ട്രെയിനില്‍നിന്ന് താന്‍ ആരേയും തള്ളി താഴെയിട്ടിട്ടില്ലെന്നു ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി. മൂന്നു പേര്‍ സ്വയം ചാടിയതിനു താന്‍ ഉത്തരവാദിയല്ലെന്നും പോലീസിനോടു പറഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഷാറൂഖ് അവസാനം വിളിച്ച ഫോണ്‍ നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് പോലീസ്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു പരിശോധിച്ചുവരികയാണ്. കേസ് എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്.
കോവിഡ് വ്യാപിക്കുന്നതിനാല്‍ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു. 60 വയസിനു മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. ഹരിയാനയിലും പുതുച്ചേരിയിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.
അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരടങ്ങുന്ന ഒമ്പതംഗ സംഘമാണു മേയ് ഏഴിന് അബുദാബിയിലേക്കു പോകുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ വിവിധ സംഘടനകളുടെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ മന്ത്രിയുടെ ക്ഷണമനുസരിച്ചാണു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.
ഈസ്റ്റര്‍ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഡല്‍ഹിയിലെ സേക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചു. വൈകിട്ട് അഞ്ചരയോടെ പള്ളിയിലേക്കെത്തിയ അദ്ദേഹം പള്ളിയില്‍ മെഴുകുതിരി തെളിച്ച് പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു. ഇരുപതു മിനിറ്റോളം പളളിയില്‍ പുരോഹിതരുമായും വിശ്വസികളുമായും സംവദിച്ചു. ക്രൈസ്തവരെ ബിജെപിയിലേക്ക് ആകര്‍ഷിക്കാനുള്ള പാര്‍ട്ടി പരിപാടിയുടെ ഭാഗമായാണ് സക്രഡ് ഹാര്‍ട്ട് കത്തിഡ്രല്‍ സന്ദര്‍ശിച്ചത്.
ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി ജിപിഎസ് കോളര്‍ വച്ചുപിടിപ്പിക്കാനുളള ദൗത്യം വൈകും. ആസാമില്‍നിന്ന് ജിപിഎസ് കോളര്‍ എത്താത്തതാണ് കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്താനായിരുന്നു ആലോചന. ഈസ്റ്റര്‍ അവധിയായതിനാലാണ് വൈകുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.
താമരശേരിയില്‍ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയ മുഹമ്മദ് ഷാഫിയും സംഘവും 300 കിലോ സ്വര്‍ണം തട്ടിയെടുത്തെന്നു വിവരം. എയര്‍പോര്‍ട്ട് കാര്‍ഗോ ജീവനക്കാരനായ കുന്നമംഗലം സ്വദേശിയില്‍നിന്നാണ് മൂന്നു വര്‍ഷംമുമ്പ് സ്വര്‍ണം തട്ടിയെടുത്തത്. ഇതിന്റെ പങ്ക് ഷാഫിയും സഹോദരന്‍ നൗഫലും സ്വര്‍ണക്കടത്തു സംഘത്തിനു നല്‍കിയില്ല. ഇതിന്റെ പോരില്‍ കണ്ണൂരില്‍നിന്നുള്ള ക്വട്ടേഷന്‍ സംഘം ഷാഫിയുടെ വീട്ടിലെത്തി അതിക്രമം നടത്തിയിരുന്നു. ഷാഫിയെ തട്ടിക്കൊണ്ടുപോയെന്നു പറയുന്ന സാലിയുമായുള്ള ഹവാല ഇടപാടില്‍ സാലിക്ക് ഷാഫി ഒന്നര കോടി രൂപ നല്‍കാനുണ്ടെന്നും പോലീസിനു വിവരം ലഭിച്ചു.
വിദേശ പാഴസല്‍ വഴി ദുബായില്‍നിന്ന് ആറു കിലോ സ്വര്‍ണം കടത്തിയ കേസില്‍ സ്ത്രീ അടക്കം ആറു പേര്‍ മലപ്പുറത്തു പിടിയിലായി. മുന്നിയൂര്‍ സ്വദേശിനി അസിയ, മലപ്പുറം സ്വദേശികളായ യാസിര്‍, റനീഷ്, കോഴിക്കോട് സ്വദേശികളായ ഷിഹാബ്, ജസീല്‍, യാസിര്‍ എന്നിവരാണ് ഡിആര്‍ഐയുടെ പിടിയിലായത്.
പാലക്കാട് കല്‍മണ്ഡപത്തില്‍ പട്ടാപ്പകല്‍ അന്‍സാരിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി ഭാര്യ ഷെഫീനയെ കെട്ടിയിട്ട് 57 പവനും ഒന്നരം ലക്ഷം രൂപയും കവര്‍ന്ന കേസിലെ ഒന്നാം പ്രതി മുഹമ്മദ് അജീഷ് അറസ്റ്റിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
പാന്റിനു മുകളില്‍ സ്ത്രീകളുടെ അടിവസ്ത്രം ധരിച്ച് അശ്ലീലരീതിയില്‍ പ്രാങ്ക് വീഡിയോ ചിത്രീകരിച്ച രണ്ട് യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. ആറ്റിങ്ങലില്‍ നാട്ടുകാര്‍ നല്‍കിയ പരാതിയിലാണ് അറസ്റ്റ്. കാരേറ്റ് തളിക്കുഴി സ്വദേശി അര്‍ജുന്‍, മുതുവിള സ്വദേശി ഷെമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഇസ്രായേലിലേക്ക് വിസ തരപ്പെടുത്താമെന്നു വാഗ്ദാനം ചെയ്ത് കോലഞ്ചേരി സ്വദേശിനിയുടെ ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തു കബളിപ്പിച്ച കേസില്‍ പ്രധാന പ്രതി പിടിയില്‍. തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി അനില്‍ കുമാര്‍ നടേശനെയാണ് എറണാകുളം പുത്തന്‍കുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്.
പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ചേരിപ്പോരും കൂട്ട രാജിയും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, പ്രേംരാജ് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഇന്ത്യന്‍ എക്‌സ്പ്രസിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ചേര്‍പ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രാഹുലിനെ നാളെ കേരളത്തില്‍ എത്തിക്കും. ഗള്‍ഫില്‍നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിലാണ് രാഹുല്‍ പിടിയിലായത്.
ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷരെ സന്ദര്‍ശിച്ചു. പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.
ന്യൂനപക്ഷങ്ങളുടെ വിശ്വാസം നേടാന്‍ ബിജെപി നേതാക്കള്‍ ബിഷപ്‌സ് ഹൗസുകള്‍ കയറിയിറങ്ങുന്ന സംഘപരിവാര്‍ തന്ത്രം പരിഹാസ്യമെന്ന് സിപിഎം. ന്യൂനപക്ഷം ആന്തരിക ഭീഷണിയെന്നാണ് സംഘപരിവാറിന്റെ ‘വിചാരധാര’ പറയുന്നത്. ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളും ഇതിന്റെ ഭാഗമാണ്. പ്രധാനമന്ത്രി അടക്കം ബിജെപി നേതാക്കള്‍ മതസ്ഥാപനങ്ങളിലും പുരോഹിതന്‍മാരേയും സന്ദര്‍ശിക്കുന്നു. പ്രബുദ്ധ കേരളം ബിജെപിയുടെ ഈ നാടകം തിരിച്ചറിയുമംന്നും സിപിഎം പറഞ്ഞു.
ബി.ജെ.പി നേതാക്കാള്‍ ബിഷപ്‌സ് ഹൗസുകളിലെത്തി ഈസ്റ്റര്‍ ആശംസകള്‍ നേരുന്നത് ഇരട്ടത്താപ്പും പരിഹാസ്യവുമാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ക്രൈസ്തവ വിരുദ്ധമായ ക്രൂരതകള്‍ മറച്ചുവയ്ക്കാനാണ് ഇതെല്ലാം ചെയ്യുന്നതെന്ന് സതീശന്‍ പറഞ്ഞു.
മന്ത്രി വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചതിന് അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബല്‍ ബാബുവിന്റെ കാറാണ് കസ്റ്റഡിയില്‍ എടുത്തതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ എബല്‍ ബാബുവിന്റെ വാഹനത്തിലാണ് പള്ളികള്‍ക്കു മുന്നില്‍ പോസ്റ്റര്‍ പതിച്ചവര്‍ യാത്ര ചെയ്തതെന്നു പൊലീസ്.
പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തണം. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും പാംപ്ലാനി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.
പെരിന്തല്‍മണ്ണ ഏലംകുളത്ത് ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. ഏലംകുളം ബാലകൃഷ്ണ സ്മാരക വായനശാലക്ക് സമീപം പൂത്രൊടി കുഞ്ഞലവിയുടെ മകള്‍ ഫാത്തിമ ഫഹ്(30) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ(35) പൊലീസ് പിടികൂടി.
കൊലക്കേസ് പ്രതി ടിപ്പറിടിച്ചു മരിച്ചു. മാരായമുട്ടം ജോസ് വധക്കേസിലെ പ്രതി രഞ്ജിത്ത് (35) ആണ് മരിച്ചത്.
വാല്‍പ്പാറ മലക്കപ്പാറ അതിര്‍ത്തിയില്‍ പുലിയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരന് പരിക്കേറ്റു. ഇന്നലം രാവിലെ എട്ടിനു വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരുന്നപ്പോഴാണ് തോട്ടം തൊഴിലാളി ആയ ജാര്‍ഖണ്ഡ് സ്വദേശിയുടെ മകനെ പുലി ആക്രമിച്ചത്.
കോഴിക്കോട് കുന്ദമംഗലത്ത് പ്രവാസിയെ തട്ടിക്കൊണ്ടുപോയി. ഇന്നലെ ദുബായില്‍ നിന്നും നാട്ടിലെത്തിയ ഷിജല്‍ ഷാന്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയത്. മണിക്കൂറുകള്‍ക്കുശേഷം ഇയാളെ വിട്ടയച്ചു. പോലീസ് കേസെടുത്തിട്ടുണ്ട്.
തിരുവനന്തപുരം വിമാനത്താവളത്തില്‍ 735 ഗ്രാം സ്വര്‍ണം പിടികൂടി. ദുബായില്‍നിന്നു തിരുവനന്തപുരത്തെത്തിയ ജിഷാദ് എന്ന യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.
കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.
കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ കാമോ ഫ്‌ളാഷ് ടീ ഷര്‍ട്ടും ജാക്കറ്റും കാക്കി പാന്റും കറുത്ത തൊപ്പിയും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രങ്ങളും വീഡിയോയും വൈറലായി. പ്രോജക്ട് ടൈഗര്‍ പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനാണ് ഇവിടെ എത്തിയത്.
രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ചൊവ്വാഴ്ച മുതല്‍ നിരാഹാര സത്യഗ്രഹ സമരം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ്. ബിജെപി സര്‍ക്കാറിന്റെ കാലത്ത് നടന്ന അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ടാണ് നിരാഹര സമരം. അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നല്‍കിയിരുന്നെന്നും സച്ചിന്‍ വ്യക്തമാക്കി.
എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്നാണ് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാര്‍പാപ്പ വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജായത്. ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കു നേൃതൃത്വം നല്‍കിയത്.