night news hd

 

മദ്യത്തിനു ബജറ്റില്‍ നിര്‍ദേശിച്ചതിനേക്കാള്‍ പത്തു രൂപകൂടി വിലവര്‍ധിപ്പിച്ച് സര്‍ക്കാര്‍. 500 രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് ചുമത്തിയ 20 രൂപ സെസിനു പുറമേ 10 രൂപ കൂടിയാണു വര്‍ദ്ധിപ്പിച്ചത്. വില്‍പ്പന നികുതി വര്‍ദ്ധിക്കുന്നതിനാലാണ് 10 രൂപ കൂടി വര്‍ദ്ധിക്കുന്നതെന്ന് ബെവ്‌ക്കോ അറിയിച്ചു. ആയിരം രൂപയ്ക്കു മുകളിലുള്ള മദ്യത്തിന് 40 രൂപയ്ക്കു പകരം 50 രൂപ വര്‍ദ്ധിക്കും.

മികച്ച 1000 എംഎസ്എംഇ സംരംഭങ്ങളെ നൂറ് കോടി വിറ്റുവരവുള്ള കമ്പനിയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. ഒത്തുപിടിച്ചാല്‍ അതിവേഗത്തില്‍ സംസ്ഥാനത്തെ വ്യവസായിക രംഗത്തെ മാറ്റാം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1,39,815 സംരംഭങ്ങളാണ് ആരംഭിച്ചത്. ഇതിലൂടെ 8,417 കോടിയുടെ നിക്ഷേപം ഉറപ്പാക്കുകയും 2,99,943 പേര്‍ക്ക് തൊഴില്‍ ഉറപ്പാക്കുകയും ചെയ്‌തെന്നും അദ്ദേഹം അവകാശപ്പെട്ടു. 35 ശതമാനം വനിതാ സംരംഭകരാണ് പുതുതായി രംഗത്തെത്തിയതെന്നും മന്ത്രി പറഞ്ഞു.

വൈക്കം സത്യഗ്രഹം ഇന്ത്യക്കു വഴികാട്ടിയായ പോരാട്ടമാണെന്നും രാജ്യത്ത് പലയിടത്തും അയിത്ത വിരുദ്ധ സമരത്തിന് അതു പ്രചോദനമായെന്നും തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വൈക്കം സത്യഗ്രഹം തമിഴ്‌നാട്ടിലും മാറ്റമുണ്ടാക്കി. വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങള്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ചാതുര്‍ വര്‍ണ്യത്തിനെതിരായ യുദ്ധകാഹളമാണ് വൈക്കത്ത് മുഴങ്ങിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.

ദേവികുളത്ത് ഉപതെരഞ്ഞെടുപ്പ് ആവശ്യപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരന്റെ നടപടി ജനാധിപത്യവിരുദ്ധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേവികുളം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ എ രാജ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുധാകരന്‍ ഇതുചെയ്തത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സമീപകാലത്ത് സമാനമായ കേസുകളില്‍ കൈക്കൊണ്ട അമിതാധികാര പ്രയോഗങ്ങള്‍ക്കു സമാനമാണ് കെ.പി.സി.സിയുടെ നിലപാട്. ഗോവിന്ദന്‍ പറഞ്ഞു.

വ്യാജരേഖകള്‍ ഹാജരാക്കി ദേവികുളത്ത് മത്സരിച്ച എ രാജക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി ക്രിമിനല്‍ കേസെടുക്കാന്‍ ഡിജിപിക്കു നിര്‍ദ്ദേശം നല്‍കണമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഡിജിപിക്കു കത്തു നല്‍കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. രാജ നടത്തിയ ക്രിമിനല്‍ കുറ്റകൃത്യത്തിന് എല്ലാ ഒത്താശയും നല്‍കിയത് സിപിഎമ്മാണെന്നും ഇതിന് കൂട്ടുനിന്ന എല്ലാവര്‍ക്കുമെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.

കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ഉത്തരവാദിത്വമില്ലെന്ന് .ധനവകുപ്പ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. കോര്‍പ്പറേഷന്‍ കാര്യക്ഷമമാക്കാനുള്ള പരിഷ്‌ക്കരണങ്ങള്‍ ജീവനക്കാരുടെ യൂണിയനുകള്‍ അംഗീകരിച്ചിട്ടില്ല. ദക്ഷിണേന്ത്യയിലെ ഏറ്റവും കാര്യക്ഷമമല്ലാത്ത ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് കെ എസ് ആര്‍ ടി സി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കേണ്ടത് കോര്‍പ്പറേഷനാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ‘ശമ്പളരഹിത സേവനം 41-ാം ദിവസം’ എന്നെഴുതിയ ബാഡ്ജ് ധരിച്ചു പ്രതിഷേധിച്ച വനിതാ കണ്ടക്ടറെ കെഎസ്ആര്‍ടിസി പറപ്പിച്ചു. വൈക്കം ഡിപ്പോയിലെ കണ്ടക്ടറായ അഖില എസ് നായരെ പാലായിലേക്കു സ്ഥലംമാറ്റിയത്. സര്‍ക്കാരിനെയും കെഎസ്ആര്‍ടിസിയെയും അപകീര്‍ത്തിപ്പെടുത്തിയെന്ന് ആരോപിച്ചാണ് സ്ഥലംമാറ്റ ശിക്ഷ.

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ കനത്ത നികുതികള്‍ ചുമത്തി ജനങ്ങളെ പിഴിഞ്ഞെടുക്കുന്ന പണത്തില്‍നിന്ന് 50 കോടിയിലധികം രൂപ മുടക്കി സര്‍ക്കാര്‍ വാര്‍ഷികം ആഘോഷിക്കുന്നത് അത്താഴപ്പട്ടിണിക്കാരുടെ നെഞ്ചില്‍ കയറിനിന്ന് ചവിട്ടുനാടകം കളിക്കുന്നതിനു തുല്യമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി വിജയനെ തുടര്‍ച്ചയായി 60 ദിവസം സ്തുതിക്കാനും കാരണഭൂതന്റെ ചിത്രങ്ങളില്‍ പാലഭിഷേകം നടത്താനും പൂച്ച പെറ്റുകിടക്കുന്ന ഖജനവില്‍നിന്ന് ഒരു രൂപപോലും ചെലവഴിക്കരുതെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

വിലക്കയറ്റംകൊണ്ട് ജനങ്ങള്‍ പൊറുതിമുട്ടിയിരിക്കുമ്പോള്‍ സര്‍ക്കാര്‍ വാര്‍ഷികാഘോഷം നടത്തി കോടികള്‍ പൊടിക്കുന്നത് ജനങ്ങളെ അപഹസിക്കുന്നതിനു തുല്ല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. ഇന്ധന വിലയില്‍ അയല്‍ സംസ്ഥാനങ്ങളിലേതിനേക്കാള്‍ 15 രൂപ കൂടുതലാണു കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു.

അച്ഛനെയും അമ്മയുടെ സഹോദരിയെയും കല്ല് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ ഇരട്ട കൊലപാതകക്കേസില്‍ പ്രതിക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. തളിക്കുളം എടശ്ശേരി സ്വദേശി മമ്മസ്രയില്ലത്ത് വീട്ടില്‍ ഷഫീഖിനെയാണ് തൃശൂര്‍ ജില്ലാ അഡീഷണല്‍ കോടതി ശിക്ഷിച്ചത്. അമ്മയെ വടി കൊണ്ട് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. 1,60,000 രൂപ പിഴശിക്ഷയുമുണ്ട്.

വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളില്‍നിന്നും വിട്ടുനിന്ന എന്‍എസ്എസ് നേതൃത്വത്തിലുള്ളവര്‍ മാടമ്പിത്തരം കാണിച്ചെന്നും അവര്‍ മാറി നിന്നാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷത്തോട് എന്‍എസ്എസ് മുഖം തിരിച്ചത് ശരിയായില്ലെന്നും ശിവഗിരി മഠത്തില്‍ നിന്ന് എത്തിയവര്‍ക്ക് മന്നം സമാധിയില്‍ അനുമതി നിഷേധിച്ചെന്നും വെള്ളപ്പള്ളി കുറ്റപ്പെടുത്തി.

ഇടുക്കി വാത്തിക്കുടിയില്‍ മരുമകന്റെ വെട്ടേറ്റ് വയോധിക മരിച്ചു. വാത്തിക്കുടി ആമ്പക്കാട്ട് ഭാസ്‌കരന്റെ ഭാര്യ രാജമ്മ (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭാസ്‌കരനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ലോക വിഡ്ഢി ദിനത്തില്‍ രാജ്യത്തെ വിഡ്ഢിയാക്കിയ 3232 ദിവസങ്ങള്‍ എന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പരിഹാസം.

രാമനവമി ദിനത്തിലെ സംഘര്‍ഷത്തിനു പിറകേ, ബിഹാറിലെ സസാരാമില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പരിപാടി റദ്ദാക്കി. കേന്ദ്രസേനയെ വിന്യസിക്കാമെന്ന് അറിയിച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ നിഷേധിച്ചു. ബിഹാറിലെ സംഘര്‍ഷത്തില്‍ ദുരൂഹതയുണ്ടെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ ആരോപിച്ചു. കൊല്‍ക്കത്തയിലെ സംഘര്‍ഷം പുറത്തുനിന്നെത്തിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.

കഴിഞ്ഞ മാസം ചരക്ക് സേവന നികുതി (ജിഎസ്ടി) വരുമാനം 1.6 ലക്ഷം കോടി രൂപ. കഴിഞ്ഞ വര്‍ഷം ഏപ്രിലിലെ റെക്കോര്‍ഡ് ജിഎസ്ടി വരുമാനത്തിന് തൊട്ടു പിറകിലാണ് ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തെ വരുമാനം. 1.67 ലക്ഷം കോടി രൂപയായിരുന്നു 2022 ഏപ്രിലിലെ വരുമാനം.

കൊലപാതക കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലിലായിരുന്ന കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു ജയില്‍ മോചിതനായി. ഒരു വര്‍ഷത്തെ ശിക്ഷയാണു വിധിച്ചിരുന്നത്. ജയിലിലെ നല്ലനടപ്പില്‍ ഇളവ് നല്‍കിയതിനാല്‍ പത്തു മാസം കഴിഞ്ഞതോടെ മോചിതനായി. ഭാരത് ജോഡോ യാത്ര നയിച്ച രാഹുല്‍ഗാന്ധി രാജ്യത്ത് വിപ്ലവമാണു നയിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

പിഎസ്‌സി ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ പ്രതിഷേധിച്ച് തെലങ്കാന സര്‍ക്കാറിനും ബിആര്‍എസിനും എതിരേ സമരം സംഘടിപ്പിക്കാന്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും ക്ഷണിച്ച് വൈ എസ് ശര്‍മിള. ‘സിഎം ഹൗസ് മാര്‍ച്ച്’ എന്ന പേരില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് സംയുക്തമായി മാര്‍ച്ച് നടത്താനാണ് ഇരു പാര്‍ട്ടികളുടേയും സംസ്ഥാന അധ്യക്ഷന്മാരെ ഫോണില്‍ വിളിച്ച് പിന്തുണ തേടിയത്.

ഹിന്ദുഫോബിയ അംഗീകരിച്ച് അമേരിക്കയിലെ ജോര്‍ജിയ അസംബ്ലി പ്രമേയം പാസാക്കി. ഹിന്ദുഫോബിയയെയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനെയും അപലപിച്ചുകൊണ്ടാണ് അംസബ്ലി പ്രമേയം പാസാക്കിയത്.

ദുബൈയില്‍നിന്നുള്ള വിമാനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് അതിക്രമം നടത്തിയ യാത്രക്കാരന് ഒന്നര വര്‍ഷം ജയില്‍ ശിക്ഷ. ജീവനക്കാരെയും സഹയാത്രികരെയും അസഭ്യങ്ങളോടെ ഭീഷണിപ്പെടുത്തുകയും ഒരു ജീവനക്കാരിയുടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനാണു ശിക്ഷ. മാഞ്ചസ്റ്റര്‍ കോടതിയാണ് ശിക്ഷ വിധിച്ചത്.

വിമാനത്തില്‍ മദ്യലഹരിയില്‍ എയര്‍ഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ സ്വീഡിഷ് പൗരന്‍ മുംബൈയില്‍ അറസ്റ്റില്‍. വ്യാഴാഴ്ച ബാങ്കോക്കില്‍ നിന്നുള്ള മുംബൈ വിമാനത്തിലായിരുന്നു 63 കാരനായ എറിക് ഹെറാള്‍ഡ് ജോനാസ് വെസ്റ്റ്ബര്‍ഗിനെ പൊലീസ് അറസ്റ്റു ചെയ്തത്.

 

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *