സര്‍ക്കാര്‍ ആശുപത്രികളില്‍ പഞ്ചിംഗ് സംവിധാനം വരുന്നു. ജില്ലാ മെഡിക്കല്‍ ഓഫീസുകള്‍, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, താലൂക്ക് ആശുപത്രികള്‍, ജില്ലാ, ജനറല്‍ ആശുപത്രികള്‍ എന്നിവിടങ്ങളിലാണ് പഞ്ചിംഗ് നടപ്പാക്കുന്നത്.
ആരോഗ്യ സ്ഥാപനങ്ങളെ ആധുനികവത്ക്കരിക്കാന്‍ 7.85 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആധാര്‍ അധിഷ്ഠിത പഞ്ചിംഗ് സംവിധാനം സ്ഥാപിക്കുന്നതിന് 5.16 കോടി രൂപയാണ് അനുവദിച്ചത്.
കൊല്ലം ഓയൂരില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പ്രതികളെ 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. കുട്ടിക്കടത്തിനാണ് കേസ്. ജീവപര്യന്തം തടവു ശിക്ഷ വരെ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. തട്ടിക്കൊണ്ടു പോകല്‍, തടവിലാക്കല്‍, ദേഹോപദ്രവമേല്‍പിക്കല്‍ ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. ജൂവൈനല്‍ ജസ്റ്റീസ് നിയമപ്രകാരമുള്ള വകുപ്പുകളുമുണ്ട്. പണം നേടാന്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സിപിഎം നേതാക്കളായ എ എ റഹീമിം എംപിക്കും എം സ്വരാജിനും ഒരു വര്‍ഷം തടവും അയ്യായിരം രൂപ പിഴയും ശിക്ഷ. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് 2010 ല്‍ നടന്ന നിയമസഭാ മാര്‍ച്ചിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസിലാണ് ശിക്ഷ. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണു ശിക്ഷ വിധിച്ചത്.
മുഖ്യമന്ത്രി നിയമം ലംഘിച്ചു നടത്തുന്ന നവ കേരള സദസിനെത്തിരെ ഹൈക്കോടതിയുടെ നാല് ഉത്തരവുകള്‍ വന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫിന്റെ കുറ്റ വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറോക്കില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം ഉന്നയിച്ച കാര്യങ്ങളെല്ലാം ഹൈക്കോടതി വിധിയായെന്നും സതീശന്‍ പറഞ്ഞു. ഇടതുപക്ഷത്തിന് ധനകാര്യ മാനേജ്‌മെന്റ് അറിയില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചു. പിണറായി സര്‍ക്കാരിന്റെ പദ്ധതികള്‍ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ വിമര്‍ശനം.
ഭീഷണിപ്പെടുത്തി കാര്യങ്ങള്‍ ചെയ്യിപ്പിക്കാനുള്ള സര്‍ക്കാരിന്റെ ശ്രമം നടക്കില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കണ്ണൂര്‍ വിസി നിയമന വിവാദത്തിലെ മുഖ്യമന്ത്രിയുടെ പരാമര്‍ശം നിരുത്തരവാദപരമെന്ന് ഗവര്‍ണര്‍ കൊച്ചിയില്‍ വിമര്‍ശിച്ചു. രാജാവിനോടോ വ്യക്തികളോടോ അല്ല, ഭരണഘടനയോടാണ് വിധേയത്വം കാണിക്കേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
കേരളവര്‍മ്മ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള റീ കൗണ്ടിംഗില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി അനിരുദ്ധന് മൂന്നു വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയം. കെഎസ്യു സ്ഥാനാര്‍ത്ഥി ശ്രീക്കുട്ടന്‍ 889 വോട്ടും എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധന്‍ 892 വോട്ടും നേടി. കെഎസ്‌യു ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരമാണ് വീണ്ടും വോട്ടെണ്ണിയത്.
കേരള വര്‍മ കോളേജ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് റീ കൗണ്ടിംഗില്‍ അന്ധവിദ്യാര്‍ത്ഥികളുടെ വോട്ടുകള്‍ അസാധുവാക്കിയെന്ന് കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷി സേവ്യര്‍. എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥി കെഎസ് അനിരുദ്ധനോട് മൂന്ന് വോട്ടിന് തോറ്റ സ്ഥാനാര്‍ത്ഥി എസ് ശ്രീക്കുട്ടനുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ആരോപണം ഉന്നയിച്ചത്. ശ്രീക്കുട്ടന്‍ ഒരു വോട്ടിന് ജയിച്ച വോട്ടെണ്ണലില്‍ 23 വോട്ടായിരുന്നു അസാധു. രാത്രി നടത്തിയ റീ കൗണ്ടിംഗില്‍ അത് 27 ആയി. ഇന്ന് വീണ്ടും എണ്ണിയപ്പോള്‍ അസാധുവോട്ടുകള്‍ 34 ആയി വര്‍ധിച്ചു. 10 വോട്ടുകള്‍ കൈവിരല്‍ പതിപ്പിച്ചതിനാലാണ് അസാധുവായത്. ഇതില്‍ രണ്ടെണ്ണം എസ്എഫ്‌ഐക്കും എട്ടെണ്ണം കെഎസ്യുവിനുമാണു കിട്ടിയത്. ഈ വോട്ടുകള്‍ അന്ധ വിദ്യാര്‍ഥികളുടേതാണ്. കൈവിരല്‍ പതിപ്പിക്കരുതെന്ന് പ്രിസൈഡിങ് ഓഫീസര്‍ വിലക്കിയിട്ടില്ല. നിയമ പോരാട്ടം വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കളമശേരി സ്ഫോടനത്തില്‍ പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണാണ് മരിച്ചത്. 78 വയസായിരുന്നു. ഇതോടെ ആകെ മരണം ഏഴായി. ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില്‍ പരിക്കേറ്റ് ചകിത്സയിലാണ്.
നവകേരളയാത്രമൂലം സംസ്ഥാനത്ത് ഭരണസ്തംഭനമാണെങ്കിലും സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. 1986 ന് മുമ്പേ സ്ഥലം രജിസ്റ്റര്‍ ചെയ്ത രണ്ടു ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ ജപ്തി നോട്ടീസ് അയച്ചിരിക്കുകയാണ്. പച്ചയായ കൊള്ളയാണിതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതി പത്മകുമാറിന്റേതെന്നു പറഞ്ഞു പോലീസ് പ്രചരിപ്പിക്കുന്ന മൊഴി വിശ്വസനീയമല്ലെന്ന് കെ.ബി. ഗണേഷ്‌കുമാര്‍ എഎല്‍എ. അഞ്ചു കോടി രൂപയുടെ ബാധ്യതയുണ്ടെന്നു പറയുന്നയാള്‍ സാധാരണക്കാരന്റെ മകളെ തട്ടിക്കൊണ്ടുപോയി പത്തു ലക്ഷം രൂപ ആവശ്യപ്പെട്ടെന്ന കഥ വിശ്വസിക്കാന്‍ പ്രയാസമാണെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു. എന്നാല്‍ പോലീസിന്റെ അന്വേഷണത്തേയും ഇടപെടലിനേയും ഗണേഷ്‌കുമാര്‍ പ്രശംസിക്കുകയും ചെയ്തു.
മകളെ തട്ടിക്കൊണ്ടുപോയ പ്രതികളെ പിടികൂടിയതില്‍ സന്തോഷമെന്ന് കുട്ടിയുടെ അച്ഛന്‍ റെജി. അന്വേഷണ സംഘത്തിന് അഭിനന്ദനം. ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ പരത്തുന്ന വാര്‍ത്തകള്‍ വന്നതില്‍ വേദനയുണ്ടെന്നും റെജി പറഞ്ഞു. മകള്‍ സാധാരണ നിലയിലായി. ഹോം വര്‍ക്കുകള്‍ ചെയ്തു തീര്‍ത്തു. തിങ്കളാഴ്ച മുതല്‍ സ്‌കൂളില്‍ പോകുമെന്നും റെജി പറഞ്ഞു.
രണ്ടു കൈകളും ഇല്ലാത്ത ഭിന്ന ശേഷിക്കാരിയായ പെണ്‍കുട്ടിക്ക് ഡ്രൈവിംഗ് ലൈസന്‍സ്. പാലക്കാട് സ്വദേശിനി ജിലുമോള്‍ മേരിയറ്റ് തോമസിനാണ് കാര്‍ ഓടിക്കാനുള്ള ലൈസന്‍സ് നല്‍കിയത്. അഞ്ചു വര്‍ഷത്തെ പോരാട്ടത്തിനൊടുവിലാണ് മോട്ടോര്‍ വാഹന വകുപ്പ് തടസങ്ങള്‍ നീക്കി ലൈസന്‍സ് നല്‍കിയത്. ജിലുമോള്‍ക്കു കാലുകൊണ്ടും ശബ്ദംകൊണ്ടും നിയന്ത്രിക്കാവുന്ന കാര്‍ രൂപപ്പെടുത്തും രൂപമാറ്റത്തിന് അംഗീകാരം നല്‍കുകയുംചെയ്തു. നവംബര്‍ മുപ്പതിന് ഡ്രൈവിംഗ് ടെസ്റ്റ് പാസായി ലൈസന്‍സ് നല്‍കുകയും ചെയ്തു. ഇരു കൈകളുമില്ലാത്തയാള്‍ക്കു രാജ്യത്തു ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്ന ആദ്യ വ്യക്തിയാകും ജിലുമോള്‍. നവകേരള സദസിന് എത്തിയ ജിലുമോള്‍ കാലുകൊണ്ടു വരച്ച മുഖ്യമന്ത്രിയുടെ ചിത്രം മുഖ്യമന്ത്രി പിണറായി വിജയനു കൈമാറി.
യെമനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന മലയാളി വനിത നിമിഷപ്രിയയുടെ അമ്മ വീണ്ടും ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു. യമന്‍ യാത്രക്ക് അനുമതി നിഷേധിച്ച കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നടപടി ചോദ്യം ചെയ്താണ് ഹര്‍ജി.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട മിഷോംഗ് ചുഴലിക്കാറ്റ് മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ ആഞ്ഞടിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അതിശക്ത മഴക്കും സാധ്യത. തമിഴ്‌നാട്ടിലെ ചെന്നൈക്ക് സമീപത്തായി നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിലാകും മിഷോങ് ചുഴലിക്കാറ്റ് കരതൊടുക. ചെന്നൈ അടക്കം നാലു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തമിഴ്‌നാട് സര്‍ക്കാര്‍ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
തെലുങ്കാന, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാന നിയമസഭകളിലേക്കു നടന്ന തെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ നാളെ. മിസോറാമിലെ വോട്ടെടുപ്പ് തിങ്കളാഴ്ചത്തേക്കു മാറ്റിയിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ റോഡുകള്‍ മിനുങ്ങുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിര്‍ദ്ദേശാനുസരണം ഈ വര്‍ഷം സംസ്ഥാനത്തെ 77,000 റോഡുകള്‍ കുഴിമുക്തക്കി. 83,000 ലധികം റോഡുകള്‍ കുഴിമുക്തമാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതില്‍ ബഹുഭൂരിപക്ഷവും ലക്ഷ്യം നേടി.
ഐജിഎസ്ടിയില്‍ നിന്ന് കര്‍ണാടകയുടെ വിഹിതം 798 കോടി രൂപ കുറച്ചതില്‍ വിശദീകരണം തേടി മുഖ്യമന്ത്രി സിദ്ധരാമയ്യ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന് കത്തെഴുതി. വിഹിതം വെട്ടിക്കുറക്കുന്നത് സംസ്ഥാന ധനകാര്യത്തിന്റെ ട്രഷറി മാനേജ്‌മെന്റിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.