സിപിഐ സംസ്ഥാന സെക്രട്ടറിയായി ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വത്തെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ വിയോഗത്തെത്തുടര്‍ന്ന് ഏകകണ്ഠമായാണ് ബിനോയിയെ തെരഞ്ഞെടുത്തതെന്ന് അഖിലേന്ത്യാ സെക്രട്ടറി ഡി. രാജ അറിയിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തിന് 28 ന് ചേരുന്ന സംസ്ഥാന കൗണ്‍സില്‍ അംഗീകാരം നല്‍കും.
തിരക്ക് വര്‍ദ്ധിച്ചതിനാല്‍ ശബരിമലയില്‍ രാത്രി അരമണിക്കൂര്‍ കൂടി ദര്‍ശന സമയം വര്‍ധിപ്പിച്ചു. രാത്രി പതിനൊന്നരയ്ക്കാണു നട അടയ്ക്കുക. ഉച്ചക്ക് മൂന്നിന് നട തുറക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. രാത്രികൂടി സമയം വര്‍ധിപ്പിച്ചതോടെ ശബരിമലയിലെ ദര്‍ശന സമയം ഒന്നരമണിക്കൂര്‍ ആണ് വര്‍ധിപ്പിച്ചത്.
മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച നവകേരള ബസിനുനേരെ ഷൂ എറിഞ്ഞ് കെഎസ്‌യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പെരുമ്പാവൂരില്‍ നിന്ന് കോതമംഗലത്തേക്കുള്ള യാത്രക്കിടെ പെരുമ്പാവൂര്‍ ഓടക്കാലിയിലാണു സംഭവം. നാലു കെഎസ്‌യു പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറിലേക്കു പോയാല്‍ കടുത്ത നിയമ നടപടി നേരിടേണ്ടിവരുമെന്ന് തൊട്ടടുത്ത യോഗ സ്ഥലത്ത് മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.
മഞ്ഞപ്പിത്തം ബാധിച്ച ആദിവാസി യുവാവ് മരിച്ചത് ഇരിട്ടി താലൂക്ക് ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ വൈകിയതിനാലാണെന്ന് ബന്ധുക്കള്‍. കണ്ണൂര്‍ അയ്യന്‍കുന്ന് കുട്ടുകപ്പാറയിലെ രാജേഷ് (22) ആണ് മരിച്ചത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് ആദ്യം ചികിത്സ തേടിയത്. ലാബ് ടെസ്റ്റ് ഫലങ്ങള്‍ വളരെ വൈകിയതിനാലാണു ചികില്‍സയും വളരെ വൈകിയത്. അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കി.
വയനാട്ടില്‍ കാര്‍ യാത്രക്കാരെ തട്ടിക്കൊണ്ടുപോയി 20 ലക്ഷം കവര്‍ന്നതായി പരാതി. കോഴിക്കോട് തലയാട് മുളകുംതോട്ടത്തില്‍ മഖ്ബൂല്‍, എകരൂര്‍ സ്വദേശി നാസര്‍ എന്നിവര്‍ സഞ്ചരിച്ച കാറാണ് മീനങ്ങാടി അമ്പലപ്പടി പെട്രോള്‍ പമ്പിനടുത്തു് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. അക്രമികള്‍ ഇവരെ മേപ്പാടിക്കു സമീപം ഇറക്കിവിട്ടു. കാര്‍ മേപ്പാടിക്കു സമീപം മറ്റൊരിടത്ത് ഉപേക്ഷിച്ചു. ചാമരാജ് നഗറിലെ ജ്വല്ലറി ബിസിനസ് പങ്കാളിയെ സംശയിക്കുന്നതായാണു പരാതിക്കാരുടെ മൊഴി.
വയനാട് വാകേരി കൂടല്ലൂരില്‍ യുവാവിനെ തൊന്നുതിന്ന നരഭോജി കടുവയെ പിടികൂടാനായില്ലെങ്കില്‍ വെടിവച്ചു കൊല്ലാമെന്ന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഉത്തരവിട്ടു. കടുവയെ കൊല്ലണമെന്ന് ഉത്തരവിടാതെ കൊല്ലപ്പെട്ട പ്രജീഷിന്റെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കളും നാട്ടുകാരും നിലപാടെടുത്തു സമരത്തിനിറങ്ങിയതോടെയാണ് വനംവകുപ്പ് ഉത്തരവിറക്കിയത്.
ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിച്ചതിന് ആനുപാതികമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചിട്ടില്ലെന്നും അടിയന്തരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മുഖ്യമന്ത്രിക്കു കത്തയച്ചു. പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് 15 മുതല്‍ 20 മണിക്കൂര്‍ വരെ ക്യൂവാണ്. ഭക്തര്‍ക്ക് കുടിവെള്ളം പോലും ലഭിക്കുന്നില്ല. കഴിഞ്ഞ ദിവസം അപ്പാച്ചിമേട്ടില്‍ 12 വയസുകാരി കുഴഞ്ഞുവീണു മരിച്ച സംഭവവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഗവര്‍ണര്‍ക്കെതിരേ കരിങ്കൊടി പ്രതിഷേധവുമായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍. തിരുവനന്തപുരം വഴുതക്കാട് ജംഗ്ഷനിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി കാണിച്ചത്. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
മാസപ്പടി വിവാദത്തില്‍ ഹൈക്കോടതി നല്‍കിയ നോട്ടീസിന്റെ പേരില്‍ ഭയപ്പെടുത്താന്‍ നോക്കണ്ടെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എ കെ ബാലന്‍. മുഖ്യമന്തിക്കും മകള്‍ക്കും മാത്രമല്ല യുഡിഎഫ് നേതാക്കള്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ടെന്ന് ബാലന്‍ ചൂണിക്കാണിച്ചു. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നതെന്നും ബാലന്‍ പറഞ്ഞു.
വയനാട്ടില്‍ സുഹൃത്തിനെ വെട്ടിക്കൊന്ന് മധ്യവയസ്‌ക ആത്മഹത്യ ചെയ്തു. ബത്തേരി തൊടുവട്ടി ബീരാന്‍ (58) ആണ് വെട്ടേറ്റു മരിച്ചത്. പഴേരി തോട്ടക്കര മമ്പളൂര്‍ ചന്ദ്രമതി (54) ആണ് ആത്മഹത്യ ചെയ്തത്.
യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പത്തനംതിട്ട വെച്ചൂച്ചിറയില്‍ ഭര്‍ത്താവിനെ അറസ്റ്റു ചെയ്തു. ഒക്ടോബര്‍ 30 ന് പെരുന്തേനരുവിയില്‍ ചാടി 31 കാരി ടെസ്സി ആത്മഹത്യ സംഭവത്തില്‍ ചാത്തന്‍തറ സ്വദേശി കെ.എസ് അരവിന്ദ് (36) ആണ് അറസ്റ്റിലായത്.
തമിഴ്‌നാട് സ്വദേശിനിയായ പതിനാറുകാരിയെ പീഡിപ്പിച്ച നാല്‍പ്പത്തിരണ്ടുകാരന്‍ അറസ്റ്റില്‍. വടകര വണ്ണാന്റവിട അബൂബക്കറാണ് അറസ്റ്റിലായത്.
രജ്പുത് കര്‍ണിസേന തലവന്‍ സുഖ്‌ദേവ് സിംഗ് ഗോഗമേദിയെ കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതികള്‍ അറസ്റ്റില്‍. രോഹിത് റാത്തോഡും നിതിന്‍ ഫൗജി ഉള്‍പ്പെടെ മൂന്നു പേരെയാണ് ചണ്ഡീഗഡില്‍നിന്ന് പിടികൂടിയത്. ഡല്‍ഹി പോലീസും രാജസ്ഥാന്‍ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് പ്രതികളെ പിടികൂടിയത്.
ഛത്തീസ്ഗഡ് മുഖ്യമന്ത്രിയായി മുതിര്‍ന്ന ആദിവാസി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വിഷ്ണു ദേവ് സായിയെ ബിജെപി തെരഞ്ഞെടുത്തു. കേന്ദ്ര നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന നിയമസഭ കക്ഷിയോഗത്തിലാണ് തീരുമാനം.
രാജസ്ഥാനിലും, മധ്യപ്രദേശിലും മുഖ്യന്ത്രിമാരെ ബിജെപി നാളെ പ്രഖ്യാപിച്ചേക്കും. രാജസ്ഥാനില്‍ നാളെ നിയമസഭ കക്ഷിയോഗം ചേരും. മുഖ്യമന്ത്രിക്കസേര സ്വന്തമാക്കാന്‍ ചരടുവലി നടത്തുന്ന വസുന്ധര രാജെ സിന്ധ്യയുടെ വസതിയില്‍ ഇന്നലെ ഒരു വിഭാഗം എംഎല്‍എമാര്‍ വീണ്ടും യോഗം ചേര്‍ന്നു. രാജസ്ഥാനില്‍ രണ്ടു പേരെ ഉപമുഖ്യമന്ത്രിമാരാക്കാനാണു നീക്കം.
കുളിമുറിയില്‍ തെന്നിവീണ് ഇടുപ്പെല്ലു പൊട്ടി ചികില്‍സയിലുള്ള തെലുങ്കാന മുന്‍മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെ തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡി ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ചികില്‍സയ്ക്ക് ആവശ്യമായ എല്ലാ സഹായവും നല്‍കണമെന്ന് ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയെന്ന് രേവന്ത് റെഡി പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ മുന്‍ ഭാര്യ. മദ്യപിച്ച് ലക്ക് കെട്ട് നഗ്‌നനായി ഇരിക്കുന്ന മന്നിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്നാണ് മന്നിന്റെ മുന്‍ ഭാര്യ പ്രീത് ഗ്രേവാളിന്റെ ഭീഷണി. മദ്യപിച്ച് ശാരീരികമായും മാനസികമായും പീഡിപ്പിച്ചതായി ഭഗവന്ത് മന്നിന്റെ മകള്‍ സീറാത് മന്‍ ഗുരുതര ആരോപണം ഉന്നയിച്ചതിനു പിറകേയാണ് മുന്‍ ഭാര്യ രംഗത്തെത്തിയത്.
തമിഴ് കോമഡി നടന്‍ റെഡിന്‍ കിംഗ്‌സ്‌ലി വിവാഹിതനായി. ടെലിവിഷന്‍ നടിയും മോഡലുമായ സംഗീതയാണ് വധു.
സ്വകാര്യ ചിത്രങ്ങള്‍ കാണിച്ച് മുന്‍ കാമുകിയെയും പിതാവിനെയും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന കേസില്‍ 19 കാരനും കൂട്ടുകാരനും അറസ്റ്റില്‍. പ്രോട്ടീന്‍ പൗഡറും ബോഡി ബില്‍ഡിംഗ് ഉപകരണങ്ങളും വാങ്ങാനുള്ള പണത്തിനായാണ് 19 കാരന്‍ മുന്‍കാമുകിയെ ഭീഷണിപ്പെടുത്തിയത്. 19 കാരന്‍ അന്‍ഷ് ശര്‍മ്മ, സുഹൃത്ത് ഗോവിന്ദ് ശര്‍മ്മ(22) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.
ഛത്തീസ്ഗഢിലെ ചമ്പ ജില്ലയില്‍ വിവാഹ ചടങ്ങിനുശേഷം കാര്‍ അപകടത്തില്‍പ്പെട്ട് വധൂവരന്മാര്‍ അടക്കം അഞ്ചുു പേര്‍ മരിച്ചു. കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.
സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത് ജേതാവായ നര്‍ഗീസ് മുഹമ്മദിയുടെ മക്കള്‍. ഇറാനിലെ ജയിലിലാണ് മനുഷ്യാവകാശ പ്രവര്‍ത്തകയായ നര്‍ഗീസ് മുഹമ്മദി. നിര്‍ബന്ധിത ഹിജാബിനും വധശിക്ഷയ്ക്കുമെതിരെ പ്രതികരിച്ചതിനാണ് 51 വയസ്സുള്ള നര്‍ഗീസിനെ ജയിലിലടച്ചത്. ഇതിനകം 31 വര്‍ഷം ജയിലിലടച്ചു. 2021 ലാണ് അവസാനമായി തടവിലാക്കിയത്. ടെഹ്‌റാനിലെ ജയിലിലാണ് നര്‍ഗീസ് കഴിയുന്നത്.
മൃഗശാല ജീവനക്കാരന്റെ മൃതദേഹം കടുവക്കൂടില്‍ കടുവകള്‍ പാതി ഭക്ഷിച്ച നിലയില്‍. പാക്കിസ്ഥാനിലെ ബഹവല്‍പൂരിലെ ഷെര്‍ബാഗ് മൃഗശാലയിലാണു സംഭവം. കടുവയുടെ വായ്ക്കുള്ളില്‍ ഒരാളുടെ ചെരിപ്പ് മൃഗശാല ജീവനക്കാര്‍ കണ്ടതിനെ തുടര്‍ന്നു നടത്തിയ തിരച്ചിലിലാണ് കടുവക്കൂട്ടില്‍ മൃതദേഹം കണ്ടെത്തിയത്. കൂട്ടില്‍ നാലു കടുവകളുണ്ടായിരുന്നു.
ജിദ്ദയില്‍ ശനിയാഴ്ച സമാപിച്ച റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മികച്ച അഭിനേതാക്കള്‍ക്കുള്ള അവാര്‍ഡുകള്‍ ഇസ്രായേല്‍ നടിയും നടനും നേടി. ‘ദി ടീച്ചര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി സിനിമ നാടക നടന്‍ സാലിഹ് ബക്രിയും ‘ഇന്‍ഷ അല്ലാഹ് എ ബോയ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഇസ്രായേലി നടിയും സംവിധായികയുമായ മോന ഹവയുമാണ് പുരസ്‌കാരം നേടിയത്.