മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത്കുമാര്‍ ബിജെപിക്കൊപ്പം ചേര്‍ന്നേക്കും. മുഖ്യമന്ത്രി ശിവസേന നേതാവ് ഏക്‌നാഥ് ഷിന്‍ഡെയ്ക്കു പകരം അജിത് പവാറിനെ മുഖ്യമന്ത്രിയാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗം ഇക്കാര്യം വെളിപെടത്തിയിരുന്നു. പാര്‍ട്ടിയുടെ പിന്തുണയുണ്ടാകില്ലെന്ന് ശരത് പവാര്‍ വ്യക്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി കേരളത്തിലേക്ക്. ജാമ്യവ്യവസ്ഥയില്‍ സുപ്രീം കോടതി ഇളവ് അനുവദിച്ചു. ജൂലൈ പത്തുവരെ കേരളത്തില്‍ തുടരാം. കര്‍ണാടക പൊലീസിന്റെ സുരക്ഷയിലാകും മദനി കേരളത്തില്‍ എത്തുക. ചികിത്സയടക്കമുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അബ്ദുള്‍ നാസര്‍ മദനി ജാമ്യവ്യവസ്ഥയില്‍ ഇളവു തേടിയത്.
കയ്പമംഗലത്തെ പെട്രോള്‍ പമ്പുടമ കോഴിപ്പറമ്പില്‍ മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷയും അഞ്ചു ലക്ഷം രൂപ പിഴയും ശിക്ഷ. കയ്പമംഗലം സ്വദേശി കല്ലിപറമ്പില്‍ അനസ്, കുന്നത്ത് അന്‍സാര്‍, കുറ്റിക്കാടന്‍ സ്റ്റിയൊ എന്നിവരെയാണ് ഇരിഞ്ഞാലക്കുട അഡീഷണല്‍ ഡിസ്ട്രിക്ട് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്. 2019 ഒക്ടോബറിലാണു മനോഹരനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.
താമരശേരിയില്‍നിന്ന് തട്ടിക്കൊണ്ടുപോയ പ്രവാസി മുഹമ്മദ് ഷാഫിയെ കര്‍ണാടകയില്‍നിന്നു കണ്ടെത്തി. രാത്രി താമരശ്ശേരിയില്‍ എത്തിക്കും. ഇക്കഴിഞ്ഞ ഏഴാം തീയതിയാണ് ഷാഫിയെ തട്ടിക്കൊണ്ടുപോയത്. ഭാര്യയെ വഴിയില്‍ ഉപേക്ഷിച്ച ശേഷം ഇയാളെയുംകൊണ്ട് കടന്നു കളയുകയായിരുന്നു.
വന്ദേഭാരത് ട്രെയിന്‍ ഷൊര്‍ണൂര്‍ മുതല്‍ കണ്ണൂര്‍വരെ മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗത്തിലാണ് ഓടിച്ചതെന്നും വേഗത ഇനിയും മെച്ചപ്പെടുത്താനാകുമെന്നും ട്രയല്‍ റണ്‍ നടത്തിയ ലോകോ പൈലറ്റ് എം ഐ കുര്യാക്കോസ്. ഇലക്ട്രോണിക്, ഡിജിറ്റല്‍ നിയന്ത്രിത സംവിധാനമായതിനാല്‍ ട്രെയിന്‍ നിയന്ത്രിക്കാനും എളുപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് ഏഴു മണിക്കൂര്‍ പത്തു മിനിറ്റുകൊണ്ടാണ് ഓടിയെത്തിയത്.
അരിക്കൊമ്പന്‍ വിഷയത്തില്‍ അതിരപ്പിള്ളിയിലെ ജനങ്ങളുടെ ആശങ്ക വനം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയെന്ന് സനീഷ് കുമാര്‍ ജോസഫ് എംഎല്‍എ. ജനങ്ങള്‍ അരിക്കൊമ്പനെ ചെറുക്കും. കോടതിയെ ബോധ്യപെടുത്തി ജനങ്ങള്‍ക്ക് അനുകൂല തീരുമാനമെടുക്കാന്‍ സര്‍ക്കാരിനു കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ആറു വര്‍ഷമായി ജയിലില്‍ കഴിയുന്നതിനാല്‍ ജാമ്യം വേണമെന്നായിരുന്നു പള്‍സര്‍ സുനിയുടെ ആവശ്യം.
ദുരിതാശ്വാസ നിധി വകമാറ്റല്‍ കേസിലെ ഭിന്നവിധിയില്‍ ന്യായീകരണവുമായി ലോകായുക്ത. ഭിന്ന വിധി വ്യത്യസ്ത ഉത്തരവായി വായിക്കേണ്ടതില്ല. വിധി വിശദീകരിക്കാന്‍ നിയമപരമായി ബാധ്യതയില്ലെന്നും ലോകായുക്ത പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുത്തതിനെ ന്യായീകരിച്ചിട്ടുമുണ്ട്. വ്യക്തിയല്ല, മുഖ്യമന്ത്രി വിളിച്ച വിരുന്നിലാണ് പങ്കെടുത്തത്. പരാതിക്കാരനെതിരേ പേപ്പട്ടി പരാമര്‍ശം നടത്തിയിട്ടില്ല. ജഡ്ജിമാരെ അവഹേളിച്ച് കക്ഷികളുടെ താല്‍പര്യമനുസരിച്ച് ഉത്തരവിടാനാവില്ലെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാടിലുണ്ടായ നഷ്ടം നികത്താന്‍ കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്‍ക്കാവുന്നതാണെന്ന് വത്തിക്കാന്‍ അനുമതി നല്‍കി. സിനഡിന്റെ തീരുമാനം വത്തിക്കാന്‍ അംഗീകരിക്കുകയായിരുന്നു. വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാവുന്നതാണെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
നെടുമ്പാശേരി സ്വദേശിനിയും രണ്ടു മക്കളുടെ അമ്മയുമായ യുവതിയെ കാണാനില്ലെന്ന ഭാര്യയെ ഇടുക്കി ജില്ലക്കാരനായ ഒരു പൊലീസുകാരന്‍ തട്ടിക്കൊണ്ടുപോയി. ഭാര്യയെ കാണാനില്ലെന്ന ഭര്‍ത്താവിന്റെ പരാതിയില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണു യുവതി പൊലീസുകാരനൊപ്പം മൂന്നാറില്‍ ഉല്ലാസത്തിലാണെന്നു കണ്ടെത്തിയത്. ഇരുവരെയും പിടികൂടാന്‍ ശ്രമിച്ചെങ്കിലും പൊലീസിനെ വെട്ടിച്ചു കടന്നുകളഞ്ഞു.
മുംബൈയില്‍ കേന്ദ്രമന്ത്രി അമിത് ഷായുടെ പൊതുയോഗത്തില്‍ സൂര്യാഘാതമേറ്റ് 12 പേര്‍ മരിച്ചതിനു മന്ത്രിയും സര്‍ക്കാരുമാണ് ഉത്തരവാദികളെന്ന് കോണ്‍ഗ്രസ്. നട്ടുച്ചയ്ക്ക് 42 ഡിഗ്രി സെല്‍ഷ്യസ് ചൂടില്‍ ആളുകളെ പൊരിവെയിലത്ത് ഇരുത്തി പ്രസംഗിച്ചുകൊന്നെന്നാണ് ആക്ഷേപം. ചൂടിനെക്കുറിച്ച് അമിത് ഷാ പറയുന്ന വീഡിയോ പങ്കുവച്ചാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം.
ഉത്തര്‍പ്രദേശില്‍ വീണ്ടും കൊലപാതകം. വിദ്യാര്‍ഥിനിയെ പട്ടാപ്പകല്‍ വഴിയില്‍ അക്രമികള്‍ വെടിവച്ചു കൊന്നു. ജലാവുനില്‍ 22 വയസുള്ള രോഷ്‌നി അഹിര്‍വര്‍ എന്ന ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ബൈക്കില്‍ എത്തിയ രണ്ടുപേരാണ് വെടിവച്ചു കൊന്നത്.
ഉത്തര്‍പ്രദേശില്‍ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളാണ് ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന്റെ നേട്ടമെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ബംഗാളില്‍ എന്തെങ്കിലും സംഭവിച്ചാല്‍ കേന്ദ്ര ഏജന്‍സിയെ അയക്കുന്ന ബിജെപി യുപിയിലെ അതിക്രമങ്ങളെ കാണുന്നില്ല. ഇത് ഇരട്ടത്താപ്പാണണ്. ഇരട്ട എന്‍ജിന്‍ സര്‍ക്കാരിന് ഇരട്ട നിലപാടാണെന്നും മമത പരിഹസിച്ചു.
അധ്യാപക നിയമന തട്ടിപ്പു കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തിരവനുമായ അഭിഷേക് ബാനര്‍ജിക്ക് സിബിഐ സമന്‍സ്. സുപ്രിം കോടതി സ്‌റ്റേ നിലവിലുണ്ടെങ്കിലും നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണു നിര്‍ദ്ദേശം.
പ്രധാനമന്ത്രി നാലാം ക്ലാസ് രാജയെന്ന് പരിഹസിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. മോദിയെ അഹങ്കാരിയും അഴിമതിക്കാരനുമായ രാജാവിനോട് ഉപമിച്ചായിരുന്നു പരിഹാസം. ആം ആദ്മി പാര്‍ട്ടിയിലൂടെ താന്‍ കൊണ്ടുവന്ന വികസനങ്ങള്‍ പ്രധാനമന്ത്രിയെ ചൊടിപ്പിച്ചെന്നും കെജ്‌രിവാള്‍ നിയമസഭ സമ്മേളനത്തില്‍ പറഞ്ഞു. സിബിഐ വേട്ടയാടുന്നതില്‍ പ്രതിഷേധിക്കാനാണ് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുകൂട്ടിയത്.
റമദാന്‍ മാസത്തില്‍ ജോലിക്കു വേഗം പോരെന്നു കുറ്റപ്പെടുത്തിയ ചൈനീസ് എന്‍ജിനിയറെ പാക്കിസ്ഥാന്‍ പോലീസ് അറസ്റ്റു ചെയ്തു. എന്‍ജിനീയര്‍ മത നിന്ദ നടത്തിയെന്ന് ആരോപിച്ച് ആയിരക്കണക്കിന് ആളുകള്‍ ചൈനാ- പാകിസ്ഥാന്‍ ഹൈവേയായ കാരക്കോരം പാത ഉപരോധിച്ചു. ഇതേത്തുടര്‍ന്നാണ് അറസറ്റു ചെയ്തത്.
ദൈവത്തെ കാണാന്‍ കാട്ടില്‍ ഭക്ഷണം വര്‍ജിച്ച് പ്രാര്‍ത്ഥനയോടെ കാത്തിരുന്ന സംഘത്തിലെ നാലു പേര്‍ മരിച്ചു. 11 പേര്‍ അവശതയില്‍ ആശുപത്രിയിലുമായി. കെനിയയിലെ തീരദേശ കിലിഫി കൗണ്ടിയില്‍ ആണ് സംഭവം. പാസ്റ്ററുടെ നിര്‍ദേശമനുസരിച്ചാണ് ഉപവസിച്ച് കാട്ടില്‍ ദൈവത്തെ കാത്തിരുന്നത്.
ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്കിനെതിരെ പാര്‍ലമെന്റ് സമിതിയുടെ അന്വേഷണം. ഭാര്യ അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് ബജറ്റ് ‘ആനൂകൂല്യം’ ലഭിക്കുമെന്ന പരാതിയിലാണ് അന്വേഷണം. അക്ഷതാ മൂര്‍ത്തിയുടെ ഉടമസ്ഥതയിലുള്ള ശിശുസംരക്ഷണ ഏജന്‍സിക്ക് പ്രയോജനം ലഭിക്കുന്ന വിധത്തില്‍ ബജറ്റ് നിര്‍ദേശം തയാറാക്കിയെന്നാണ് ആരോപണം.