night news hd 19

 

കോണ്‍ഗ്രസിന്റെ 39 അംഗ പ്രവര്‍ത്തക സമിതിയില്‍ലേക്കു കേരളത്തില്‍നിന്ന് അഞ്ചു പേര്‍. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍, എ.കെ. ആന്റണി, ശശി തരൂര്‍ എന്നിവര്‍ പ്രവര്‍ത്തകസമിതി അംഗങ്ങളാണ്. രമേശ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവും കൊടിക്കുന്നില്‍ സുരേഷിനെ പ്രത്യേക ക്ഷണിതാവായും ഉള്‍പ്പെടുത്തി. രാജസ്ഥാനില്‍നിന്ന് സച്ചിന്‍ പൈലറ്റും പ്രവര്‍ത്തക സമിതിയിലുണ്ട്. കനയ്യ കുമാറിനെ പ്രത്യേക ക്ഷണിതവായും ജി-23 നേതാവായ മനീഷ് തിവാരിയെ സ്ഥിരം ക്ഷണിതവായും ഉള്‍പ്പെടുത്തി.

കോണ്‍ഗ്രസ് പ്രവര്‍ത്തസമിതിയില്‍ ക്ഷണിതാവ് മാത്രമാക്കിയതില്‍ നീരസവുമായി രമേശ് ചെന്നിത്തല. ഇപ്പോഴുള്ള സ്ഥാനം 19 വര്‍ഷം മുന്‍പുള്ളതാണ്. രണ്ടു വര്‍ഷമായി പദവികളൊന്നുമില്ല. പരസ്യ പ്രതികരണത്തിന് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്കു തെരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷമെന്ന് ശശി തരൂര്‍. പ്രവര്‍ത്തകരെ നമിക്കുന്നു. പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുന്നത് അഭിമാനമായി കരുതുന്നുവെന്നും തരൂര്‍ ‘എക്‌സി’ല്‍ കുറിച്ചു.

സംസ്ഥാനത്തു രണ്ടു ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. തെക്കന്‍ തമിഴ്‌നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്നുള്ള കന്യാകുമാരി പ്രദേശം, ശ്രീലങ്കന്‍ തീരത്തിന്റെ തെക്ക്-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റിനു സാധ്യത. കേരള – കര്‍ണാടക തീരത്തും ലക്ഷദ്വീപ് പ്രദേശത്തും മത്സ്യബന്ധനത്തിന് തടസമില്ല.

മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞു നിന്ന് അന്വേഷണത്തെ നേരിടണമെന്ന് ഒരു വിഭാഗം സാംസ്‌കാരിക പ്രവര്‍ത്തകര്‍. യു കെ കുമാരന്‍, ബി രാജീവന്‍, എം എന്‍ കാരശ്ശേരി, കല്‍പ്പറ്റ നാരായണന്‍, അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്, സാവിത്രി രാജീവന്‍, കെ സി ഉമേഷ്ബാബു, വി എസ് അനില്‍കുമാര്‍, സിആര്‍ നീലകണ്ഠന്‍ തുടങ്ങിയവരാണ് പ്രസ്താവനയില്‍ ഒപ്പുവച്ചത്.

അരിക്കൊമ്പന്റെ ആരോഗ്യത്തിനായി വിനായക ചതുര്‍ഥി ദിനത്തില്‍ തേങ്ങയുടച്ച് പ്രാര്‍ത്ഥന. അരിക്കൊമ്പന്‍ ഫാന്‍സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് തിരുവനന്തപുരം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടച്ചു പ്രാര്‍ത്ഥന നടത്തിയത്. വാവ സുരേഷ് അടക്കമുള്ളവര്‍ പ്രാത്ഥനയിലും പ്രതിഷേധത്തിലും പങ്കെടുത്തു.

കൃഷി മന്ത്രി പി പ്രസാദിന്റെ ചേര്‍ത്തലയിലെ വസതിയില്‍ പൂക്കൃഷി വിളവെടുപ്പ്. വീടിനു ചുറ്റും വളര്‍ത്തിയിരുന്ന 2500 ചുവട് ബന്തി, 250 ചുവട് വാടാമല്ലി എന്നിവയില്‍നിന്നാണ് അത്തംനാളില്‍ വിളവെടുത്തത്. സമീപത്തായി മധുരക്കിഴങ്ങും കൂവയും കൃഷി ചെയ്യുന്നുണ്ടെന്ന് മന്ത്രി പ്രസാദ് പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്- ബിജെപി സഖ്യത്തിനു നീക്കമെന്ന് മന്ത്രി വിഎന്‍ വാസവന്‍. കിടങ്ങൂരില്‍ ബിജെപി വോട്ടുനേടി യുഡിഎഫ് പ്രസിഡന്റായി. യുഡിഎഫ് പിന്തുണയോടെ ബിജെപി വൈസ് പ്രസിഡന്റായി. ഏറ്റുമാനൂര്‍ നഗരസഭയില്‍ അവിശ്വാസ പ്രമേയ ചര്‍ച്ച ഒഴിവാക്കാന്‍ യുഡിഎഫും ബിജെപിയും വിട്ടുനിന്നു. ഇരുകൂട്ടരും തമ്മിലുള്ള ബാന്ധവം പരസ്യമാണെന്ന് വാസവന്‍ പറഞ്ഞു.

കോഴിക്കോട് കുന്നമംഗലത്ത് ടിവിഎസ് വാഹന ഷോറൂമിലുണ്ടായ തീപിടിത്തത്തില്‍ ഏഴ് ഇരുചക്ര വാഹനങ്ങള്‍ കത്തിനശിച്ചു.

ഉഡുപ്പി കരിന്തളം 400 കെ വി വൈദ്യുത ലൈന്‍ കടന്നുപോകുന്നതിനുു താഴെയുള്ള കൃഷിക്കും ഭൂമിക്കും മാന്യമായ നഷ്ടപരിഹാരം വേണമെന്നു കര്‍ഷകര്‍ കളക്ടറേറ്റ് മാര്‍ച്ച് നടത്തി. കര്‍ണാടകയിലെ ഉഡുപ്പി മുതല്‍ കാസര്‍കോട് ജില്ലയിലെ കരിന്തളം വരെയാണ് 400 കെ വി വൈദ്യുത ലൈന്‍ സ്ഥാപിക്കുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ യാത്രക്കാരനില്‍നിന്ന് 666 ഗ്രാം സ്വര്‍ണം പിടിച്ചു. അബുദാബിയില്‍നിന്നു വന്ന മലപ്പുറം സ്വദേശി ജാഫര്‍മോനാണ് പിടിയിലായത്.

15 കോടി രൂപ വിലവരുന്ന 1496 ഗ്രാം കൊക്കെയ്‌നുമായി മലയാളി മുംബൈ വിമാനത്താവളത്തില്‍ പിടിയിലായി. എത്യോപ്യയില്‍നിന്ന് മുംബൈയിലെത്തിയ സാറ്റിലി തോമസ് (44) ആണ് പിടിയിലായത്.

മണിപ്പൂര്‍ കലാപം അന്വേഷിക്കുന്ന സിബിഐ സംഘത്തിലേക്കു മുപ്പത് ഉദ്യോഗസ്ഥരെക്കൂടി ഉള്‍പെടുത്തി. നേരത്തെ 53 അംഗ സംഘത്തിനാണ് സിബിഐ അന്വേഷണ ചുമതല നല്‍കിയിരുന്നത്. മുപ്പതു പേര്‍കൂടി എത്തിയതോടെ അന്വേഷണ സംഘത്തില്‍ 83 പേരായി. സംഘത്തില്‍ സിബിഐ കൊച്ചി യൂണിറ്റിലെ എം.വേണുഗോപാല്‍, ജി പ്രസാദ് എന്നീ രണ്ടു മലയാളി ഉദ്യോഗസ്ഥരുമുണ്ട്.

എന്‍സിപിയുടെ മുന്‍ ട്രഷററും ശരദ് പവാറിന്റെ വിശ്വസ്തനുമായ ഈശ്വര്‍ലാല്‍ ജെയിനിന്റെ സ്ഥാപനങ്ങളിലും വീട്ടിലും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ഒരു കോടി ഒരു ലക്ഷം രൂപ പണമായും 25 കോടി രൂപ വിലമതിക്കുന്ന 39 കിലോ സ്വര്‍ണ- വജ്രാഭരണങ്ങളും പിടിച്ചെടുത്തു. ബാങ്ക് വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് മുന്‍ എംപിയുടെ സ്ഥാപനങ്ങളിലും വീട്ടിലും റെയ്ഡ് നടത്തിയത്.

മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രചാരണത്തിന്റെ പൂര്‍ണ നിയന്ത്രണം പാര്‍ട്ടി കേന്ദ്ര നേതൃത്വം ഏറ്റെടുത്തു. ഭരണവിരുദ്ധ വികാരം നിലവിലുള്ളതിനാല്‍ ശക്തമായ പ്രചാരണ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കാന്‍ അയല്‍ സംസ്ഥാനങ്ങളില്‍നിന്നു തെരഞ്ഞെടുത്ത 230 എംഎല്‍എമാരെ നിയോഗിക്കുന്നുണ്ട്.

ചന്ദ്രനിലേക്കു റഷ്യ അയച്ച പേടകം ‘ലൂണ 25’ തകര്‍ന്നു വീണു. ഭ്രമണപഥം മാറ്റുന്നതിനിടെ നിയന്ത്രണം നഷ്ടമായ ‘ലൂണ 25’ പേടകം ചന്ദ്രനിലാണു തകര്‍ന്നുവീണത്.

അമേരിക്കയില്‍ ഇന്ത്യന്‍ ഐടി ദമ്പതിമാരും ആറു വയസുള്ള മകനും വെടിയേറ്റു മരിച്ചു. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല (37), ഭാര്യ പ്രതിഭ (35), മകന്‍ യഷ് എന്നിവരാണു മെറിലാന്‍ഡിലെ വസതിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയേയും മകനോയും വെടിവച്ചുകൊന്ന് യോഗേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പോലീസ് കരുതുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *