കെഎസ് യു സംസ്ഥാന നേതൃത്വം പുനസംഘടിപ്പിച്ചതിനു പിറകേ, പ്രതിഷേധവുമായി കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം. കെപിസിസിയുടെ ധാരണയ്ക്കു വിരുദ്ധമായാണ് പുനഃസംഘടനയെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ കുറ്റപ്പെടുത്തി. കെഎസ് യു സംസ്ഥാന പ്രസിഡന്റായി അലോഷ്യസ് സേവ്യര്‍ ചുമതലയേറ്റതിനു പിറകേ ഡല്‍ഹിയില്‍നിന്നാണ് പുനഃസംഘടന പ്രഖ്യാപനമുണ്ടായത്. 14 ജില്ലകളിലും പുതിയ പ്രസിഡന്റുമാരെ നിയമിച്ചു. അനര്‍ഹര്‍ അടങ്ങുന്ന ജംബോ കമ്മിറ്റിയാണെന്ന് ആരോപിച്ച് വിടി ബല്‍റാമും കെ ജയന്തും കെഎസ്യുവിന്റെ സംസ്ഥാന ചുമതല ഒഴിഞ്ഞു. സംസ്ഥാന കമ്മിറ്റിയില്‍ നിലവിലെ രണ്ട് വൈസ് പ്രസിഡന്റുമാരെ സീനിയര്‍ വൈസ് പ്രസിഡന്റുമാരാക്കി. നാലു പുതിയ വൈസ് പ്രസിഡന്റുമാരുണ്ട്. 30 ജനറല്‍ സെക്രട്ടറിമാരുള്ള കമ്മിറ്റിയില്‍ 43 അംഗ നിര്‍വാഹക സമിതിയെയും തരഞ്ഞെടുത്തു.
കെഎസ് യു, മഹിള കോണ്‍ഗ്രസ് പുനഃസംഘടനയില്‍ അതൃപ്തിയുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍. സംസ്ഥാനത്തെ ധാരണകള്‍ മറികടന്ന് അവസാനഘട്ടത്തില്‍ ഡല്‍ഹിയില്‍ പട്ടിക മാറ്റിയെന്നാണ് ആക്ഷേപം. അതൃപ്തി ഹൈകമാന്‍ഡിനെ അറിയിച്ചു. ബല്‍റാമും ജയന്തും അതൃപ്തി കെപിസിസി പ്രസിഡന്റിനേയും അറിയിച്ചു. 30 പേരടങ്ങുന്ന കമ്മിറ്റിക്കു പകരം 90 പേരടങ്ങുന്ന ജംബോ കമ്മിറ്റിയെ അംഗീകരിക്കാനാവില്ലെന്ന് ഇരുവരും അറിയിച്ചു.
അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കര്‍ ദുരുപയോഗിക്കുന്നെന്ന് ആരോപിച്ച് അഴിമതി പാര്‍ട്ടികള്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഞെട്ടിക്കുന്ന മറുപടിയാണു കോടതി നല്‍കിയതെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. തെലുങ്കാനയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഏജന്‍സികളെ തടയാനാവില്ലെന്നു കോടതി ഉത്തരവിട്ടെന്നും മോദി പറഞ്ഞു.
നാളെ ഈസ്റ്റര്‍. ക്രൂശിതനായ യേശു മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ പുതുക്കലാണ് ഈസ്റ്റര്‍. അമ്പതു ദിവസത്തെ ത്യാഗപൂര്‍ണമായ നോമ്പിനു സമാപ്തി. പ്രത്യാശയുടെ ആഘോഷമാണ് ഈസ്റ്റര്‍.
ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിനു പിറകില്‍ ആസൂത്രണമുണ്ടെന്നും മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയയാളെ കണ്ടെത്തേണ്ടതുണ്ടെന്നും പോലീസ്. ഇതു സംബന്ധിച്ച് തുമ്പൊന്നും ലഭിച്ചിട്ടില്ല. ഷാറുഖ് സെയ്ഫിയുടെ രണ്ടു വര്‍ഷത്തെ ബന്ധങ്ങളും ഫോണ്‍ സംഭാഷണങ്ങളും ചാറ്റുകളും പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ട്രെയിന്‍ തീവയ്പു കേസന്വേഷണം വെറും പ്രഹസനമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതി കേരളം വിട്ടുപോയത് സംസ്ഥാന പൊലീസിന്റെ വീഴ്ചകൊണ്ടാണ്. ഇപ്പോഴും ദുരൂഹതകള്‍ തുടരുകയാണ്. വിവിധ അന്വേഷണ ഏജന്‍സികളുടെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. കേന്ദ്ര ഏജന്‍സികള്‍ പ്രാഥമിക അന്വേഷണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ആക്രമണത്തില്‍ ഇരകളുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്ത് പേവിഷ പ്രതിരോധ സിറം കിട്ടാനില്ല. മെഡിക്കല്‍ കോളേജ് ആശുപത്രികളിലടക്കം ഇമ്യൂണോ ഗ്ലോബുലിന്‍ ഇല്ല കഴിഞ്ഞ ദിവസം പാറശാലയില്‍ പട്ടിയുടെ കടിയേറ്റ കുട്ടിയ്ക്ക് നല്‍കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇമ്യൂണോ ഗ്ലോബുലിന്‍ ഉണ്ടായിരുന്നില്ല.
വേസ്റ്റ് ടു എനര്‍ജി പ്ലാന്‍ സംബന്ധിച്ച് സോണ്‍ട കമ്പനി പ്രതിനിധി ഡെന്നിസ് ഈപ്പന്റെ ശബ്ദരേഖയിലെ വിവരങ്ങള്‍ ഞെട്ടിക്കുന്നതെന്ന് കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മിണി. ഇടനിലക്കാര്‍ വഴി അവര്‍ മുഖ്യമന്ത്രിയെ കണ്ടത് അഴിമതിക്കു വേണ്ടിയാണ്. 50 കോടിയുടെ അഴിമതി നടന്നെന്നും സിബിഐ അന്വേഷിക്കണമെന്നും ടോണി ചമ്മിണി ആവശ്യപ്പെട്ടു.
രാജ്യത്തുടനീളം ക്രിസ്ത്യാനികള്‍ക്കെതിരേ അക്രമം നടക്കുമ്പോള്‍ ഈസ്റ്റര്‍ ദിനത്തില്‍ ബിജെപിക്കാര്‍ ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിക്കുന്നത് ധൃതരാഷ്ട്രാലിംഗനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. ഹിന്ദുരാഷ്ട്രത്തിനുവേണ്ടി എന്തും ചെയ്യുന്ന സംഘപരിവാര്‍ ശക്തികള്‍ ഞെക്കിക്കൊല്ലുന്നതിനു മുന്നോടിയായി നക്കിക്കൊല്ലുകയാണെന്നും സുധാകരന്‍ പറഞ്ഞു.
വഴിക്കടവില്‍ മോട്ടോര്‍ വാഹന വകുപ്പ് ചെക്‌പോസ്റ്റില്‍ രാത്രി വിജിലന്‍സ് പരിശോധന. കണക്കില്‍പെടാത്ത 13,260 രൂപ കണ്ടെത്തി. വിജിലന്‍സിന്റെ പരിശോധനകള്‍ക്കിടയിലും കൗണ്ടറില്‍ കൈക്കൂലി പണവും പഴങ്ങള്‍ അടക്കമുള്ള സാധനങ്ങളും കാണിക്കവച്ച് ഡ്രൈവര്‍മാര്‍ പോയി. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.
എന്‍സിഇആര്‍ടി സിലബസില്‍നിന്ന് ചരിത്രപ്രാധാന്യമുള്ള പാഠഭാഗങ്ങള്‍ വെട്ടി മാറ്റിയ എന്‍സിഇആര്‍ടി പുനസംഘടിപ്പിക്കണമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഓരോ സംസ്ഥാനങ്ങളിലേയും പ്രതിനിധികളെ ഉള്‍പ്പെടുത്തണം. പാഠഭാഗങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ബിജെപി അജണ്ട നടപ്പാക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ മുടിക്കോട് ദേശീയപാതയില്‍ ആന ഇടഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന കൊമ്പനാനയാണ് ഇടഞ്ഞത്. റോഡിലുണ്ടായിരുന്ന ലോറി മറിച്ചിടാന്‍ ശ്രമിക്കുന്നിതിനിടെ ആനയുടെ കൊമ്പൊടിഞ്ഞു. പിന്നാലെ സമീപത്തെ വാഴത്തോട്ടത്തില്‍ കയറിയ ആന വാഴകള്‍ നശിപ്പിച്ചു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്ഡിപിഐ മത്സരിക്കുന്നത് ബിജെപി സ്ഥാനാര്‍ത്ഥികളെ ജയിപ്പിക്കാനാണെന്ന് മുസ്ലീംലീഗ് നേതാവ് പികെ അബ്ദു റബ്ബ്. എസ്ഡിപിഐ മത്സരിച്ച് കോണ്‍ഗ്രസിനു ലഭിക്കേണ്ട വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കാനാണ് ശ്രമം. ഇങ്ങനെ സഹായിക്കുന്നത് കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച ബിജെപി എസ്ഡിപിഐയെ നിരോധിക്കാത്തതെന്ന് അബ്ദു റബ്ബ് പറഞ്ഞു.
ഈസ്റ്റര്‍ ദിനമായ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്ത്യന്‍ പള്ളി സന്ദര്‍ശിക്കും. ഡല്‍ഹി സേക്രഡ് ഹാര്‍ട്ട് കത്തീഡ്രലില്‍ വൈകുന്നേരം ആറിനു മോദിയെത്തും. ആര്‍ച്ച്ബിഷപ് ഡോ. അനില്‍ കുട്ടോ സ്വീകരിക്കും. ക്രിസ്മസ് ദിനത്തില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇതേ പള്ളി സന്ദര്‍ശിച്ചിരുന്നു.
അദാനിയുമായുള്ള ബന്ധത്തിലെ സത്യം മറച്ചുവയ്ക്കാനാണ് ബിജെപി ദിവസവും വിഷയം മാറ്റുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. കോണ്‍ഗ്രസില്‍നിന്നു രാജിവച്ച നേതാക്കളുടെ പേരിനൊപ്പം അദാനിയുടെ പേരും എഴുതിയാണ് വിമര്‍ശനം. ഗുലാം നബി ആസാദ്, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ കുമാര്‍ റെഡ്ഡി, ഹിമന്ത ബിശ്വാസ് ശര്‍മ എന്നിവരുടെ പേരിനൊപ്പം എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയുടെ പേരും എഴുതിയിട്ടുണ്ട്.
ബോഫോഴ്‌സ്, നാഷണല്‍ ഹെറാള്‍ഡ് ഇടപാടുകളിലെ അഴിമതിപ്പണം എവിടെയാണ് ഒളിപ്പിച്ചതെന്ന് രാഹുല്‍ഗാന്ധി വെളിപെടുത്തണമെന്ന് ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. കാര്യങ്ങള്‍ രാഹുലിനോടു കോടതി ചോദിക്കുമെന്നും ഏഴു വര്‍ഷം മുമ്പ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്ന ഹിമന്ത പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ കോലാര്‍ സന്ദര്‍ശന തീയതി വീണ്ടും മാറ്റി. ഏപ്രില്‍ 10 ന് നടത്താനിരുന്ന പരിപാടി ഏപ്രില്‍ 16-ലേക്ക് മാറ്റിയതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. 25 സീറ്റുകളില്‍ സിദ്ധരാമയ്യ, ഡി കെ ശിവകുമാര്‍ പക്ഷങ്ങള്‍ തമ്മില്‍ തര്‍ക്കം പരിഹരിക്കാത്തതാണു കാരണം. സിദ്ധരാമയ്യ കോലാറില്‍ മത്സരിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.
പ്രതിഷേധങ്ങള്‍ക്കിടെ തെലങ്കാനയിലും തമിഴ്‌നാട്ടിലും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പര്യടനം. തെലങ്കാനയില്‍ വിവിധ വികസനപദ്ധതികള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട്ടിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രിയെ തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍.എന്‍. രവിയും മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ചേര്‍ന്ന് സ്വീകരിച്ചു. ഒന്നാം ഘട്ട നിര്‍മാണം പൂര്‍ത്തിയാക്കിയ അന്താരാഷ്ട്ര ടെര്‍മിനല്‍ ഉദ്ഘാടനം ചെയ്തു. 2.20 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള പുതിയ ടെര്‍മിനല്‍ 1260 കോടി രൂപ ചെലവിട്ടാണ് നിര്‍മിച്ചത്. ചെന്നൈയില്‍നിന്ന് കോയമ്പത്തൂരിലേക്കുള്ള വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് ഫ്‌ളാഗ് ഓഫ് ചെയ്തു. രാമകൃഷ്ണ മഠത്തിന്റെ 125 ാം വാര്‍ഷികാഘോഷവും ഉദ്ഘാടനം ചെയ്തു.
യുക്രെയിന്‍ വിദേശകാര്യ ഉപമന്ത്രി എമിന്‍ സാപറോവ നാളെ ഇന്ത്യയില്‍ എത്തും. റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്ന യുക്രെയിന്റെ പുനരുദ്ധാരണത്തിനു സഹായിക്കണമെന്ന അഭ്യര്‍ഥനയുമായാണ് മന്ത്രി എത്തുന്നത്.
കടക്കെണി ഒഴിവാക്കാന്‍ പാക്കിസ്ഥാന്‍ ഇനിയും അടിയന്തരമായി വിദേശ വായ്പ വാങ്ങണമെന്ന് ലോകബാങ്കിന്റെ മുന്നറിയിപ്പ്. ഈ സാമ്പത്തിക വര്‍ഷം ഏകദേശം 40 ലക്ഷം പാക്കിസ്ഥാനികളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടെന്നാണ് ലോകബാങ്ക് റിപ്പോര്‍ട്ടില്‍ പറയുന്നത്.