Untitled design 20250112 193040 0000 1

 

അമേരിക്ക ഇറാന്‍ ചര്‍ച്ച പരാജയം. അമേരിക്കയുടെ നിബന്ധനകള്‍ പലതും അംഗീകരിക്കാന്‍ ഇറാന്‍ തയാറായില്ലെന്നും 21 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷം കരാറിലെത്താതെ മടങ്ങുകയാണെന്നും, അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്.

 

സംസ്ഥാനത്ത് കനത്ത ചൂട്. 37.5 ഡിഗ്രി സെൽഷ്യസ് താപനിലയാണ് ഇന്നലെ പാലക്കാട്‌ രേഖപ്പെടുത്തിയത്. കോട്ടയത്ത് 37 ഡിഗ്രിയും കൊല്ലത്ത് 36.6 ഡിഗ്രി സെൽഷ്യസ് ചൂടും രേഖപ്പെടുത്തി. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി വരെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

 

നവകേരള സർവേയ്ക്ക് ചെലവായത് 13 കോടിയെന്ന് സർക്കാർ സുപ്രീം കോടതിയിൽ കണക്ക് നൽകി. അനുവദിച്ച 20 കോടിയിൽ ഇതുവരെ ചെലവായത് 13.04 കോടി രൂപ. ബ്രോഷറിന് 5.54 കോടിയും കത്തിന് ഒരു കോടിയും ചെലവായെന്ന് സർക്കാർ. വോളണ്ടിയർമാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും കണക്കിൽ പറയുന്നു. സർക്കാർ 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു.

 

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ പൊലീസിൽ പരാതി. യൂത്ത് കോൺഗ്രസ് കുന്നംകുളം നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് വിഘ്നേശ്വര പ്രസാദ് ആണ് കുന്നംകുളം പൊലീസിൽ പരാതി നൽകിയത്. കുംഭമേള വൈറൽ താരം പ്രായപൂർത്തിയാകാത്ത കുട്ടിയാണെന്ന് അറിഞ്ഞിട്ടും വിവാഹം നടത്തി എന്നാണ് പരാതി.

 

പാലക്കാട് ഇടത് കോട്ടകൾ തകർത്ത് യുഡിഎഫ് ഏഴ് സീറ്റുകൾ പിടിക്കുമെന്ന് വി കെ ശ്രീകണ്ഠൻ. ആര് മുഖ്യമന്ത്രിയാകണമെന്ന ചോദ്യത്തിന് മുഖ്യമന്ത്രിയാകാൻ കെ സി വേണുഗോപാലും രമേശ് ചെന്നിത്തലയും വി ഡി സതീശനും യോഗ്യരാണെന്നും ആര് മുഖ്യമന്ത്രിയാകണമെന്ന് ഹൈക്കമാൻഡ് തീരുമാനിക്കുമെന്നും വി കെ ശ്രീകണ്ഠൻ അഭിപ്രായപ്പെട്ടു.

 

എറണാകുളത്തുനിന്ന് മുഖ്യമന്ത്രി വേണം’ എന്ന പരാമർശത്തിൽ തിരുത്തുമായി ഡി സി സി അധ്യക്ഷനും കൊച്ചിയിലെ യു ഡി എഫ് സ്ഥാനാർഥിയുമായ മുഹമ്മദ് ഷിയാസ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള അന്തിമ തീരുമാനം പാർട്ടിയുടെ സംസ്ഥാന നേതൃത്വവും ഹൈക്കമാൻഡും കൈക്കൊള്ളട്ടെ എന്നാണ് ഷിയാസ് ഇന്ന് മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

 

പാലക്കാട് മണ്ഡലത്തിൽ ബിജെപി വോട്ടിന് പണം നൽകി എന്ന ആരോപണം അന്വേഷിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന ആർഡിഒയുടെ ആവശ്യം കളക്ടർ അംഗീകരിച്ചു. സംഭവത്തില്‍ കൂടുതൽ പേരുടെ മൊഴി രേഖപ്പെടുത്തണമെന്നാണ് ആർഡിഒ ജില്ലാ കളക്ടറെ അറിയിച്ചത്.

 

നിയമസഭ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുമെന്ന യുഡിഎഫ് അവകാശവാദം ഫണ്ട് പിരിവിന് വേണ്ടിയാണെന്നും മേയ് നാലുവരെ ഫണ്ട് പിരിക്കാമെന്നും സിപിഎം നേതാവ് മുഹമ്മദ് റിയാസ് പരിഹസിച്ചു. അധികാരത്തിൽ എത്തിയെന്ന പ്രതീതി ഉണ്ടാക്കി ഫണ്ട് പിരിവാണ് യുഡിഎഫിന്‍റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

 

ജനകീയ പ്രശ്നങ്ങളില്‍ ചില നിലപാടുകള്‍ എടുക്കേണ്ടിവരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെന്നും കൊച്ചി മേയര്‍ വി കെ മിനിമോള്‍. പാലാരിവട്ടത്ത് റോഡ് പുനർനിർമാണത്തിനായി മിനിമോൾ മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തിലാണ് മേയറുടെ പ്രതികരണം.

 

വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അവകാശവാദങ്ങൾക്കെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ആർഎസ്എസിൽ സ്ത്രീകൾക്ക് അംഗത്വം നിഷേധിക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യമുയർത്തിയാണ് വിമർശനം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയും ബിൽ പാസാക്കുന്നതിനെ എതിർത്ത് രംഗത്തെത്തിയിട്ടുണ്ട്.

 

ട്രക്ക് നിയന്ത്രണം വിട്ട് ബിഎംഡബ്ല്യു കാറിലേക്ക് മറിഞ്ഞ് അഭിഭാഷകന് ദാരുണാന്ത്യം. ഹൈദരാബാദ്- വിജയവാഡ ഹൈവേയിലെ കാഞ്ചിക്കച്ചേർല മണ്ഡലത്തിലെ കീസര ടോൾ പ്ലാസയിൽ ശനിയാഴ്ച വൈകുന്നേരം 4.15നാണ് വാഹനാപകടം ഉണ്ടായത്.

 

ആലപ്പുഴ ജില്ല ജ‍ഡ്ജിയായ ഹണി എം വർഗീസിനെ ഹൈക്കോടതി ജഡ്ജിയാക്കാൻ ഹൈക്കോടതി കൊളീജിയം ശുപാർശ നൽകി. എറണാകുളം സെഷൻസ് ജഡ്ജിയായിരുന്ന ഹണി എം വര്‍ഗീസ്, നടിയെ ആക്രമിച്ച കേസിന്‍റെ വിചാരണ വേളയിൽ തന്നെ, ജഡ്ജിമാര്‍ക്കിടയിൽ സീനിയറാണെന്നും പ്രമോഷൻ ലഭിച്ച് ഹൈക്കോടതി ജഡ്ജിയാകുമെന്നുമുള്ള വിവരം പുറത്തുവന്നിരുന്നു.

 

തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് ലംഘിച്ച് പോളിങ് സ്റ്റേഷനുള്ളിലെ വോട്ടെടുപ്പ് നടപടികള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവിനെ പൊലീസ് പിടികൂടി. നിലമ്പൂര്‍ വീട്ടിച്ചാല്‍ സ്വദേശി ലസിന്‍ സബാദിനെതിരെയാണ് മലപ്പുറം സൈബര്‍ ക്രൈം പൊലീസ് കേസെടുത്തത്.

 

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജ് നിതിൻ രാജിന്റെ മരണത്തിൽ വകുപ്പ് മേധാവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥികൾ. ക്ലാസിൽ വെച്ച് നിതിനെതിരെ വകുപ്പ് മേധാവി നിരന്തരം അധിക്ഷേപ പരാമർശങ്ങൾ നടത്തിയിരുന്നുവെന്നും പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുമെന്നുംവിദ്യാർത്ഥികൾ പറയുന്നു.

 

അഞ്ചരക്കണ്ടി ദന്തൽ കോളേജ് ഒന്നാം വർഷം ബി ഡി എസ് വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവം ഞെട്ടിക്കുന്നതും അത്യന്തം ദൗർഭാഗ്യകരവുമാണെന്ന് എസ്എഫ്ഐ.കോളേജ് അധികൃതരുടെയും വിദ്യാർത്ഥികളുടെയും ഭാഗത്ത് നിന്നുണ്ടായ കടുത്ത ജാതി വിവേചനവും അധിക്ഷേപവുമാണ് മരണത്തിന് കാരണമായതെന്ന കുടുംബത്തിന്റെ ആരോപണം ഏറെ ഗൗരവമുള്ളതാണെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് എം. ശിവപ്രസാദ് സെക്രട്ടറി പി.എസ് സഞ്ജീവ് എന്നിവർ പറഞ്ഞു.

 

നിതിൻ രാജിൻ്റെ മരണത്തിൽ അധ്യാപകരെ പ്രതികളാക്കി കേസെടുത്ത് പൊലീസ്. ഡോ എംകെ റാം, ഡോ സംഗീത എന്നിവരാണ് പ്രതികൾ. ആത്മഹത്യാ പ്രേരണയാണ് അന്വേഷിക്കുന്നത്. നിതിൻ രാജിൻ്റെ ആത്മഹത്യയാണ് എന്നതിൽ സംശയം ഇല്ല. റാഗിംഗ് പരാതി അന്വേഷിക്കുമെന്നും അന്വേഷണ സംഘം തിരുവനന്തപുരത്തേക്ക് പോകുമെന്നും കണ്ണൂർ സിറ്റി പൊലീസ് കമ്മീഷ്ണർ വ്യക്തമാക്കി.

 

മഹാകുംഭമേളയിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടിയുടെ വിവാഹം പ്രായപൂർത്തിയാകാതെയാണെന്ന കണ്ടെത്തലിനെ തുടർന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി. വിവാഹത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നും പെൺകുട്ടിയെ വിവാഹം ചെയ്ത ഫർഹാൻ ഖാനെ കൂടാതെ വിവാഹത്തിൽ പങ്കെടുത്ത് നടത്തിക്കൊടുത്ത എ എ റഹീം എംപി, മന്ത്രി ശിവൻകുട്ടി, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ എന്നിവരെ പ്രതി ചേർക്കണമെന്നാണ് ആവശ്യം.

 

72 സീറ്റിൽ എൻഡിഎയെ ജയിപ്പിക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചുവെന്ന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ. വോട്ട് എണ്ണിക്കഴിയുമ്പോൾ അറിയാം. വോട്ടെണ്ണലിന് മുമ്പ് ഇതൊക്കെ പറയുന്നത് ജനങ്ങളെ അപമാനിക്കുന്നതല്ലേയെന്നും മാധ്യമങ്ങളുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി ജോർജ് കുര്യൻ പ്രതികരിച്ചു.

 

സംസ്ഥാന സർക്കാരിന്റെ നവകേരള സർവേയ്ക്ക് 13.04 കോടി രൂപ ചെലവായതായി സുപ്രീം കോടതിയിൽ കണക്ക് നൽകി. വികസന-ക്ഷേമ പദ്ധതികളെക്കുറിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടാനായി ആവിഷ്കരിച്ച ഈ പദ്ധതിക്ക് 20 കോടിയാണ് അനുവദിച്ചിരുന്നത്. ഹൈക്കോടതി റദ്ദാക്കിയെങ്കിലും സുപ്രീം കോടതിയുടെ സ്റ്റേയെ തുടർന്നാണ് സർവേയുമായി സർക്കാർ മുന്നോട്ട് പോയത്.

 

കേരളത്തിൽ ഭരണവിരുദ്ധ വികാരമില്ലെന്നും 90-ൽ അധികം സീറ്റുകൾ നേടി എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വനവാസത്തിന് പോകേണ്ടതില്ലെന്നും രാഷ്ട്രീയത്തിൽ തുടരണമെന്നും അദ്ദേഹം പരിഹസിച്ചു. ബിജെപി ഇത്തവണയും അക്കൗണ്ട് തുറക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

 

എറണാകുളത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ ആക്രമിക്കുകയും ഔദ്യോഗിക വാഹനം തകർക്കുകയും ചെയ്ത കേസിൽ സഹോദരങ്ങൾ പിടിയിലായി. പാലക്കാട് മണ്ണാർക്കാട് സ്വദേശികളായ ജിൻ്റോ, പ്രിൻസ് എന്നിവരെയാണ് എറണാകുളം നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

 

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് പിടിയിലായ സംഭവത്തിൽ പ്രതികരണവുമായി കൊല്ലപ്പെട്ട ദൃശ്യയുടെ അമ്മ ദീപ. വിനീഷിന് മാനസിക പ്രശനങ്ങൾ ഇല്ലെന്നും രക്ഷപെടാൻ മാനസിക പ്രശ്നങ്ങൾ ഉള്ളതായി അഭിനയിക്കുകയാണെന്നും ദീപ വ്യക്തമാക്കി.

 

വിഖ്യാത പിന്നണി ഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.

 

ബംഗ്ലാദേശിൽ ഹിന്ദുക്കളുടെ വീടുകൾക്കും സ്ഥാപനങ്ങൾക്കും നേരെ ആൾക്കൂട്ട ആക്രമണം. മുസ്ലീം യുവാവ് കൊല്ലപ്പെട്ടതിനെത്തുടർന്നുണ്ടായ പ്രകോപനമാണ് അക്രമത്തിൽ കലാശിച്ചത്. ശനിയാഴ്ച പുലർച്ചെയോടെയാണ് ആൾക്കൂട്ടം അക്രമം അഴിച്ചുവിട്ടത്.

 

കർണാടക കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമാകുന്നു. പാർട്ടി നേതൃത്വത്തോടുള്ള കടുത്ത അതൃപ്തി പരസ്യമാക്കി മുതിർന്ന ന്യൂനപക്ഷ നേതാവ് കെ അബ്‍ദുൾ ജബ്ബാർ കർണാടക കോൺഗ്രസ് ന്യൂനപക്ഷ വിഭാഗം അധ്യക്ഷ സ്ഥാനം രാജിവെച്ചു.

 

എസ് ഐ ആർ ഒരു വലിയ തട്ടിപ്പാണെന്നും, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ തൻ്റെ പാർട്ടി എതിർക്കുമെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തെരഞ്ഞെടുപ്പിനിടെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചതായും, ആരുമായും ചർച്ച ചെയ്യാതെയാണ് സർക്കാർ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരുന്നതെന്നും മമത കൂട്ടിച്ചേർത്തു.

 

തെക്കൻ തമിഴ്നാടിനെ ഇളക്കിമറിച്ച് ടിവികെ അധ്യക്ഷൻ വിജയുടെ റോഡ് ഷോ കന്യാകുമാരിയിൽ. തുറന്ന വാഹനത്തിൽ നിന്നിറങ്ങി പ്രവർത്തകരുടെയും ആരാധകരുടെയും ഇടയിലേക്ക് സൈക്കിൾ ചവിട്ടിയെത്തിയാണ് ജനങ്ങളെ വിജയ് ആവേശം കൊള്ളിച്ചത്. ജനങ്ങൾക്ക് സേവനങ്ങൾ ലഭിക്കാൻ സർക്കാർ ഓഫീസുകൾ കയറിയിറങ്ങേണ്ടി വരില്ലെന്നതാണ് ടിവികെയുടെ പ്രധാന വാഗ്ദാനം.

 

വനിത സംവരണ ബിൽ വ്യാഴാഴ്ച തുടങ്ങുന്ന പാർലമെൻറ് സമ്മേളനത്തിൽ പാസ്സാക്കണം എന്ന പ്രധാനമന്ത്രിയുടെ നിർദ്ദേശത്തെ എതിർത്ത് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ. മണ്ഡല പുനർനിർണ്ണയത്തെക്കുറിച്ച് ആദ്യം സർവ്വകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മല്ലികാർജ്ജുൻ ഖർഗെ കത്തു നല്കി.

 

മധ്യപ്രദേശിലെ ഗുണ ജില്ലയിൽ രോഗശാന്തി ശുശ്രൂഷയുടെ മറവിൽ നിർബന്ധിത മതപരിവർത്തനത്തിന് ശ്രമിച്ചുവെന്ന പരാതിയിൽ രണ്ട് പെന്തക്കോസ്ത് പാസ്റ്റർമാരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തം ഭരേല, വികാസ് ഭരേല എന്നിവരാണ് പിടിയിലായത്.

 

ന്യൂസിലാൻഡിൽ ‘വൈയാനു’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. ഞായറാഴ്ച പുലർച്ചെ ആരംഭിച്ച അതിശക്തമായ കാറ്റിലും മഴയിലും വ്യാപകം വ്യാജ മരുന്നുകൾ വാങ്ങുന്നത് നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മുൻകരുതൽ നടപടിയായി തീരപ്രദേശങ്ങളിൽ നിന്നും താഴ്ന്ന പ്രദേശങ്ങളിൽ നിന്നും ആയിരക്കണക്കിന് ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

 

ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ അമേരിക്ക – ഇറാൻ സംഘർഷത്തിൽ മധ്യസ്ഥശ്രമത്തിന് നേരിട്ടിറങ്ങി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച പുടിൻ, പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിക്ക് രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു.

 

ഇറാന് ആയുധങ്ങൾ കൈമാറാൻ ചൈന ഒരുങ്ങുന്നതായുള്ള രഹസ്യാന്വേഷണ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ കടുത്ത മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ചൈന അത്തരമൊരു നടപടിക്ക് മുതിർന്നാൽ അവർക്ക് ‘വലിയ പ്രശ്നങ്ങൾ’ നേരിടേണ്ടി വരുമെന്ന് ട്രംപ് വ്യക്തമാക്കി.

 

കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ കരാർ പ്രകാരം പാകിസ്ഥാൻ സൈന്യം സൗദി അറേബ്യയിലെത്തി. 13,000 സൈനികരും 10 മുതൽ 18 വരെ വിമാനങ്ങളുമടങ്ങുന്ന സംഘമാണ് എത്തിയതെന്ന് സൗദി സർക്കാർ ശനിയാഴ്ച സ്ഥിരീകരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക സഹകരണം മെച്ചപ്പെടുത്താനും പ്രതിരോധം ശക്തിപ്പെടുത്താനുമാണ് ഈ നീക്കമെന്ന് സൗദി സർക്കാർ വ്യക്തമാക്കി.

 

കടബാധ്യതകൾ തീർക്കാതെ രാജ്യം വിടുന്നത് തടയുന്നതിനും പൊതു ക്രമത്തിന് ഭീഷണിയാകുന്ന പ്രവാസികളെ നാടുകടത്താനുള്ള സർക്കാരിന്‍റെ അധികാരം സംരക്ഷിക്കുന്നതിനുമായുള്ള നിർണ്ണായക ഭേദഗതികൾ ബഹ്‌റൈൻ പാർലമെന്‍റ് ചർച്ച ചെയ്യുന്നു. സിവിൽ-കൊമേഴ്‌സ്യൽ നിയമത്തിലെ ആർട്ടിക്കിൾ 40-ൽ മാറ്റം വരുത്തുന്ന രണ്ട് കരട് നിയമങ്ങളാണ് ചൊവ്വാഴ്ച പാർലമെന്‍റിന്‍റെ പരിഗണനയ്ക്ക് വരുന്നത്.

 

അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ വെച്ച് നടന്ന നിർണ്ണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, പാകിസ്ഥാൻ്റെ പതാകയേന്തിയ എണ്ണക്കപ്പലുകൾ തിരിച്ചുപോയി. ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന 2 കൂറ്റൻ എണ്ണക്കപ്പലുകളാണ് അവസാന നിമിഷം യാത്ര ഉപേക്ഷിച്ച് തിരിച്ചുപോയത്.

 

ഇറാനുമായുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, ഇറാനെ ഒരു ദിവസം കൊണ്ട് തകർക്കുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭീഷണിപ്പെടുത്തി. ഇറാന്‍റെ ഊർജ്ജ മേഖലയെ ലക്ഷ്യമിടുമെന്നും ചർച്ചകൾക്ക് അവർ തിരികെ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ഹോർമുസ് കടലിടുക്കിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ വിന്യസിച്ചത് പശ്ചിമേഷ്യയിലെ ആശങ്ക വർദ്ധിപ്പിക്കുന്നു.

 

അമേരിക്ക-ഇറാൻ ഇസ്ലാമാബാദ് ചർച്ച പരാജയപ്പെട്ടതോടെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ മധ്യസ്ഥ ശ്രമവുമായി രംഗത്തെത്തി. ഇറാൻ പ്രസിഡന്റുമായി സംസാരിച്ച പുടിൻ, പശ്ചിമേഷ്യയിലെ പ്രതിസന്ധിക്ക് നയതന്ത്ര പരിഹാരം കാണാൻ റഷ്യ തയ്യാറാണെന്ന് അറിയിച്ചു. ചർച്ച പരാജയപ്പെട്ടതിൽ ഇരു രാജ്യങ്ങളും പരസ്പരം പഴിചാരുന്ന സാഹചര്യത്തിൽ റഷ്യയുടെ നീക്കം നിർണായകമാണ്.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *