ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ പ്രായപരിധി വരുന്നു. പ്രായപൂര്‍ത്തിയാകാത്തവര്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം വാങ്ങണമെന്നു പുതിയ കരടു നിയമം. വാതുവയ്പ് അനുവദിക്കില്ല. പൊതുജനങ്ങള്‍ക്ക് കരടില്‍ അഭിപ്രായം അറിയിക്കാം. അടുത്ത മാസം അവസാനത്തോടെ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുമെന്നു മന്ത്രി രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.
പട്ടയഭൂമിയില്‍ പാറമട നടത്തുന്നതു സംബന്ധിച്ച കേസിലെ ഹര്‍ജികള്‍ സുപ്രീം കോടതി ജനുവരി മുപ്പതിലേക്കു മാറ്റി. സര്‍ക്കാര്‍ നല്കിയ സത്യവാങ്മൂലത്തിന് മറുപടി സത്യവാങ്മൂലം നല്കാന് ക്വാറി ഉടമകള്‍ സാവകാശം ആവശ്യപ്പെട്ടതോടെയാണ് കേസ് മാറ്റിയത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്ന കേരള ഹൈക്കോടതി ഉത്തരവു ചോദ്യം ചെയ്തു ക്വാറി ഉടമകള്‍ നല്കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്. പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാവില്ലെന്ന് കേരളം സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. നിയമ ഭേദഗതി കൊണ്ടുവരുമെന്നും അറിയിച്ചിരുന്നു.
കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തില്‍ ഭൂമിയില്‍ അടയാളപ്പെടുത്തിയത് കര്‍ണാടകത്തിന്റെ ബഫര്‍സോണ്‍ അടയാളപ്പെടുത്തലല്ലെന്നു സ്ഥിരീകരിച്ചു. അടയാളപ്പെടുത്താന്‍ പയ്യാവൂരില്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ കളക്ടറേറ്റില്‍ എഡിഎമ്മിനു മുന്നില്‍ ഹാജരാക്കി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശാനുസരണം ധാതു സമ്പത്തിനെ കുറിച്ച് പഠിക്കാന്‍ മുംബൈയില്‍നിന്ന് എത്തിയ സ്വകാര്യ ഏജന്‍സി ഉദ്യോഗസ്ഥരാണെന്ന് ഇവര്‍ പറഞ്ഞു. ജില്ലാ ഭരണകൂടത്തെ അറിയിക്കാതെ സര്‍വേ നടത്തിയതാണ് ആശങ്കയ്ക്കിടയാക്കിയത്.
ഡിസംബര്‍ മാസത്തെ റേഷന്‍ വിതരണം ജനുവരി അഞ്ചുവരെ തുടരുമെന്ന സര്‍ക്കാര്‍ ഉത്തരവു പിന്‍വലിച്ചു. ഡിസംബറിലെ റേഷന്‍ വിതരണം അവസാനിപ്പിച്ചതായി മന്ത്രി ജി.ആര്. അനില്‍ അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പുതുക്കിയതിനാലാണ് ഡിസംബറിലെ വിതരണം വേഗം അവസാനിപ്പിക്കേണ്ടിവന്നതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപിക്കു മാര്‍ത്തോമ സഭയുടെ വേദിയിലേക്കും ക്ഷണം. ഫെബ്രുവരി 18 ന് മാരാമണ്‍ കണ്‍വന്‍ഷന്റെ യുവവേദിയിലാണ് തരൂര്‍ സംസാരിക്കുക. മാര്‍ത്തോമ സഭ യുവജന സഖ്യമാണ് ശശി തരൂരിനെ ക്ഷണിച്ചത്. എന്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ച് മന്നം ജയന്തി പരിപാടിയില്‍ പ്രസംഗിച്ചതിനു പിറകേയാണ് മറ്റൊരു സാമുദായിക വേദിയില്‍കൂടി ശശി തരൂര്‍ എത്തുന്നത്.
കണ്ണൂര്‍ എസ്എന്‍ കോളേജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ ഉദ്ഘാടന സമ്മേനത്തില്‍ പ്രാര്‍ത്ഥനാ ഗാനമായി ശ്രീനാരായണ കീര്‍ത്തനം ആലപിച്ചപ്പോള്‍ എഴുന്നേല്‍ക്കാതെ ഉദ്ഘാടകനായ മുഖ്യമന്ത്രി പിണറായി വിജയന്. കൂടെയുണ്ടായിരുന്ന കടന്നപ്പള്ളി രാമചന്ദ്രന് എഴുന്നേല്ക്കാന് ശ്രമിച്ചപ്പോള്‍ തടയുകയും ചെയ്തു. മുഖ്യമന്ത്രി ശ്രീനാരായണ കീര്‍ത്തനത്തെയും ഗുരുവിനെയും അപമാനിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് ആരോപിച്ചു. എന്തിനാണ് ഇത്ര ധാര്‍ഷ്ട്യമെന്നും സുധാകരന് ചോദിച്ചു.
സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് ഇന്നു തിരശീല ഉയരും. ജേതാക്കളാകുന്ന ജില്ലയ്ക്കു സമ്മാനിക്കാനുള്ള സ്വര്‍ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണമാണ് കോഴിക്കോടു ലഭിച്ചത്. കോഴിക്കോട് നഗരത്തിലെ 24 വേദികളില്‍ 2369 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ പതിനാലായിരം വിദ്യാര്‍ത്ഥികള്‍ മാറ്റുരയ്ക്കും. മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. കോഴിക്കോട് കോര്പറേഷന് പരിധിയില്‍ ഇന്നു മുതല്‍ ഏഴുവരെ വിദ്യാലയങ്ങള്‍ക്ക് അവധിയാണ്.
നോട്ടു നിരോധനം ശരിവച്ച സുപ്രീം കോടതി വിധിയില്‍ പ്രത്യേകതയില്ലെന്നു മുന്‍ ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. നോട്ട് റദ്ദാക്കിയതുമൂലം രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച താഴേക്ക് പോയി. 15 ലക്ഷം കോടി രൂപയുടെ വരുമാനം ഇല്ലാതായി. 52 ദിവസം സമയം നല്‍കിയെന്ന വാദം അസംബന്ധമാണെന്നും തോമസ് ഐസക്.
ബിജെപിയുമായി രഹസ്യായി ബാന്ധവമുണ്ടാക്കുകയും പരസ്യമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണു മുഖ്യമന്ത്രി പിണറായി വിജയനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ബാന്ധവമുണ്ടാക്കി. സംസ്ഥാന സര്‍ക്കാരിനെതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങളെല്ലാം അവസാനിപ്പിച്ചത് ബിജെപി നേതാക്കള്‍ പ്രതികളായ കൊടകര കുഴല്‍പണ കേസ് സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചുകൊണ്ടാണെന്നും സതീശന് ആരോപിച്ചു.
യുവ സംവിധായക നയന സൂര്യന്റെ മരണത്തെക്കുറിച്ച് ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡിസിആര്‍ബി അസിസ്റ്റന്റ് കമ്മീഷണര്‍ ദിനില്‍ അന്വേഷിക്കും. മരണത്തിലെ ദുരൂഹതയെക്കുറിച്ച് അന്വേഷിക്കണമെന്ന് സുഹൃത്തുക്കള്‍ ആവശ്യപ്പെട്ടിരുന്നു. 2019 ഫെബ്രുവരി 24 ന് തിരുവനന്തപുരത്തെ വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശബരിമലയില്‍ മാളികപ്പുറത്തിനടുത്ത് കതിന നിറയ്ക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മൂന്നു പേര്‍ക്ക് പരിക്കേറ്റു. ജയകുമാര്‍, അമല്‍, രജീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. മൂന്നു പേരെയും സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തൃശൂര്‍ ചേലക്കരയിലെ ബാറില്‍ യുവാവിനെ ബിയര്‍ കുപ്പികൊണ്ടു തലയ്ക്കടിച്ച സൈനികന് അറസ്റ്റില്‍. ചേലക്കര പുലാക്കോട് സ്വദേശി വിഷ്ണുവാണ് അറസ്റ്റിലായത്. തെക്കേക്കര സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്.
കൊടുവള്ളിയില്‍ ഒരു കോടി രൂപയോളം വില വരുന്ന അഞ്ചേകാല്‍ കിലോഗ്രാം തിമംഗല ചര്‍ദ്ദിയുമായി ഒരാള്‍ പിടിയില്‍. തൃശൂര്‍ പേരമംഗലം താഴത്തുവളപ്പില്‍ ടി.പി. അനൂപ് (32 ) ആണ് പിടിയിലായത്.
പഞ്ചാബില്‍ മുഖ്യമന്ത്രിയുടെ വസതിക്കു സമീപം ബോംബിനു സമാനമായ സ്ഫോടകവസ്തു. ബോംബ് സ്ക്വാഡ് സ്ഥലത്തെത്തി നിര്‍വീര്യമാക്കി. ഹരിയാന മുഖ്യമന്ത്രിയുടെ വസതിയിലേക്കും ഇവിടെ നിന്ന് വലിയ ദൂരമില്ല. ഒരു കുഴല്‍ക്കിണര്‍ പണിക്കാരനാണ് ഹെലിപാഡിനടുത്തുള്ള മാവിന്തോട്ടത്തില് സ്ഫോടകവസ്തു കണ്ടത്. ഉടനേ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. പോലീസിനു പുറമേ, സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡല്‍ഹിയില്‍ കാറിടിച്ച് റോഡിലൂടെ വലിച്ചിഴച്ചു യുവതി മരിച്ച സംഭവത്തില്‍ പ്രതിഷേധവുമായി നാട്ടുകാര്‍ സുല്‍ത്താന്‍ പുരി പൊലീസ് സ്റ്റേഷന് വളഞ്ഞു. സ്ത്രീകള്‍ അടക്കമുള്ളവരാണ് സമരത്തിനെത്തിയത്. പൊലീസ് വാഹനം തടഞ്ഞിടുകയും ചെയ്തു. പ്രതികള്‍ക്ക് ഉന്നത രാഷ്ട്രീയ ബന്ധമുണ്ടെങ്കിലും നീതി നടപ്പാക്കണമെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടെന്നുമുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് പറഞ്ഞു.
നോട്ടു നിരോധനത്തിനെതിരേ പ്രചാരണം നടത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി മാപ്പു പറയണമെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ്. സുപ്രീം കോടതി നോട്ടു നിരോധനത്തെ ശരിവച്ചതോടെയാണ് ബിജെപിയുടെ ആവശ്യം.
ഒമ്പതു ദിവസം നിര്‍ത്തിവച്ചിരുന്ന ഭാരത് ജോഡോ യാത്ര ഇന്നു പുനരാരംഭിക്കും. അതിശൈത്യമുള്ള ഡല്‍ഹിയില്‍നിന്ന് രാവിലെ പത്തിന് ആരംഭിക്കുന്ന യാത്ര ഉച്ചയോടെ ഹനുമാന് മന്ദിര്‍, ലോണി ബോര്‍ഡല്‍ വഴി ഉത്തര്‍പ്രദേശിലേക്കു പ്രവേശിക്കും. രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്രയില്‍ പങ്കെടുക്കണമെന്ന് എല്ലാ പ്രതിപക്ഷ നേതാക്കളേയും എഐസിസി ക്ഷണിച്ചിരുന്നു.
സൗദി അറേബ്യയില്‍ കനത്ത മഴ. ജിദ്ദ നഗരത്തിലെ അടിപ്പാതകള്‍ അടച്ചു. വ്യാഴാഴ്ച കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനിടയിലാണ് വീണ്ടും മഴ കനത്തത്.