ക്രിമിനല്‍ നിയമം പരിഷ്‌കരിക്കുന്ന ബില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. ഐപിസി, സിആര്‍പിസി, ഇന്ത്യന്‍ എവിഡന്‍സ് ആക്ട് എന്നിവയ്ക്കു പകരമുള്ള ബില്ലുകളാണിത്. പുതിയ ബില്ലില്‍ രാജ്യദ്രോഹക്കുറ്റം റദ്ദാക്കുമെങ്കിലും പുതിയ പേരുകളില്‍ കൂടുതല്‍ കടുത്ത ശിക്ഷയോടെ നടപ്പാക്കും. പുതിയ നിയമങ്ങളുടെ പേരു സംസ്‌കൃതത്തിലും ഹിന്ദിയിലുമാണ്. പേരില്‍നിന്ന് ഇന്ത്യയെ ഒഴിവാക്കിയിട്ടുമുണ്ട്. ഭാരതീയ ന്യായ സംഹിത – 2023, ഭാരതീയ നാഗരിക് സുരക്ഷാ സന്‍ഹിത, ഭാരതീയ സാക്ഷ്യ ബില്‍ എന്നിങ്ങനെയാണ് പേര്.
വ്യാജരേഖ ചമച്ചെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി എംപി രാഘവ് ഛദ്ദയെ രാജ്യസഭയില്‍നിന്നു സസ്‌പെന്‍ഡു ചെയ്തു. ഡല്‍ഹി ഭരണ നിയന്ത്രണ ബില്ലിനെതിരായ അവകാശ ലംഘന പ്രമേയത്തില്‍ നാല് എംപിമാരുടെ വ്യാജ ഒപ്പിട്ടെന്ന ആരോപണത്തെത്തുടര്‍ന്നാണു സസ്‌പെന്‍ഷന്‍.
ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ 10,164 കുട്ടികള്‍ കുറഞ്ഞു. കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍-എയ്ഡഡ് – അണ്‍എയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. ഈ വര്‍ഷം സര്‍ക്കാര്‍ – എയ്ഡഡ്- അണ്‍ എയ്ഡഡ് മേഖലകളിലെ കുട്ടിളുടെ എണ്ണം 37,46,647 ആയി കുറഞ്ഞു. ഇതില്‍ സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ മാത്രം 34,04,724 കുട്ടികളാണുള്ളത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയെന്ന കേസില്‍ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജി ലോകായുക്ത തള്ളി. ഹര്‍ജിക്കാരനെ ലോകായുക്ത നിശിതമായി വിമര്‍ശിച്ചു. ഹര്‍ജിയുടെ സാധുത വീണ്ടും പരിശോധിക്കുമെന്ന ലോകായുക്ത നിലപാടിനെതിരെ ഹര്‍ജിക്കാരന്‍ നല്കിയ ഇടക്കാല ഹര്‍ജിയാണ് വിമര്‍ശനത്തിനിടയാക്കിയത്.
പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ പ്രകാരം തദ്ദേശ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റായി 558.97 കോടി രൂപ തദ്ദേശ സ്വയംഭരണ വകുപ്പ് അനുവദിച്ചു. ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് പുതിയ കെട്ടിടം, രോഗനിര്‍ണയ സംവിധാനങ്ങള്‍ സജ്ജമാക്കുക തുടങ്ങിയ കാര്യങ്ങള്‍ക്കായാണു തുക അനുവദിച്ചത്.
ജാമ്യമെടുക്കില്ലെന്ന നിലപാടില്‍ ഉറച്ചുനിന്ന ഗ്രോ വാസുവിനെ കോടതി വീണ്ടും റിമാന്‍ഡു ചെയ്തു. പോരാട്ടം കോടതിയോടല്ല, ഭരണകൂടത്തോടാണെന്നും ഗ്രോ വാസു പ്രതികരിച്ചു. പിണറായി ഏറ്റവും വലിയ കമ്മ്യൂണിസ്റ്റാണെന്ന് ജനം വിചാരിക്കുന്നു. എന്നാല്‍ പിണറായിയാണ് ഏറ്റവും വലിയ കോര്‍പ്പറേറ്റെന്ന് ഗ്രോ വാസു കുറ്റപ്പെടുത്തി.
ഓണത്തിനു മുന്നോടിയായി ഈ മാസം 18 നു മുമ്പു തന്നെ സപ്ലൈകോയില്‍ മുഴുവന്‍ ഭക്ഷ്യധാന്യങ്ങളും എത്തിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. സപ്‌ളൈക്കോയ്ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ട്. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ ഫണ്ട് കിട്ടാത്തതാണ് കാരണം. കടം വാങ്ങിയോ വ്യാപാരികളോട് അവധി പറഞ്ഞോ ഓണം ഫെയറിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
കരിമണല്‍ കമ്പനിയില്‍നിന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ മാസപ്പടി വാങ്ങിയെന്ന ആരോപണത്തില്‍ പുതിയ ആക്ഷേപവുമായി മാത്യു കുഴല്‍നാടന്‍. വീണയുടെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ തുക ഉള്‍പ്പെടുത്തിയില്ലെന്നാണ് ആരോപണം. വീണയുടെ എക്‌സാലോജിക്കിന് ഏതെല്ലാം കമ്പനികളുമായി കരാറുണ്ടെന്നും മക്കളുടെ സ്വത്ത് വിവരവും മുഖ്യമന്ത്രി പിണറായി വിജയന്‍ വെളിപ്പെടുത്തുമോയെന്നും മാത്യു കുഴല്‍നാടന്‍ ചോദിച്ചു.
കള്ളന്‍മാരുടേയും കൊള്ളക്കാരുടെയും മുന്നണിയായി കേരളത്തിലെ ‘ഇന്ത്യാ’ മുന്നണി മാറിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കരിമണല്‍ കമ്പനി സിപിഎം, കോണ്‍ഗ്രസ്, മുസ്ലീം ലീഗ് എന്നിങ്ങനെയുള്ള ഇന്ത്യാ മുന്നണിയിലെ പ്രമുഖ രാഷ്ട്രീയക്കാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 96 കോടി രൂപയാണ് നല്‍കിയത്. സുരേന്ദ്രന്‍ പറഞ്ഞു.
കണ്ണൂര്‍ മുഴകുന്ന് പൊലീസിന്‌റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ബിജെപി പ്രവര്‍ത്തകനായ വധശ്രമക്കേസ് പ്രതി പിടിയില്‍. പാലപ്പള്ളി സ്വദേശി അനിലാണ് പിടിയിലായത്.
മദ്യപിച്ചു ലക്കുകെട്ട് ബൈക്ക് ഓടിക്കാന്‍ ശ്രമിച്ച യുവാവിനെ കസ്റ്റഡിയില്‍ എടുക്കാതിരുന്നതിനു മൂന്ന് പൊലീസുകാര്‍ക്കു സസ്‌പെന്‍ഷന്‍. തൃശ്ശൂര്‍ ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്‌ഐമാരായ എന്‍ പ്രദീപ്, എം അഫ്സല്‍ എന്നിവരേയും സിവില്‍ പൊലീസ് ഓഫീസര്‍ ജോസ് പോളിനെയുമാണ് സസ്‌പെന്‍ഡു ചെയ്തത്.
മണിപ്പൂരിലെ കലാപം അവസാനിപ്പിക്കന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു താത്പര്യമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സൈന്യത്തിനു രണ്ടു ദിവസംകൊണ്ട് അവസാനിപ്പിക്കാമായിരുന്ന പ്രശ്‌നമാണ് മൂന്നര മാസമായിട്ടും തുടരുന്നത്. മണിപ്പൂരില്‍ ഇന്ത്യ ഇല്ലാതാകുമ്പോള്‍ നരേന്ദ്ര മോദി പാര്‍ലമെന്റില്‍ ഇരുന്ന് തമാശ പറഞ്ഞും പരിഹസിച്ചും ഊറിച്ചിരിക്കുകയായിരുന്നെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ മാനസിക നില തെറ്റിയെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാതെയാണ് രാഹുല്‍ പ്രതികരിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അടുത്ത വര്‍ഷം ശിവരാത്രിക്കു ശേഷം രാജ്യത്തു ഭരണമാറ്റം ഉണ്ടാകുമെന്നും വനിത പ്രധാനമന്ത്രിയാകുമെന്നും പ്രവചനവുമായി ജ്യോതിഷി. ഒരു കക്ഷിക്കും ഒറ്റയ്ക്കു ഭൂരിപക്ഷം കിട്ടില്ലെന്ന് കര്‍ണാടകയിലെ തുമക്കൂരു തിപ്തൂര്‍ നൊവനിയക്കരെ ശനി ക്ഷേത്രത്തിലെ ഡോ. യശ്വന്ത് ഗുരുജി പ്രവചിച്ചു. കഴിഞ്ഞ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് ഇദ്ദേഹം പ്രവചിച്ചിരുന്നു.
കര്‍ണാടക തലപ്പാടിയില്‍ പഞ്ചായത്ത് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബിജെപി അംഗങ്ങളുടെ പിന്തുണയോടെ എസ്ഡിപിഐ അംഗം പഞ്ചായത്ത് പ്രസിഡന്റായി. ടി ഇസ്മായിലാണ് പഞ്ചായത്ത് പ്രസിഡന്റായത്. ബിജെപി അംഗം പുഷ്പവതി ഷെട്ടിയെ വൈസ് പ്രസിഡന്റായും ഐക്യകണ്ഠ്യേനെ തെരഞ്ഞെടുത്തു.
നൈജറില്‍ കലാപം ശക്തമായി. ഇന്ത്യക്കാര്‍ എത്രയും വേഗം സ്വദേശത്തേക്കു മടങ്ങണമെന്ന് വിദേശകാര്യ മന്ത്രാലയം. വിമാനത്താവളങ്ങളും വ്യോമപാതകളും അടച്ചതിനാല്‍ റോഡ്, ട്രെയിന്‍ മാര്‍ഗം മാത്രമേ യാത്ര ചെയ്യാനാകൂ.