കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ ഇറങ്ങി നടന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തനിക്കെതിരേ എസ് എഫ് ഐ ബാനര്‍ കെട്ടിയതിനു വൈസ് ചാന്‍സലറോട് ഗവര്‍ണര്‍ വിശദീകരണം തേടി. ബാനറുകള്‍ കെട്ടാന്‍ അനുവദിച്ചതിനും വിശദീകരണം തേടിയിട്ടുണ്ട്. ബാനറുകള്‍ എന്തുകൊണ്ട് നീക്കിയില്ലെന്നും ചോദ്യമുണ്ട്. ബാനറുകള്‍ ഉടന്‍ നീക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അക്രമത്തിനിറങ്ങിയ എസ്എഫ്‌ഐക്കാരെ പിണറായി വിജയന്‍ പ്രോത്സാഹിപ്പിക്കുന്നെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മുഖ്യമന്ത്രിയോ ആഭ്യന്തര മന്ത്രിയോ ആയല്ല, പാര്‍ട്ടി നേതാവു മാത്രമായാണ് പിണറായി സംസാരിക്കുന്നതെന്നും കേന്ദ്രമന്ത്രി വിമര്‍ശിച്ചു.
മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ ഭീഷണിയുമായി സോഷ്യല്‍മീഡിയയില്‍. ‘കഴിയുമെങ്കില്‍ വണ്ടി വഴിയില്‍ തടയൂ, കൊല്ലം കടയ്ക്കലില്‍ വച്ച്. എല്ലാ മറുപടിയും അന്നു തരാം’ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ എസ്‌കോര്‍ട്ട് ഉദ്യോഗസ്ഥനായ എം.എസ്. ഗോപീകൃഷ്ണനാണ് ഫേസ്ബുക്കില്‍ കമന്റിട്ടത്. കുമ്മിള്‍ പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ കുമ്മിള്‍ ഷെമീറിന്റെ ഫേസ്ബുക്ക് കുറിപ്പിനാണു ഗോപി കൃഷ്ണന്റെ കമന്റ്.
കാലിക്കറ്റ് സര്‍വകലാശാലയില്‍ ഉയര്‍ത്തിയ ബാനറുകള്‍ മാറ്റാന്‍ അനുവദിക്കില്ലെന്ന് എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ. ഒരു ബാനര്‍ നീക്കിയാല്‍ നൂറു ബാനറുകള്‍ വേറെ ഉയരും. ഗവര്‍ണര്‍ രാജാവും സര്‍വകലാശാല രാജപദവിക്കു കീഴിലുള്ള സ്ഥലവുമല്ല. ആര്‍ഷോ പറഞ്ഞു.
സ്വന്തം മുന്നണിയിലെ ഘടകകക്ഷി നേതാവായ തോമസ് ചാഴിക്കാടനെ നവകേരള സദസിനിടെ മുഖ്യമന്ത്രി അപമാനിച്ചത് അദ്ദേഹത്തിന്റെ ഫാസിസ്റ്റ് സമീപനത്തിനു തെളിവാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഇത്രയും അസഹിഷ്ണുതയുള്ള ആളാണ് കേരളത്തിന്റെ മുഖ്യമന്ത്രി എന്നത് മലയാളികള്‍ക്ക് അപമാനമാണെന്നും അദ്ദേഹം പറഞ്ഞു.
എസ് എഫ് ഐ പ്രവര്‍ത്തകരെ ഗവര്‍ണര്‍ പേരകുട്ടികളെപോലെ കണ്ടാല്‍ മതിയെന്ന് സ്പീക്കര്‍ എ. എന്‍ ഷംസീര്‍. ജനാധിപത്യ രീതിയില്‍ സമരം നടത്താന്‍ എസ്എഫ്‌ഐക്ക് അവകാശമുണ്ടെന്നും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ബാനര്‍ ഉയര്‍ത്തുന്നത് പ്രതിഷേധത്തിന്റെ ഭാഗമാണെന്നും സ്പീക്കര്‍ പറഞ്ഞു.
കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായമായി 71 കോടി രൂപ കൂടി അനുവദിച്ചു. പെന്‍ഷന്‍ വിതരണത്തിനായാണ് തുക അനുവദിച്ചത്.
വണ്ടിപ്പെരിയാര്‍ പോക്‌സോ കേസിലെ പ്രതിയെ വെറുതെ വിട്ടതിനെതിരെ യുവമോര്‍ച്ച, ബിജെപി പ്രവര്‍ത്തകര്‍ വണ്ടിപ്പെരിയാര്‍ പൊലീസ് സ്റ്റേഷനിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വനിതാ പ്രവര്‍ത്തകര്‍ അടക്കം ബാരിക്കേഡിന് മുകളില്‍ കയറി. ആറു പ്രവര്‍ത്തകരെ പൊലീസ് പിടികൂടി വാഹനത്തില്‍ കയറ്റി. വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയതോടെ ഇവരെ ഇറക്കിവിട്ടു. ഒരു മണിക്കൂറോളം കൊട്ടാരക്കര -ദിഡിഗല്‍ ദേശീയപാത ഉപരോധിച്ചു.
അതിരപ്പിള്ളി ഏഴാറ്റുമുഖം ചെക്കുപോസ്റ്റിന് സമീപം ഒന്നര മണിക്കൂര്‍ വഴി തടഞ്ഞ് ഒറ്റയാനായ കട്ടപ്പ. എണ്ണപ്പന റോഡിലേക്ക് തള്ളിയിട്ട് ആന റോഡില്‍ നിന്നു. രാവിലെ ആറു മണിയോടെയാണ് സംഭവം.
വല്ലാര്‍പാടം പനമ്പുകാട് സുബ്രഹ്‌മണ്യ ക്ഷേത്രത്തില്‍ ആനയിടഞ്ഞു. ആദികേശവന്‍ എന്ന ആന ആനപ്പുറത്തിരുന്ന പാപ്പാന്‍ അടക്കമുള്ളവരെ താഴെ ഇട്ടു. ആനപ്പുറത്ത് തിടമ്പെടുത്ത് ഇരുന്ന നാലുപേരുമായി ആന ക്ഷേത്ര മുറ്റം വിട്ട് റോഡിലേക്കിറങ്ങി. തലകുടഞ്ഞ് രണ്ടു പേരെ താഴെ വീഴ്ത്തി ചവിട്ടാന്‍ ശ്രമിച്ചു. അത്ഭുതരമായാണ് ഇവര്‍ ഒഴിഞ്ഞുമാറിയത്. മറ്റു രണ്ടു പേര്‍ മരക്കൊമ്പില്‍ തൂങ്ങിയാണു രക്ഷപ്പെട്ടത്.
റാന്നി കുറുമ്പന്‍മുഴിയില്‍നിന്ന് കണ്ടെത്തിയ പതിനെട്ടു ദിവസം പ്രായമുള്ള കുട്ടിയാന ചെരിഞ്ഞു. തിരുവനന്തപുരം കോട്ടൂര്‍ ആന പരിപാലന കേന്ദ്രത്തിലേക്ക് എത്തിച്ച ശേഷമാണ് ചെരിഞ്ഞത്.
കനത്ത മഴമൂലം തമിഴ്‌നാട്ടിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. തെക്കന്‍ തമിഴ്‌നാട്ടിലെ തിരുനെല്‍വേലി, കന്യാകുമാരി, തൂത്തുക്കുടി, തെങ്കാശി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി.
തമിഴ്‌നാട് തേനിയിലെ ദേവദാനപ്പെട്ടിയില്‍ വാഹനാപകടത്തില്‍ തെലങ്കാന സ്വദേശികളായ മൂന്ന് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു.
ബിഹാറില്‍ പൂജാരിയെ വെടിവച്ചുകൊന്ന് കണ്ണു ചൂഴ്‌ന്നെടുത്തു. ദനപൂര്‍ ഗ്രാമത്തിലെ ശിവക്ഷേത്രത്തിലെ പൂജാരി മനേജ് കുമാര്‍ എന്ന 32 കാരനാണു കൊല്ലപ്പെട്ടത്. സംഭവത്തെത്തുടര്‍ന്ന് പ്രദേശത്തു സംഘര്‍ഷാവസ്ഥയാണ്.
ഒരു ജോഡി സൈബീരിയന്‍ കടുവകളെ ഇന്ത്യയില്‍ എത്തിച്ചു. സൈപ്രസിലെ പാഫോസ് മൃഗശാലയക്ക് ഒരു ജോഡി റെഡ് പാണ്ടകളെ നല്‍കിയാണ് ഇന്ത്യ രണ്ടു സൈബീരിയന്‍ കടുവകളെ സ്വന്തമാക്കിയത്. ഡാര്‍ലജിങ്ങിലെ പദ്മജ നായിഡു ഹിമാലയന്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ ലാറ, അക്കാമസ് എന്നീ പേരുകളുള്ള കടുവകളെ തുറന്നുവിട്ടു.
ഐക്യരാഷ്ട്ര സംഘടനയുടെ രക്ഷാ സമിതി പഴയ ക്ലബ് പോലെയാണെന്നും പഴയ സ്ഥിരാംഗങ്ങള്‍ എല്ലാം കൈയടക്കി വച്ചിരിക്കുകയാണെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. പുതിയ രാജ്യങ്ങള്‍ക്കു സ്ഥിരാംഗത്വം നല്‍കാന്‍ തയാറാകുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.