എത്തിയെങ്കിലും പൊലീസ് ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.
മലബാര്‍ മില്‍മ ക്ഷീര കര്‍ഷകര്‍ക്ക് മൂന്നു കോടി രൂപ പുതുവത്സര സമ്മാനമായി നല്‍കും. രണ്ടേകാല്‍ കോടി രൂപ അധിക പാല്‍ വിലയായും 75 ലക്ഷം രൂപ കാലിത്തീറ്റ സബ്സിഡിയായും നല്‍കാനാണ് ഭരണ സമിതി തീരുമാനിച്ചത്. നവംബര്‍ ഒന്നു മുതല്‍ 30 വരെ മേഖലാ യൂണിയന് പാല്‍ നല്‍കിയ എല്ലാ ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് ഒരു രൂപ വീതമാണ് അധികപാല്‍ വിലയായി നല്‍കുക.
പത്തനംതിട്ടയിലെ മൈലപ്രയില്‍ വയോധികനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വ്യാപാരി ജോര്‍ജ് ഉണ്ണുണ്ണി (73) ആണ് മരിച്ചത്. വായില്‍ തുണി തിരുകി, കൈകാലുകള്‍ കെട്ടിയ നിലയിലായിരുന്നു
കെട്ടിടത്തിനു മുകളില്‍നിന്ന് വീണ് എംബിബിഎസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി. പത്തനംതിട്ട തിരുവല്ല ബിലീവേഴ്‌സ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊല്ലം ആശ്രാമം സ്വദേശി ജോണ്‍ തോമസ് ആണ് മരിച്ചത്. 26 വയസായിരുന്നു.
അയോധ്യാ സന്ദര്‍ശനത്തിനിടെ അപ്രതീക്ഷിതമായി യുവതിയുടെ വീടു സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉജ്ജ്വല യോജന പദ്ധതി പ്രകാരം എല്‍പിജി ലഭിക്കുന്ന മീര മഞ്ജി എന്ന യുവതിയുടെ വീട്ടിലെത്തിയ മോദി അവര്‍ തയാറാക്കിയ ചായ കുടിച്ചു.
അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. രാമക്ഷേത്രം ഒരു പാര്‍ട്ടിയുടേതല്ല. എല്ലാവരുടേതുമാണ്. എപ്പോള്‍ വേണമെങ്കിലും അയോധ്യയിലേക്ക് പോകാം. തനിക്ക് പ്രതിഷ്ഠാ ചടങ്ങിലേക്കു ക്ഷണം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദേശീയ ഗുസ്തി മത്സരങ്ങള്‍ പുനരാരംഭിക്കാന്‍ കായിക മന്ത്രാലയത്തോട് ആവശ്യപ്പെട്ട് ഗുസ്തി താരം ബജ്‌റംഗ് പൂനിയ. പാരീസ് ഒളിംപിക്‌സിനായുളള യാതൊരു തയ്യാറെടുപ്പും നടക്കുന്നില്ല. കഴിഞ്ഞ നാല് ഒളിംപിക്‌സിലും ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മെഡല്‍ ലഭിച്ചിരുന്നു. ഗുസ്തിതാരങ്ങളുടെ ഭാവി മുന്നില്‍ കണ്ട് എത്രയും വേഗം നടപടിയെടുക്കണമെന്നും ബജ്‌റംഗ് പൂനിയ ആവശ്യപ്പെട്ടു.