ലൈംഗികാതിക്രമ കേസിലെ പ്രതിയായ ബിജെപി എംപി ബ്രിജ്ഭൂഷണിന്റെ പാനല്‍ ഗുസ്തി ഫെഡറേഷന്‍ ഭാരവാഹികളായി ജയിച്ചതോടെ ഒളിമ്പിക് മെഡല്‍ ജേതാവ് ബജ്രംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിനു മുന്നിലെ ഫുട്പാത്തില്‍ ഉപേക്ഷിച്ചു. മോദിയെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയ ഇവരെ പോലീസ് തടഞ്ഞു. ഇതോടെയാണ് പത്മശ്രീ പുരസ്‌കാരം ഉപേക്ഷിച്ചത്. കഴിഞ്ഞ ദിവസം ഗുസ്തി താരം സാക്ഷി മാലിക് ഗുസ്തി മല്‍സരങ്ങളില്‍നിന്നു വിടപറഞ്ഞിരുന്നു.
കേരളത്തിന് കേന്ദ്ര സര്‍ക്കാര്‍ 1404.50 കോടി രൂപ കൂടി നികുതി വിഹിതമായി അനുവദിച്ചു. സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കും അടിസ്ഥാന സൗകര്യ വികസനത്തിനുമാണ് തുക. ജനുവരി പത്തിനു മുമ്പ് സംസ്ഥാനങ്ങള്‍ക്ക് നല്‌കേണ്ട 72,000 കോടി രൂപയുടെ നികുതി വിഹിതം നേരത്തെ അനുവദിച്ചിരുന്നു.
മറിയക്കുട്ടിയുടെ ഹര്‍ജി രാഷ്ടീയ പ്രേരിതമെന്ന സര്‍ക്കാരിന്റെ നിലപാട് ഹര്‍ജിക്കാരിയെ അപഹസിക്കുന്നതിനു തുല്യമാണെന്നു ഹൈക്കോടതി. സര്‍ക്കാര്‍ നിലപാട് ഞെട്ടിച്ചെന്ന് കോടതി പറഞ്ഞതോടെ രാഷ്ട്രീയ പ്രേരിതമാണെന്ന വാദം സര്‍ക്കാര്‍ പിന്‍വലിച്ചു. ഹര്‍ജിക്കാരിക്കു ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ സഹായം നല്‍കാമെന്നു കോടതി നിര്‍ദേശിച്ചു. ഈ പെന്‍ഷന്‍ സ്റ്റാറ്റൂട്ടറിയല്ല എന്നു സര്‍ക്കാര്‍ വാദിച്ചു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പരസ്പരം പഴി ചാരിയാല്‍ ആളുകള്‍ക്കു ജീവിക്കണ്ടേ എന്നും കോടതി ചോദിച്ചു.
തനിക്കു മാത്രമല്ല, എല്ലാവര്‍ക്കും പെന്‍ഷന്‍ ലഭിക്കണമെന്നാണ് ആഗ്രഹമെന്ന് കോടതിയില്‍ ഹര്‍ജി നല്‍കിയ ഇടുക്കി അടിമാലി സ്വദേശിയായ മറിയക്കുട്ടി. തന്നെക്കാള്‍ ദുരിതമനുഭവിക്കുന്ന നിരവധി പേരുണ്ട്. കോടതിയില്‍ സര്‍ക്കാര്‍ ഇന്ന് തന്നെ അപമാനിച്ചു. കോടതിയില്‍നിന്നു നീതി പ്രതീക്ഷിക്കുന്നുണ്ട്. മറിയക്കുട്ടി പറഞ്ഞു.
ചാലക്കുടിയില്‍ എസ്എഫ്‌ഐ – ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നേതൃത്വം നല്‍കിയ പ്രതി നിധിന്‍ പുല്ലനെ പോലീസ് ബലം പ്രയോഗിച്ചു പിടികൂടിയങ്കിലും സിപിഎം പ്രവര്‍ത്തകര്‍ മോചിപ്പിച്ചു. ചാലക്കുടി ഐടിഐ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ വിജയിച്ചതിനു പിറകേ ആഹ്ലാദപ്രകടനം നടത്തി മടങ്ങുന്നതിനിടെയാണ് പൊലീസ് ജീപ്പിന്റെ മുന്‍വശത്തെ കണ്ണാടി അടിച്ചു തകര്‍ത്തത്.
കരിങ്കൊടി പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ അകമ്പടി വാഹനം ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു. കോണ്‍ഗ്രസ് കാട്ടാക്കട ബ്ലോക്ക് സെക്രട്ടറി അന്‍സലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു കാലില്‍ ശസ്ത്രക്രിയ നടത്തി. അകമ്പടി വാഹനം മനപൂര്‍വം കാലിലൂടെ കയറ്റിയെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആക്ഷേപ പരാമര്‍ശങ്ങള്‍ നടത്തിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പു പറയണമെന്ന് മന്ത്രി വി ശിവന്‍കുട്ടി. അന്നേ തീര്‍ത്തേനെ എന്ന ഭീഷണി വിലപ്പോവില്ല. അന്നു തീര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് അദ്ദേഹം ഇന്നും തലയുയര്‍ത്തി നില്‍ക്കുന്നത്. പിണറായി വിജയന്‍ ആരാണെന്നും കെ സുധാകരന്‍ ആരാണെന്നും കേരളത്തിന് അറിയാമെന്ന് ശിവന്‍കുട്ടി പറഞ്ഞു.
അഞ്ചു ദിവസം മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അറബിക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിലുമായി രണ്ട് ചക്രവാതച്ചുഴികളുണ്ട്.
ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഇന്ത്യന്‍ താരം സഞ്ജു സാംസണ് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 108 റണ്‍സാണ് സഞ്ജു അടിച്ചെടുത്തത്.
പ്രതിപക്ഷം കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. യുഡിഎഫും ബിജെപിയും സര്‍ക്കാരിനെതിരെ വിറളി പിടിച്ച നിലയിലാണ്. ഗവര്‍ണര്‍ പരിധികളല്ലാം ലംഘിക്കുന്നുവെന്നും ഗോവിന്ദന്‍ കുറ്റപ്പെടുത്തി.
നവകേരള ബസിനായി ക്ലിഫ് ഹൗസില്‍ മരം മുറിക്കുന്നതിനിടെ വീണ് രണ്ട് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. . ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍നിന്നു ക്ലിഫ് ഹൗസിലേക്കു പോകുന്ന വഴിയിലെ മരിച്ചില്ലകള്‍ മുറിച്ചു മാറ്റുന്നതിനിടെയാണ് ശീജിത്ത്, പ്രവീണ്‍ എന്നിവര്‍ വാഹനത്തില്‍നിന്ന് വീണത്.
ലൈഫ് പദ്ധതിയില്‍ വീട് അനുവദിച്ചതിനു വീട്ടമ്മയില്‍നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് എകസ്റ്റന്‍ഷന്‍ ഓഫീസര്‍ പിടിയില്‍. മലപ്പുറം വഴിക്കടവ് വിഇഒ നിജാഷിനെയാണു വിജിലന്‍സ് സംഘം പിടികൂടിയത്. ആദ്യ ഗഡുവായ നാല്‍പ്പതിനായിരം രൂപ ലഭിക്കുമ്പോള്‍ 20000 രൂപ നല്‍കണമെന്നായിരുന്നു ആവശ്യപ്പെട്ടത്.
കെഎസ്ആര്‍ടിസിയിലെ വിരമിക്കുന്ന ജീവനക്കാര്‍ക്ക് ആനുകൂല്യ വിതരണത്തിനായി വരുമാനത്തില്‍നിന്ന് മാറ്റിവയ്‌ക്കേണ്ട തുക ഹൈക്കോടതി അഞ്ചു ശതമാനമാക്കി കുറച്ചു. പത്ത് ശതമാനം മാറ്റിവെക്കണമെന്നായിരുന്നു നേരത്തെ ഉണ്ടായിരുന്ന ഉത്തരവ്.
കണ്ടല സഹകരണ ബാങ്ക് തട്ടിപ്പു കേസില്‍ മുഖ്യപ്രതികളായ ഭാസുരാംഗന്റെയും മകന്‍ അഖില്‍ജിത്തിന്റെയും ജാമ്യാപേക്ഷ എറണാകുളം പിഎംഎല്‍എ കോടതി തള്ളി. പ്രതികളുടെ ബാങ്ക് അക്കൗണ്ട് വഴി ലക്ഷങ്ങളുടെ ഇടപാട് നടന്നെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വാദം.
പാലക്കാട് കോങ്ങാട് പട്ടികജാതി വിഭാഗത്തിലെ പതിനൊന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 82 വര്‍ഷം കഠിന തടവും മൂന്നു ലക്ഷത്തി നാല്പതിനായിരം രൂപ പിഴയും ശിക്ഷ. മാങ്കാവ് സ്വദേശി ശിവകുമാറിനനെയാണ് പട്ടാമ്പി പോക്‌സോ അതിവേഗ കോടതി ശിക്ഷിച്ചത്.
അങ്കമാലിക്കടുത്തു കറുകുറ്റിയില്‍ ന്യൂഇയര്‍ കുറീസില്‍ തീപിടുത്തം. മൂന്നുനില കെട്ടിടത്തില്‍ താഴെയുള്ള റസ്റ്റോറന്റിലേക്കും മുകളിലെ ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനത്തിലേക്കും തീപടര്‍ന്നു.
എല്‍പിജി വാണിജ്യ സിലിണ്ടറിന്റെ വില 39.50 രൂപ കുറച്ചു. ഡല്‍ഹിയില്‍ 19 കിലോഗ്രാം വാണിജ്യ എല്‍.പി.ജി സിലിണ്ടറിന്റെ ചില്ലറ വില്‍പന വില 1757.50 രൂപയാകും. ഗാര്‍ഹിക എല്‍പിജി സിലിണ്ടര്‍ വിലയില്‍ മാറ്റമില്ല.
കനത്ത മഴയില്‍ തമിഴ്നാട്ടിലെ നാലു ജില്ലകളിലായി 31 പേര്‍ മരിച്ചെന്നു കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. ധനസഹായമായി രണ്ട് ഗഡുക്കളായി 900 കോടി രൂപ കേന്ദ്രം അനുവദിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
തമിഴ്നാട്ടിലെ എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും എതിരായ കേസുകളുടെ ചുമതല ഹൈക്കോടതി ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിന് തിരിച്ചുനല്‍കി. ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ സ്വമേധയാ എടുത്ത ജസ്റ്റിസ് ആനന്ദ് വെങ്കിടേഷിനെ ഹൈക്കോടതിയുടെ മധുര ബെഞ്ചിലേക്കു മാറ്റിയിരുന്നു. പിന്നീട് സുപ്രീം കോടതി ഇദ്ദേഹത്തിന്റെ നടപടികളെ പ്രശംസിച്ചിരുന്നു.
ധൈര്യമുണ്ടെങ്കില്‍ തന്നെ കത്തിക്കണമെന്നു വെല്ലുവിളിച്ച പൊലീസുകാരനെ പോലീസൂകാരിയായ ഭാര്യ കത്തിച്ചു. ബെംഗളൂരുവിലെ ബാസവനഗുഡിയിലാണ് സംഭവം. സഞ്ജയ് എന്ന പൊലീസ് കോണ്‍സ്റ്റബിളാണ് മരിച്ചത്. പങ്കാളിയായിരുന്ന റാണിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് ആരോപിച്ചു നടന്ന തര്‍ക്കമാണ് തീവയ്പില്‍ കലാശിച്ചത്. ഇരുവരും ഒരേ പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്നപ്പോഴാണു വിവാഹിതരായത്. ഇവര്‍ക്കു രണ്ടു കുട്ടികളുണ്ട്.
പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി ഒളിച്ചോടിയ അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്‌നാട് ഷോളിങ്ങനല്ലൂരിനടുത്തുള്ള സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ 32 കാരിയായ ഹെപ്‌സിബയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്. യുവതി ഏതാനും വര്‍ഷം മുമ്പ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഇതിനിടെയാണ് തന്റെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുമായി അധ്യാപിക പ്രണയത്തിലായത്.
ഐസ്‌ലാന്‍ഡില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഭൂകമ്പത്തിനു പിന്നാലെ സജീവമായ അഗ്‌നിപര്‍വ്വതങ്ങള്‍ നാലായിരത്തോളം പ്രദേശവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയായതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഗ്രിന്‍ഡവിക് നഗരത്തിനു സമീപമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. റോഡിലും ഭൂമിയിലും വലിയ വിള്ളത് രൂപപ്പെട്ടിട്ടുണ്ട്.